ന്യൂഡൽഹി: ഴിഞ്ഞ ദിവസം ചോർന്ന പനാമ പേപ്പറിനെക്കുറിച്ചുള്ള ചൂടൻ വാർത്തകൾ മാദ്ധ്യമങ്ങളിൽ നിറയുകയാണല്ലോ? ലോകത്തിലെ ഏറ്റവും വലിയ സീക്രട്ടീവ് കമ്പനികളിലൊന്നായ പനാമാനിയൻ ലോ ഫേമായ മോസാക്ക് ഫോൻസെകയിൽ നിന്നും ചോർന്ന രേഖകളാണ് പനാമ പേപ്പർ എന്നറിയപ്പെടുന്നത്. ഒരു ഡസനിലധികം ലോക നേതാക്കളും നിരവധി രാഷ്ട്രീയക്കാരും അമിതാഭ് ബച്ചനും ഐശ്വര്യാ റായിയുമടക്കമുള്ള ഇന്ത്യൻ പ്രമുഖരും വിദേശങ്ങളിൽ അക്കൗണ്ടുകൾ തുടങ്ങുകയും നികുതി വെട്ടിച്ച പണം അതിലേക്ക് വൻ തോതിൽ നിക്ഷേപിച്ചുവെന്നുമുള്ള ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ഇതിലൂടെ വെളിപ്പെട്ടിരിക്കുന്നത്.

ഓഫ്ഷോർ അക്കൗണ്ടുകളിൽ ഇവർ വൻതോതിൽ കള്ളപ്പണം പൂഴ്‌ത്തിയെന്നാണ് പനാമ രേഖകളിലൂടെ പുറത്ത് വന്നിരിക്കുന്ന നഗ്‌നസത്യം. ഈ ഒരു അവസരത്തിൽ പനാമ പേപ്പർ, ഓഫ്ഷോർ അക്കൗണ്ട് തുടങ്ങിയവയെക്കുറിച്ചുള്ള ചില കാര്യങ്ങൾ മനസിലാക്കുന്നത് നന്നായിരിക്കും. ഇതിൽ കുറ്റാരോപിതരായ ബച്ചനും ഐശ്വര്യയും ജയിലിൽ ആകുമോ എന്നായിരിക്കും മറ്റു ചിലർക്ക് സംശയമുയരുന്നത്. ഈ ഒരു സാഹചര്യത്തിൽ പുതിയ വെളിപ്പെടുത്തലുകളെക്കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കേണ്ട ഏതാനും ചില കാര്യങ്ങളാണിവിടെ പങ്കു വയ്ക്കുന്നത്.

ചോർന്നിരിക്കുന്ന പനാമ രേഖയിലെ പട്ടികയിൽ റഷ്യൻ പ്രസിഡന്റ് വ്ലാദിമെർ പുട്ടിന്റെ അടുത്ത ആളുകളുടെയും ബ്രിട്ടീഷ് എംപിമാരുടെയും സൗദിയിലെ സൽമാൻ രാജാവിന്റെയും പേരുണ്ട്. ഉക്രയിൻ പ്രസിഡന്റ് പെട്രോ പോറോഷെൻകോ, ഐസ്ലാൻഡ് പ്രധാനമന്ത്രി സിഗ് മുൻഡുർ ഡേവിയോ ഗൺലൗഗ്സൻ, യുഎഇ പ്രസിഡന്റ് ഖലീഫ ബിൻ സയെദ് ബിൻ സുൽത്താൻ അൽ നാഹ്യാൻ, ജോർജിയയുടെ മുൻ പ്രധാനമന്ത്രി ബിഡ്സിന ഇവാനിഷ് വിലി, ഇറാഖിലെ മുൻ പ്രധാനമന്ത്രി അയദ് അല്ലാവി, ജോർദാനിലെ മുൻ പ്രധാനമന്ത്രി അലി അബു അൽറാഗെബ്, ഖത്തറിലെ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽ തഹാനി,സുഡാനിലെ മുൻ പ്രസിഡന്റ് അഹ്മദ് അലി അൽമിർഗാനി, മുൻ ഉക്രയിൻ പ്രധാനമന്ത്രി പാവ്ലോ ലാസറെൻകോ എന്നിവരാണ് പട്ടികയിൽ ആരോപിതരായ മറ്റു പ്രമുഖ നേതാക്കന്മാർ.

