തിരുവനന്തപുരം: ഭാഗപത്രം, ധനനിശ്ചയം, ദാനം, ഒഴിമുറി എന്നിവയുടെ കൂട്ടിയ രജിസ്ട്രേഷൻ നിരക്കും ന്യായവിലയുടെ മൂന്ന് ശതമാനം മുദ്രപ്പത്രവും വേണമെന്ന ബജറ്റ് നിർദ്ദേശം സമ്പൂർണ്ണമായി പിൻവലിക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി തെന്നിലാപുരം രാധാകൃഷ്ണൻ ആവശ്യപ്പെട്ടു. ഒരുതരത്തിലുമുള്ള പണമിടപാടുമില്ലാതെ കുടുംബാംഗങ്ങൾ തമ്മിൽ നടത്തുന്ന ഭൂമികൈമാറ്റങ്ങളുടെ മുദ്രപ്പത്രനിരക്കിലും രജിസ്ട്രേഷൻ ഫീസിലും ഏർപ്പെടുത്തിയ വലിയ വർദ്ധന സാധാരണക്കാരെയും ഇടത്തരക്കാരെയും ഏറെ പ്രയാസപ്പെടുത്തും. വലിയ കുടുംബങ്ങളിൽ നടക്കുന്ന ഭാഗം വെയ്പിന് വൻതുക കണ്ടത്തേണ്ടിവരും. നഗരപ്രദേശങ്ങളിൽ ന്യായവില കൂടുതലായതിനാൽ പത്തോ പതിനഞ്ചോ സെന്റു ഭൂമി പോലും ഭാഗം വെയ്ക്കുമ്പോൾ ലക്ഷക്കണക്കിന് രൂപ രജിസ്ട്രേഷഷൻ നിരക്കും സ്റ്റാമ്പ് ഡ്യൂട്ടിയുമായി നൽകേണ്ടി വരും. ജനങ്ങളെ ഇത്തരത്തിൽ കൊള്ളയടിക്കുന്ന സമീപനത്തിൽ നിന്ന് ഇടതു സർക്കാർ പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.