ജമ്മു: ഭീകര സംഘടനയായ ഹിസ്ബുൾ മുജാഹിദീന്റെ കമാൻഡർ ബുർഹാൻ വാനിയെ ഇന്ത്യൻ സൈന്യം വെടിവച്ചുകൊന്നതിനെതിരെ ജമ്മു കാശ്മീരിൽ സംഘർഷം വ്യാപിക്കുന്നു. ഹിസ്ബുൾ മുജാഹിദീന്റെ ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങളുടെ മുഖമായിരുന്നു 22-കാരനായ ബുർഹാൻ. ശ്രീനഗറിന് 85 കിലോമീറ്റർ തെക്കുള്ള ബുംദൂര ഗ്രാമത്തിൽവച്ചാണ് മറ്റു രണ്ട് ഭീകർക്കൊപ്പം ബുർഹാനെ സൈന്യം വെടിവച്ചുകൊന്നത്.

ഇതേത്തുടർന്ന് പ്രതിഷേധം ശക്തമാവുകയായിരുന്നു. വെള്ളിയാഴ്ച രാത്രി ശ്രീനഗർ-അനന്തനാഗ് ഹൈവേ ഉപരോധിച്ച പ്രതിഷേധക്കാർ ടയറുകൾ കത്തിച്ച് ഗതാഗതം തടസ്സപ്പെടുത്തി. കൊല്ലപ്പെട്ട ഭീകരരുടെ സംസ്‌കാരച്ചടങ്ങുകൾ നടക്കുമ്പോൾ പ്രാർത്ഥനകൾ സംഘടിപ്പിക്കാൻ പല സ്ഥലങ്ങളിലും ആഹ്വാനം ചെയ്തിട്ടുണ്ട്. ബുർഹാനെ പ്രകീർത്തിച്ചുകൊണ്ട് പരസ്യമായ പ്രചാരണങ്ങളും നടക്കുന്നു. ഹുറിയത്ത് ചെയർമാൻ സയ്യദ് അലി ഗീലാനിയും ജമ്മു കാശ്മീർ ലിബറേഷൻ ഫ്രണ്ട് തലവൻ യാസിൻ മാലിക്കും കൊലപാതകത്തെ കടുത്ത ഭാഷയിൽ വിമർശിക്കുകയും ബന്ദിനാഹ്വാനം ചെയ്യുകയും ചെയ്തു. ബുർഹാനിയുടെ സംസ്‌കാരച്ചടങ്ങളിൽ സംഘമായി പങ്കെടുക്കാനും ഗീലാനി ആവശ്യപ്പെട്ടു.

സംഘർഷം ശക്തമായതിനെത്തുടർന്ന് തെക്കൻ കാശ്മീരിൽ സർക്കാർ കർഫ്യൂ പ്രഖ്യാപിച്ചു. ഈ മേഖലയിൽ ഇന്റർനെറ്റ് സൗകര്യവും റദ്ദാക്കിയിട്ടുണ്ട്. ഭീകരർ വെടിയുതിർത്തതിനെ തുടർന്ന് നടത്തിയ പ്രത്യാക്രമണത്തിലാണ് ബുർഹാനിയും മറ്റു രണ്ടുപേരും മരിച്ചതെന്ന് അധികൃതർ പറഞ്ഞു. കൂടുതൽ പേർക്കായുള്ള തിരച്ചിൽ ഇപ്പോഴും തുടരുകയാണ്. ജമ്മു കാശ്മീർ പൊലീസും രാഷ്ട്രീയ റൈഫിൾസും ചേർന്നു നടത്തിയ തിരച്ചിലിലാണ് ബുർഹാനി കൊല്ലപ്പെട്ടത്.

ബുർഹാനെ കണ്ടെത്തുന്നവർക്ക് പത്ത് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഭീകരപ്രവർത്തനത്തിനായി കശ്മീരി യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതിൽ മുഖ്യപങ്കുവഹിച്ച വിഡിയോകളിൽ വാനിയുൾപ്പെട്ടിരുന്നു. ഫേസ്‌ബുക്, വാട്ട്‌സ്ആപ്പ് വഴി വിഡിയോകൾ പ്രചരിച്ചിരുന്നു. വാനിക്കൊപ്പം മറ്റു രണ്ട് ഭീകരരെയും സൈന്യം ഏറ്റുമുട്ടലിൽ കൊന്നു. രഹസ്യാന്വേഷണ ഏജൻസികൾ നൽകിയ വിവരങ്ങളിൽനിന്നാണ് മേഖലയിൽ വാനിയുടെ സാന്നിധ്യം സൈന്യത്തിനു ലഭിച്ചത്.


ബുർഹാനിയുടെ വധം കൂടുതൽ പ്രത്യാഘാതങ്ങളുണ്ടാക്കിയേക്കുമെന്ന ആശങ്ക അധികൃതർക്കുമുണ്ട്. സോഷ്യൽ മീഡിയയിൽ ബുർഹാനിയെ പിന്തുണയ്ക്കുന്നവരുടെ എണ്ണം വളരെക്കൂടുതലായിരുന്നു. ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾക്ക് പ്രചോദനമേകാൻ ബുർഹാനിയെ രക്തസാക്ഷിയായി ഉപയോഗിക്കാനുള്ള സാധ്യതയുമുണ്ട്.

കാശ്മീരിലെ സൈനിക വത്കരണത്തിനെതിരെ ശബ്ദിച്ചുകൊണ്ടാണ് ബുർഹാൻ സോഷ്യൽ മീഡിയകളിൽ നിറഞ്ഞുനിന്നിരുന്നത്. ചെറുപ്പക്കാരായ കാശ്മീരികളോട് ഹിസ്ബുൾ പോലുള്ള സംഘടകളിൽ ചേരാൻ ആഹ്വാനം ചെയ്യുന്ന വീഡിയോകളും ഇയാൾ പോസ്റ്റ് ചെയ്തിരുന്നു. സ്വയം പ്രഖ്യാപിത തീവ്രവാദിയായിരുന്നു ബുർഹാൻ.

തെക്കൻ കശ്മീരിലെ ത്രാലിലെ സമ്പന്ന കുടുംബത്തിൽ നിന്നാണ് വാനി വരുന്നത്. 2010-ൽ പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ തീവ്രവാദത്തിൽ ആകൃഷ്ടനായി വീടുവിട്ടിറങ്ങിയതാണ് ബുർഹാൻ. ഉയർന്ന വിദ്യാഭ്യാസമുള്ള കുടുംബത്തിലാണ് ബുർഹാൻ ജനിച്ചത്. പിതാവ് ഒരു ഹയര്സെക്കൻഡറി സ്‌കൂളിന്റെ പ്രിൻസിപ്പലും മാതാവ് ബിരുദാന്തര ബിരുദധാരിയുമാണ്. ബുർഹാനെ കണ്ടു മടങ്ങും വഴി കഴിഞ്ഞവർഷം സഹോദരൻ ഖാലിദ് വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു.