- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെ ഫോൺ റിലയൻസ് ജിയോയെ തറപറ്റിക്കാനുള്ള സർക്കാരിന്റെ ഫോൺ കമ്പനിയല്ല; വിവിധ സ്വകാര്യ ടെലികോം കമ്പനികൾക്ക് ഉപയോഗിക്കാവുന്ന ശക്തമായ ഒപ്റ്റിക്കൽ ഫൈബർ ശൃംഖല; ആദ്യഘട്ടത്തിൽ ഉദ്ഘാടനം ചെയ്യുന്നത് 7,751 കിലോമീറ്റർ ദൂരം; വിവിധ ജില്ലകളിലെ 1000 ഓഫീസുകളെ ആദ്യഘട്ടത്തിൽ ബന്ധിപ്പിക്കും; കെ ഫോൺ പദ്ധതിയെ കുറിച്ച് അറിയേണ്ടതെല്ലാം
കോഴിക്കോട്: ഇടതു സർക്കാർ അധികാരത്തിലെത്തിയ ശേഷം ഏറെ അഭിമാന പൂർവ്വം അവതരിപ്പിക്കുന്നു എന്നു പറയുന്ന പദ്ധതിയാണ് കെ ഫോൺ പദ്ധതി. തുടക്കം മുതൽ കൂടുതൽ രഹസ്യാത്മകത വെച്ചുപുലർത്തിയ പദ്ധതിയെ കുറിച്ച് സാധാരണക്കാരോട് ചോദിച്ചാൽ ആർക്കും അറിവില്ലെന്നതാണ് വാസ്തവം. അതുകൊണ്ട് തന്നെ സിപിഎം സൈബർ ഇടങ്ങളിൽ പോലും ഇതെക്കുറിച്ച് വെച്ചുപുലർത്തിയ ധാരണ ഇത് സർക്കാറിന്റെ ഫോൺ കമ്പനിയാണെന്നാണ്. എന്നാൽ, വിവിധ ടെലികോം സർവീസ് പ്രൊവൈഡർമാർക്ക് ഉപയോഗിക്കാവുന്ന പ്ലാറ്റ്ഫോമാണ് കെ ഫോൺ പദ്ധതി എന്നതാണ് വാസ്തവം. കേരളത്തിൽ ഇന്റർനെറ്റ് വിപ്ലവത്തിന് തുടക്കമാകുമെന്ന വാഗ്ദാനത്തോടെയാണ് തുടങ്ങിയ കെ ഫോൺ പദ്ധതിയുടെ ആദ്യ ഘട്ട ഉദ്ഘാടനമാണ് ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുന്നത്.
എന്താണ് കെ ഫോൺ പദ്ധതി?
സംസ്ഥാനത്തെ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ച്ചർ ശക്തവും കാര്യക്ഷമവും ആക്കുന്നതിന് സംസ്ഥാന സർക്കാർ ആവിഷ്കരിച്ച പദ്ധതിയാണ് കെ ഫോൺ. സുശക്തമായ ഒപ്റ്റിക്കൽ ഫൈബർ ശൃംഖല സംസ്ഥാനത്താകെ സ്ഥാപിക്കുന്നതാണ് പദ്ധതി. അതുവഴി അതിവേഗ ഇന്റർനെറ്റ് കണക്ഷൻ വീടുകളിലും, 30,000 ത്തോളം ഓഫിസുകളിലും ലഭ്യമാക്കും. എല്ലാവർക്കും ഇന്റർനെറ്റ് അവകാശമായി പ്രഖ്യാപിച്ച സംസ്ഥാനമാണ് കേരളം. ഇതിന്റെ തുടർച്ചയാണ് ഇപ്പോഴത്തെ പദ്ധതിയും.
ഈ പദ്ധതിവഴി സംസ്ഥാനത്തെ 20 ലക്ഷത്തോളം വരുന്ന സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ഭവനങ്ങളിലേക്ക് സൗജന്യമായും മറ്റുള്ളവർക്ക് മിതമായ നിരക്കിലും ഇന്റർനെറ്റ് ലഭ്യമാക്കാൻ സഹായകമാകുമെന്നാണ് സർക്കാർ അവകാശപ്പെടുന്നത്. എന്നാൽ, ഇത് എത്രകണ്ട് സാധ്യമാകും എന്ന് കണ്ടറിയണം. സംസ്ഥാന സർക്കാരിന്റെയും മറ്റ് സ്വകാര്യ ടെലികോം സർവിസ് പ്രൊവൈഡർമാരുടെയും നിലവിലുള്ള ബാന്റ് വിഡ്ത്ത് പരിശോധിച്ച് അതിന്റെ അപര്യാപ്തത മനസ്സിലാക്കുകയും അത് പരിഹരിച്ച് ഭാവിയിലേക്ക് ആവശ്യമായ ബാന്റ് വിഡ്ത്ത് സജ്ജമാക്കുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്.
