ചെന്നൈ: ശശികലയ്ക്ക് മറ്റൊരു ജയലളിതയാകാൻ കഴിയുമോ? എഐഎഡിഎംകെ എന്ന, ഒന്നരക്കോടിയോളം അംഗബലമുണ്ടെന്ന് നേതൃത്വം അവകാശപ്പെടുന്ന ദ്രാവിഡപാർട്ടിയുടെ അമരത്തേക്ക് പുതിയ ഇളവരശിയായി ശശികലയെന്ന മന്നാർഗുഡിക്കാരി എത്തുമെന്ന രീതിയിൽ കാര്യങ്ങൾ നീങ്ങുമ്പോഴായിരുന്നു അനധികൃത സ്വത്ത് കേസിൽ വിധിയെത്തിയത്. ഇതോടെ ശശികല അഴിക്കുള്ളിലായി. ജയലളിതയുടെ പിൻഗാമിയായി ആർകെ നഗറിൽ മത്സരിച്ച് മുഖ്യമന്ത്രിയാകാമെന്ന മോഹവും തീർന്നു. പാളയത്തിൽ പടയും ശക്തമായി. പളനിസ്വാമിയും പനീർസെൽവവും കണ്ടം ചാടിയതോടെ ശശികല ആരുമില്ലാത്തവരായി. പക്ഷേ വിട്ടുകൊടുക്കാൻ മനസ്സില്ലായിരുന്നു. മരുമകനിലൂടെ തന്ത്രങ്ങളൊരുക്കി. ഇതിന്റെ വിജയമാണ് ആർകെ നഗറിൽ കണ്ടത്.

ഒരേസമയം തന്നെ തമിഴ്‌നാട് മുഖ്യമന്ത്രി പന്നീർ ശെൽവമുൾപ്പെടെയുള്ള നേതാക്കളെ വരച്ചവരയിൽ നിർത്തുകയും ചെന്നൈ നഗരത്തിന്റെ, തമിഴകത്തിന്റെ നിർണായക ബിസിനസ് ഇടപാടുകളിൽ കൈവച്ച് പണമുണ്ടാക്കുകയും ചെയ്യുന്ന അധികാരകേന്ദ്രം തന്നെയായിരുന്നു ജയലളിതയുടെ മരണത്തിന് ശേഷം ശശികലയും അവരുൾപ്പെട്ട മന്നാർഗുഡി മാഫിയയും. ഒന്നും രണ്ടും കൊല്ലമല്ല, മറിച്ച് നീണ്ട മൂന്നുദശാബ്ദത്തോളം ജയലളിതയെന്ന ഏകാധിപതിയുടെ ശ്വാസംപോലെ കൂടെയുണ്ടായിരുന്നു ശശികല. അവരെ തോഴിയാക്കി ജയയ്ക്കൊപ്പം വിട്ട് ബാക്കി ചരടുവലികൾ നടത്തിയിരുന്ന ഭർത്താവ് നടരാജന്റെ നേതൃത്വത്തിലുള്ള മന്നാർഗുഡി ടീം ജയയുടെ മരണശേഷം കാര്യങ്ങൾ കൈയിലെടുത്തു. എന്നാൽ ശശികലയുടെ ജയിൽ വാസം എല്ലാം മാറ്റി മറിച്ചു. ഇതിനിടെ നടരാജൻ രോഗശയ്യയിലായി. അണ്ണാ ഡിഎംകെയുടെ ഔദ്യോഗിക പക്ഷമായി പളനി സ്വാമിയും പനീർസെൽവവും മാറി. ഇതോടെ ശശികലയുടെ മനസ് നൊന്തു. ഇതിനുള്ള പ്രതികാരമാണ് ആർകെ നഗറിലെ വിജയം.

