കൊച്ചി: കൊച്ചിയിൽ സ്ഫോടനം നടത്തും എന്ന തരത്തിൽ കൊച്ചി മെട്രോയിൽ കണ്ട എഴുത്തുകൾ ചുവരെഴുത്ത് സംഘത്തിന്റെ ചിത്രങ്ങളെന്ന് പ്രഥമിക നിഗമനം. പൊതു മുതൽ നശിപ്പിക്കുന്ന വിദേശരാജ്യങ്ങളിലെ 'റെയിൽ ഹൂൺസ്' എന്ന സംഘടനയുടെ മാതൃകയിലാണ് ട്രെയിനിൽ സ്്േ്രപ പെയിന്റിങ് ഉപയോഗിച്ച് വാക്കുകൾ കുറിച്ചിരിക്കുന്നത്. പ്ലേ, യുഫോസ്, ബേൺ ഫസ്റ്റ് ഹിറ്റ് കൊച്ചി എന്നിങ്ങനെയാണ് പ്രത്യേക രീതിയിൽ എഴുതിയിരിക്കുന്ന വാക്കുകൾ. ബേൺ ഫസ്റ്റ് ഹിറ്റ് കൊച്ചി എന്ന വാക്ക് തെറ്റിദ്ധരിച്ചാണ് തീവ്രവാദ ഭീഷണി എന്ന രീതിയിൽ വിവരങ്ങൾ പുറത്ത് വന്നത്.

മെയ് 22 നാണ് മെട്രോയുടെ മുട്ടം യാർഡിൽ നിർത്തിയിട്ടിരുന്ന 'പമ്പ' എന്ന ട്രെയിനിൽ അജ്ഞാതർ എത്തി ചിത്രങ്ങൾ വരച്ച് കടന്നു കളഞ്ഞത്. ഉദ്യോഗസ്ഥരുടെ കണ്ണു വെട്ടിച്ച് യാർഡിൽ കയറിയവർ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിലാണ് ഇത്തരത്തിൽ വാക്കുകൾ വരച്ചത്. മുഴുവൻ സമയം പ്രവർത്തിക്കുന്ന സിസിടിവികളും സുരക്ഷാ ഉദ്യോഗസ്ഥരുമുള്ള സ്ഥലത്താണ് അജ്ഞാതർ എത്തി ഈ പ്രവർത്തി ചെയ്തത്. അതിനാൽ തന്നെ കെ.എം.അർ.എല്ലിന്റെ സുരക്ഷാ വീഴ്ചയിലേക്കാണ് കാര്യങ്ങൾ വിരൽ ചൂണ്ടുന്നത്. 22 ന് നടന്ന സംഭവത്തിൽ മെട്രോ പൊലീസ് ഐ.പി.സി 447, 427 വകുപ്പുകൾ പ്രകാരം അതിക്രമിച്ചു കടന്നു കയറൽ, പൊതുമുതൽ നശിപ്പിക്കൽ എന്നിവയ്ക്കു കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൂടാതെ കേന്ദ്ര- സംസ്ഥാന രഹസ്യാന്വേഷണ വിഭാഗങ്ങളും അന്വേഷണം നടത്തി വരികയാണ്. ഇതിനിടയിലാണ് ട്രെയിന്റെ ചിത്രങ്ങൾ പുറത്ത് വരുന്നത്.

അന്വേഷണ സംഘം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ രണ്ടു പേരാണ് ഇതു ചെയ്തിരിക്കുന്നത് എന്നു കണ്ടെത്തി. ഇവരുടെ മുഖവും അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുണ്ട്. എന്നാൽ ആരാണെന്നു കണ്ടെത്തിയിട്ടില്ല. മലയാളികൾ തന്നെയാണ് സംഭവത്തിനു പിന്നിലെന്നാണ് പ്രാഥമിക നിഗമനം. എന്തിന് വേണ്ടിയാണ് ഇത്തരത്തിൽ ചെയ്തത് എന്നും അന്വേഷിക്കുകയാണ്. സംഭവത്തിനു പിന്നിൽ എന്തെങ്കിലും ഭീകരാക്രമണ സ്വഭാവമുള്ളവരാണോ എന്നു പരിശോധിക്കുന്നുണ്ട്. കേസ് രജിസ്റ്റർ ചെയ്തിട്ടും മെട്രോ അധികൃതരോ പൊലീസോ വിവരങ്ങൾ പുറത്തു വിടാതിരുന്നതു മെട്രോയുടെ സുരക്ഷാ വീഴ്ച സംബന്ധിച്ച ആരോപണങ്ങൾ തടയുന്നതിനായിരുന്നു. എന്നാൽ ഇതു ഭീകര ഭീഷണിയെന്ന തരത്തിൽ വാത്തകൾ വന്നതോടെ ഉദ്യോഗസ്ഥരും നിലപാടു മാറ്റിയിട്ടുണ്ട്.