1516.76 കോടി രൂപയാണ് പദ്ധതിക്ക് വേണ്ടി വരുന്ന മൊത്തം ചെലവെന്നാണ് കെഎസ്ഇബി വ്യക്തമാക്കിയിരുന്നത്. പദ്ധതിക്കുവേണ്ടി കിഫ്ബിക്ക് കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ നിന്ന് 1061 കോടിയുടെ വായ്പ ലഭിച്ചിരുന്നു. ഇതിൽ 1061.73 കോടി രൂപ ചകഉഅ ലോണായി നബാർഡ് അംഗീകരിച്ചു. നേരത്തെ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ നേതൃത്വത്തിൽ നടത്തുന്ന പദ്ധതികൾ സംബന്ധിച്ച വിവരങ്ങൾ ചീഫ് സെക്രട്ടറിയോട് എൻഫോഴ്സ്മെന്റ് തേടിയത് അടക്കം വിവാദത്ിതന് ഇടയാക്കിയിരുന്നു.
ആരാണ് പദ്ധതി നടപ്പാക്കുന്നത്?
കെ.എസ്.ഇ.ബിയും കെ.എസ്ഐ.ടി.ഐ.എൽഉം ചേർന്നുള്ള സംയുക്ത സംരംഭമായ കെ ഫോൺ ലിമിറ്റഡ് വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. സമയബന്ധിതമായി പദ്ധതി തുടങ്ങുന്നതിനാവശ്യമായ പഠനവും ടെൻഡർ നടപടികളും പൂർത്തീകരിക്കുകയും, പദ്ധതിയുടെ നടത്തിപ്പിനായി ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് നേതൃത്വം നൽകുന്ന കൺസോഷ്യത്തിന് കരാർ നൽകുകയും ചെയ്തിരുന്നു. ഇതിന് ശേഷം നിർമ്മാണം അതിവേഗത്ിതൽ പൂർത്ിയായി. ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ്, റെയിൽടെൽ, എൽ.എസ് കേബിൾ, എസ്.ആർ.ഐ.ടി എന്നീ കമ്പനികളാണ് പ്രസ്തുത കൺസോഷ്യത്തിൽ ഉൾപ്പെട്ടിട്ടുള്ളത്.
എല്ലാ സർവിസ് പ്രൊവൈഡർമാർക്കും (കേബിൾ ഓപ്പറേറ്റർ, ടെലകോം ഓപ്പറേറ്റർ, ഇന്റർനെറ്റ് സർവിസ് പ്രൊവൈഡർ, കണ്ടന്റ് സർവിസ് പ്രൊവൈഡർ) തുല്യമായ അവസരം നൽകുന്ന ഒപ്റ്റിക് ഫൈബർ നെറ്റ് വർക്ക് സംസ്ഥാനത്ത് നിലവിൽ വരുമെന്നാണ് സർക്കാർ നൽകുന്ന പ്രധാന വാഗ്ദാനം. ഐ.ടി പാർക്കുകൾ, എയർപോർട്ട്, തുറമുഖം തുടങ്ങിയ ഇടങ്ങളിൽ അതിവേഗ ഇന്റർനെറ്റ് ലഭ്യമാകും. 30,000ൽ അധികം സർക്കാർ സ്ഥാപനങ്ങളിലും, വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അതിവേഗം ഇന്റർനെറ്റ് കണക്ഷൻ ലഭ്യമാക്കാൻ ഇതുവഴി സാധിക്കുമെന്നും സർക്കാർ അവകാശപെടുന്നു.
ആർട്ടിഫിഷൽ ഇന്റലിജെൻസ്, ബ്ലോക്ക് ചെയിൻ, ഇന്റർനെറ്റ് ഓഫ് തിങ്സ്, സ്റ്റാർട്ടപ്പ്, സ്മാർട്ട് സിറ്റി തുടങ്ങിയ മേഖലകളിൽ കെ ഫോൺ സൗകര്യമൊരുക്കും. ഗ്രാമങ്ങളിലും ചെറുകിട സംരംഭങ്ങൾക്ക് ഇ-കോമേഴ്സ് വഴി വിൽപ്പന നടത്താം. സർക്കാർ സേവനങ്ങളായ ഇ-ഹെൽത്ത്, ഇ-എഡ്യൂക്കേഷൻ, മറ്റ് ഇ- സർവിസുകൾക്ക് കൂടുതൽ ബാന്റ് വിഡ്ത്ത് നൽകി കാര്യക്ഷമത വർധിപ്പിക്കാൻ കെ ഫോൺ സഹായിക്കുമെന്നുമാണ് സർക്കാറിന്റെ അവകാശവാദം. ഉയർന്ന നിലവാരമുള്ള നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കാനും ട്രാഫിക് മാനേജ്മെന്റ് സിസ്റ്റം കാര്യക്ഷമമാക്കാനും കെ ഫോൺ പദ്ധതി സഹായിക്കുമെന്നും സർക്കാർ പറയുന്നു.
