ലയാളികളുടെ കുടുകുടെ ചിരിപ്പിച്ച കണ്ണീരണിയിച്ച ഒരുപിടി അവിസ്മരണീയ ചിത്രങ്ങളുടെ സംവിധായകനാണ് പ്രിയദർശൻ. അഭിനേന്ത്രിയായിരുന്ന, പ്രിയന്റെ സിനിമകളിൽ നായികയായി തിളങ്ങിയ ലിസിയെ പ്രണയിച്ച് വിവാഹം കഴിച്ചതാണ് പ്രിയൻ. കാൽ നൂറ്റാണ്ടിന്റെ അവരുടെ ദാമ്പത്യ തകർന്നു എന്ന വാർത്ത ഞെട്ടലോടെയാണ് മലയാളികൾ കേട്ടത്. ലിസിയെ വിവാഹം കഴിച്ച ശേഷമുള്ള 24 വർഷം താൻ ജീവിച്ചത് ഏറ്റവും നല്ല കുടുംബത്തിലാണെന്നാണ് പ്രിയദർശൻ പറയുന്നത്. വീ ആർ ദി ബെസ്റ്റ് കപ്പിൾസ് എന്ന് മറ്റുള്ളവർ അസൂയയോടെ പറഞ്ഞിരുന്നു എന്നു ഓർക്കുന്ന പ്രിയദർശന്റെ ജീവിതത്തിൽ നിന്നും വിവാഹമോചനം നേടി ലിസി പടിയിറങ്ങിയതെന്തിനെന്നാണെന്ന് പ്രിയദർശൻ ആദ്യമായി തുറന്നു പറയുകയാണ്. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രിയൻ തന്റെ കുടുംബജീവിതത്തിന്റെ തകർച്ചയെ പറ്റിയും സിനിമകൾ വിജയിക്കാത്തതിനെപറ്റിയും സുഹൃത്ത് ബന്ധങ്ങളെയും പറ്റിയുമെല്ലാം മനസുതുറക്കുന്നത്.

കുടുംബജീവിതം തകർന്നതിൽ ഏറെ നിരാശപ്പെട്ടാണ് വനിതയ്ക്ക് പ്രിയൻ അഭിമുഖം നൽകിയിരിക്കുന്നത്. ' ഈ വീട് ഒരു സ്വർഗ്ഗമായിരുന്നു. അതു തകരുമെങ്കിൽ തകരരുതേ എന്നാണ് എന്റെ പ്രാർത്ഥന. വിധിയെന്നല്ലാതെ ഒന്നും പറയാനില്ല. ജീവിതം ഇത്രേയുള്ളൂ എന്നു തോന്നിപ്പോവുകയാണ്.' എന്നാണ് വേദനയോടെയുള്ള പ്രിയന്റെ വാക്കുകൾ. എന്നാൽ എന്താണ് തങ്ങൾക്കിടയിൽ സംഭവിച്ചതെന്നും എവിടെയാണ് തെറ്റു പറ്റിയതെന്നും അറിയില്ലെന്നാണ് പ്രിയൻ പറയുന്നത്. ജോലിയെക്കാൾ കുടുംബത്തെ സ്‌നേഹിച്ചെന്നും പ്രിയൻ കൂട്ടിച്ചേർക്കുന്നു.

ഏറ്റവും വേദനയുള്ള സമയത്തിലൂടെയാണ് ഇപ്പോൾ പ്രിയദർശൻ കടന്നുപോകുന്നത്. കഴിഞ്ഞ വർഷം പ്രിയനെ സംബന്ധിച്ചടത്തോളം ജീവിതത്തിൽ ഏറെ പ്രാധാന്യമുള്ള മൂന്നു വ്യക്തികളാണ് പടിയിറങ്ങിപ്പോയത്. കഴിഞ്ഞ ഒക്‌ടോബറിലാണ് പ്രിയന്റെ അമ്മ മരിക്കുന്നത്. നവംബറിൽ അച്ഛൻ പോയി. ഡിസംബർ ഒന്നിന് ഭാര്യ ലിസി വിവാഹമോചനത്തിന് അപേക്ഷ കൊടുത്തു. 24 വർഷം സ്വർഗ്ഗം പോലൊരു കുടുംബത്തിൽ ജീവിച്ചയാളാണ് ഞാൻ. അതുലഞ്ഞപ്പോൾ എന്റെ മനസ്സ് തകർന്നുപോയി. എല്ലാ വലിയ സംവിധായകരുടെയും തകർച്ച തുടങ്ങുന്നത് അവരുടെ കുടുംബ ജീവിതത്തിൽ പ്രശ്‌നങ്ങൾ വരുമ്പോഴാണ്. നമുക്ക് ഒന്നും ചിന്തിക്കാനാവില്ല. പക്ഷേ എനിക്കറിയാം ഈ തകർച്ചയിൽ നിന്നു തിരിച്ചു വരാൻ സിനിമ ചെയ്യുക എന്ന വഴിയോ തനിക്ക് മുന്നിൽ ഉള്ളു എന്ന് പ്രിയൻ പറയുന്നു. അച്ഛനും അമ്മയും മരിച്ചുപോയതിൽ ദുഃഖമുണ്ടെങ്കിലും അത് ചിലപ്പോൾ നല്ലതായെന്നും പ്രിയൻ ആശ്വസിക്കുന്നുണ്ട്. എന്റെ വിജയങ്ങൾ മാത്രമാണ് അവർ കണ്ടത്. ഒരു വർഷം മുമ്പ് വന്ന ഞങ്ങൾക്കിടയിൽ സ്വരച്ചേർച്ചയില്ലെന്ന വാർത്തകൾപോലും അവരുടെ ചെവിയിലെത്തിയിട്ടില്ല. മകന്റെ പ്രശ്‌നങ്ങൾ അറിയാതെ സമാധാനത്തോടെയാണ് അവർ മരിച്ചതെന്ന് ഓർക്കുമ്പോൾ ആശ്വാസമാണ് പ്രിയന്.

