കൊൽക്കത്ത: ഏറെ വിവാദങ്ങളുണ്ടാക്കിയ ബംഗാൾ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിനു വന്മുന്നേറ്റം. സിപിഎമ്മിനെ മൂന്നാം സ്ഥാനത്തേക്കു പിന്തള്ളി ബിജെപി രണ്ടാമതെത്തി. തെരഞ്ഞെടുപ്പ് ദിനത്തിലെന്ന പോലെ ഇന്നലെയും വ്യാപക അക്രമം അരങ്ങേറി. പലയിടത്തും വോട്ടെണ്ണൽ തടസ്സപ്പെട്ടു.

ത്രിതലപഞ്ചായത്തിൽ ആകെ 58,692 സീറ്റുകളിൽ 38,546 സീറ്റുകളിലേക്കാണു മൽസരം നടന്നത്. 20,076 സീറ്റുകളിൽ തൃണമൂൽ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഭീഷണിയുടെ കരുത്തിലാണ് ഇതെന്ന വാദമാണ് ബിജെപിയും സിപിഎമ്മും ഉയർത്തിയത്. ഇതോടെയാണ് തെരഞ്ഞെടുപ്പ് വിവാദത്തിലായത്. മെയ്‌ 14 ന് നടന്ന തിരഞ്ഞെടുപ്പിൽ 73 ശതമാനം ആയിരുന്നു പോളിങ്. 572 ബത്തുകളിൽ റീപോളിങ് നടന്നു. തൃണമൂലിനെതിരായ സിപിഎംബിജെപി കൂട്ടുകെട്ട് ഏറെ ചർച്ചയായിരുന്നു.

9,270 പഞ്ചായത്ത് സീറ്റുകളിൽ തൃണമൂൽ കോൺഗ്രസ് (ടി.എം.സി) വിജയം കൈവരിച്ചപ്പോൾ എതിരാളികളായ സിപിഎമ്മും ബിജെപിയും കോൺഗ്രസും വളരെ പിന്നിലായി. ബിജെപിക്ക് 2,079 സീറ്റ് ലഭിച്ചപ്പോൾ സിപിഎമ്മിന് 562 സീറ്റ് നേടാനേ കഴിഞ്ഞുള്ളൂ. കോൺഗ്രസിന് ലഭിച്ചതാകട്ടെ 315 സീറ്റ്. വോട്ടെണ്ണൽ പുരോഗമിക്കുന്ന 2317 സീറ്റുകളിൽ ടി.എം.സിയാണ് മുന്നിൽ. ബിജെപി-200, സിപിഎം-113, കോൺഗ്രസ്-61 വീതം സീറ്റുകളിലും മുന്നിലാണ്. സ്വതന്ത്രർ 707 സീറ്റുകളിൽ ജയിച്ചു.

പഞ്ചായത്ത് സമിതി തെരഞ്ഞെടുപ്പിൽ 95 സീറ്റ് നേടിയ തൃണമൂൽ 65 എണ്ണത്തിൽ മുന്നേറുകയാണ്. ജില്ലാ പരിഷത്തുകളിലും ടി.എം.സിയാണ് മുന്നിൽ. 10 സീറ്റിൽ ജയിച്ച തൃണമൂൽ 24 സീറ്റുകളിൽ മുന്നിലുമാണ്. 621 ജില്ല പരിഷത്, 6123 പഞ്ചായത്ത് സമിതി, 31,802 ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിലേക്കാണ് തെരഞ്ഞെടുപ്പു നടന്നത്