ലണ്ടൻ: ലോകം പ്രതീക്ഷിച്ച ഒരു തെരഞ്ഞെടുപ്പു ഫലമല്ല ഇന്നലെ അമേരിക്ക സമ്മാനിച്ചത്. മാദ്ധ്യമ ലോകവും നിരീക്ഷകരും ഹിലരി ക്ലിന്റന്റെ വിജയം പ്രതീക്ഷിച്ചിരുന്നിടത്താണ് വിവാദങ്ങളും വെല്ലുവിളികളും അതിജീവിച്ചു ''അരവട്ടൻ'' ഇമേജുള്ള ഡൊണാൾഡ് ട്രംപ് ലോകത്തെ ഏറ്റവും ശക്തമായ രാജ്യത്തിന്റെ താക്കോൽ സ്ഥാനത്തു എത്തുന്നത്. അമേരിക്കൻ പ്രസിഡന്റ് പദത്തിലെത്തുക എന്ന ആഗ്രഹം സാധ്യമാക്കാൻ കഴിഞ്ഞ മുപ്പതു വർഷമായി രാഷ്ട്രീയ ഞാണിന്മേൽ കളി നടത്തുന്ന ട്രംപിനെ എത്രമാത്രം വിശ്വാസത്തിലെടുക്കാം എന്നതാണ് ഇന്നലെ മുതൽ ലോകത്തെ അലട്ടുന്ന ഏറ്റവും വലിയ പ്രശനം. ലോക ജനതയുടെ അഭീഷ്ടത്തിനായി താൻ പ്രവർത്തിക്കും എന്ന് വിജയ പ്രഖ്യാപന ചടങ്ങിൽ ട്രംപ് പ്രസംഗിച്ചെങ്കിലും അത്രമാത്രം ആത്മാർത്ഥത ഉള്ളതായിരിക്കും എന്നതാണ് ചോദ്യചിന്നമായി മാറുന്നത്.

ലോകം ആരാധിക്കുന്ന പോപ്പ് ഫ്രാൻസിസ് അടക്കമുള്ളവരുടെ എതിർപ്പ് വാങ്ങി പ്രസിഡന്റ് പദം ഉറപ്പിച്ച ട്രംപ് അടങ്ങി ഇരിക്കുമോ ആവേശത്തോടെ തന്റെ എഴുപതാം വയസ്സിലെ ഊർജ്ജസ്വലത ലോകത്തെ കാണിച്ചു കൊടുക്കുമോ എന്ന രണ്ടു ചോദ്യങ്ങളിൽ കുടുങ്ങി കിടക്കുകയാണ് ലോക ജനതയുടെ മനസ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഉടനീളം വിവാദം നിറഞ്ഞു നിന്ന സാഹചര്യത്തിൽ അദ്ദേഹത്തിന്റെ തോൽവി കേൾക്കാൻ ആണ് ലോകം ഇഷ്ടപ്പെട്ടിരുന്നത്. ഇക്കാര്യം നന്നായി അറിയാവുന്ന ആളും ട്രംപ് തന്നെ. അതിനാൽ തന്നെ, തന്നെ തോൽപ്പിക്കാൻ ആഗ്രഹിച്ചവരെ ഒരു പാഠം പഠിപ്പിക്കണമെന്ന് ട്രംപ് തീരുമാനിച്ചാൽ അതിന്റെ വ്യാപ്തി എത്രത്തോളം വലുതായിരിക്കുമെന്നു ആർക്കും പ്രവചിക്കാൻ കഴിയില്ല.

