- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അവസാന നിമിഷം കോക്പിറ്റിൽ എന്താണ് സംഭവിച്ചത്? സംഭാഷണങ്ങൾ എന്തെല്ലാം? ജനറൽ ബിപിൻ റാവത്ത് അടക്കം 13 പേരുടെ ജീവനെടുത്ത കൂനൂർ ഹെലികോപ്ടർ അപകടത്തിന്റെ കാരണം അറിയാൻ ഇനി ചുരുളഴിക്കേണ്ടത് ബ്ലാക്ക് ബോക്സ് രഹസ്യങ്ങൾ
ന്യൂഡൽഹി: സംയുക്ത സേനാ മേധാവി ബിപിൻ റാവത്തിന്റെയും, ഭാര്യയുടെയും മറ്റ് 11 പേരുടെയും മരണത്തിന് ഇടയാക്കിയ മി-17 വി 5 ഹെലികോപ്ടറിന്റെ ബ്ലാക്ക് ബോക്സ് വ്യാഴാഴ്ച തമിഴ്നാട്ടിലെ കൂനൂരിൽ നിന്ന് കണ്ടെടുത്തു. ദുരന്തത്തിന്റെ അവസാന മിനിറ്റുകളിൽ എന്താണ് സംഭവിച്ചതെന്ന് അറിയാൻ ഫ്ളൈറ്റ് റെക്കോഡർ എന്നുകൂടി അറിയപ്പെടുന്ന ബ്ലാക്ക് ബോക്സിൽ നിന്നും നിർണായക വിവരങ്ങൾ കിട്ടും. അപകടസ്ഥലത്തെ 300 മീറ്ററിൽ നിന്നും തിരച്ചിൽ ഒരു കിലോമീറ്ററാക്കി വിപുലപ്പെടുത്തിയതോടെയാണ് ബ്ലാക്ക് ബോക്സ് കണ്ടെടുക്കാൻ കഴിഞ്ഞത്.
കോയമ്പത്തൂരിലെ സുളൂർ വ്യോമസേനാ താവളത്തിൽ നിന്ന് വെല്ലിങ്ടണിലെ ഡിഫൻസ് സ്റ്റാഫ് കോളേജിലേക്ക് സഞ്ചരിക്കുന്നതിനിടെ മി-17 വി5 ചോപ്പറിന് സംഭവിച്ചത് എന്ത് എന്നറിയുക സൈന്യത്തെ സംബന്ധിച്ച് വളരെ സുപ്രധാനമാണ്. വിശേഷിച്ചും അട്ടിമറി തള്ളിക്കളയരുത് എന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്ന പശ്ചാത്തലത്തിൽ.
എന്താണ് ബ്ലാക്ക് ബോക്സ്?
കുനൂർ അപകടം പോലെ ദൗർഭാഗ്യകരമായ സംഭവങ്ങൾ ഉണ്ടാകുമ്പോൾ അന്വേഷകർക്ക് നിർണായക വിവരങ്ങൾ കിട്ടാൻ വിമാനത്തിലോ, ഹെലികോപ്ടറിലോ സ്ഥാപിക്കുന്ന സംവിധാനമാണ് ബ്ലാക്ക് ബോക്സ്. ഒരു ഹാർഡ് ഡിസ്കിന് സമാനമാണിത്. കോക്പിറ്റിൽ നടക്കുന്ന എല്ലാ സംഭാഷണങ്ങളും ഫ്ളൈറ്റ് ഡാറ്റയും ഈ മെഷീൻ റെക്കോഡ് ചെയ്യും. കോക്പിറ്റ് സംഭാഷണം കൂടാതെ ഓട്ടോമാറ്റിക് കമ്പ്യൂട്ടർ അറിയിപ്പുകൾ, റേഡിയോ ട്രാഫിക്, ക്രൂവുമായുള്ള ചർച്ചകൾ, യാത്രക്കാർക്കുള്ള അറിയിപ്പുകൾ എല്ലാം ബ്ലാക് ബോക്സിൽ ഉണ്ടാകും.
പൈലറ്റുമാർ തമ്മിലുള്ള സ്വകാര്യ സംഭാഷണം പോലും ഫ്ളൈറ്റ് റെക്കോഡർ പിടിച്ചെടുക്കും. ഒരു അപകടം ഉണ്ടായാൽ, അതിലേക്ക് നയിച്ച സംഭവവികാസങ്ങൾ ഇങ്ങനെ തരംതിരിച്ചെടുക്കാം.