2016 ൽ ഷൊർണൂർ റെയിൽവേ സ്റ്റേഷൻ യാർഡിൽ നിർത്തിയിട്ടിരുന്ന ട്രെയിനിലും സ്വാതന്ത്ര്യദിനത്തിൽ തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിലും റെയിൽ കോച്ചിൽ ചിത്രങ്ങൾ മെട്രോയിൽ കണ്ട രീതിയിലുള്ള ചിത്രങ്ങൾ പ്രത്യക്ഷപ്പെട്ടിരുന്നു. പിന്നീട് മധുര-പുനലൂർ പാസഞ്ചറിലും ആലപ്പുഴ ധൻബാദ് എക്സ്പ്രസിലും ഇതേ ചിത്രങ്ങൾ കണ്ടെത്തി. റെയിൽവേ പൊലീസും രഹസ്യാന്വേഷണ വിഭാഗവും തലപുകച്ചു. ആരാണ് ഈ ചിത്രങ്ങളുടെ പിന്നിൽ ആർ.എച്ച്.സ്, ബിഗ്സ്, ഡി.കെ.എസ് എന്നൊക്കെ കടുംനിറങ്ങളിൽ എഴുതി നിറച്ചിരിക്കുന്നതു വായിച്ചെടുക്കാം. ചിത്രങ്ങളുടെ അടിയിൽ റെയിൽ ഹൂൺസ് എന്നും എഴുതിയിട്ടുണ്ടായിരുന്നു. നിഗൂഢമായി പ്രവർത്തിക്കുന്നതും രാജ്യാന്തര തലത്തിൽ ബന്ധങ്ങളുള്ളതുമായ സംഘടനയാണു റെയിൽ ഹൂൺസ്. ഇംഗ്ലണ്ടാണ് ആസ്ഥാനം. പൊതുസ്ഥലങ്ങളിൽ മനോഹരങ്ങളായ ചിത്രങ്ങളും ആവേശമുയർത്തുന്ന മുദ്രാവാക്യങ്ങളും പതിപ്പിച്ചു സ്ഥലംവിടുകയാണു പരിപാടി.

ഇന്ത്യയിലും ഗ്രാഫിറ്റി കലാകാരന്മാരുണ്ടെങ്കിലും ഇവരിൽ റെയിൽ ഹൂൺസുമായി ബന്ധമുള്ളവരെ പൊലീസ് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. സ്വന്തം സൃഷ്ടിയെ ശല്യമായി കാണുന്നവരെ അരസികന്മാരെന്നാണു ഗ്രാഫിറ്റിക്കാർ വിളിക്കുന്നത്. ആദിമ മനുഷ്യൻ ഗുഹാചിത്രരചന തുടങ്ങിയ കാലം മുതലുള്ളതാണു ഗ്രാഫിറ്റിയെന്ന് ഇവർ പറയുന്നു. റഷ്യൻ വിപ്ലവം, അറബ് വസന്തം, ഒക്യുപൈ വാൾസ്ട്രീറ്റ് തുടങ്ങിയ മുന്നേറ്റങ്ങൾക്കു ഗ്രാഫിറ്റി പ്രചോദനമായിട്ടുണ്ട്. We are the 99%, End the Fed, Tax the rich തുടങ്ങിയ മുദ്രാവാക്യങ്ങൾ ന്യൂയോർക്കിലെ ചുമരുകളിലെല്ലാം എഴുതിവച്ചതു ഗ്രാഫിറ്റി കലാകാരന്മാരാണ്.

ബെർലിൻ മതിലിലും ഇസ്രയേൽ വെസ്റ്റ് ബാങ്കിൽ നിർമ്മിച്ച മതിലിലും ഗ്രാഫിറ്റികൾ കാണാം. ഇംഗ്ലണ്ടിലൊക്കെ റെയിൽവേ ടണലുകളിലും ട്രെയിനുകളിലും ചിത്രം വരയ്ക്കാൻ ഗ്രാഫിറ്റി കലാകാരന്മാരെ ഗവൺമെന്റ് ക്ഷണിച്ചുവരുത്താറുപോലുമുണ്ട്. കേരളത്തിൽ ഫോർട്ട് കൊച്ചിയിലെ മതിലുകളിൽ കഴിഞ്ഞ ബിനാലെയോട് അനുബന്ധിച്ചും ഇത്തരം ഗ്രാഫിറ്റികൾ ഉണ്ടായിരുന്നു. അതിനാൽ ഇത്തരം കലാകാരന്മാരെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുകയാണ് പൊലീസ്.

പൊതുമുതൽ നശിപ്പിക്കുന്ന റെയിൽ ഹൂൺസ് എന്ന അന്താരാഷ്ട്ര തീവ്ര സംഘടനയുടെ സാന്നിധ്യം 2016 ൽ കേരളത്തിൽ റിപ്പോർട്ട് ചെയ്തിരുന്നു. ഷൊർണൂർ റെയിൽവേ സ്റ്റേഷനിലാണ് സംഘടന സാന്നിധ്യം അറിയിച്ചത്. സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന റെയിൽവേയുടെ ആക്സിഡന്റ് റിലീഫ് വെഹിക്കിളിൽ സ്പ്രേ പെയിന്റ് ഉപയോഗിച്ച് ചിത്രം വരച്ച നിലയിൽ കണ്ടെത്തിയിരുന്നു.

ഏഴാം നമ്പർ പ്ലാറ്റ് ഫോമിനടുത്തുള്ള പന്ത്രണ്ടാമത് ട്രാക്കിൽ നിർത്തിയിട്ടിരുന്ന ആക്സിഡന്റ് റിലീഫ് വെഹിക്കിൾ വ്യത്യസ്ത നിറങ്ങൾ ഉപയോഗിച്ച് ചിത്രം വരയ്ക്കുകയായിരുന്നു. റെയിൽ ഹൂൺസിന്റെ ചുരുക്കമായ ആർ,എസ്,എച്ച് എന്നീ അക്ഷരങ്ങളാണ് അന്നും ബോഗികളിൽ വരച്ചത്. ഇതിനടിയിൽ 'റെയിൽ ഹൂൺസ്' എന്ന് ഇംഗ്ലീഷിൽ എഴുതിയിരുന്നു.