ഇതിനു പുറമെ ടോറി മുൻ എംപിയായ മൈക്കൽ മേറ്റ്സ്, ലോർഡ് ആഷ്‌ക്രോഫ്റ്റ്, ബരോനെസ് പമേല ഷാർപ്ലെസ് എന്നീ ബ്രിട്ടീഷ് രാഷ്ട്രീയക്കാരുൾപ്പടെ ലോകത്തിലെ വിവിധ ഭാഗങ്ങളിലുള്ള പ്രമുഖ രാഷ്ട്രീയക്കാരുടെ പേരുകളും ലിസ്റ്റിലുണ്ട്. 200 രാജ്യങ്ങളിൽ നിന്നും ടെറിട്ടറികളിൽ നിന്നമുള്ള വിവിധ രംഗങ്ങളിലെ പ്രമുഖരുടെ പേര് ഈ ലിസ്റ്റിലുണ്ട്. ഇത്തരത്തിലുള്ള 11 മില്യൺ സാമ്പത്തിക രേഖകളാണ് മൊസാക്ക് ഫോൻസെകയിൽ നിന്നും ചോർന്നിരിക്കുന്നത്.

എന്താണ് പനാമ പേപ്പർ?

യുഎസ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഇന്റർനാഷണൽ കൺസോർഷ്യ ഓഫ് ഇൻവെസ്റ്റിഗേറ്റീവ് ജേർണലിസ്റ്റ്സ്(ഐസിഐജെ) ആണ് പ്രസ്തുത  രേഖകളെ പനാമ പേപ്പേർസ് എന്ന് വിളിച്ചിരിക്കുന്നത്. യുഎസ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന നോൺ-പ്രോഫിറ്റ് ഗ്രൂപ്പായ ഐസിഐജെ തന്നെയാണീ രേഖകൾ ആദ്യമായി പ്രസിദ്ധീകരിച്ചിരിക്കുന്നത്. മോസാക്ക് ഫോൻസെകയിൽ നിന്നും ചോർന്ന ഈ രേഖകൾ അജ്ഞാതമായ ഒരു ഉറവിടമാണ് തങ്ങൾക്ക് നൽകിയതെന്നാണ് ഐസിഐജെ പറയുന്നത്.

ലോകത്തിൽ ഷെൽ കമ്പനികളുടെ ഏറ്റവും വലിയ ക്രിയേറ്റർമാരാണ് മൊസാക്ക് ഫോൻസെക.  12 ലോക നേതാക്കന്മാർ, 128 രാഷ്ട്രീയക്കാർ, പബ്ലിക് ഒഫീഷ്യലുകൾ, ബില്യണയർമാർ, സെലിബ്രിറ്റികൾ, കായികതാരങ്ങൾ എന്നിവർ വിദേശങ്ങളിലെ അക്കൗണ്ടുകളിൽ നികുതി വെട്ടിച്ച് നടത്തിയ നിക്ഷേപങ്ങളെക്കുറിച്ചാണ് ഈ രേഖകൾ വെളിപ്പെടുത്തിയിരിക്കുന്നത്. 1977 മുതൽ 2015 വരെയുള്ള രേഖകൾ ഇതിലുണ്ടെന്നാണ് റിപ്പോർട്ട്. 214,000 ഓഫ്ഷോർ എന്റിറ്റികളും ഇതിൽ ഉൾപ്പെടുന്നുണ്ട്. ഈ രേഖകൾ ഹാക്കിംഗിലൂടെയാണ് ചോർന്നതെന്നാണ് മൊസാക്ക് ഫോൻസെകയുടെ കോഫൗണ്ടറായ രാമൊൻ ഫോൻസെക പറയുന്നത്. ഇവയിൽ പലതും യഥാർത്ഥമാണെന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നുണ്ട്.