തന്റെ ഈ അവസ്ഥയിൽ അച്ഛനുണ്ടായിരുന്നെങ്കിൽ എനിക്ക് ശക്തി കൂടിയേനെ എന്ന് ഇടയ്ക്ക് തോന്നാറുണ്ടെന്ന് പറഞ്ഞ പ്രിയൻ അച്ഛൻ മരിച്ചപ്പോൾ മമ്മൂട്ടി വിളിച്ചു ആശ്വസിപ്പിച്ചതും ഓർക്കുന്നുണ്ട്. 'പ്രിയാ നീ യത്തീമായി. ലോകത്ത് അച്ഛനും അമ്മയുമാണ് നമുക്കു വേണ്ടി ജീവിക്കുന്നത്. ബാക്കിയാരും നമുക്കുവേണ്ടി ജീവിക്കുന്നില്ല. അച്ഛൻ കൂടി മരിച്ചതോടെ നീ അനാഥനായി'. എന്നാണ് മമ്മൂട്ടി പ്രിയനോട് പറഞ്ഞത്. ആ വാക്കുകൾ ശരിക്കും തന്റെ ഹൃദയത്തിൽ കൊണ്ടതായും, ബാക്കിയെല്ലാ ബന്ധങ്ങളിലും സ്വാർത്ഥതയുണ്ട്. അച്ഛനും അമ്മയും മാത്രം സ്വാർത്ഥരല്ലെന്ന് മനസിലാക്കിയതും പ്രിയൻ കൂട്ടിച്ചേർക്കുന്നു. അച്ഛനും അമ്മയും മരിച്ചപ്പോൾ കുറ്റബോധം തോന്നിയെന്നും അവർക്കുവേണ്ടി ഞാൻ കുറച്ചു കൂടി സമയം ചെലവിടേണ്ടതായിരുന്നുവെന്ന ഓർമ്മ ഇപ്പോഴും വേദനയാണ് മലയാൡകളുടെ ഈ പ്രിയ സംവിധായകന്.

'അച്ഛനും അമ്മയും സർക്കാർ ഉദ്യോഗസ്ഥരായിരുന്നു. ഞങ്ങളുടേത് ഒരു ലോവർ മിഡിൽക്ലാസ് കുടുംബമായിരുന്നു. പെട്ടന്ന് ഒരു വലിയ സൊസൈറ്റിയിൽ വന്നു പെട്ടിട്ടും എന്റെ മനസ്സിൽ ആ മൂല്യങ്ങൾ മാറിയിട്ടില്ല. എനിക്ക് ഒരിക്കലും വലിയ സൊസൈറ്റി ഓഫ് ലൈഫ് പറ്റില്ല. മക്കൾ എപ്പോഴും പറയും. രാവിലെ രണ്ട് ഇഡ്ഡലിയും ഉച്ചയ്‌ക്കൊരു മീൻകറിയുമുണ്ടെങ്കിൽ അച്ഛൻ ഹാപ്പിയാവുമെന്ന്. പിന്നെ ഞാൻ പോലും പ്രതീക്ഷിക്കാത്ത കുറെ സൗഭാഗ്യങ്ങൾ വന്നപ്പോൾ ആ സൗഭാഗ്യങ്ങൾ ആസ്വദിച്ചിട്ടുണ്ട്. അപ്പോഴും ആ ലോവർ മിഡിൽ ക്ലാസ് മൂല്യങ്ങൾ എന്റെ ഉള്ളിലുണ്ട്. അച്ഛൻ എന്നോട് രണ്ടു കാര്യങ്ങളാണ് പറഞ്ഞത്. ഒരിക്കലും ഒരു സ്ത്രീയെ തല്ലരുത്. പിന്നെ കൈക്കൂലി വാങ്ങരുത്.' ഈ രണ്ടു കാര്യങ്ങളും താൻ പാലിച്ചിട്ടുണ്ടെന്നും പ്രിയൻ പറയുന്നു.

