കണ്ണൂർ: തലശ്ശേരി ബ്രണ്ണൻ കോളേജും നിയമസഭാ തെരഞ്ഞെടുപ്പും തമ്മിലെന്തു ബന്ധം? ഉന്നത വിദ്യാഭ്യാസ കേന്ദ്രം എന്നതിനു പുറമേ ബ്രണ്ണൻ കോളേജിന് ഒരു സ്വകാര്യ അഹങ്കാരവുമുണ്ട്. ഉന്നതന്മാരെ സൃഷ്ടിച്ച കലാലയമെന്ന തലയെടുപ്പിലാണ് ഈ കോളേജ് നിലകൊള്ളുന്നത്.

ഈ നിയമസഭാ തെരഞ്ഞെടുപ്പിലും ബ്രണ്ണൻ കോളേജിലെ ഒമ്പത് പൂർവ്വ വിദ്യാർത്ഥികൾ കേരളത്തിലും പോണ്ടിച്ചേരിയിലുമായി ജനവിധി തേടുന്നുണ്ട്. അതിൽ തന്നെ ധർമ്മടത്തും മാഹിയിലും പരസ്പരം ഏറ്റുമുട്ടുന്നതും ബ്രണ്ണൻ കോളേജിലെ പൂർവ്വ താരങ്ങളെന്ന സവിശേഷതയുമുണ്ട്. ദേശീയ നേതാക്കളെ വാർത്തെടുക്കുന്നതിൽ എന്നും മുൻ നിരയിലായ ബ്രണ്ണൻ കോളേജിനെ ഇന്നത്തെ തലമുറക്ക് വിദ്യാർത്ഥി സംഘർഷ കേന്ദ്രമായിട്ടായിരിക്കാം ഓർമ്മ വരുന്നത്.

സിപിഐ.(എം). പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ മത്സരിക്കുന്നതു കൊണ്ടു തന്നെ വി.ഐ.പി. പദവി ഉള്ള ധർമ്മടം മണ്ഡലത്തിൽ എതിരാളിയായി എത്തുന്നത് മമ്പറം ദിവാകരനാണ്. ഇരുവരും ബ്രണ്ണൻ കോളേജിലെ പൂർവ്വ വിദ്യാർത്ഥികൾ. മാത്രമല്ല മത്സരിക്കുന്നതു കോളേജ് നിലനിൽക്കുന്ന മണ്ഡലമെന്ന പ്രത്യേകതയുമുണ്ട്. പഴയ കെ.എസ്.എഫ്. കാരനായ പിണറായിക്കു വേണ്ടി പൂർവ്വ വിദ്യാർത്ഥികളായ കമ്യൂണിസ്റ്റുകാർ പ്രചാരണ രംഗത്ത് സജീവമായി രംഗത്തിറങ്ങിയിട്ടുണ്ട്. കോൺഗ്രസ്സ് സ്ഥാനാർത്ഥി മമ്പറം ദിവാകരനാകട്ടെ മുൻകാല കെ.എസ്.യു.ക്കാരെ സംഘടിപ്പിച്ച് കുടുംബയോഗങ്ങളും പ്രത്യേക യോഗങ്ങളും വിളിച്ചു സജീവമാക്കിയിരിക്കയാണ്. യു.ഡി.എഫ് സ്ഥാനാർത്ഥിയായി ഉദുമയിൽ മത്സരിക്കുന്ന കെ.സുധാകരനും ബ്രണ്ണനിലെ താരമായിരുന്നു. എന്നാൽ സുധാകരൻ അന്നത്തെ സംഘടനാ കോൺഗ്രസ്സിന്റെ വിദ്യാർത്ഥി വിഭാഗമായ എൻ.എസ്. ഒ വിന്റെ നേതാവായിരുന്നു. പാലക്കാട് ജില്ലയിലെ തരൂരിൽ മത്സരിക്കുന്ന എ.കെ. ബാലൻ ബ്രണ്ണൻ കോളേജിൽ കെ.എസ്.എഫിന്റെ നേതാവായിരുന്നു.