ജയലളിതയെന്ന കാർക്കശ്യക്കാരിയുടെ നിഴൽപോലെ നിൽക്കുമ്പോഴും സ്വന്തം താൽപര്യങ്ങൾ ശശികല നേടിയെടുത്തിരുന്നു. ഇതിനുദാഹരണമാണ് ഇത്രയും കാലത്തിനിടയ്ക്ക് അവർക്കുണ്ടായ വളർച്ചയും. 2011നു ശേഷം നടന്ന തിരഞ്ഞെടുപ്പുകളിലെല്ലാം സ്ഥാനാർത്ഥികളെ നിർത്തുന്നതിന് തീരുമാനമെടുക്കുന്നതിൽ ശശികലയ്ക്ക് നിർണായക പങ്കുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇത്തരത്തിൽ കോടികളുടെ പണപ്പിരിവും നടന്നിരുന്നു. ഇതിനെല്ലാം ചുക്കാൻ പിടിച്ചത് ശശികലയായിരുന്നപ്പോഴും അദൃശ്യസാന്നിധ്യമായി അതിന് പിന്നിൽ പ്രവർത്തിച്ചത് അവരുടെ ഭർത്താവ് നടരാജൻ ആയിരുന്നു. ഇത്തരത്തിൽ കഴിഞ്ഞ 30 കൊല്ലക്കാലത്തിനിടയ്ക്ക് രാഷ്ട്രീയത്തിലെ ചരടുവലികളിലൂടെയും ഇടപെടലുകളിലൂടെയും നേടിയ വൻ സമ്പത്തിന് ഉടമകളാണ് മന്നാർഗുഡി ടീം. ഈ സമ്പത്താണ് ആർകെ നഗറിലും തുണയായത്. വലിയ തോതിൽ പണമിറക്കി കളിച്ചു. അധികാരം ഉണ്ടായിട്ടും പളനിസ്വാമിക്ക് ചെലവാക്കാൻ കഴിയുന്നതിലും അപ്പുറം ദിനകരൻ പ്രചരണത്തിനിറക്കി. എല്ലാം മനസ്സിലായ ഡിഎംകെ പിന്നോട്ട് വലിഞ്ഞു. ബാക്കിയെല്ലാവരും കാഴ്ചക്കാരുമായി.

ജയലളിതയുടെ വസതിയിലുൾപ്പെടെ ഒരു ഈച്ചപോലും അറിവില്ലാതെ പറക്കാൻ അനുവദിക്കാത്തവിധം നെറ്റ് വർക്ക് ഒരുക്കിയാണ് ശശികലയും നടരാജനും ജയയുടെ ഭരണകാലത്ത ഓരോ നീക്കങ്ങളും നടത്തിയിരുന്നത്. അതേസമയം ജയലളിതയുടെ ആവശ്യങ്ങളെല്ലാം യഥാവിധി നിറവേറ്റുന്നതിൽ ഇവർ ഒരു വീഴ്ചയും വരുത്തിയില്ല. ഇതിനിടെ ഇടക്കാലത്ത് ഉണ്ടായ സ്വരക്കേടിനെ തുടർന്ന് ശശികലയേയും നടരാജനെയും ജയ പോയ്സ് ഗാർഗനു പുറത്താക്കി. ജയലളിതയ്ക്ക് വിഷം നൽകി ഇല്ലാതാക്കാൻ ഇവർ ശ്രമം നടത്തിയെന്നും ഇതിന്റെ വിവരം അറിയിച്ചത് അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി ആയിരുന്നെന്നും ഇതെത്തുടർന്നാണ് ജയലളിത ശശികലയെയും കൂട്ടരേയും അകറ്റി നിർത്തിയതെന്നും വാർത്തകൾ വരികയും ചെയ്തിരുന്നു.

അതെന്തായാലും ഈ പിണക്കം അധികനാൾ നീണ്ടുനിന്നില്ല. ഉറ്റതോഴിയെന്ന നിലയിൽ ശശികലയെ പിരിഞ്ഞിരിക്കാൻ വയ്യാതെ ജയതന്നെ അവരെ തിരിച്ചുവിളിച്ചു. പിന്നീട് ജയ മരണത്തിന് കീഴടങ്ങി യാത്രയാകുന്നതുവരെ വീണ്ടും കൂടെനിന്ന ശശികല വീണ്ടും ഇളയറാണിയായി തന്നെ വിലസി. ജയലളിത മരിച്ചപ്പോൾ ചിന്നമ്മയായി പാർട്ടി ജനറൽ സെക്രട്ടറിയുമായി. അഴിമതിക്കേസിൽ ജയലളിതയ്‌ക്കൊപ്പം കുടുങ്ങിയ ശശികല അഴിക്കുള്ളിലായി. അപ്പോഴും മന്നാർഗുഡി മാഫിയ കരുതലോടെ കളിച്ചു. ഭരണമുണ്ടായിട്ടും പളനിസ്വാമിക്ക് ദിനകരനെ തോൽപ്പിക്കാനായില്ല. ഇവിടെ ശശികല വീണ്ടും കരുത്തയാകും.

