അഹമ്മദാബാദ്: ഗുജറാത്തിൽ ഉജ്ജ്വലമായി പോരാടിയിട്ടും തോൽവി പിണഞ്ഞതിൽ നിന്ന് കോൺഗ്രസിന് ചില നല്ല പാഠങ്ങൾ പഠിക്കാം.കേഡർ പാർട്ടിയായ ബിജെപിക്ക് ബൂത്ത് തലത്തിൽ തന്നെ ശക്തമായ സംവിധാനമുണ്ടെന്നതിന് പുറമേ, ആർഎസ്എസ് കേഡറുകളുടെ തുണയും കൈമുതലായുണ്ട്.

എന്നാൽ, കോൺഗ്രസിന് സംഘടനാതലത്തിൽ വിടവുകൾ ഏറെയാണ്.താഴെ തട്ടിലുള്ള പ്രവർത്തകർ ജനങ്ങളുമായി ബന്ധം സ്ഥാപിക്കുമ്പോൾ മാത്രമാണ് സംഘടന ശക്തമാവുക.

നഗരമേഖലയിൽ കോൺഗ്രസ് ഒന്നുമല്ല

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ അഹമ്മദാബാദിലെ 12 സീറ്റിൽ നാലെണ്ണത്തിൽ കോൺഗ്രസ് വിജയിച്ചുവെങ്കിലും വഡോദരയിൽ പരാജയമായി.സൂറത്തിലെ 16 സീറ്റിൽ ഒന്നിൽ മാത്രമാണ് ജയിച്ചുകയറിയത്.കോൺഗ്രസ് നേടിയ 61 സീറ്റിൽ 55 ഉം ഗ്രാമമേഖലകളിൽ നിന്നാണ് കിട്ടിയത്. ഈ സ്ഥിതിവിശേഷത്തിൽ ഇത്തവണ നേരിയ പുരോഗതിയുണ്ടായെങ്കിലും, നഗരവോട്ടർമാരുടെ ഹൃദയം കീഴടക്കാൻ രാഹുൽ ഗാന്ധിയുടെ കൊണ്ടുപിടിച്ചുള്ള പ്രചാരണത്തിനും കഴിഞ്ഞില്ല.

നേതൃതലത്തിലെ ശൂന്യത

ബിജെപിയുടെ താര പ്രചാരകൻ നരേന്ദ്ര മോദി ഗുജറാത്തിയിൽ സംസാരിച്ച് ജനമനം കീഴടക്കിയപ്പോൾ രാഹുൽഗാന്ധിയുടെ സംവേദനത്തിന് ഭാഷ തടസ്സമായി.രാഹുൽ ഗുജറാത്തി പഠിക്കുക എന്നതല്ല അതിന് പരിഹാരം. മറിച്ച് സംസ്ഥാനത്തൊട്ടാകെ സാധീനം ചെലുത്താൻ കഴിയുന്ന ഒരു നേതാവ് കോൺഗ്രസിന് ഇല്ലാതെ പോയി.

38.9 ശതമാനം വോട്ട് വിഹിതമുള്ള ഗുജറാത്തിൽ താരമൂല്യമുള്ള ഒരു നേതാവിനെ വളർത്തിയെടുക്കാൻ കഴിയാത്തതിൽ സ്വയം പഴിക്കുകയേ നിവൃത്തിയുള്ളു.

സംഘടനാപരമായ വെല്ലുവിളി

17 ദിവസമാണ് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി ഗുജറാത്തിൽ പ്രചാരണത്തിന് ചെലവഴിച്ചത്.എന്നാൽ താഴെതട്ടിൽ, സ്വാധീനമുറപ്പിക്കാനും വോട്ട് നേട്ടമാക്കാനും പാർട്ടിക്ക് കഴിഞ്ഞില്ല.താഴെതട്ടിലുള്ള പ്രവർത്തകർക്ക് ഉഷാറാകാനും ജനമനസിൽ എത്താനും കഴിയാതിരുന്നതോടെ സംഘടനാസംവിധാനം അമ്പേ പരാജയമായി.

സന്ദേശത്തിൽ നിന്ന് പഠിച്ചാൽ കോൺഗ്രസിന് നന്ന്

കിണഞ്ഞ് പരിശ്രമിച്ചിട്ടും ജയം അനുഗ്രഹിച്ചില്ലെങ്കിലും ഒത്തുപിടിച്ചാൽ പാർട്ടിയെ ഉയർത്തിയെടുക്കാമെന്നാണ് ഗുജറാത്ത് രാഹുൽ ഗാന്ധിക്ക് നൽകുന്ന പാഠം.രാജസ്ഥാൻ, ഛത്തീസ്‌ഗഡ്, കർണാടക, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ അടുത്ത വർഷം ബിജെപിയെ നേരിടാനൊരുങ്ങുന്ന കോൺഗ്രസിനുള്ള പാഠം ഇതാണ്. എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിക്കുന്ന സംഘടനാ സംവിധാനവും, വർദ്ധിച്ച ഉൽസാഹത്തോടെ പോരാടാനും ഉള്ള കരുത്ത് ആർജ്ജിക്കുക.