തിരുവനന്തപുരം: രോഹിത് വെമുലയുടെ നീതിക്ക് വേണ്ടി പോരാടുന്ന ഹൈദരാബാദ് യൂണിവേഴ്സിറ്റി വിദ്യാർത്ഥികളുടെ സമരം രാജ്യത്ത് ജനകീയ പ്രക്ഷോഭമായി വികസിക്കേണ്ടത് അനിവാര്യമാണെന്ന് വെൽഫെയർ പാര്ട്ടി  സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം. വിദ്യാർത്ഥി  സമരത്തെ തുടർന്ന് അവധിയിലായിരുന്ന രോഹിത് വെമുലയുടെ മരണത്തിന്റ മുഖ്യ കാരണക്കാരനായി കരുതപ്പെടുന്ന വൈസ് ചാൻസിലർ അപ്പാ റാവുവിനെ പദവിയിൽ തിരികെ എത്തിക്കാനുള്ള കേന്ദ്ര സർക്കാറിന്റെയും സംഘ്പരിവാർ ശക്തികളുടെയും ദാർഷ്ട്യം  നിറഞ്ഞ നീക്കമാണ് നിലവിലെ സംഘർഷത്തിന്റെ മുഖ്യകാരണം. ന്യായമായ ആവശ്യങ്ങളുന്നയിച്ച് സമരം ചെയ്യുന്നവരോടുള്ള പരിഹാസവും നിന്ദയുമാണ് ഈ നടപടിക്ക് പിന്നിൽ. വിദ്യാർത്ഥികളെ പ്രകോപിപ്പിച്ച് തമ്മിൽ തല്ലിക്കുക എന്ന തന്ത്രമാണ് സർക്കാർ സ്വീകരിച്ചത്. ഇത് അങ്ങേയറ്റം അപലപനീയമാണ്. കാമ്പസിൽ അടിയന്തിരാവസ്ഥക്ക് സമാനമായ അവസ്ഥയാണ് നിലനില്ക്കുന്നത്.

ജനാധിപത്യ പ്രക്ഷോഭത്തിനെതിരായ ഭരണകൂട വേട്ടയുടെ ഒടുവിലത്തെ ഉദാഹരണമാണ് ഹൈദരാബാദ് സർവകലാശാലയിലേത്. അപ്പാറാവുവിനെ വൈസ് ചാൻസ്‌ലർ പദവിയിൽ നിന്നും നീക്കി ആത്മഹത്യ പേരണക്കും എസ്.സി/എസ്.ടി ആക്ട് പ്രകാരവും എടുത്ത കേസുകളിൽ തുടർ നടപടികൾ സ്വീകരിക്കണം. പ്രക്ഷോഭകാരികളായ വിദ്യാര്#ത്ഥികൾക്കെതിരെ ദേശദ്രോഹത്തിന് കേസ് എടുക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.