രണ്ടുതരത്തിൽ ഫളൈറ്റ് റെക്കോഡറുകൾ
ഫ്ളൈറ്റിന്റെ സമീപ കാല ചരിത്രം മുഴുവൻ ശേഖരിക്കുന്ന ഫ്ളൈറ്റ് ഡാറ്റാ റെക്കോഡർ. രണ്ടാമത്തേത് പൈലറ്റുമാരുടെ സംഭാഷണം അടക്കം കോക്പിറ്റ് ശബ്ദങ്ങൾ റെക്കോഡ് ചെയ്യുന്ന കോക്പിറ്റ് വോയിസ് റെക്കോഡർ.
ബ്ലാക് ബോക്സ് എന്ന് വിളിക്കുന്നത് എന്തുകൊണ്ട്?
ആദ്യകാലത്ത് ഈ റെക്കോഡറുകൾക്ക് കറുപ്പ് നിറമായിരുന്നു. അങ്ങനെയാണ് പേരുവന്നത്. ഇന്നത്തെ കാലത്ത് അത് ബ്രൈറ്റ് ഓറഞ്ച് നിറമാണ്. ്അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് കണ്ടെടുക്കാനും ഈ നിറം സഹായിക്കും. കരയിലായാലും കടലിലായാലും ഏറ്റവും കടുപ്പമേറിയ തകർച്ചകളെയും അതിജീവിക്കാൻ പോന്ന വിധം തുരുമ്പെടുക്കാത്ത സ്റ്റീൽ കണ്ടെയിനറിലാണ് ബ്ലാക് ബോക്സ് ഒരുക്കിയിരിക്കുന്നത്.
കടലിൽ നിന്നും വീണ്ടെടുക്കാം
വിമാനാപകടങ്ങൾ കരയിലോ കടലിലോ സംഭവിക്കാം. കടലിന് അടിയിൽ വീണാലും വീണ്ടെടുക്കാൻ കഴിയും വിധമാണ് ഇത് സംവിധാനം ചെയ്തിരിക്കുന്നത്. ഉപ്പവെള്ളത്തിൽ വീഴുമ്പോൾ ബ്ലാക് ബോക്സ് സന്ദേശം അയയ്ക്കും. അത് രണ്ടുകിലോമീറ്റർ പരിധിയിൽ പിടിച്ചെടുക്കാൻ കഴിയും. 6000 മീറ്റർ വരെ ആഴത്തിൽ വെള്ളത്തിന്റെ സമ്മർദ്ദം താങ്ങാനും ശേഷിയുണ്ട്.
എത്ര വലുതാണ് ബ്ലാക് ബോക്സ്?
ഒരു ബ്ലാക്ക് ബോക്സിന് ഏകദേശം 4.5 കിലോ ഭാരമുണ്ട്. ഇതിൽ നാല് പ്രധാന ഭാഗങ്ങൾ അടങ്ങിയിരിക്കുന്നു. 1. ഉപകരണം ശരിയാക്കുന്നതിനും റെക്കോർഡിങും പ്ലേബാക്കും സുഗമമാക്കുന്നതിനും രൂപകൽപ്പന ചെയ്തിരിക്കുന്ന ഒരു ഇന്റർഫേസ്. 2. ഒരു അണ്ടർവാട്ടർ ലൊക്കേറ്റർ ബീക്കൺ. 3. കോർ ഹൗസിങ് അല്ലെങ്കിൽ 'ക്രാഷ് സർവൈവബിൾ മെമ്മറി യൂണിറ്റ്. ഇത് സ്റ്റെയിൻലെസ് സ്റ്റീൽ അല്ലെങ്കിൽ ടൈറ്റാനിയം കൊണ്ട് നിർമ്മിച്ചതാണ്. 4. സർക്യൂട്ട് ബോർഡുകളിലെ റെക്കോർഡിങ് ചിപ്പുകൾ. ഇതിൽ രണ്ട് റെക്കോർഡറുകളാണ് ഉള്ളത്. പൈലറ്റിന്റെ സംസാരം, കോക്ക്പിറ്റിലെ വോയിസ് എന്നിവ രേഖപ്പെടുത്താനുള്ള ഒരു കോക്ക്പിറ്റ് വോയ്സ് റെക്കോർഡർ (CVR), മറ്റൊന്ന് ഒരു ഫ്ൈളറ്റ് ഡേറ്റാ റെക്കോർഡർ (FDR).
