കേന്ദ്ര മന്ത്രാലയത്തിന്റ അന്താരാഷ്ട്രാ യോഗ ദിനത്തിന് മുന്നോടിയായി പുറത്തിറക്കിയ ലഘുലേഖയിൽ ഗർഭിണികൾക്കായുള്ള നിർദ്ദേശങ്ങൾ കണ്ടപ്പോൾ കുറിക്കാൻ തോന്നിയ ചിലതാണ് ഇനി പറയാൻ പോകുന്നത്. ഇത് എഴുതാനുള്ള അവകാശം ആ അവസ്ഥയിലൂടെ കടന്നു പോയ ഒരു സ്ത്രീ എന്നത് തന്നെ. എനിങ്കിലും ഈ അഭിപ്രായം തീർത്തും വ്യക്തിഗതമാണ്. ഒരു സ്ത്രീയുടെ ജീവിതത്തിലെ ഒരു പ്രധാനപ്പെട്ട ഏട് തന്നെയാണ് അവൾ ഗർഭിണിയാകുന്ന സമയം. അപ്പോഴും സമൂഹവും ബന്ധുക്കളും അവൾക്കു നൽകേണ്ടത് 'അരുതായ്കകളുടെ' പട്ടികയല്ല (dont do list ). മറിച്ചു അവൾക്ക് ആവശ്യമുള്ള ശാരീരികവും മാനസികവുമായ പരിരക്ഷയാണ്.

മന്ത്രിമാർ ഏറ്റവും ആദ്യം ശ്രദ്ധിക്കേണ്ടത്, ഈ നാട്ടിൽ ഉള്ള ഓരോ ഗർഭിണിക്കും മതിയായ വൈദ്യ പരിരക്ഷയും പോഷക ആഹാരവും. ഒരു പാട് പഠനങ്ങൾ ആവർത്തിച്ച് ആവർത്തിച്ച് പറയുന്നുണ്ട്. നമ്മുടെ നാട്ടിലെ ഗർഭിണികളായ സ്ത്രീകൾക്ക് ഗർഭകാലത്തു മതിയായ തൂക്കമില്ലാത്തതിനെ കുറിച്ചും ഗർഭിണിയാകാൻ ഉതകുന്ന ഒരു ശാരീരിക അവസ്ഥ ഇല്ലാത്തതിനെ കുറിച്ചും പറയുന്നുണ്ട്. പഠനങ്ങൾ പറയുന്നത് നമ്മുടെ അവസ്ഥ ഈ കാര്യത്തിൽ ആഫ്രിക്കൻ രാജ്യങ്ങളെക്കാൾ കഷ്ടമാണ് എന്നാണ്. ഏഷ്യൻ എനിഗ്മ എന്ന് ഒന്ന് തിരഞ്ഞാൽ ഈ അവസ്ഥയെക്കുറിച്ചു കൂടുതൽ അറിയാൻ കഴിയും. അപ്പോൾ ആദ്യമായി വേണ്ടത് ഗര്ഭാവസ്ഥയിലാകുന്ന സ്ത്രീയ്ക്കു വേണ്ടത് ശാസ്ത്രീയമായ പരിരക്ഷയാണ്.

അമ്മയുടെ മനസ്സാണ് ഉദരത്തിലെ ശിശുവിന്റെ ജീവസ്സിന്റെ കാതൽ

അമ്മയുടെ വയറ്റിൽ കിടന്നു യുദ്ധതന്ത്രങ്ങൾ കേട്ടു മനപാഠമാക്കിയ അഭിമന്യൂവിനെ കുറിച്ച് നാമെല്ലാം കഥകളിൽ കേട്ടിട്ടുണ്ട്. ഗർഭകാലത്തും നാം ആവർത്തിച്ച് കേട്ടിരുന്ന പാട്ടുകൾ, അടുപ്പിച്ചു കണ്ടിരുന്ന ആളുകൾ, ഇഷ്ട്ട ഭക്ഷണങ്ങൾ അതിനോടൊക്കെ നമ്മുടെ കുഞ്ഞു ജനിച്ചു കഴിയുമ്പോൾ കാട്ടുന്ന പരിചയഭാവം നമ്മിൽ ചിലരെയെങ്കിലും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. അതിനു കാരണമുണ്ട് ഭ്രൂണത്തിന്റെ വളർച്ചയുടെ വിവിധ തലങ്ങളിൽ അനുസരിച്ചു അമ്മയുടെ മാനസിക വ്യാപാരങ്ങൾ തുടങ്ങി എന്തിനു ബാഹ്യമായ ശബ്ദങ്ങളോട് വരെ റെസ്‌പോണ്ട് ചെയ്യാൻ ഗർഭസ്ഥ ശിശുവിന് കഴിയും. അതുകൊണ്ടാണ് ആധുനിക വൈദ്യശാസ്ത്രം അച്ഛനോടും അമ്മയോടും ഗർഭാവസ്ഥയിൽ തന്നെ ഗർഭസ്ഥശിശുവിനോട് സംസാരിക്കാൻ, പാട്ടുകൾ പാടാൻ കഥകൾ പറയാൻ ആവശ്യപ്പെടുന്നത് ഗർഭസ്ഥ ശിശുവുമായി ബോണ്ടിങ് അതാണ് അവിടെ നടക്കുന്നത്. (എന്നു വെച്ച് നഴ്‌സറി സ്‌കൂളിലേക്കുള്ള എ ബി സി ഡി യും one two ത്രീ യും ഒന്നും പഠിപ്പിച്ചു മിടുക്കരാക്കി പുറത്തിറാക്കാം എന്ന് പ്രതീക്ഷിക്കേണ്ട :).

