ന്യൂഡൽഹി: കോൺഗ്രസിന്റെ മുഖപത്രമെന്ന നിലയിൽ ഏഴു ദശാബ്ദക്കാലം നിലനിന്ന ദിനപ്പത്രമാണ് നാഷണൽ ഹെറാൾഡ്. 1938ൽ തുടങ്ങിയ അസോസിയേറ്റൽ ജേണൽസ് ലിമിറ്റഡ്(എജെഎൽ) എന്ന കമ്പനിക്ക് രൂപം നൽകി ജവഹർലാൽ നെഹ്രുവാണ് ഈ ദിനപത്രം തുടങ്ങിയത്. കെടുകാര്യസ്ഥത മൂലം 90 കോടി കടക്കെണിയിലായ ഈ പത്രത്തെ സഹായിക്കാൻ രംഗത്തിറങ്ങിയത് സോണിയയും രാഹുൽ ഗാന്ധിയും അടക്കമുള്ളവരായിരുന്നു. ഈ കേസാണ് കോൺഗ്രസിന് കടുത്ത ഭീഷണിയായി ഇപ്പോൾ ഉയർന്നിരിക്കുന്നത്. 2000 കോടിയോളം രൂപ വിലവരുന്ന വസ്തുക്കൾ സോണിയ ഗാന്ധിയും രാഹുലും കൈവശപ്പെടുത്തിയെന്നാണ് പരാതിക്കാരനായ സുബ്രഹ്മ്ണ്യം സ്വാമി ബോധിപ്പിച്ചിരിക്കുന്നത്.

നാഷണൽ ഹെറാൾഡ് പത്രത്തിന്റെ ഉടമകളായ അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡിനെ (എ.ജെ.എൽ.) പുതുതായുണ്ടാക്കിയ യങ് ഇന്ത്യൻ കമ്പനി ഏറ്റെടുത്തതിൽ അഴിമതിയും വഞ്ചനയുമുണ്ടെന്നാണ് സുബ്രഹ്മണ്യം സ്വാമിയുടെ പരാതി. 1930ൽ പണ്ഡിറ്റ് നെഹ്രുവാണ് നാഷണൽ ഹെറാൾഡ് എന്ന പത്രം സ്ഥാപിച്ചത്. സ്വാതന്ത്ര്യ സമരത്തിൽ കോൺഗ്രസ്സിന്റെ മുഖപത്രമായാണ് അത് പ്രവർത്തിച്ചത്. ധാരാളം ദേശസ്‌നേഹികൾ അകമഴിഞ്ഞ് കൊടുത്ത സംഭാവനകൾകൊണ്ടും പ്രധാനമന്ത്രിയായിരിക്കെ നെഹ്രു അനുവദിച്ച പലിശയില്ലാത്തവായ്പകൾ പതിച്ചു കൊടുത്ത ഭൂമി എന്നിവയിലൂടെ ഇതിന്റെ ആസ്തികൾ വലിയ തോതിൽ വർദ്ധിച്ചു.

ഭൂമിയുടെ വിലയിലുണ്ടായ ക്രമാതീതമായ വർദ്ധനവിലുടെ ഈ സ്ഥാപനത്തിന്റെ ആസ്തി ആയിരക്കണക്കിന് കോടിയായി ഉയർന്നു എന്നിരുന്നാലും പത്രമെന്ന നിലയിൽ പരാജയപ്പെടുകയായിരുന്നുു. ഇതോടെ പത്രം 2000 ആയപ്പോഴേക്കും നഷ്ടത്തിലേക്ക് കൂപ്പുകുത്തി
തുടർച്ചയായ നഷ്ടം മൂലം 2008ൽ ഏകദേശം 90 കോടി രൂപ കടത്തോടെ ഈ പത്രം നിർത്തി കടം വീട്ടാൻ വഴി കാണാതെ വിഷമിച്ച ഈ ചരിത്ര സ്മാരകത്തെ രക്ഷിക്കാൻ ഒരു കമ്പനി തയ്യാറായി. ഈ കമ്പനിയാണ് യംഗ് ഇന്ത്യ. ഈ കമ്പനിയുടെ ഡയറക്ടർമാരായാണ് സോണിയയും രാഹുലും പ്രത്യേക്ഷപ്പെട്ടത്. കമ്പനിയിൽ രാഹുലിനും സോണിയക്കുമായിരുന്നു ഭൂരിപക്ഷം ഓഹരികൾ കൈവശം വച്ചത്.

സോണിയ ഗാന്ധിക്കും രാഹുലും 36 ശതമാനം ഓഹരികളും മോത്തിലാൽ വോറയ്ക്ക് 14 ശതമനാവും ഓസ്‌കാർ ഫെർണാണ്ടസിന് 14 ശതമാനം ഓഹരിയുമാണ് ഉണ്ടായിരുന്നത്. ചുരുക്കത്തിൽ ജവഹർലാൽ നെഹ്രു തുടങ്ങിയ സ്ഥാപനം ആ കുടുംബം തന്നെ കൈവശപ്പെടുത്തുകയായിരുന്നു. ഭൂരിപക്ഷം ഓഹരികൾ കൈവശം വെക്കാൻ ഇവർക്ക് വേണ്ടിവന്നത് 50 ലക്ഷം രൂപ മാത്രമായിരുന്നു. പിൽക്കാലത്ത് 90 കോടിയോളം രൂപയുടെ വായ്‌പ്പ എഴുതിത്ത്ത്ത്തള്ളുകയും ഉണ്ടായി. ഇതോടെ 50 ലക്ഷം രൂപയ്ക്ക് സോണിയയ്ക്കും രാഹുലിനും 2000 കോടിയോളം രൂപ വിലവരുന്ന സ്ഥാപനത്തിന്റെ ഉടമകളുമായി.

