ഡാർജ്‌ലിങ്: ഡാർജ്‌ലിംഗിൽ ക്രമസമാധാന നില തിരികെ കൊണ്ടുവരാൻ ശ്രമിക്കുന്ന മമതാ സർക്കാർ ഇപ്പോൾ നേരിടുന്നത് മറ്റൊരു ജില്ലയിൽ പൊട്ടിപ്പുറപ്പെട്ട വർഗീയ ലഹള. പത്താം ക്ലാസുകാരൻ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ കൊളുത്തിവിട്ട നോർത്ത് 24 പർഗാന ജില്ലയിൽ നടക്കുന്ന ലഹളയാണ് ഇപ്പോൾ മമതാ സർക്കാരിന് കടുത്ത വെല്ലുവിളിയായിരിക്കുന്നത്. അതേസമയം ഇവിടെ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന് ബിജെപി ആവശ്യപ്പെട്ടു.

തിങ്കളാഴ്ച പൊട്ടി പുറപ്പെട്ട ലഹള രൂക്ഷമായതിനെ തുടർന്ന് പ്രശ്‌നം പരിഹരിക്കാൻ വൻ സന്നാഹത്തെ തന്നെയാണ് സർക്കാർ വിന്യസിച്ചിരിക്കുന്നത്. കൂടാതെ മുൻ കരുതലെന്നോണം ബാസിർഹാത് ജില്ലയിൽ 144 പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്.

അതേസമയം കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന സർക്കാരിനോട് സംഭവത്തെ കുറിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം മുഖ്യമന്ത്രി മമ്ത ബാനർജിയും ഗവർണർ കേസരി നാഥ് തൃപാഠിയുംതമ്മിലുള്ള വാക് പോരാണ് സാഹചര്യം കൂടുതൽ മോശമാക്കിയതെന്നും പറയുന്നു.

തിങ്കളാഴ്ച പത്താം ക്ലാസുകാരൻ ഫേസ്‌ബുക്കിലൂടെ ഷെയർ ചെയ്ത പോസ്റ്റാണ് നോർത്ത് 24 പർഗാന ജില്ലയിലെ കലാപത്തിന് കരണമായത്. കലാപകാരികളെ അന്ന് തന്നെ പൊലീസ് അറസ്റ്റ് ചെയ്‌തെങ്കിലും ജനക്കൂട്ടം നിരവധി വീടുകളും കടകളുമാണ് കത്തിച്ച് ചാമ്പലാക്കിയത്. റോഡുകൾ ഉപരോധിക്കുകയും ബഡുരിയ പൊലീസ് സ്‌റ്റേഷന് മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്തു.

ഇളകി എത്തിയജനക്കൂട്ടം സർക്കാർ വാഹനങ്ങൾ നശിപ്പിക്കുകയും പൊലീസിനെ കയ്യേറ്റം ചെയ്യുകയും ചെയ്തു. പല സ്ഥലങ്ങളിലും ട്രെയിൻ ഗതാഗതത്തെ വരെ പ്രതികൂലമായി ബാധിച്ചു. കൊൽക്കത്തയിൽ നിന്നും 70 കിലോമിറ്റർ അകലെയുള്ള ബഡുരിയയിലാണ് കലാപം തുടങ്ങിയത്. പിന്നീട് മറ്റ് പല ജില്ലകളിലേക്കും കലാപം പടരുകയായിരുന്നു. ലഹളയെ തുടർന്ന് സ്‌കൂളുകളും കോളേജും അടച്ചിട്ടു. ബുധനാഴ്ച ബഡുരിയയിൽ ഇന്റർനെറ്റ് സേവനം സസ്‌പെൻഡ് ചെയ്യുകയും സെക്ഷൻ 144പ്രഖ്യാപിക്കുകയും ചെയ്തു.

അതേസമയം മുഖ്യമന്ത്രി മമതാ ബാനർജിയും ഗവർണർ കേസരി നാഥ് ത്രിപാഠിയും തമ്മിലുള്ള വാക്ക് പോരും പ്രശ്‌നം വഷളാക്കി. ഗവർണർ തന്നെ അപമാനിച്ചെന്നും വിവേചനപരമായിട്ടാണ് പ്രവർത്തിക്കുന്നതെന്നും മമത പറഞ്ഞു. എന്നാൽ മമതയുടെ വാക്കുകളിൽ അതിശയം തോന്നുന്നെന്നാണ് ഗവർണർ പ്രതികരിച്ചത്.