അനുഗ്രഹിക്കാൻ കലൈഞ്ജർ എത്തിയ ആ കല്യാണം

ശശികലയുടെ ആദ്യകാലത്തെ പറ്റി കുറച്ചുകാര്യങ്ങളേ പലർക്കും അറിയൂ. തമിഴ്‌നാട്ടിലെ തിരുവരൂർ ജില്ലയിലെ മന്നാർഗുഡിയെന്ന കൊച്ചു ഗ്രാമത്തിൽ നിന്നായിരുന്നു അവരുടെ വരവ്. അവിടെ തേവർ വിഭാഗക്കാരനായ വിവേകാനന്ദത്തിന്റെയും കൃഷ്ണവേണിയുടെയും മകളായിരുന്നു ശശികല. 1975ൽ ചെന്നൈക്കാരനായ എം നടരാജനെന്ന ഡിഎംകെ പ്രവർത്തകനെ വിവാഹം കഴിച്ചതോടെയാണ് ശശികലയുടെ തലവര മാറുന്നത്. അന്നുതന്നെ രാഷ്ട്രീയ ലോകത്ത് കരുണാനിധി ഉൾപ്പെടെയുള്ള നേതാക്കളുടെ അടുപ്പക്കാരനായിരുന്നു നടരാജൻ. അതിനാൽത്തന്നെ ഇവരുടെ വിവാഹത്തിൽ കരുണാനിധിയും സംബന്ധിച്ചിരുന്നു. അന്ന് രാഷ്ട്രീയ നിയമനമായി ലഭിച്ച അസിസ്റ്റന്റ്റ് പബൽക് റിലേഷൻസ് ഓഫീസറായിരുന്നു നടരാജൻ. ഇത്തരത്തിൽ ആദ്യം നിയമനം കിട്ടുന്നത് കൂടല്ലൂർ ജില്ലയിലാണ്. വി എസ് ചന്ദ്രലേഖയായിരുന്നു അന്ന് കളക്ടർ. ഇവർ ജയലളിതയുടെ അടുപ്പക്കാരിയായിരുന്നു. ഈ സമയത്തെല്ലാം ശശികല ചെന്നൈയിൽ സഹോദരൻ ദിവാകരനൊപ്പമായിരുന്നു കഴിഞ്ഞിരുന്നത്. അക്കാലത്താണ് ശശികല വീഡിയോ ഷോപ്പ് നടത്തിയിരുന്നത്. അന്ന് സഹോദരൻ ദിവാകരനുവേണ്ടിയായിരുന്നു ശശികല ഷോപ്പ് നടത്തിയിരുന്നതെങ്കിലും സ്വന്തം നിലയിൽ അവർ പോയ്സ് ഗാർഡനിലും അഡയാറിലുമെല്ലാം കസ്റ്റമേഴ്സിനെ ഉണ്ടാക്കി ബിസിനസ് വിപുലപ്പെടുത്തി.

ജയലളിത രാഷ്ട്രീയത്തിൽ എത്തിയതിനെ തുടർന്ന് 1982 കാലത്ത് അവരുടെ അടുക്കലെത്താൻ ശശികല വഴിതേടി. ഭർത്താവ് ജോലിചെയ്തിരുന്ന കൂഡല്ലൂരിൽ കളക്ടറായിരുന്ന ചന്ദ്രലേഖയുടെ പരിചയം ഉപയോഗിച്ചായിരുന്നു ഇതിന് വഴി തുറന്നത്. ആ വർഷം ജൂൺ നാലിന് കൂടല്ലൂരിലെ അണ്ണാഡിഎംകെ റാലിയിലൂടെയായിരുന്നു ജയയുടെ രാഷ്ട്രീയ പ്രവേശം. ആ വർഷം തന്നെ നടന്ന പെരിയകുളം ഉപതിരഞ്ഞെടുപ്പിലും അടുത്തവർഷം നടന്ന തിരുചെന്തൂർ ഉപതിരഞ്ഞെടുപ്പിലും മുഖ്യപ്രചാരകയായി താരപരിവേഷമുള്ള ജയലളിതയെ എംജിആർ നിയോഗിച്ചതോടെ അവർ തമിഴ് രാഷ്ട്രീയത്തിൽ ഏറെ ശ്രദ്ധേയയായി മാറിയിരുന്നു.