ഈ വിഷയത്തിൽ സുബ്രഹ്മ്ണ്യം സ്വാമി നിയമം പഠിച്ച് പോരാട്ടം നടത്തിയതോടെയാണ് കോൺഗ്രസ് നേതാക്കൾ കുരുക്കിലായത്. ഈ ഇടപാട് നടന്നപ്പോൾ കമ്പനി നിയമങ്ങളെല്ലാം കാറ്റിൽപ്പറത്തിയെന്നാണ് സുബ്രഹ്മണ്യം സ്വാമിയുടെ ആരോപണം. കമ്പനി രജിസ്ട്രാർക്ക് ലഭ്യമായ വിവരങ്ങളനുസരിച്ച് ജവാഹർലാൽ നെഹ്രു, ഇന്ദിരാഗാന്ധി, ഫിറോസ് ഗാന്ധി, ജി.ഡി. ബിർള തുടങ്ങി ജീവിച്ചിരിപ്പില്ലാത്ത ഒട്ടേറെപ്പേർക്ക് യങ് ഇന്ത്യൻ കമ്പനിയിൽ ഓഹരിയുണ്ട്. ഓഹരിയുടമകളിൽ 80 ശതമാനം പേരും ഇപ്പോൾ ജീവിച്ചിരിപ്പില്ല.

2011 ഫെബ്രുവരി 26ന് നടന്ന ബോർഡ് യോഗത്തിൽ കമ്പനിയുടെ 90 കോടി രൂപയുടെ ബാധ്യത തീർക്കാൻ എ.ഐ.സി.സി. പലിശരഹിത വായ്പ അനുവദിച്ചെന്ന വിവരം അംഗീകരിച്ചു. എന്നാൽ ഇന്ത്യയിൽ ഒരു രാഷ്ട്രീയപ്പാർട്ടിക്കും കമ്പനികൾക്ക് വായ്പ നൽകാനാവില്ല. ഈ ഇടപാടിന്റെ ഭാഗമായി സോണിയാഗാന്ധിയും രാഹുലും ചേർന്ന് രൂപംകൊടുത്ത യങ്ഇന്ത്യൻ കമ്പനിക്ക് പത്തുരൂപ വിലയുള്ള ഒമ്പതുകോടി ഓഹരികൾ നൽകാൻ തീരുമാനിച്ചു. ഈ കമ്പനിയിൽ ഇരുവർക്കും കൂടി 76 ശതമാനം ഓഹരിയുണ്ട്. ഇതോടെ കമ്പനി കാര്യങ്ങളിൽ ഇരുവർക്കും അടിയന്തര യോഗം ചേർന്ന് തീരുമാനമെടുക്കാനുള്ള അധികാരം ലഭിക്കും. ഫലത്തിൽ ഇവരുടെ സ്വകാര്യസ്വത്തായി മാറിയെന്നും സുബ്രഹ്മണ്യം സ്വാമി ചൂണ്ടിക്കാട്ടുന്നു.

2008ൽ കമ്പനിയുടെ 36 ശതമാനം ഓഹരി രാഹുൽ ഗാന്ധിയുടെ പേരിലുണ്ടായിരുന്നിട്ടും തൊട്ടടുത്തവർഷം നടന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ്കമ്മീഷന് നൽകിയ സത്യവാങ്മൂലത്തിൽ ഓഹരിയുള്ളതായി അറിയിച്ചിട്ടില്ല. ഇത് തിരഞ്ഞെടുപ്പു ചട്ടലംഘനമാണ്. വായ്പ നൽകിയെന്ന് പറയുന്ന അസോസിയേറ്റഡ് ജേണൽസ് കമ്പനിയുടെ ചെയർമാൻ എ.ഐ.സി.സി.യുടെ ഖജാൻജി കൂടിയായ മോത്തിലാൽ വോറയാണ്.

ഡൽഹിയിലെ തിരക്കേറിയ ബഹാദൂർ ഷാ സഫർ മാർഗ്ഗിലാണ് ഹെറാൾഡ് ഹൗസെന്ന പേരിൽ സ്ഥാപനത്തിന്റെ കെട്ടിടം പ്രവർത്തിക്കുന്നത്. അഞ്ച് നില കെട്ടിടത്തിലെ താഴത്തെ രണ്ട് നിലകൾ വിദേശകാര്യ മന്ത്രാലയത്തിന് പാസ്സ്‌പോർട്ട് സേവാ കേന്ദ്രം നടത്താൻ 60 ലക്ഷം രൂപ മാസവാടകക്കും മൂന്നും നാലും നിലകൾ പ്രമുഖ ഐടി കമ്പനിയായ ടിസിഎസിന് 29 ലക്ഷം മാസ വാടകക്കും കൊടുത്തിട്ടുണ്ട്. മാസം ലക്ഷങ്ങൾ വാടക ഇനത്തിൽ തന്നെ പ്രധാന ഓഹരി ഉടമകളായ സോണിയക്കും രാഹുലിനും ലഭിക്കുന്നുണ്ട്. 89 ലക്ഷത്തോലം രൂപയാണ് ഇങ്ങനെ കമ്പനിക്ക് ലഭിക്കുന്നത്. ചുരുക്കിൽ ഇന്ത്യ ഭരിച്ച പാർട്ടിയുടെ അധ്യക്ഷയെ കോടതി കയറ്റിയ കേസ് നിരവധി നൂലാമാലകൾ നിറഞ്ഞതാണ്. അമ്പത് ലക്ഷം രൂപ മുടക്കി 2000 കോടിയുടെ സ്വത്തുക്കൾ കൈവശപ്പെടുത്തി എന്നതാണ് പ്രധാന ആരോപണം.