ഷാർജ: ട്വന്റി 20 ലോകകപ്പിലെ സൂപ്പർ 12 പോരാട്ടത്തിൽ വെസ്റ്റിൻഡീസിനെതിരേ ബംഗ്ലാദേശിന് 143 റൺസ് വിജയലക്ഷ്യം. നിർണായക മത്സരത്തിൽ ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ വിൻഡീസ് നിശ്ചിത 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 142 റൺസെടുത്തു.

പേരുകേട്ട വിൻഡീസ് വെടിക്കെട്ട് ബാറ്റിങ്നിരയെ പിടിച്ചുകെട്ടാൻ ബംഗ്ലാദേശ് ബൗളർമാർക്കായി. മൂന്നിലേറെ ക്യാച്ചുകളും സ്റ്റമ്പിങ് അവസരവും പാഴാക്കിയിരുന്നില്ലെങ്കിൽ ഇതിലും വേഗത്തിൽ വിൻഡീസിനെ ചുരുട്ടിക്കെട്ടാൻ ബംഗ്ലാദേശിന് കഴിഞ്ഞേനെ.

22 പന്തിൽ നിന്ന് നാലു സിക്സും ഒരു ഫോറുമടക്കം 40 റൺസെടുത്ത നിക്കോളാസ് പുരന്റെ ബാറ്റിങ്ങാണ് വിൻഡീസിനെ 100 കടത്തിയത്. എവിൻ ലൂയിസ് (6), ക്രിസ് ഗെയ്ൽ (4), ഷിംറോൺ ഹെറ്റ്മയർ (9), ആന്ദ്രേ റസ്സൽ (0), ഡ്വെയ്ൻ ബ്രാവോ (1) എന്നിവരെല്ലാം തന്നെ ബാറ്റിങ്ങിൽ പരാജയമായി.

ലെൻഡൽ സിമ്മൺസിന് പകരം ടീമിലെത്തി ട്വന്റി 20 ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച റോസ്റ്റൺ ചേസ് 46 പന്തുകൾ നേരിട്ട് 39 റൺസെടുത്തു. വെറും രണ്ടു ബൗണ്ടറി മാത്രമാണ് ചേസിന്റെ ഇന്നിങ്സിൽ ഉണ്ടായിരുന്നത്.

അവസാന ഓവറുകളിൽ തകർത്തടിച്ച ജേസൺ ഹോൾഡർ വെറും അഞ്ചു പന്തിൽ നിന്ന് 15 റൺസെടുത്തു. ക്യാപ്റ്റൻ കിറോൺ പൊള്ളാർഡ് 18 പന്തിൽ നിന്ന് 14 റൺസുമായി പുറത്താകാതെ നിന്നു.ബംഗ്ലാദേശിനായി മെഹ്ദി ഹസൻ, മുസ്തഫിസുർ റഹ്‌മാൻ, ഷോരിഫുൾ ഇസ്ലാം എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്‌ത്തി.