ബ്രണ്ണൻ കോളേജിന്റെ ചരിത്രത്തിൽ എ.കെ. ബാലന് പ്രത്യേകമായ ഒരു സ്ഥാനമുണ്ട്. 1976 കാലം. കെ.എസ്.എഫ് കാരും കെ.എസ്.യു ക്കാരും തമ്മിൽ എന്നും സംഘർഷം. ബാലന്റെ നേതൃത്വത്തിൽ പ്രസ്താനം ബ്രണ്ണനിൽ തഴച്ചു വളർന്നു. ഒരിക്കൽ ഒരു സംഘർഷത്തിനിടയിൽ പരസ്പരം കയ്യാങ്കളി നടന്നു. കെ.എസ്.യു ക്കാരനായ കെ.ടി ജോസഫ് കത്തികൊണ്ട് ബാലന്റെ നേരെ പാഞ്ഞടുത്തു. അപകടം മണത്തറിഞ്ഞ കെ.എസ്. യുക്കാരാനായ എടക്കാട് ലക്ഷ്മണൻ ലക്ഷ്യം തെറ്റിച്ച എ.കെ. ബാലനെ രക്ഷിക്കുകയായിരുന്നു. ബാലന്റെ ജീവൻ രക്ഷിച്ച ലക്ഷമണനെ കാണുമ്പോഴൊക്കെ ബാലൻ നന്ദി പ്രകാശിപ്പിക്കാറുമുണ്ട്.

തളിപ്പറമ്പിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ജയിംസ് മാത്യു, തിരുവനന്തപുരം കഴക്കൂട്ടത്തെ ബിജെപി. സ്ഥാനാർത്ഥി വി.മുരളീധരൻ, തലശ്ശേരിയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി എ.എൻ ഷംസീർ, പോണ്ടിച്ചേരിയിലെ മുൻ മന്ത്രിയും മാഹിയിലെ കോൺഗ്രസ്സ് സ്ഥാനാർത്ഥിയുമായ ഇ. വത്സരാജ്, എതിർ സ്ഥാനാർത്ഥി എൽ.ഡി.എഫിലെ ഡോ. വി. രാമചന്ദ്രൻ എന്നിവരെല്ലാം ബ്രണ്ണന്റെ സംഭാവനകളാണ്. നെഹ്റു മന്ത്രി സഭയിലെ വിശ്വ പൗരൻ വി.കെ. കൃഷ്ണമേനോൻ, മുൻ കെപിസിസി. പ്രസിഡണ്ട് സി.കെ. ഗോവിന്ദൻ നായർ, മുൻ കേന്ദ്ര മന്ത്രി ഇ. അഹമ്മദ്, പി. കുഞ്ഞിരാമൻ, പാട്യം ഗോപാലൻ, എന്നീ ജന പ്രതിനിധികളെല്ലാം ബ്രണ്ണന്റെ കലാലയത്തിൽ വിദ്യ തേടിയവരാണ്. ഇനിയുമുണ്ട് പ്രമുഖർ. സിപിഐ.(എം). നേതാവ് പി.ജയരാജൻ, മുൻ കോഴിക്കോട് മേയർ എ.കെ. പ്രേമജം, യു.ഡി.എഫ് കണ്ണൂർ ജില്ലാ കൺവീൻ എ.ഡി. മുസ്തഫ, സിപിഐ.നേതാവ് സി.എൻ ചന്ദ്രൻ, തുടങ്ങി ഇന്നു രാഷ്ട്രീയ നേതൃത്വങ്ങളിൽ രണ്ട് ഡസൻ നേതാക്കൾ ബ്രണ്ണന്റേതായി തിളങ്ങി നിൽക്കുന്നുണ്ട്.