എങ്ങനെയാണ് കണ്ടുപിടിക്കുന്നത്?
കരയിലാണ് അപകടമെങ്കിൽ നിറം മാത്രമാണ് തിരിച്ചറിയാൻ സഹായിക്കുക. വെള്ളത്തിന് അടിയിലാണെങ്കിൽ, അണ്ടർ വാട്ടർ ബീക്കൺ ലൊക്കേറ്ററാണ് പിടിവള്ളി. വെള്ളത്തിൽ വീഴുമ്പോൾ സെൻസർ അയയ്ക്കുന്ന സന്ദേശം വഴിയാണ് കണ്ടുപിടിക്കാൻ കഴിയുക.
ഫലമറിയാൻ എത്ര സമയം എടുക്കും?
ആദ്യം ബ്ലാക് ബോക്സിന്റെ സുരക്ഷാകവചം സൂക്ഷ്മതയോടെ നീക്കം ചെയ്യും. അബദ്ധത്തിൽ പോലും ഡാറ്റ മാഞ്ഞുപോകുന്നില്ലെന്ന് ഉറപ്പാക്കും. ഓഡിയോയോ ഡാറ്റാ ഫയലോ ഡൗൺലോഡ് ചെയ്ത് കോപ്പി ചെയ്യും. ഈ ഡാറ്റ ഡീകോഡ് ചെയ്തശേഷം ഗ്രാഫുകളാക്കി മാറ്റിയാണ് വിശകലനത്തിലേക്ക് കടക്കുന്നത്. ചില അവസരങ്ങളിൽ അന്വേഷകർ സ്പെക്രറൽ വിശകലനമാവും നടത്തുക.
പഴയ മോഡൽ ബ്ലാക്ക് ബോക്സുകളിൽ മാഗ്നറ്റിക് ടേപ്പിന്റെ വയർ, ഫോയിൽ അല്ലെങ്കിൽ റീലുകൾ എന്നിവയാണ് റെക്കോർഡ് ചെയ്യാൻ ഉപയോഗിച്ചിരുന്നത്. എന്നാൽ പുതിയ പതിപ്പുകളിൽ ഗ്രാവിറ്റിയുടെ 3,400 മടങ്ങ് ജി-ഫോഴ്സുകളെ ചെറുക്കാൻ കഴിയുന്ന കണ്ടെയ്നറുകൾക്കുള്ളിൽ സ്ഥാപിച്ചിരിക്കുന്ന കംപ്യൂട്ടർ ചിപ്പുകളാണ് ഡേറ്റ റെക്കോർഡ് ചെയ്യാൻ ഉപയോഗിക്കുന്നത്.
കാലാവസ്ഥാ ശാസ്ത്രജ്ഞർ, വിമാന, ഹെലികോപ്റ്റർ നിർമ്മാണ രംഗത്തെ വിദഗ്ദ്ധർ, പരിചയസമ്പന്നരായ പൈലറ്റുമാർ എന്നിങ്ങനെയുള്ള വിദഗ്ധരെ ഉൾക്കൊള്ളിച്ചാണ് കൂനൂർ അപകടത്തെ കുറിച്ചുള്ള ഡേറ്റകൾ പരിശോധിക്കുക. ഹെലികോപ്റ്റർ നിർമ്മാതാക്കളായ റഷ്യൻ, ഇന്ത്യൻ കമ്പനികളിൽ നിന്നുള്ള വിദഗ്ധരും ഇക്കൂട്ടത്തിൽ ഉണ്ടാകും.
ഏതുതരത്തിലുള്ള അപകടം, ബോക്സിനുണ്ടായിരിക്കുന്ന കേടുപാട് എന്നിവ വിശകലനം ചെയ്ത് മണിക്കൂറുകളിലോ, ചിലപ്പോൾ ദിവസങ്ങൾക്കുള്ളിലോ അടിസ്ഥാന വിവരം കിട്ടിയേക്കാം. ഇടക്കാല റിപ്പോർട്ടുകൾ സാധാരണ ഒരു മാസം വരെ എടുത്താണ് പ്രസിദ്ധീകരിക്കാറുള്ളത്. ആഴത്തിലുള്ള അന്വേഷണത്തിന് ഒരു വർഷമോ അതിലധികമോ എടുക്കാം.
മറുനാടന് മലയാളി ബ്യൂറോ