ഇതോടെയാണ് ജയയുമായി ശശികല അടുക്കുന്നത്. ഇക്കാലത്ത് ജയയുടെ പ്രസംഗങ്ങൾ വീഡിയോയിൽ ചിത്രീകരിച്ച് ആ കാസറ്റ് ഉപയോഗിച്ച് മറ്റു സ്ഥലങ്ങളിൽ ജയയുടെ ചിത്രം കാണിച്ചിരുന്നു. ഇതിന്റെ ഓർഡർ നേടിയെടുത്താണ് ശശികല ജയയുടെ ജീവിതത്തിലേക്ക് രംഗപ്രവേശം ചെയ്യുന്നത്. ഇതിനു പിന്നാലെ പോയ്സ് ഗാർഡനുമായി ബന്ധപ്പെട്ട് നടക്കുന്ന എല്ലാ ചടങ്ങുകളും വീഡിയോയിൽ പകർത്തി. താൻ ഉൾപ്പെട്ട വീഡിയോകൾ കാണാൻ ജയയ്ക്ക് വലിയ ഇഷ്ടവുമായിരുന്നു. ഇക്കാലത്തൊന്നും നടരാജൻ ചിത്രത്തിൽ ഇല്ലായിരുന്നു.

എംജിആർ മരിച്ചപ്പോൾ ഒറ്റപ്പെട്ട തോഴിക്ക് താങ്ങായി നിന്നു

പക്ഷേ, ജയലളിതയും എംജിആറും തമ്മിൽ ചെറിയൊരു അഭിപ്രായ വ്യത്യാസം ഉടലെടുത്ത 1986 കാലത്ത് അത് പരിഹരിക്കാൻ ഇടനിലക്കാരൻ എന്ന നിലയിൽ രംഗപ്രവേശം ചെയ്തത് നടരാജനായിരുന്നു. അതിനകം എംജിആർതന്നെ രാജ്യസഭാ എംപിയാക്കി മാറ്റിയിരുന്ന ജയലളിത ഡൽഹിയിൽ തന്നെ മറികടന്ന് സ്വയം നേതാവായി ഉയരുന്നത് എംജിആറിന് സഹിച്ചില്ല. ഇതോടെയാണ് ഇരുവർക്കുമിടയിൽ നീരസമുണ്ടായത്. ഇതിനു പിന്നാലെയാണ് എംജിആർ 1987ൽ മരിക്കുകയും അന്ന് വിലാപയാത്രയിൽ നിന്ന് ജയലളിതയെ തള്ളിയിടുകയും അവർക്കു പകരം എംജിആറിന്റെ പത്നി ജാനകീ രാമചന്ദ്രൻ തമിഴ്‌നാട് മുഖ്യമന്ത്രിയാകുകയും ചെയ്ത സംഭവങ്ങൾ ഉണ്ടായത്.

ഈ സംഭവങ്ങളോടെ ഏതാണ്ട് രാഷ്ട്രീയത്തിൽ നിന്നുതന്നെ പുറത്തായതു പോലെ ആയിരുന്നു ജയലളിത. ആരും തിരിഞ്ഞുനോക്കാത്ത നിലയിൽ ഏറെ അടുപ്പമുള്ള ചിലർമാത്രം സന്ദർശകരായി അവർ പോയ്സ് ഗാർഡനിലെ വസതിയിൽ ഒതുങ്ങിക്കൂടി. പക്ഷേ, ഇക്കാലത്തും അവർക്കൊപ്പം ശശികല ഉറച്ചുനിന്നു. ഈ നന്ദിയാണ് 30 വർഷത്തോളം തൂടർന്ന ആ സൗഹൃദത്തെ ഊട്ടിയുറപ്പിച്ചത്. പിന്നീട് ഇരട്ട സഹോദരിയെപ്പോലെ, ഉയിർ തോഴിയായി ഇക്കാലമത്രയും ജയ ശശികലയെ കൂടെ കൂട്ടുന്നതിന് ഇടനൽകിയതും ആപത് ഘട്ടത്തിൽ ഉപേക്ഷിച്ചുപോകാതെ കൂടെനിന്നതിന്റെ കടപ്പാടുതന്നെ.