1500 കോടി ചെലവഴിച്ചെങ്കിലും വെബ്സൈറ്റ് പോലുമില്ല
1,500 കോടി രൂപയിലധികം ചെലവഴിച്ച് നടപ്പാക്കുന്ന സർക്കാറിന്റെ സ്വപ്ന പദ്ധതി പലപ്പോഴും ഇരുമ്പുമറയ്ക്കുള്ളിലായിരുന്നു കാര്യങ്ങൾ നടന്നിരുന്നത്. പദ്ധതി എന്താണ് എന്ന് മനസ്സിലാക്കനുള്ള ഒരു വെബ്സൈറ്റ് പോലും ഉണ്ടായിരുന്നില്ലെന്നതും വസ്തുതയാണ്. കേരളത്തിൽ ആകെ 34,859 കിലോമീറ്റർ കേബിളാണ് കെ ഫോൺ പദ്ധതിക്കായി വലിക്കേണ്ടത്. ഇതിൽ 7,751 കിലോമീറ്റർ ദൂരം കേബിൽ ഇടുന്നത് പൂർത്തിയായിട്ടുണ്ട്. തിരുവനന്തപുരം മുതൽ പാലക്കാട് വരെയുള്ള ജില്ലകളിലെ 1000 ഓഫിസുകളെയാണ് ആദ്യഘട്ടത്തിൽ ബന്ധിപ്പിക്കുന്നത്. ആകെയുള്ള 29,500 ഓഫിസുകളിൽ 5783 ഓഫിസുകളിൽ കേബിളിങ് പൂർത്തിയായിക്കഴിഞ്ഞു.
കെഎസ്ഇബി വൈദ്യുതി പോസ്റ്റുകളിലൂടെ എഡിഎസ്എസ് കേബിളും (ഓൾ ഡൈഇലക്ട്രിക് സെൽഫ് സപ്പോർട്ടിങ് കേബിൾ) കെഎസ്ഇബിയുടെ ട്രാൻസ്മിഷൻ ടവറുകളിലെ പ്രധാന ലൈനുകളിൽ ഒപിജിഡബ്ല്യു (ഒപ്റ്റിക്കൽ ഗ്രൗണ്ട് വയർ) കേബിളുമാണ് ഉപയോഗിക്കുന്നത്. കെഎസ്ഇബിയുടെ നിലവിലുള്ള ട്രാൻസ്മിഷൻ സംവിധാനത്തിലൂടെയാണ് കെഫോണിന്റെ കേബിളും കൊണ്ടുപോകുന്നത്. കോർ ലൈനുകൾ ട്രാൻസ്മിഷൻ ടവറുകളിലൂടെയും ബാക്കി ലൈനുകൾ ഇലക്ട്രിക് പോസ്റ്റുകളിലൂടെയും ആയിരിക്കും.
ഇതുകൊച്ചി ഇൻഫോപാർക്കിലെ നെറ്റ്വർക്ക് ഓപ്പറേറ്റിങ് സെന്റർ, തിരുവനന്തപുരം പട്ടം വൈദ്യുതി ഭവനിലുള്ള ഡിസാസ്റ്റർ റിക്കവറി സെന്റർ, സ്റ്റേറ്റ് ഡേറ്റാ സെന്ററുകൾ എന്നിവയുമായി ബന്ധിപ്പിച്ചിരിക്കും കേബിളുകൾ. 800 ജിബിപിഎസ് വേഗത്തിലാണ് കോർ ലെയറിലെ ഡേറ്റാ കൈമാറ്റം. കൊച്ചി ഇൻഫോപാർക്കിലുള്ള ഓപ്പറേറ്റിങ് സെന്ററിനായിരിക്കും സാങ്കേതിക ഏകോപന ചുമതല. അടിയന്തര സാഹചര്യമുണ്ടായാൽ പട്ടത്തെ ഡിസാസ്റ്റർ റിക്കവറി സെന്റർ ഉപയോഗിക്കാനും സാധിക്കും.
