- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
താലിബാൻ അഫ്ഗാൻ തലസ്ഥാനം പിടിച്ചതോടെ കാബൂൾ ജയിലിൽ കഴിയുന്ന മലയാളി തീവ്രവാദികളുടെ ഗതിയെന്ത്? നിമിഷാ ഫാത്തിമ അടക്കമുള്ള തടവുകാരെ കുറിച്ച് ആർക്കുമൊരു വ്യക്തതയില്ല; തിരികെ ഇന്ത്യയിലേയ്ക്കോ അതോ താലിബാനികളുടെ അടിമകളാകാനോ വിധി?
തിരുവനന്തപുരം: കാബൂൾ കൂടി പിടിച്ചടക്കിയതോടെ അഫ്ഗാനിസ്ഥാൻ പൂർണമായും താലിബാന്റെ കൈകളിൽ അമർന്നിരിക്കുകയാണ്. അഫ്ഗാൻ പൗരന്മാരായ ജനങ്ങൾ കിട്ടുന്ന വാഹനത്തിൽ രാജ്യം വിടുന്നു. പലായനം ചെയ്യുന്ന ജനങ്ങളെ പിരിച്ചുവിടാൻ എയർപോർട്ടിനുള്ളി വെടി വയ്ക്കേണ്ടിവരെ വരുന്ന അവസ്ഥയാണ്. അഫ്ഗാനിസ്ഥാനിൽ അധികാരം പിടിച്ചെടുത്ത താലിബാൻ കാബൂൾ കൊട്ടാരത്തിൽ നിന്നും അഫ്ഗാനിസ്ഥാന്റെ കറുപ്പും ചുവപ്പും പച്ചയും ചേർന്ന പതാക താലിബാൻ നീക്കം ചെയ്തു, പകരം താലിബാന്റെ കൊടി നാട്ടുകയും ചെയ്തു. കാബൂൾ കൊട്ടാരത്തിൽ നിന്നുള്ള ദൃശ്യങ്ങൾ അറബ് മാധ്യമമായ അൽ ജസീറ പുറത്ത് വിട്ടു. അഫ്ഗാനിസ്ഥാന്റെ പേരു മാറ്റി ഇസ്ലാമിക് എമിറേറ്റ് ആയി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.
എന്നാൽ രാജ്യം വിട്ട് ഐഎസ്ഐഎസിൽ ചേരാൻ പോയതിന് അറസ്റ്റിലായി ഇപ്പോൾ കാബൂൾ ജയിലിൽ കിടക്കുന്ന നിമിഷാ ഫാത്തിമ അടക്കമുള്ളവരുടെ ഭാവി എന്താകുമെന്നാണ് മലയാളികൾ ഉറ്റുനോക്കുന്നത്. കാസർകോട് പൊയിനാച്ചി സെഞ്ചുറി ഡെന്റൽ കോളേജ് അവസാനവർഷ വിദ്യാർത്ഥിനിയായിരിക്കെ, 2013 സപ്തംബറിലാണ് നിമിഷ മതപരിവർത്തനം നടത്തി ഫാത്തിമ എന്ന പേരു സ്വീകരിച്ചതെന്ന് പൊലീസ് രേഖകൾ പറയുന്നു. ബെക്സൻ വിൻസെന്റ് എന്ന ഈസയെ നിമിഷ ഫാത്തിമ വിവാഹം ചെയ്തു. ബന്ധുക്കൾ നൽകിയ ഹേബിയസ് കോർപ്പസ് ഹർജിയെ തുടർന്ന് കോടതിയിൽ ഹാജരായപ്പോൾ ഭർത്താവിനൊപ്പം പോകാൻ താത്പര്യം പ്രകടിപ്പിക്കുകയായിരുന്നു. കോടതി അത് അതംഗീകരിച്ചു. 2016 ജൂൺ 4ന് ശേഷം നിമിഷയുമായി വീട്ടുകാർക്കു ബന്ധപ്പെടാനായിട്ടില്ല.