ലോകം വീണ്ടും ചുരുങ്ങാൻ സാധ്യത, ത്രികക്ഷി സഖ്യം സജീവമായേക്കും

എഴുപതുകളിലും എൺപതുകളും ലോകം ഭീതിയോടെ കേട്ട ശീതയുദ്ധ കാലം മടങ്ങി വരാൻ ഏറ്റവും അനുയോജ്യമായ സാഹചര്യമാണ് ലോകത്തിനു മുന്നിൽ രൂപം കൊള്ളുന്നത്. അമേരിക്കയും റഷ്യയും നേർക്ക് നേർ നിന്ന അക്കാലത്തിന് പകരമായി കുറച്ചു കൂടി വിശാലമായ ഒരു മുന്നണി രൂപം കൊള്ളാൻ ഉള്ള സാധ്യത ലോകം തള്ളിക്കളയുന്നില്ല. ഈ മുന്നണിയിൽ അമേരിക്കയും ബ്രിട്ടനും ഇസ്രയേലും ഒരു ഭാഗത്തു നിൽക്കുമ്പോൾ റഷ്യയും ഗൾഫ് രാജ്യങ്ങളും ചൈനയും അടങ്ങുന്ന വിശാലസേന ആയിരിക്കും മറുഭാഗത്തും രൂപം കൊള്ളുക. എക്കാലവും അമേരിക്കയുടെ ഭാഗമായി നിലനിന്നിട്ടുള്ള ബ്രിട്ടനെ സംബന്ധിച്ച് യൂറോപ്പിൽ നിന്നും പുറത്തു കടക്കുന്ന സാഹചര്യത്തിൽ കൂടുതലായി അമേരിക്കയെ ആശ്രയിച്ചേ പറ്റൂ. മുസ്ലിം തീവ്രവാദത്തെ അങ്ങേയറ്റം വെറുക്കുന്ന ട്രംപ് അക്കാരണം കൊണ്ട് തന്നെ ബ്രിട്ടനേയും ഇസ്രയേലിനെയും കൂട്ട് പിടിച്ചു ലോകത്തെ വെല്ലുവിളിക്കാൻ ഇറങ്ങിയാൽ അത് മറ്റൊരു ശീതയുദ്ധ കാലത്തിലേക്കായിരിക്കും നയിക്കുക. ഇതിനെ ചെറുക്കാൻ മുസ്ലിം രാജ്യങ്ങളും പതിവ് പോലെ റഷ്യയും ചൈനയും എത്തിയാൽ ഭീകരമായ രാഷ്ട്രീയ സാഹചര്യമാകും ഉണ്ടാകുക.

ഇന്ത്യക്കും പാക്കിസ്ഥാനും ഒരു പോലെ പ്രയാസകാലം

മുസ്ലിം ഭീകരതയെ ഇല്ലായ്മ ചെയ്യാൻ ഇറങ്ങുന്ന ട്രംപിന് പാക്കിസ്ഥാനോട് പഴയ അമേരിക്കൻ പ്രസിഡന്റുമാർ കാട്ടിയ മമത ഉണ്ടാകില്ലെന്നുറപ്പ്. ഈ സാഹചര്യത്തിൽ ഏഷ്യൻ ഭൂഖണ്ഡത്തിൽ ഇന്ത്യയെ കൂട്ട് പിടിക്കാൻ തയ്യാറാകുന്ന ട്രംപിന്റെ കെണിയിൽ വീണാൽ ഇന്ത്യക്കു ലോകത്തോട് വിളിച്ചു പറയാൻ കാര്യമായൊന്നും ഉണ്ടാകില്ല. അമേരിക്കയുടെ പിന്തുണ വഴി താൽക്കാലിക നേട്ടം എന്ന നിലയിൽ പറയാനും മേനി നടിക്കാനും ഭൗതിക നേട്ടങ്ങൾ ഉണ്ടായാലും ജനാധിപത്യ ശ്രേണിയിലെ ഏറ്റവും കരുത്തരായ ഇന്ത്യക്കു ലോകത്തിന്റെ ചോദ്യങ്ങളോട് ഉത്തരം പറയാൻ പ്രയാസം ആയിരിക്കും. അതേസമയം സാമ്പത്തിക കാരണങ്ങളാൽ ചൈനയെ നേരിടാൻ ഇന്ത്യ കൂടുതലായും അമേരിക്കയോട് അടുക്കാൻ നിർബന്ധിതരാകുകയും ചെയ്യും. ഈ ഇരട്ട പ്രതിസന്ധി എങ്ങനെ മറികടക്കും എന്നതായിരിക്കും വരും നാളുകളിൽ മോദി സർക്കാർ നേരിടുന്ന യഥാർത്ഥ വെല്ലുവിളി. അമേരിക്കയെ പിണക്കാതെ എങ്ങനെ അവരിൽ നിന്നും ആനുകൂല്യങ്ങളും നേട്ടങ്ങളും നേടിയെടുക്കാം എന്നതിൽ സർക്കസിലെ ട്രപ്പീസു കളിക്കാരന്റെ നിപുണതയാണ് കാലം മോദി സർക്കാരിൽ നിന്നും ആവശ്യപ്പെടുന്നത്.