ടെലിക്കോം കമ്പനികൾക്ക് ഉപയോഗപ്രദം
സ്വകാര്യ ടെലിക്കോം നിർമ്മാതാക്കൾക്ക് ഉപയോഗപ്രദമാണ് കെ ഫോൺ ശൃംഖല. സ്വകാര്യദാതാക്കളുടെ ശൃംഖല വളരെ നിലവിൽ വളരെ പരിമിതമാണ്. കൂടുതൽ കണക്ഷൻ നൽകി ലാഭകരമായി പോകാമെന്നതിനാൽ മിക്ക ഫൈബർ സേവനദാതാക്കളും നഗരകേന്ദ്രീകൃതമായാണ് കേബിൾ ഇടുന്നത്. എന്നാൽ, കേരള സർക്കാർ ഗ്രാമങ്ങളിലേക്ക് പോകും കൂടുതൽ ഫൈബർ കേബിളുകൾ എത്തിക്കുമ്പോൾ അവിടേക്ക് സ്വകാര്യ കമ്പനികൾക്ക് കൂടുതൽ അതിവേഗ കണക്ഷൻ ലഭ്യമാക്കാൻ സാധിക്കും.
സംസ്ഥാന സർക്കാരിന്റെ കണക്കനുസരിച്ച് നിലവിൽ ഏറ്റവും കൂടുതൽ ഒപ്റ്റിക്കൽ ഫൈബർ കേബിളുള്ള ബിഎസ്എൻഎല്ലിനുള്ളത് ആകെ 20,000 കിലോമീറ്ററാണ്. അതുതന്നെ എക്സ്ചേഞ്ചുകൾ തമ്മിൽ ബന്ധിപ്പിക്കാനാണ് ബിഎസ്എൻഎൽ വർഷങ്ങൾക്കു മുൻപ് ആവിഷ്കരിച്ചത്. രണ്ടാം സ്ഥാനത്തുള്ള ജിയോയ്ക്ക് 5,000 കിലോമീറ്റർ കേബിളാണുള്ളത്. ബാക്കിയുള്ളവയ്ക്ക് 1,000 കിലോമീറ്ററിൽ താഴെയും. വീടുകൾ തമ്മിലുള്ള ദൂരം മൂലം സ്വകാര്യദാതാക്കൾക്ക് ഗ്രാമീണ മേഖലകളിൽ കേബിളിടുക പലപ്പോഴും ലാഭകരമല്ല. ഇവിടേക്കാണ് സർക്കാർ കെ ഫോണിലൂടെ ലക്ഷ്യമിടുന്നത്.
നിലവിൽ കെഎസ്ഇബിയുടെ പോസ്റ്റു വഴി കേബിൾ വലിക്കുമ്പോൾ സ്വകാര്യ കമ്പനികൾക്ക് വലിയ തുക ചെലവാക്കേണ്ടി വരുന്നുണ്ട്. ഒരു പോസ്റ്റിന് 350 രൂപയോളം വാടക വരും. ഒരു കിലോമീറ്ററിൽ 40 പോസ്റ്റുണ്ടെങ്കിൽ വാടകയിനത്തിൽ മാത്രം 15,000 രൂപയോളം ചെലവ് വരും. ചുരുക്കത്തിൽ സ്വന്തമായി ശൃംഖലയുണ്ടാക്കുന്നതിനു പകരം വാടക നൽകി ഒരു പൊതുവായ ശൃംഖല ഉപയോഗിക്കാൻ സേവനദാതാക്കൾ താൽപര്യം കാണിക്കുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷിക്കുന്നത്. ഇതിനു പുറമേ ഫൈബർ കേബിൾ വഴി ബന്ധിപ്പിച്ച മൊബൈൽ ടവറുകളും കേരളത്തിൽ വളരെ കുറവാണ്. ഇതെല്ലാം കേരളത്തിന്റെ പ്രതീക്ഷ വർദ്ധിപ്പിക്കുന്നു.
കെഫോൺ ശൃംഖല ഉപയോഗിക്കാൻ ഇന്റർനെറ്റ് സേവനദാതാക്കൾ നൽകേണ്ട വാടകയിൽ നിന്നു പാവപ്പെട്ടവർക്ക് സൗജന്യ ഇന്റർനെറ്റ് കണക്ഷൻ നൽകാനുള്ള ചെലവ് കണ്ടെത്താനാണ് സർക്കാർ പദ്ധതിയിടുന്നത്. കെഫോൺ ശൃംഖല ഉപയോഗിക്കുന്നതിനു സേവനദാതാവ് നൽകുന്ന വാടകയിൽ നിന്നു സൗജന്യ കണക്ഷനുകളുടെ തുക ഇളവ് ചെയ്യുന്ന രീതിയാണ് പരിഗണനയിലുള്ളത്. ഇതിന് ടെലിക്കോം കമ്പനികളും സഹകരിക്കേണ്ടതുണ്ട്. ഓരോ സേവനദാതാവും നൽകേണ്ട സൗജന്യ കണക്ഷനുകളുടെ എണ്ണം സർക്കാർ നിശ്ചയിക്കും. ടെൻഡർ വഴിയായിരിക്കും സേവനദാതാക്കളെ തിരഞ്ഞെടുക്കുക.
മറുനാടന് ഡെസ്ക്