വെസ്റ്റ് ചെസ്റ്റർ∙ വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര തലത്തിൽ സംഘടിപ്പിക്കപ്പെട്ട ‘സ്മൈൽ ആൻഡ് ക്ലിക്ക് ' ഫോട്ടോഗ്രാഫി മത്സരത്തിലെ വിജയികൾക്ക് ഡബ്ല്യുഎംഎയുടെ ഓണാഘോഷത്തിനിടയിൽ സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും നൽകി. അമേരിക്കയിലെ ആദ്യകാല മലയാളി സംഘടനകളിലൊന്നായ ഡബ്ല്യുഎംഎ ഇപ്പോഴും പ്രൗഡിയോടെ മുന്നേറികൊണ്ടിരിക്കുന്നുവെന്നത് വളരെ സന്തോഷകരമായ വസ്തുതയാണ്.

മൂന്നു വിഭാഗങ്ങളിലായി നടത്തിയ മത്സരത്തിൽ ആദ്യ വിഭാഗത്തിൽ (പത്തു വയസിന് താഴെയുള്ളവർ) അരിയാന എ. വർഗീസ് ഒന്നാം സ്ഥാനവും എലിസബത്ത് ചീരാൻ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. രണ്ടാം വിഭാഗത്തിൽ (പതിനൊന്നു മുതൽ ഇരുപതു വരെ പ്രായമുള്ളവർ) മിഷേൽ ആൻ ഒന്നാം സ്ഥാനവും അഷിതാ അലക്സ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

മൂന്നാം വിഭാഗത്തിൽ ( ഇരുപത്തിയൊന്നു മുതൽ ഇരുപത്തിയഞ്ചുവരെ പ്രായമുള്ളവർ) ചിന്നു ജോസ് ഒന്നാം സ്ഥാനവും ആൽബിൻ ആന്റോ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ഇന്ത്യൻ വംശജയായ മലേഷ്യൻ മോഡൽ ക്രിസ്റ്റീനാ ചെല്ലയ്യാ, അമേരിക്കൻ മലയാളിയും സാംസ്കാരിക, സാമൂഹ്യ പ്രവർത്തകയുമായ ആനി ലിബു, മാദ്ധ്യമ പ്രവർത്തകനായ ജോസ് പിന്റോ സ്റ്റീഫൻ എന്നിവരായിരുന്നു വിധികർത്താക്കൾ.

ഒരേ സമയം അഭിഭാഷക നിയമാദ്ധ്യാപിക, മോഡൽ, അഭിനേത്രി എന്നീ മേഖലകളിൽ പ്രവർത്തിച്ചുവരുന്ന ക്രിസ്റ്റീനാ ചെല്ലയ്യാ നല്ലൊരു ഗായികയും കോറിയോഗ്രാഫറും കൂടിയാണ്. ഡിബേറ്റ്, ബ്യൂട്ടി പേജന്റ്, സ്റ്റേഷോ എന്നിവയിൽ യുവതിയുവാക്കൾക്കും കുട്ടികൾക്കും ക്ലാസ് എടുക്കാറുള്ള ക്രിസ്റ്റീനാ അമേരിക്കൻ മലയാളി കമ്മ്യൂണിറ്റിയിൽ നിന്നും കൂടുതൽ അവസരങ്ങൾ ആഗ്രഹിക്കുന്നു.

മുഴുവൻ സമയ ജോലിയോടൊപ്പം കലാ സാംസ്കാരിക, സാമൂഹ്യ രംഗത്ത് സജീവമായി പ്രവർത്തിച്ചുവരുന്ന ആനി ലിബു ‘ജസ്റ്റീസ് ഫോർ ഓൾ' എന്ന മനുഷ്യവകാശ സംരക്ഷണ സംഘടനയുടെ പിആർഒ കൂടിയായാണ്. ന്യൂയോർക്ക്, ന്യൂജഴ്സി എന്നിവിടങ്ങളിൽ അമേരിക്കൻ മുഖ്യധാരയിലും യുഎൻ യൂണിസെഫ് കോൺസുലേറ്റുകളിലും പ്രോഗ്രാമുകളിൽ പങ്കെടുക്കുയും അവ റിപ്പോർട്ട് ചെയ്യുകയും ചെയ്യുന്ന ഫ്രീലാൻസ് ജേർണലിസ്റ്റും ഫോട്ടോഗ്രാഫറുമാണ് ജോസ് പിന്റോ സ്റ്റീഫൻ. കമ്പ്യൂട്ടർ മേഖലയിൽ ജോലി ചെയ്യുന്ന ലിജോ ജോൺ മികവുറ്റ സംഘാടകനാണ്.'

ഈ മത്സരം നടത്തുന്നതിന് അനുവാദവും പിന്തുണയും നൽകിയ വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷന്റെ നേതാക്കളായ ശ്രീകുമാർ ഉണ്ണിത്താൻ (പ്രസിഡന്റ്), ടെറൻസൻ തോമസ് (സെക്രട്ടറി), തോമസ് (വൈസ് പ്രസിഡന്റ്) ആന്റോ വർക്കി (ജോയിന്റ് സെക്രട്ടറി) കെ. കെ. ജോൺസൻ (ട്രഷറർ) എന്നിവർക്കും മറ്റ് കമ്മറ്റിയംഗങ്ങൾക്കും സ്പോൺസർമാർക്കും എല്ലാ മത്സരാർത്ഥികൾക്കും കൃതജ്ഞത ലിജോ ജോൺ അറിയിക്കുന്നു.