സ്ഥിരതയില്ലാത്ത വ്യക്തി ജീവിതം ട്രംപിന്റെ നയങ്ങളിലും കലരുമോ?

ബിസിനസുകാരൻ എന്ന നിലയിൽ എതിരാളികളെ അടിച്ചമർത്തി വിജയംകണ്ട അതേ ശൈലിയിൽ രാജ്യം ഭരിക്കാനും ലോകത്തെ നയിക്കാനും ഇറങ്ങിയാൽ കരുണയില്ലാത്ത ഒരു ഭരണാധികാരിയെ ആയിരിക്കും ട്രംപിൽ ലോകം കാണുക. മൂന്നു ഭാര്യമാരെ സ്വന്തമാക്കി വ്യക്തി ജീവിതത്തിൽ കാണിച്ച സ്ഥിരതയില്ലായ്മ തന്റെ രാഷ്ട്രീയത്തിലും അദ്ദേഹം കാണിച്ചിട്ടുണ്ട്. റിപ്പബ്ലിക്കൻ പാർട്ടിയിൽ തുടങ്ങി എതിർചേരിയിൽ എത്തി ഡെമോക്രറ്റുകളുടെ ഭാഗമായി കുറച്ചുനാൾ പ്രവർത്തിച്ച ശേഷം ചെറുകിട പാർട്ടികളിലും ഭാഗ്യം പരീക്ഷിച്ച ട്രംപ് നാല് വർഷം മുൻപാണ് പ്രസിഡന്റ് പദം ലക്ഷ്യമിട്ടു വീണ്ടും റിപ്പബ്ലിക് പാർട്ടിയിൽ എത്തിയത്. ഇങ്ങനെ കാര്യലാഭത്തിനായി ചാഞ്ചാടുന്ന ഒരാൾക്ക് ഭരണത്തിൽ എത്രമാത്രം സത്യസന്ധതയും ലോക ജനതയുടെ നന്മയും ഉറപ്പാക്കാൻ കഴിയും എന്ന ചോദ്യത്തിന് വലിയ പ്രതീക്ഷയോടെ ഉത്തരം നൽകാൻ ഇപ്പോൾ കഴിയില്ല. നയങ്ങളിൽ ഉറച്ചു നിൽക്കാൻ കഴിയാത്ത ട്രംപിന് സുരക്ഷിതമായി അമേരിക്കയെ നയിക്കാൻ കഴിയുമോ എന്ന ചോദ്യവും ഇപ്പോൾ ഉയരുന്നുണ്ട്.

മാദ്ധ്യമശ്രദ്ധ ആഗ്രഹിക്കുന്ന ട്രംപ് എടുത്തു ചാടുമോ?