ഈ ഒരു ബോണ്ടിങ് ആ കുഞ്ഞിന്റെ വളർച്ചയിൽ വളരെ മുഖ്യമായ ഒന്നാണ്. അതിനാൽ ആ സമയത്തു 'അമ്മ ഏറ്റവും ഉചിതമായ ശാന്തമായ മാനസികാവസ്ഥയിൽ ആയിരിക്കണം. അച്ഛനും. അത് ഒരുക്കി കൊടുക്കുകയാണ് നാം ചെയ്യേണ്ടത്. അമ്മയുടെ സ്‌ട്രെസ് കുഞ്ഞു ജീവനെ എത്ര മാത്രം ബാധിക്കാമെന്നു എത്ര അധികം തെളിവുകൾ നമ്മളോട് സംസാരിക്കുന്നു. എന്നിട്ടും ഒരു ഗർഭാവസ്ഥയിൽ സ്വയമേ ഒരു പാട് ഹോർമോൺ ചേഞ്ചുകളിലൂടെ കടന്നു പോകുന്ന സ്ത്രീയെ നമ്മൾ ആചാരങ്ങളുടെയും വിശ്വാസങ്ങളുടെയും പേരിൽ കൂടുതൽ പേടിപ്പിക്കുന്നു.

തന്റെ ഉള്ളിൽ ഒരു ജീവൻ വളരുന്നു എങ്ങനെയാകും അത് പുറത്തു വരുക, അതിനു ശേഷം ഞാൻ എന്ത് ചെയ്യും, എങ്ങനെയാണ് പ്രസവം അടുത്തോ എന്ന് അറിയുക? എന്താണ് പ്രസവ വേദന? എനിക്ക് ആവിശ്യത്തിന് മുലപ്പാലുണ്ടാകുമോ? കുഞ്ഞിന് എങ്ങനെ മുലകൊടുക്കും? എന്റെ ജോലി എന്താകും? എനിക്ക് ലീവ് കിട്ടുമോ? കുഞ്ഞിനെ ആര് നോക്കും? അവര് എന്റെ കുഞ്ഞിനെ നന്നായി നോക്കുമോ? എനിക്കു ഒരു നല്ല അമ്മയാകാൻ കഴിയുമോ?സംശയിക്കേണ്ട ഇത് പോലെ ശാരീരികവും മാനസികവും വ്യക്തിപരവും ജോലിസംബദ്ധവുമായ അനേകം അനേകം ഓടുന്ന ഒരു മനസാണ് ഒരു ഗർഭിണിയുടേത്. അതിനുള്ള ഉചിതമായ ഉത്തരം നൽകാനുള്ള ഒരു സപ്പോർട്ട് സിസ്റ്റം നമുക്കുണ്ടോ? വേണ്ടത് അതല്ലേ? ഗർഭിണിയായ ഒരു വ്യക്തിക്കും കുഞ്ഞിനെ സ്വീകരിക്കാൻ ഒരുങ്ങിയിരിക്കുന്ന അച്ഛനും വേണ്ട ഒരു കൈത്താങ്ങു.
പലപ്പോഴും ഭാവി അച്ഛന്മാരുടെ കാര്യം നാം വിസ്മരിക്കാറുണ്ട്. തന്റെ പങ്കാളിയുടെ ജീവിതത്തിലെ വലിയ മാറ്റം അവരെയും ബാധിക്കും. അത് പോലെ അവരുടെ ജീവിതത്തിന്റെ ഭാഗമാകാൻ ചിലരുടെ എങ്കിലും ജീവിതത്തെ മാറ്റി മറിക്കാൻ ഒരു പുതിയ അതിഥി വരുകയാണ്. അതിന്റെ ആശങ്കകൾ അവർക്കും ഉണ്ടാകും അതും കണക്കിലെടുക്കപ്പെടേണ്ടതാണ്. ഭാര്യയും ഭർത്താവും പരസ്പര പൂരകങ്ങൾ ആകേണ്ട പരസ്പരം കൈത്താങ്ങാകേണ്ട ജീവിതത്തിലെ ഒരു വലിയ എട്. അത് വ്യക്തിഗതമായി അവർക്കു സ്വകാര്യമുള്ള ഏതു വിധേനയുമാകുന്നതല്ലേ ഉചിതം?