ജീവിതത്തിൽ തകർച്ച നേരിട്ടപ്പോൾ പിന്താങ്ങിയ സുഹൃത്ത് വലയത്തിനെപറ്റിയും അഭിമുഖത്തിൽ പ്രിയൻ പറയുന്നുണ്ട്. ചെന്നൈയിലാണ് ജീവിക്കുന്നതെങ്കിലും തിരുവനന്തപുരമാണ് പ്രിയന് ഏറെ ഇഷ്ടമുള്ള നഗരം. വയസാകുമ്പോൾ തിരുവനന്തപുരത്ത് താമസിക്കാനാണ് പ്രിയൻ ഇഷ്ടപ്പെടുന്നത്. സുഹൃത്തുകൾ ഏറെയുള്ളഅവിടെ വരുമ്പോൾ വല്ലാത്ത ശക്തി അനുഭവപ്പെടുമെന്നാണ് പ്രിയന്റെ പക്ഷം. ദാമ്പത്യ തകർന്ന വേളയിൽ ആശ്വസിപ്പിക്കാൻ ഏറെ പേരെത്തി. അടുത്ത സുഹൃത്തായ മോഹൻലാൽ എല്ലാവരുടെയും ജീവിതത്തിൽ ഇതുപോലുള്ള പ്രശ്‌നങ്ങളുണ്ടാവും. മുന്നോട്ടു പോയേ പറ്റൂ എന്നു പറഞ്ഞാണ് ആശ്വാസം പകർന്നതെന്ന് പ്രിയൻ ഓർമിക്കുന്നു.

ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവച്ചതിനും പ്രിയന് തന്റെതായ ന്യായങ്ങളുണ്ട്. 'സിനിമയിലെ എന്റെ 32 വർഷത്തെ അനുഭവങ്ങൾ വച്ച് ഒരുപാടു കാര്യം ചെയ്യാൻ കഴിയുമെന്ന് പ്രതീക്ഷിച്ചതെങ്കിലും പക്ഷേ ഒരു ഘട്ടം കഴിഞ്ഞപ്പോൾ എനിക്ക് മനസ്സിലായി ഇനി തുടരുന്നതു കൊണ്ട് അക്കാദമിക്കും ഗുണമില്ല എനിക്കും ഗുണമില്ലെന്ന്. ആരു തെറ്റു ചെയ്താലും നമ്മൾ മാപ്പ് പറയേണ്ട അവസ്ഥയാണ്. എന്റെ അച്ഛനോടു പോലും മാപ്പ് പറയേണ്ടി വന്നിട്ടില്ല എനിക്ക്. ആ ഞാൻ എന്തിനു മറ്റുള്ളവരോട് അവരുടെ തോന്ന്യാസത്തിനു ഒരു കാര്യവുമില്ലാതെ മാപ്പു പറയണം. ശമ്പളമോ കാറിനു പെട്രോളോ പോലും വാങ്ങാതെയാണ് ഞാൻ ആ സ്ഥാനത്തിരുന്നത്.' തന്റെ പ്രവർത്തിയിൽ തെല്ലും കുറ്റബോധമില്ല പ്രിയന് ഇപ്പോഴും. എന്നാൽ അർഹിക്കുന്ന കുറേപ്പേർക്ക് പെൻഷൻ കൊടുക്കാൻ പറ്റിയതിന്റെ സന്തോഷവുമുണ്ട്.

അമ്മയുമായി പിരിഞ്ഞതിൽ മക്കളുടെ സങ്കടവും പ്രിയൻ അഭിമുഖത്തിൽ തുറന്നുപറയുന്നുണ്ട്. മക്കൾക്ക് അനുഭവപ്പെടുന്ന അരക്ഷിതാവസ്ഥ മക്കൾ തന്നോട് തുറന്നുപറഞ്ഞിട്ടുണ്ട്. കുടുംബം തിരിച്ചു കിട്ടിയിരുന്നെങ്കിൽ എന്നും തന്റെ വീട് വീണ്ടും ഒരു സ്വർഗ്ഗമായി മാറിയെങ്കിൽ എന്നുമാണ് ഇപ്പോഴും പ്രിയൻ ആഗ്രഹിക്കുന്നത്. പ്രിയന്റെ മകൻ സിദ്ധാർത്ഥ് സാൻഫ്രാൻസിസ്‌ക്കോയിലെ അക്കാദമി ഓഫ് ആർട്‌സിൽ ഗ്രാഫിക്‌സ് ആൻഡ് വിഷ്വൽ കമ്മ്യൂണിക്കേഷൻ പഠിക്കുകയാണ്. മകൾ കല്യാണി അമേരിക്കയിൽ ആർക്കിടെക്ച്ചർ പഠിക്കുന്നു. 22 വയസായ മകളുടെ വിവാഹമാണ് ഇപ്പോൾ പ്രിയന്റെ മനസ്സിലെ ഒരേയൊരു സ്വപ്‌നം. തെറ്റിദ്ധാരണകളും ഈഗോയും ദാമ്പത്യത്തിൽ കടന്നു വരാതെ നോക്കണമെന്ന് വിവാഹം കഴിക്കാൻ പോവുന്നവർക്ക് ഒരു ഉപദേശവും അഭിമുഖത്തിൽ പ്രിയൻ നൽകുന്നുണ്ട്.