ഇക്കാലത്ത് പോയ്സ് ഗാർഡനിലേക്ക് നടരാജനും രംഗപ്രവേശം ചെയ്തു. രാഷ്ട്രീയ ലോകത്ത് പിന്നീട് ശശികലയും നടരാജനും ഉൾപ്പെടെ നടത്തിയ ചരടുവലികൾ വലിയൊരളവിൽ ജയലളിതയെ തിരികെ എഐഎഡിഎംകെയുടെ തലപ്പത്ത് എത്തിക്കാൻ സഹായിച്ചിട്ടുണ്ട്. ഡിഎംകെയിലെയും എഐഎഡിഎംകെയിലെയും നേതൃവൃന്ദങ്ങളിൽ അന്ന് നടരാജന് ഒരുപോലെ സ്വാധീന ശക്തിയുണ്ടായിരുന്നു. ഒരു പൊളിറ്റിക്കൽ മാനിപ്പുലേറ്റർ എന്ന നിലയിൽ അക്കാലത്തുതന്നെ വളർന്നിരുന്നു നടരാജൻ. 1989ൽ അസംബൽയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ജയലളിതയ്ക്ക് നേരെ സഭയിൽവച്ച് ഡിഎംകെ പ്രവർത്തകർ വസ്ത്രാക്ഷേപം നടത്തി അപമാനിച്ച സംഭവം ഉണ്ടായപ്പോൾ ഇതിനു പിന്നിൽ നടരാജന്റെ കുരുട്ടുബുദ്ധിയും ഉണ്ടോ എന്ന സംശയം ജയലളിതയ്ക്കുണ്ടായി. ഇതോടെ അക്കാലത്തും നടരാജനെ അകറ്റി നിർത്തിയിരുന്നു ജയലളിത.

40 മന്നാർഗുഡിക്കാർ പോയ്സ് ഗാർഡനിലേക്ക്

പക്ഷേ, ഇതിനകംതന്നെ മന്നാർഗുഡി മാഫിയ ജയലളിതയുടെ ജീവിതത്തിനു ചുറ്റും വലവിരിച്ചു കഴിഞ്ഞിരുന്നു. നടരാജനെ ജയലളിത പുറത്താക്കിയെങ്കിലും ശശികല തലൈവിക്കൊപ്പം പോയ്സ് ഗാർഡനിൽ തന്നെ ഉറച്ചുനിന്നു. ഇക്കാലത്താണ് മന്നാർഗുഡിയിൽ നിന്ന് 40 ജോലിക്കാരെ പോയ്സ് ഗാർഡനിൽ നിയമിക്കുന്നത്. വീട്ടുവേലക്കാർ, അടുക്കളക്കാർ, സെക്യൂരിറ്റി, ഡ്രൈവർമാർ എന്നിങ്ങനെ എന്തിനും ഏതിനും മന്നാർഗുഡിക്കാർ ജയലളിതയ്ക്കു ചുറ്റും നിരന്നു. മുമ്പുണ്ടായിരുന്ന ജോലിക്കാരെയെല്ലാം തന്ത്രപരമായി പിരിച്ചുവിട്ട ശേഷമായിരുന്നു ഇത്. പിന്നീട് 1991ൽ ജയലളിത മുഖ്യമന്ത്രിയായി അധികാരമേറ്റതോടെയാണ് നടരാജനും ശശികലയും ഉൾപ്പെട്ട മന്നാർഗുഡി മാഫിയ തമിഴകത്തിന്റെ അധികാരകേന്ദ്രത്തിലെ ഇത്തിൾക്കണ്ണിയായി മാറുന്നത്.

ഭരണ പരിചയമില്ലാതെ അധികാരത്തിലെത്തിയ ജയയ്ക്ക് എല്ലാ കാര്യത്തിലും വഴികാട്ടിയായി മാറിയിരുന്നു ഇതിനകം ഈ ദമ്പതിമാർ. അതിനാൽതന്നെ ആദ്യഭരണകാലത്ത് ജയയുടെ ഉത്തരവുകൾ എല്ലാം നൽകിയിരുന്നത് ഇവരുടെ പ്രത്യേകിച്ച് ശശികലയുടെ സാന്നിധ്യത്തിലായിരുന്നു. ഇത്തരത്തിൽ അന്നുമുതലേ അപ്രഖ്യാപിത ഇളവരശിയായി ശശികല മാറി. അവരുടെ വാക്കുകൾ ജയയുടേതുപോലെ തന്നെ ആഞ്ജകളായി. ഇതിനോടൊപ്പം ജയ അറിയാതെ തന്നെ പാർട്ടിയിലും നടരാജനും ശശികലയും പിടിമുറുക്കി തുടങ്ങിയിരുന്നു. പാർട്ടിയിൽ പല കേന്ദ്രങ്ങളിലും തങ്ങളുടെ ബന്ധുക്കളെയോ അടുപ്പക്കാരെയോ നിയമിച്ചുകൊണ്ടായിരുന്നു ഇത്. ഇത്തരത്തിലായിരുന്നു മന്നാർഗുഡി സംഘം പാർട്ടിയിലും വേരുകളാഴ്‌ത്തിയത്.

