കാബൂൾ: അഫ്ഗാനിസ്ഥാൻ താലിബാന്റെ നിയന്ത്രണത്തിലായപ്പോൾ അതിൽ ഏറ്റവും ദുരിതം പേറേണ്ടി വരുന്നത് സ്ത്രീകളാണ്. സ്ത്രീകളോട് തീർത്തും അവജ്ഞയോടെ പെരുമാറുന്ന താലിബാന്റെ സ്വഭാവത്തെ മറികടക്കാൻ ആരു വിചാരിച്ചാലു സാധിക്കില്ല. എന്നാൽ, ഈ താലിബാനെതിരെ ആയുധമെടുത്തു പോരാടി അന്തർദേശിയ ശ്രദ്ധ നേടിയ വ്യക്തിയാണ് സലീമ മസാരി. താലിബാനെതിരെ ശബ്ദമുയർത്താനും ആയുധമെടുക്കാനും അവശേഷിച്ചവരിൽ ഒരാൾ.

അഫ്ഗാനിസ്ഥാനിൽ താലിബാനെതിരെ ആയുധമെടുത്ത വനിതകളിൽ ഒരാളാണ് അവർ. മറ്റുള്ളവർ രാജ്യം വിട്ടപ്പോഴും ബൽക്ക് പ്രവിശ്യ വീഴുന്നതു വരെ സലീമ ചെറുത്തു നിന്നിരുന്നു. കാബൂളിന്റെ നിയന്ത്രണം. ഏറ്റെടുത്ത ശേഷം താലിബാൻ സലീമയെ പിടികൂടിയെന്നാണ് റിപ്പോർട്ടുകൾ. മറ്റുപലയിടങ്ങളും വലിയ എതിർപ്പ് കൂടാതെ താലിബാനു മുന്നിൽ കീഴടങ്ങിയപ്പോൾ സലീമയുടെ നേതൃത്വത്തിൽ ബൽക്ക് പ്രവിശ്യയിലെ ചഹർകന്റ് ജില്ല ശക്തമായ ഏറ്റുമുട്ടൽ തുടർന്നു. അവസാന ഘട്ടം വരെ താലിബാനു കീഴടങ്ങാതെ നിന്ന സ്ത്രീകൾ നേതൃത്വം നൽകിയ മേഖലയായിരുന്നു ചഹർ കിന്റ്.

അഫ്ഗാനിസ്ഥാനിലെ മൂന്നു വനിതാ ഗവർണർമാരിൽ ഒരാളാണ് സലീമ. അഫ്ഗാനിലെ സ്ത്രീകൾക്കിടയിൽ ഏറ്റവും സ്വധീമുള്ള നേതാക്കളിൽ ഒരാളായിരുന്നു അവർ. കഴിഞ്ഞ വർഷം സലീമയുടെ ഇടപെടലിനെ തുടർന്ന് 100 താലിബാൻ പ്രവർത്തകർ കീഴടങ്ങിയത് വലിയ ചർച്ചയായിരുന്നു.

തന്റെ ജോലിയെ കുറിച്ച് സലീമ പറയുന്നത് ഇങ്ങനെ: 'ചിലസമയങ്ങളിൽ ഞാൻ എന്റെ ഓഫീസിലായിരിക്കും, ചിലപ്പോൾ ഞാൻ യുദ്ധത്തിനായി കൈയിൽ തോക്കെടുക്കും.' 1980 ലെ സോവിയറ്റ് യുദ്ധകാലത്ത് അഫ്ഗാനിൽനിന്ന് ഇറാനിലേക്കു അഭയാർത്ഥിയായി പോകേണ്ടി വന്ന കുടുംബമാണ് സലീമയുടെത്. ഇറാനിലെ ടെഹ്‌റാൻ സർവകലാശാലയിൽ നിന്ന് ബിരുദം നേടി. തുടർന്ന് അവിടെ തന്നെ ജോലിചെയ്തു. സ്വന്തം രാജ്യത്തെ കുറിച്ച് ഒന്നും അറിയാതെ മറ്റൊരു രാജ്യത്ത് അഭയാർഥിയായി ജീവിക്കുക എന്നത് വലിയ വേദനയുണ്ടാക്കുന്ന കാര്യമാണെന്ന് അവർ ഒരിക്കൽ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