എന്നാൽ തന്റെ സ്ഥാപനം ആരെയെങ്കിലും തെറ്റ് ചെയ്യാൻ പ്രേരിപ്പിച്ചുവെന്നത് അദ്ദേഹം നിഷേധിക്കുന്നുമുണ്ട്. 2.6 ടെറാബൈറ്റ്സ് ഡാറ്റകൾ അഥവാ 600 ഡിവിഡികളിൽ കൊള്ളുന്ന ഡാറ്റകൾ തങ്ങൾക്ക് ഇതിനെ സംബന്ധിച്ച് ലഭിച്ചുവെന്നാണ് ജർമനിയിലെ പത്രമായ സുഡ്യൂറ്റ്സ്ചെ സിടുൻഗ് അവകാശപ്പെടുന്നത്. ഇതുവരെ ജേർണലിസ്റ്റുകൾ കണ്ടെത്തിയതിൽ വച്ച് ഏറ്റവും വലിയ രഹസ്യരേഖകളാണിതെന്നാണ് ജേർണലിസ്റ്റായ ബാസ്റ്റിയാൻ ഒബെർമായർ പറയുന്നത്.

പനാമ പേപ്പറുകളിലൂടെ വെളിപ്പെട്ടിരിക്കുന്നത് കുറ്റകൃത്യങ്ങളാണോ?

നാമ പേപ്പറിലൂടെ വെളിപ്പെട്ടിരിക്കുന്ന മറവിൽ നടത്തിയിരിക്കുന്ന സാമ്പത്തിക പ്രവർത്തനങ്ങൾ കുറ്റകൃത്യമായി കണക്കാക്കി നേരിട്ട് കേസെടുക്കാവുന്നതല്ല. എന്നാൽ ആഗോള സാമ്പത്തിക വ്യവസ്ഥയിലൂടെ എത്രമാത്രം കള്ളപ്പണം ഒഴുകുന്നുവെന്ന ഞെട്ടിപ്പിക്കുന്ന സത്യമാണ് ഇതിലൂടെ വെളിപ്പെട്ടിരിക്കുന്നതെന്നാണ് ഐസിഐജെ ചൂണ്ടിക്കാട്ടുന്നത്.

ഇത് കുറ്റകൃത്യങ്ങളെ ഊട്ടി വളർത്തുകയും രാജ്യങ്ങളുടെ ട്രഷറി വരുമാനവും നികുതി വരുമാനവും കൊള്ളയടിക്കുന്ന പ്രവർത്തിയുമാണെന്നും ഐസിഐജെ പറയുന്നു. ഓഫ്ഷോർ ഇന്റസ്ട്രികൾ പ്രദാനം ചെയ്യുന്ന മിക്ക സർവീസുകളും നിയമവിരുദ്ധമാണ്. എന്നാൽ ഇപ്പോൾ പനാമ പേപ്പറുകളിലൂടെ വെളിച്ചത്ത് വന്നിരിക്കുന്ന നിക്ഷേപങ്ങളുടെ ഉടമകൾ ക്രിമിനൽ പ്രവർത്തനങ്ങളിലോ, നികുതി വെട്ടിപ്പിലോ, രാഷ്ട്രീയ അഴിമതിയിലോ ഏർപ്പെട്ടവരല്ലെന്ന് തെളിയാത്തതിനാൽ ഇതിനെതിരെ നേരിട്ട് കേസെടുക്കാൻ സാധ്യമല്ല.

എന്താണ് ഓഫ്ഷോർ അക്കൗണ്ടുകൾ?

രാൾ താമസിക്കുന്ന രാജ്യത്തിന് പുറത്തുള്ള മറ്റൊരു രാജ്യത്ത് അയാൾക്കുള്ള അക്കൗണ്ടുകളാണിവ. സാധാരണയായി നികുതി കൊടുക്കേണ്ടാത്ത രാജ്യത്തായിരിക്കും ഇവ ഉണ്ടാകുന്നത്. ഇതിലൂടെ അക്കൗണ്ടുടമയ്ക്ക് സാമ്പത്തികമായും നിയമപരമായും നേട്ടങ്ങളേറെയുണ്ട്. ഇത്തരം അക്കൗണ്ടിലുകളിലേക്ക് മാതൃരാജ്യത്തിന്റെ നികുതി വ്യവസ്ഥയുടെയും ബാങ്കിങ് വ്യവസ്ഥയുടേയും കണ്ണ് വെട്ടിച്ച് വൻതോതിൽ പണം നിക്ഷേപിച്ച് നികുതി വെട്ടിപ്പ് നടത്തുകയാണ് ഇത്തരം അക്കൗണ്ടുകളിലുടെ ലക്ഷ്യമിടുന്നത്. വ്യക്തികളും ചിലപ്പോൾ കമ്പനികളും ഷെൽ കമ്പനികളുടെ പേരിൽ ഇത്തരം സാമ്പത്തിക തിരിമറികൾ നടത്തി ടാക്സ് വെട്ടിക്കാറുണ്ട്.