പിന്നീട് ജയയുടെ പേരിലും അല്ലാതെയും ഉയർന്ന ഓരോ അഴിമതിക്കഥകളിലും ഇരുവരുടേയും പങ്ക് വ്യക്തമാണ്. പക്ഷേ, ഇതുസംബന്ധിച്ച ഒരു വിവരവും പുറത്തുവന്നില്ല. 2011ൽ ഈ മന്നാർഗുഡി മാഫിയയിലെ 13 പേരെ ജയലളിത പോയ്സ് ഗാർഡനിൽ നിന്ന് പുറത്താക്കുന്നതുവരെ ഇക്കാര്യം ചർച്ചചെയ്യാൻ പോലും തമിഴകം ഭയപ്പെട്ടു. ജയലളിതയെ വിഷംകൊടുത്തുകൊല്ലാൻ ശ്രമിക്കുന്നുവെന്ന വാർത്തകൾ വരികയും മന്നാർഗുഡി മാഫിയയെ കരുതിയിരിക്കാൻ ഇന്റലിജൻസ് വൃത്തങ്ങൾ തന്നെ മുന്നറിയിപ്പ് നൽകുകയും ചെയ്തതോടെയാണ് ഉറ്റതോഴിയെ ഉൾപ്പെടെ ജയ പുറത്താക്കുന്നത്. പക്ഷേ, അപ്പോഴേക്കും പാർട്ടിയിലെ നിർണായക സ്ഥാനങ്ങളിൽ വരെ മന്നാർഗുഡി മാഫിയ ആഴത്തിൽ പടർന്നുകഴിഞ്ഞിരുന്നു. ശശികല, നടരാജൻ, ഇവരുടെ ബന്ധുക്കളായ രാവണൻ, വികെ സുധാകരൻ (വളർത്തുപുത്രനായി ജയ കണക്കാക്കിയിരുന്നു), ടിടികെ ദിനകരൻ, നടരാജന്റെ സഹോദരൻ എം രാമചന്ദ്രൻ, ബിസിനസ് പാർട്ണർ ആയിരുന്ന മിഡാസ് മോഹൻ തുടങ്ങിയവരായിരുന്നു പുറത്താക്കപ്പെട്ടത്.

ഇതിനു പിന്നാലെ നടരാജനെ ഭൂമി തട്ടിപ്പുകേസിൽ ജയിലിലടയ്ക്കുകയും നിരവധി കേസുകളെടുക്കുകയും ചെയ്തുവെന്നതു തന്നെ ജയയ്ക്ക് എത്രത്തോളം ദേഷ്യം ഇവർക്കെതിരെ ഉണ്ടായിരുന്നു എന്നതിന് തെളിവാണ്. പക്ഷേ, മറ്റെല്ലാവരേയും പുറത്താക്കിയപ്പോഴും തലൈവിയുടെ മനസ്സിൽ ശശികലയോടുള്ള സ്നേഹം ബാക്കിനിന്നിരുന്നു. ഇതിനാൽത്തന്നെ അവരെ വീണ്ടും പോയ്സ് ഗാർഡനിലേക്ക് തിരിച്ചുവിളിച്ചു തമിഴകത്തിന്റെ അമ്മ. 2012 മാർച്ച് 31ന് ഇത്തരത്തിൽ ശശികല തിരിച്ചെത്തിയപ്പോൾ തന്നെ വീണ്ടും മന്നാർഗുഡി മാഫിയ സജീവമായെന്നത് മറ്റൊരു വസ്തുത. ഇപ്പോൾ ജയയുടെ മരണ ശേഷം ദിനകരൻ ആർകെ നഗറിൽ നിന്ന് പിൻഗാമിയായി ജയിച്ചെത്തുന്നു.