ഒരു രാഷ്ട്ര തന്ത്രജ്ഞൻ എന്ന നിലയിലേക്ക് രൂപം മാറാൻ ട്രംപിന് എത്രത്തോളം കഴിയും എന്നതിനെ അടിസ്ഥാനമാക്കിയാകും അദ്ദേഹം എത്രത്തോളം പ്രസിഡന്റായി വിജയിക്കും എന്നതിനുള്ള ഉത്തരവും അടങ്ങിയിരിക്കുന്നത്. ഇതുവരെയുള്ള അദ്ദേഹത്തിന്റെ ജീവിതം പഠിക്കുമ്പോൾ ശരാശരിയേക്കാൾ ഒട്ടും ഉയർന്നതല്ല എന്നതാണ് വസ്തുത. മാദ്ധ്യമങ്ങളുടെ തലക്കെട്ടിലും ചാനലുകളിലും നിറയാൻ ഇഷ്ട്ടപ്പെടുന്ന ഒരു സാധാരണ പൊങ്ങച്ച മുതലാളി. ഇതിനായി സ്വന്തമായി മിസ് യുഎസ്എ മത്സരം വരെ സംഘടിപ്പിച്ചു, ഇരുപതു വർഷത്തോളം. ഏതുതരത്തിലും തനിക്കു ശ്രദ്ധവേണം എന്നതാണ് അദ്ദേഹത്തിന്റെ നിലപാട്. ഒരു തരത്തിലും മറ്റുള്ളവരെ അംഗീകരിക്കാൻ തയ്യാറല്ല എന്നതും കൂടിയാണ് ട്രംപിന്റെ വ്യക്തി ജീവിതം കാണിച്ചു തരുന്നത്. ഇങ്ങനെ ഒരാൾ ലോക നേതൃത്വ പദവിയിൽ എത്തുമ്പോൾ ചിന്തിച്ചും കണക്കു കൂട്ടിയും തീരുമാനിക്കേണ്ടതിനു പകരം എടുത്തുചാട്ടം നടത്തി വിനാശം ക്ഷണിച്ചു വരുത്തുമോ എന്നതിനും ഇനിയുള്ള കാലം ട്രംപിലൂടെ ലോകം കണ്ടറിയും.

മുഖംമൂടി മാറ്റിയ ട്രംപിനെ ആരും കണ്ടിട്ടില്ല

ആരാണ് യഥാർത്ഥത്തിൽ ഡൊണാൾഡ് ട്രംപ്? ഈ ചോദ്യത്തിന് പലരും ഉത്തരം അദ്ദേഹത്തോട് തന്നെ തേടിയിട്ടുണ്ടെങ്കിലും കളിയാക്കും വിധം ഉള്ള മറുപടിയാണ് ലഭിച്ചിട്ടുള്ളത്. പുറത്തു കാണുന്ന ട്രംപ് മികച്ച ഒരു അഭിനേതാവ് ആണെന്നതാണ് അദ്ദേഹത്തിന് ലഭിക്കുന്ന വിശേഷണം. ലോക കോടീശ്വരൻ ആയിട്ടും കച്ചവടത്തിൽ കണിശക്കാരനും അറുപിശുക്കനും ആയ ട്രംപിനെയാണ് സ്‌കോട്‌ലൻഡിലെ ടോം ഗ്രിഫിനു ഓർമ്മിച്ചെടുക്കാൻ കഴിയുന്നത്. ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിൽ ഉള്ള ഗോൾഫ് കോഴ്‌സ് വാങ്ങാൻ എത്തിയ ട്രംപിനെ ഇനിയും തനിക്കു മനസിലായിട്ടില്ലെന്നു ഗ്രിഫിൻ പറയുമ്പോൾ ഏറെക്കുറെ സമാനമാണ് '90 കളിൽ മാദ്ധ്യമ പ്രവർത്തനം നടത്തിയിരുന്ന മാർക്ക് സിംഗറുടെ നിരീക്ഷണവും. തനിച്ചിരിക്കുമ്പോൾ താങ്കൾ ആരാണ് എന്ന് ചോദിച്ചാൽ എന്താണ് ഉത്തരം എന്ന് തേടിയപ്പോൾ വഷളത്തം നിറഞ്ഞ മറുപടിയാണ് ട്രംപ് നൽകിയത്. സവിശേഷമായ ഈ സ്വഭാവം മൂലം റൊണാൾഡ് റെയ്ഗൻ യുഗത്തിലേക്കാകും അമേരിക്കയുടെ ഇനിയുള്ള സഞ്ചാരം എന്നാണ് പൊതുനിരീക്ഷണം.