നിമിഷയെ കൂടാതെ ഭർത്താക്കന്മാർക്കൊപ്പം ഐഎസിൽ ചേരാൻ പോയ മലയാളികളായ മൂന്ന് ഇന്ത്യൻ യുവതികൾ കൂടി അഫ്ഗാനിസ്ഥാനിൽ ജയിലിൽ കഴിയുകയാണ്. ഇവരുടെ ഭർത്താക്കന്മാർ യുഎസ് വ്യോമാക്രമണങ്ങളിൽ കൊല്ലപ്പെട്ടിരുന്നു. സോണിയ, മെറിൻ, നിമിഷ ഫാത്തിമ, റഫീല എന്നീ മലയാളികളാണ് അഫ്ഗാൻ ജയിലിലുള്ളത്. ഇവരെ തിരികെ ഇന്ത്യയിലേയ്ക്ക് കൊണ്ടുവരണമെന്ന് ഇവരുടെ ബന്ധുക്കൾ ആവശ്യപ്പെട്ടെങ്കിലും കേന്ദ്രസർക്കാരിന് അനുകൂല നിലപാടല്ല ഉള്ളത്. ഈ വിഷയത്തിൽ അന്തിമ തീരുമാനം ഉടൻ അറിയിക്കാൻ കോടതി നിർദ്ദേശിച്ചിരുന്നു.
13 രാജ്യങ്ങളിൽനിന്നായി ഐഎസിൽ ചേരാനെത്തിയ 408 പേരെ അഫ്ഗാനിസ്ഥാൻ ജയിലിൽ പാർപ്പിച്ചിരിക്കുകയാണെന്ന് 2017 ഏപ്രിലിൽ നാഷണൽ ഡയറക്ടറേറ്റ് ഓഫ് സെക്യൂരിറ്റി തലവൻ അഹമ്മദ് സിയ സറാജ് വ്യക്തമാക്കിയിരുന്നു. ഇക്കൂട്ടത്തിൽ നാലു പേർ ഇന്ത്യക്കാരും, 16 ചൈനക്കാർ, 299 പാക്കിസ്ഥാനികൾ, രണ്ടു ബംഗ്ലാദേശികൾ, രണ്ടു മാലിദ്വീപ് സ്വദേശികളുമാണുള്ളത്.
താലിബാൻ തലപ്പത്തെത്തിയതോടെ ജയിലിൽ കിടക്കുന്നവരുടെ ഭാവി പ്രവചനാതീതമാണ്. അവർക്ക് മുന്നിൽ പല സാധ്യതകളാണുള്ളത്. ഒന്നുകിൽ ഐഎസിന് വേണ്ടി ആയുധപരിശീലനം അടക്കം ലഭിച്ച അവരെ താലിബാനോടൊപ്പം ചേർത്തേയ്ക്കാം. എന്നാൽ അതിനുള്ള സാധ്യത കുറവാണെന്നാണ് താലിബാന്റെ ചരിത്രം നമ്മെ ഓർമിപ്പിക്കുന്നത്. മറ്റൊരു സാധ്യത ജയിലിലുള്ള സ്ത്രീകളെ ലൈംഗിക അടിമകളാക്കാനുള്ളത്. മെഡിക്കൽ വിദ്യാർത്ഥികളായ നിമിഷാ ഫാത്തിമ അടക്കമുള്ളവരെ മെഡിക്കൽ രംഗത്ത് ഉപയോഗിക്കാനും സാധ്യതയുണ്ട്. എന്നാൽ അവരെ തിരികെ ഇന്ത്യയ്ക്ക് നാലാമതൊരു സാധ്യതയാണ് ഉള്ളതെന്നാണ് മുൻ അംബാസിഡറും വിദേശകാര്യ വിദഗ്ധനുമായ ടിപി ശ്രീനിവാസൻ നിരീക്ഷിക്കുന്നത്.
തടവുകാരുടെ കാര്യം നമുക്ക് ഇപ്പോൾ പ്രവചിക്കാൻ കഴിയില്ല. താലിബാൻ ഭീകരരെ മാത്രമാണ് അവർ ജയിൽ തുറന്ന് മോചിപ്പിക്കുന്നത്. നിമിഷ അടക്കമുള്ള സ്പെഷ്യൽ കേസുകളെ എന്ത് ചെയ്യുമെന്ന് കാത്തിരുന്ന് കാണേണ്ടിവരും. ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന് വേണ്ടി അവരെ ചിലപ്പോൾ ഇന്ത്യയ്ക്ക് കൈമാറാൻ അവർ ശ്രമിച്ചേക്കും. അവിടെയാണ് നമ്മുടെ പ്രശ്നം. നമ്മൾ അവരെ വേണ്ടായെന്ന് പ്രഖ്യാപിച്ചിരിക്കുകയല്ലെ. പക്ഷെ അവരെ നമുക്ക് കൈമാറാൻ താലിബാൻ തീരുമാനിച്ചാൽ ഈ അസാധാരണ സാഹചര്യത്തിൽ നമ്മൾ അവരെ സ്വീകരിക്കേണ്ടിവരുമെന്നും അദ്ദേഹം പറയുന്നു.
മറുനാടന് ഡെസ്ക്