പേടിപ്പിക്കുന്ന ആചാരങ്ങൾ

രാത്രിയായാൽ പുറത്തിറങ്ങരുത്, ഇറങ്ങിയാൽ ഒരു ഇരുമ്പു കക്ഷണം കൈയിൽ വെയ്ക്കണം. പപ്പായ കഴിക്കരുത്, ഈന്തപഴം കഴിക്കരുത്, കൈതച്ചക്ക കഴിക്കരുത്...അരുത് അരുതു ഞാൻ കേട്ട ഒരു പാട് അരുതുകൾ. ഇവിടെ നമ്മൾ കൂടുതലും കാണുക മിഡ് വൈഫ്‌നെയാണ്. എന്റെ സംശയങ്ങളുടെ നീണ്ട ലിസ്റ്റ് (ഞാൻ ആയതു കൊണ്ട് സംശയങ്ങളുടെ ലിസ്റ്റിൽ ഏറ്റവും കൂടുതൽ ഭക്ഷണ സാധനങ്ങൾ ആയിരുന്നു) ഞാൻ പുറത്തെടുത്തപ്പോൾ അവരാദ്യം പറഞ്ഞത് നിനക്ക് കഴിക്കണം എന്ന് തോന്നുന്ന സാധനം അത് എന്തായാലും ഒരു ചെറിയ അളവിൽ കഴിച്ചോ.
രാവിലെ ഒരു ചെറിയ ഗ്ലാസ് കാപ്പി കുടിച്ച കൊണ്ടോ, വല്ലപ്പോഴും പ്രിയപ്പെട്ട കൈതച്ചക്ക ഒരു കക്ഷണം കഴിച്ചതുകൊണ്ടോ ഒരു അപകടവും വരൂല്ല. ഒന്നും അധികമാക്കാതെ ഇരിക്കുക നിന്റെ ശരീരം നിന്നോട് പറയും എന്ത് വേണം എന്ത് വേണ്ട എന്ന്. Listen to your body and baby :).

മത്സ്യവും മാംസവും പ്രിയമില്ലാത്ത ഒരാളെ നീ അനീമിക്കാൻ. അതുകൊണ്ട് ഇതൊക്കെ കഴിക്കൂ എന്ന് പറഞ്ഞു നിർബന്ധിച്ചു കഴിപ്പിക്കുന്നതിലോ, അതല്ല അത് കഴിക്കാൻ താൽപ്പര്യമുള്ള ഒരാളെ ആചാരങ്ങളുടെ പേരിൽ അത് ഒഴിവാക്കാൻ നിർബന്ധിക്കുന്നതിലോ കാര്യമുണ്ടെന്നു തോന്നുന്നില്ല. ഗർഭാവസ്ഥയിൽ ഉള്ളവർ അവരവർക്കു പ്രാപ്യമായതും മനസ്സിൽ പിടിച്ചതുമായ ഭക്ഷണം കഴിക്കട്ടെ. ആചാരങ്ങളിലേക്ക് വന്നാൽ, ഈ അവസ്ഥയിൽ ഗർഭിണിയുടെ മനസ്സിന് സന്തോഷമാണ് മുഖ്യമായത് അവൾ ആഗ്രഹിക്കുന്നുവെങ്കിൽ അവൾക്ക് സീമന്തമോ, ബേബി ഷവറോ, ഇഷ്ട്ടപ്പെട്ട ആരാധനാലയത്തിൽ പൊക്കോ അങ്ങനെ എന്തുമായിക്കൊള്ളട്ടെ? ഇനി അതല്ല അവർക്കു അതിനൊന്നും താൽപ്പര്യമില്ല എങ്കിൽ അവരെ അവരുടെ തീരുമാനങ്ങൾക്ക് വിടുന്നതല്ലേ ഉചിതം. എന്തിനാണ് ആചാരങ്ങളുടെ പേരിൽ അധിക മാനസിക വ്യഥ?