നികുതി വെട്ടിപ്പ് നടത്തി സാമ്പത്തിക ഇടപാടുകൾ നടത്താൻ വേണ്ടി പേരിന് മാത്രം നടത്തുന്ന കമ്പനികളാണ് ഷെൽ കമ്പനികൾ. ഇവയ്ക്ക് വേണ്ടത്ര ആസ്തിയോ അല്ലെങ്കിൽ പ്രവർത്തനങ്ങളോ ഉണ്ടായിരിക്കില്ല. ബെർമുഡയിലെ ചാനൽ ഐസ്ലാൻഡ്സായ പനാമ ഇത്തരം പ്രവർത്തനങ്ങൾക്ക് പേര് കേട്ട സ്ഥലമാണ്. ഇവിടെ നികുതി നിരക്ക് കുറഞ്ഞ ഒരു ഡസനിലധികം സ്ഥലങ്ങളുണ്ട്. വിദേശത്തുള്ള കമ്പനികൾക്കായി ബിസിനസ് സർവീസുകളും നിക്ഷേപങ്ങളും നൽകുന്നതിൽ സ്പെഷ്യലൈസ് ചെയ്ത പ്രദേശങ്ങളാണ് പനാമയിലുള്ളത്.

ഓഫ്ഷോർ അക്കൗണ്ടുകളെടുക്കുന്നത് നിയമപരമാണോ?

ബിസിനസ് ഫിനാൻസ്, ലയനം, അക്യൂസിഷൻസ്, എസ്റ്റേറ്റ് അല്ലെങ്കിൽ ടാക്സ് പ്ലാനിങ് എന്നിവയ്ക്കായി കമ്പനികളോ അല്ലെങ്കിൽ ട്രസ്റ്റുകളോ ഓഫ് ഷോർ അക്കൗണ്ടുകൾ എടുക്കുന്നതിൽ തെറ്റില്ലെന്നാണ് ഗ്ലോബൽ മണി ലൗണ്ടറിങ് നിരീക്ഷണ സമിതിയായ ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ് പറയുന്നത്. എന്നാൽ ഇത്തരം അക്കൗണ്ടുകൾ നികുതി വെട്ടിപ്പ്, ക്രിമിനൽ- തീവ്രവാദ പ്രവർത്തനങ്ങൾ തുടങ്ങിയവയ്ക്ക് ദുരുപയോഗിക്കുകയാണെങ്കിൽ അത് നിയമവിരുദ്ധമാണ്.

എന്താണ് അടുത്ത നടപടി?

പ്പോൾ ചോർന്നിരിക്കുന്ന പനാമ പേപ്പറുകളെ കേന്ദ്രീകരിച്ച് ലോകമാകമാനമുള്ള പൊലീസും നികുതി അധികൃതരും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് എച്ച്എസ്‌ബിസി, യുബിഎസ്, ക്രെഡിറ്റ് സ്യൂസെ, ഡ്യൂറ്റ്ചെ ബാങ്ക് തുടങ്ങിയ ബാങ്കുകളടക്കമുള്ളവയുടെ പ്രവർത്തനങ്ങളും നിരീക്ഷണ വിധേയമാക്കുന്നുണ്ട്. ഇത്തരം നിരവധി ബാങ്കുകൾ മൊസാക്ക് ഫോൻസെകയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവയാണ്.

അന്വേഷണവുമായി സഹകരിക്കുമെന്നാണ് ബാങ്കുകൾ വെളിപ്പെടുത്തിയിരിക്കുന്നത്. ഈ പേപ്പറുകൾ സത്യസന്ധമാണെന്നും ഇത് ഹാക്കിംഗിലൂടെയാണു ചോർന്നതെന്നുമാണ് മൊസാക്കിന്റെ കോ ഫൗണ്ടർ റാമൊൻ ഫോൻസെക ആവർത്തിച്ചു പറയുന്നത്.