രാഷ്ട്രീയ ബിസിനസ് ഇടപാടുകളെല്ലാം നിയന്ത്രിച്ച് അതിസമ്പന്നയായി

ഇത്തരത്തിൽ വർഷങ്ങളുടെ സൗഹൃദകാലത്തിനിടയ്ക്ക് ജയ അധികാരത്തിൽ ഇരുന്നപ്പോഴും അല്ലാത്തപ്പോഴുമെല്ലാം അവരുടെ സ്വത്തും അല്ലാതെ സ്വന്തമായി വെട്ടിപ്പിടിച്ചതുമെല്ലാം ചേർത്ത് വലിയൊരു ബിസിനസ് സാമ്രാജ്യംതന്നെ ശശികല പടുത്തുയർത്തിയിരുന്നു. സംസ്ഥാനത്ത് ഭരണം എങ്ങനെ നടക്കണമെന്നും തിരഞ്ഞെടുപ്പുകളിൽ പാർട്ടിക്കുവേണ്ടി ആരൊക്കെ ഭരിക്കണമെന്നും തീരുമാനിക്കുന്നത് ശശികലയെന്ന നിലയിലേക്ക് അവസാനകാലത്ത് കാര്യങ്ങൾ മാറിയിരുന്നു. പാർട്ടി സീറ്റ് നൽകാനും സ്ഥലംമാറ്റങ്ങൾക്കുമായി കോടികൾ വാങ്ങിക്കൂട്ടിയത് ശശികലയായിരുന്നു. പിടിച്ചടക്കുംതോറും കൂടുതൽ വേണമെന്ന നിലയിൽ അവർ പലതും സ്വന്തമാക്കി. ചെന്നൈയിലെ ഇഷ്ടകേന്ദ്രങ്ങളിലെ ബംഗൽവുകളും ഷോപ്പിങ് കോംപൽക്സുകളുമെല്ലാം ഭീഷണിപ്പെടുത്തിയും വില നൽകി ഒഴിപ്പിച്ചുമെല്ലാം കൈക്കലാക്കി. തമിഴ്‌നാടിന്റെ മറ്റുഭാഗങ്ങളിൽ തോട്ടങ്ങളും ഫാംഹൗസുകളും വാങ്ങിക്കൂട്ടി. ഇതിൽ ജയലളിതയുടെ അറിവോടെ നടന്നത് കുറച്ച് ഇടപാടുകൾ മാത്രമാണെന്നത് പാർട്ടിയിലെ പരസ്യമായ രഹസ്യമായിരുന്നു.

വിദേശത്തും സ്വദേശത്തുമായി സഹസ്രകോടികളുടെ നിക്ഷേപം മന്നാർഗുഡി മാഫിയയ്ക്ക് ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. 2002ൽ കോയമ്പത്തൂരിൽ ശശികല മിഡാസ് ഗോൾഡൻ ഡിസ്റ്റിലറി തുടങ്ങി. ബിസിനസ് പാർട്ണറുടേതാണെന്നായിരുന്നു പ്രചരണമെങ്കിലും മന്നാർഗുഡി മാഫിയയുടേതാണ് ഡിസ്റ്റിലറിയെന്നത് താമസിയാതെ പരസ്യമായി. തുടർന്ന് ഈ മദ്യവ്യവസായം തമിഴ്‌നാടിന്റെ മറ്റു ഭാഗങ്ങളിലേക്കും വ്യാപിച്ചു. ഇതിനുപുറമെ നിരവധി തിയേറ്റർ കോംപൽക്സുകൾ, മാളുകൾ, മറ്റു വ്യവസായ സ്ഥാപനങ്ങൾ തുടങ്ങി പരസ്യമായും രഹസ്യമായും അവർ ഉണ്ടാക്കിയ ആസ്തികളെപ്പറ്റി ആർക്കും ശരിയായ തിട്ടമില്ല. 5000 കോടിയുടെ ആസ്തി ശശികല ഉണ്ടാക്കിയെന്ന് മാധ്യമ വാർത്തകൾ വന്നു. 2011ലെ നിയമസഭാ തിരഞ്ഞെടുപ്പുകാലത്ത് 300 കോടി സീറ്റുവിൽപനയിലൂടെ ശേഖരിച്ചുവെന്നും വാർത്തവന്നു.