എന്റെ ഒരു അനുഭവം കൂടി പറഞ്ഞു കൊള്ളട്ടെ, ഗർഭാവസ്ഥയുടെ ഏതാണ്ട് അവസാന കാലത്തു ഇവിടെയുള്ള (വെയിൽസ് ) അമ്പലത്തിൽ പോകാൻ കലശലായ മോഹം. ഒരു കുന്നിൻ ചെരുവിൽ സുബ്രഹ്മണ്യനും, ദുർഗ്ഗയും, അനന്തശായിയായ മഹാവിഷ്ണുവും, ജലത്തിന് നടുവിൽ താമരപൂവിനു നടുവിൽ കുടികൊള്ളുന്ന സരസ്വതിയും മാനും മുയലും പൂക്കൾ വിരിയുന്ന കുന്നിൻ ചെരിവും ഭസ്മ മണവുമൊക്കെയുള്ള പ്രിയപ്പെട്ട സ്ഥലങ്ങളിൽ ഒന്നാണ് ആ അമ്പലം. നല്ല ഭക്ഷണവും അത് പ്രത്യേകം പറയേണ്ടല്ലോ.

എന്നാൽ 'അമ്മ ഒരു തരത്തിലും സമ്മതിക്കുന്നില്ല. എത്രയോ മാസം കഴിഞ്ഞാൽ അമ്പലത്തിൽ പോകാൻ പാടില്ലത്രേ. അമ്പലത്തിൽ നിന്നും കിട്ടുന്ന പായസവും ചോറും കറികളും എന്റെ ഉറക്കം കെടുത്തുന്നു. അവസാനം ഞാൻ പറഞ്ഞു നമുക്കു പോയി ചോദിക്കാം. അവര് കയറാൻ പാടില്ല എന്ന് പറഞ്ഞാൽ തിരിച്ചു പോരാല്ലോ. അങ്ങനെ ഞങ്ങൾ അവിടെ ചെന്നു. അപ്പോൾ അവിടെ ഒരു മണിക്കൂള്ള പൂജ തുടങ്ങാറായി. മുഖ്യ കാർമികനോട് കാര്യം പറഞ്ഞു, അദ്ദേഹം ശ്രീലങ്കക്കാരനാണ്. രണ്ടു കൈ കൊണ്ട് നിറുകയിൽ കൈ വെച്ച് അദ്ദേഹം പറഞ്ഞു അതിനു എന്താ നീ കടന്നു വരൂ. നിലത്തു ഇരിക്കാൻ നിൽക്കേണ്ട അവിടെ പുറകിൽ കസേര ഉണ്ട് അവിടെ ഇരുന്നു പൂജയിൽ പങ്കെടുത്തോളു. ഇത് കേട്ട് നിന്ന മറ്റൊരു പൂജാരി എന്റെ കസേരയിലെ ഇരുന്നു സുഖകരമാക്കാൻ രണ്ടു ക്യൂഷൻ കൂടി കൊണ്ട് വന്നു തന്നു. അവിടെ ഇരുന്നു ആ പൂജ മുഴുവൻ പങ്കുകൊണ്ട് ഒടുവിൽ ആരതി ഉഴിയുന്ന സമയമായപ്പോൾ ആ കാർമ്മികൻ എന്റെ അടുത്ത് വന്നു എനിക്ക് പ്രത്യേകമായി ദീപം ഉഴിഞ്ഞു ഒപ്പം എന്റെ കുഞ്ഞു വയറിലും ദീപം ഉഴിഞ്ഞു തലയിൽ കൈ വെച്ചു പ്രാർത്ഥിച്ചു. ഇത് ഒരു വലിയ കാര്യമല്ല. എന്നാൽ എന്റെ ഗർഭാവസ്ഥയെകുറിച്ച് ഞാൻ ഓർക്കുന്ന കരുണയുടെ consideratiosnന്റെ ഒരു നല്ല മുഹൂർത്തമാണ് അത്. അവിടെ ഞാൻ ദൈവത്തെ കണ്ടത് ആ ബിംബങ്ങൾക്കും അപ്പുറം എന്റെ ഒരു സന്തോഷം നടത്തി തന്ന ആ വയോവയോധികനായ പൂജാരിയിലാണ്.

നമ്മൾ ശ്രമിക്കുന്നത് ഒരു നല്ല തലമുറയുടെ ഉടലെടുക്കലിനായി അവരുടെ അമ്മമാരേ പ്രാപ്തരാക്കാനാണെങ്കിൽ ആദ്യം കേൾക്കേണ്ടത് ആ അമ്മമാർക്ക് എന്ത് വേണം എന്നല്ലേ?
Let us listen to would be mothers