സ്വന്തം മണ്ണനോടുണ്ടായിരുന്ന അകമഴിഞ്ഞ സ്‌നേഹം അവരെ വീണ്ടും അഫ്ഗാനിസ്ഥാനിലെത്തിച്ചു. 2018ൽ ചഹർകിന്റ് ജില്ലാഗവർണറായി തിരഞ്ഞെടുക്കപ്പെട്ടു. സലീമയുടെ മാതൃനഗരമായിരുന്നു ചഹർകിന്റ്. യാഥാസ്ഥിതിക നിയമങ്ങൾക്കുള്ളിൽ നിന്ന് പ്രവർത്തിക്കുകയെന്നതായിരുന്നു സലീമ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി. പ്രാദേശിക അക്രമ ഗ്രൂപ്പുകളിൽനിന്ന് ജനങ്ങളെ സംരക്ഷിക്കുക എന്ന ദൗത്യവും സലീമയ്ക്കുണ്ടായിരുന്നു. 2019ൽ നാട്ടിലെ ചെറുപ്പക്കാരെ ഉൾപ്പെടുത്തി സുരക്ഷാ കമ്മിഷൻ രൂപീകരിച്ചു. ഗ്രാമീണരെയും ആട്ടിടയന്മാരെയും തൊഴിലാളികളെയും സംഘത്തിൽ ഉൾപ്പെടുത്തി.

കഴിഞ്ഞ രണ്ടു വർഷമായി പ്രാദേശിക സംഘങ്ങളെ ശക്തമായി ചെറുക്കാൻ സലീമയുടെ നേതൃത്വത്തിൽ കഴിഞ്ഞിരുന്നു. നിരവധി തവണ സലീമയ്ക്കു നേരെ ആക്രമണങ്ങൾ ഉണ്ടായി. ദിവസങ്ങൾക്കു മുൻപ് മസാരെ ഷെരീഫ് വീണപ്പോഴും ജനങ്ങളുടെ സുരക്ഷയെക്കുറിച്ച് സലീമ മാധ്യമങ്ങളോടു സംസാരിച്ചിരുന്നു. താലിബാൻ നിയന്ത്രണത്തിലുള്ള മേഖലകളിൽ സ്ത്രീകൾ തടവുകാരായിരിക്കുമെന്നും പുറത്തിറങ്ങാൻ പോലും കഴിയില്ലെന്നും സലീമ പറഞ്ഞിരുന്നു.

സലീമ എവിടെയാണെന്ന വിവരം പോലും ഇപ്പോഴും ലഭിച്ചിട്ടില്ല. കൊന്നിട്ടുണ്ടാവാം, അല്ലെങ്കിൽ അടിമയായോ ക്രൂരപീഡനങ്ങളുടെ ഇരയായോ എവിടെയെങ്കിലും അടയ്ക്കപ്പെട്ടിട്ടുണ്ടാവാം. സലീമയും താലിബാൻ പിടിയിലായതോടെ സ്ത്രീകളുടെ പ്രതീക്ഷകളിൽ കരിനിഴൽ വീണുകഴിഞ്ഞു. അവരുടെ സ്വാതന്ത്ര്യവും സ്വപ്നവും പ്രതീക്ഷകളുമെല്ലാം ഇനി ഉള്ളിലൊതുക്കുന്ന തേങ്ങൽ മാത്രം. പുരുഷന്മാരുടെ യുദ്ധക്കൊതിയിൽ സ്വപ്നങ്ങളും ജീവിതവും ഇല്ലാതാകുന്നത് സ്ത്രീകളുടേതും കുട്ടികളുടേതും മാത്രമാണല്ലോ.