അതി സമ്പന്നരായി മന്നാർഗുഡിക്കാർ മാറിയിരുന്നു. ഇതു തന്നെയാണ് ആർകെ നഗർ ഉപതെരഞ്ഞെടുപ്പിലും തെളിയുന്നത്. മദ്യക്കച്ചവടത്തിലൂടെ ഈ കൂട്ടായ്മ ഉണ്ടാക്കിയ സമ്പത്ത് രാഷ്ട്രീയത്തെ പോലും സ്വാധീനിക്കുന്ന തരത്തിലേക്ക് മാറിയിരിക്കുന്നു. ഇനി പളനിസ്വാമിക്കും പനീർസെൽവത്തിനുമൊപ്പമുള്ള എംഎൽഎമാരെ മറുകണ്ടം ചാടിക്കലാകും ദിനകരന്റെ ലക്ഷ്യം. അതു സംഭവിച്ചാൽ മുഖ്യമന്ത്രി കസേരയിൽ ദിനകരനെന്ന മന്നാർഗുഡിക്കാരൻ എത്തും. മുഖ്യമന്ത്രി പദത്തിൽ സ്വയം ഇരിക്കാനാണ് ശശികല ആഗ്രഹിച്ചത്.

അതുപക്ഷേ ക്രിമിനൽ കേസിൽ അഴിക്കുള്ളിലായതിനാൽ ഉടനൊന്നും നടക്കില്ല. അപ്പോഴും മരുമകൻ ആ പദവിയിലെത്തിയാൽ റിമോർട്ടുപയോഗിച്ച് കാര്യങ്ങൾ നിയന്ത്രിക്കാനാവും. തമിഴ്‌നാട്ടിലെ ഭരണം കർണ്ണാടകയിലെ പരപ്പര അഗ്രഹാര ജയിൽ നിയന്ത്രിക്കുമെന്ന് സാരം.

അജ്ഞാതവാസം വെടിഞ്ഞ് നടരാജൻ വീണ്ടുമെത്തുമ്പോൾ

പോയ്സ് ഗാർഡനിൽ നിന്ന് പുറത്താക്കുകയും കേസുകളിൽപെടുകയും ചെയ്തതോടെ കാണാതായ നടരാജൻ ഇത്രയും കാലം അജ്ഞാതവാസത്തിലായിരുന്നു. കൂടെ തന്നെ അപായപ്പെടുത്താൻ കരുനീക്കിയെന്ന് ജയ കരുതിയ മാന്നാർഗുഡി മാഫിയയിലെ മറ്റ് അംഗങ്ങളിൽ പലരും. പക്ഷേ, 73 ദിവസത്തെ ആശുപത്രി വാസത്തിനൊടുവിൽ തമിഴകത്തിന്റെ തലൈവി നാടുനീങ്ങിയപ്പോൾ അവരെല്ലാം ചിത്രത്തിലേക്ക് തിരിച്ചെത്തുന്നു. ഭാര്യ അഴിക്കുള്ളിയാപ്പോൾ രോഗാതുരനായി നടരാജൻ. പതിയെ ആരോഗ്യം വീണ്ടെടുക്കുകയാണ്.

മാനസപുത്രനായി ജയ കരുതിയ സുധാകരൻ, പോയ്സ് ഗാർഡനിലെ സെക്യൂരിറ്റി എസ്‌പിയെന്ന് അറിയപ്പെട്ട ശശികലയുടെ സഹോദരൻ വി ദിവാകരൻ, ശശികലയുടെ ബന്ധുക്കളായ ആർ പി രാവണൻ, ടിവി മഹാദേവൻ, ടി ടി വി ഭാസ്‌കരനും ദിനകരനും, സിനിമാ വ്യവസായം നോക്കുന്ന വിവേദ്, ഡോ. വെങ്കിടേഷ് ഇങ്ങനെ നീളുന്നു മാന്നാർഗുഡി മാഫിയയിലെ അറിയപ്പെടുന്ന കണ്ണികളുടെ നിര.

ഇതിനപ്പുറത്ത് അദൃശ്യമായി കഴിഞ്ഞ മുപ്പതുവർഷക്കാലത്തിനിടെ ശശികലയും നടരാജനും ചേർന്ന് പാർട്ടിയിലും ബിസിനസ് മേഖലയിലും പ്രതിഷ്ഠിച്ച കണ്ണികൾ ഏതെല്ലാമെന്ന് ആർക്കുമറിയില്ല.