- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
പിടിച്ചോണ്ട് വരാൻ പറഞ്ഞാൽ കൊന്നോണ്ട് ചെല്ലുന്നവർ; യുദ്ധമുഖത്ത് എന്നും റഷ്യയ്ക്കൊപ്പം; അറിയപ്പെടുന്നത് സ്വകാര്യ സൈനിക സുരക്ഷാ കമ്പനി എന്ന നിലയിൽ; മൊസാദിനേക്കാൾ 'കടുപ്പക്കാർ'; പുടിന്റെ സ്വന്തം വാഗ്നർ ഗ്രൂപ്പ്
മോസ്‌കോ: ലോകത്തിലെ തന്നെ ഏറ്റവും ശക്തമായ സ്വകാര്യ സൈനിക വിഭാഗമെന്നാണ് വാഗ്‌നർ ഗ്രൂപ്പ് അറിയപ്പെടുന്നത്. ഒരർത്ഥത്തിൽ ഇസ്രയേലിന്റെ ചാര സംഘടനയായ മൊസാദിനേക്കാൾ കടുപ്പക്കാർ. എന്നാൽ ഈ സൈനിക സംഘടനയെക്കുറിച്ച് വളരെക്കുറച്ച് വിവരങ്ങൾ മാത്രമേ ലോകത്തിനു മുന്നിലുള്ളു.
രഹസ്യ ഓപ്പറേഷനുകളിലൂടെയാണ് മൊസാദ് ലക്ഷ്യം നേടുന്നതെങ്കിൽ നേരിട്ട് മുഖാമുഖം നിന്നാണ് വാഗ്‌നർ ഗ്രൂപ്പിന്റെ ഇടപെടലുകൾ. അതുകൊണ്ടു തന്നെയാണ് ലോക ശക്തികൾ റഷ്യയെ ഇത്രത്തോളം പേടിക്കുന്നതെന്നതാണ് യാഥാർത്ഥ്യം.
കഴിഞ്ഞ 13 ദിവസങ്ങളായി യുക്രൈൻ നഗരങ്ങളിലേക്ക് റഷ്യൻ സൈന്യം നടത്തുന്ന വ്യാപക ആക്രമണം തുടരുമ്പോൾ സൈനിക നീക്കത്തിന് ഉർജ്ജം പകർന്ന് വാഗ്നർ ഗ്രൂപ്പ് ഒപ്പമുണ്ടെന്നാണ് വിലയിരുത്തൽ. നേർക്കു നേർ നിന്നുള്ള ഈ യുദ്ധത്തിന് പുറമെ റഷ്യ രഹസ്യമായി തങ്ങളുടെ നീക്കങ്ങൾ നടത്തുന്നുണ്ടെന്ന രീതിയിൽ പ്രചാരണങ്ങൾ ഉയരുന്നുണ്ട്. ഇത്തരത്തിൽ ഉയർന്നു വരുന്ന ഒരു പേരാണ് വാഗ്‌നർ ഗ്രൂപ്പ് എന്ന റഷ്യൻ സംഘത്തിന്റേത്.
യുക്രൈൻ പ്രസിഡന്റ് വ്‌ളാഡമിർ സെലെൻസ്‌കിയെ വധിക്കുന്നതിനുള്ള ക്രെംലിനിൽ നിന്നുള്ള ഉത്തരവോടെ യുക്രൈൻ തലസ്ഥാനത്ത് ഈ സംഘമെത്തിയെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തതോടെയാണ് വാഗ്‌നർ ഗ്രൂപ്പ്‌സ് വീണ്ടും ചർച്ചകളിലേക്ക് എത്തിയത്.
ഫെബ്രുവരി 28 ന് ദ ടൈംസിൽ വന്ന റിപ്പോർട്ട് പ്രകാരം യുക്രൈൻ പ്രസിഡന്റ് വോളോദിമർ സെലൻസ്‌കിയെ വധിക്കാനായി വാഗ്‌നർ ഗ്രൂപ്പിലെ 400 ഓളം പേരാളികളെയാണ് റഷ്യ കീവിലേക്ക് അയച്ചത്. യുദ്ധത്തിൽ വാഗ്‌നർ ഗ്രൂപ്പിന് പ്രധാന പങ്കുണ്ടെന്ന് സംശയിക്കുന്നതായി അമേരിക്കൻ അധികൃതരും പറഞ്ഞിരുന്നു. എന്നാൽ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
പക്ഷെ വാഗ്‌നർ ഗ്രൂപ്പ് യുക്രൈൻ യുദ്ധത്തിൽ കരുനീക്കങ്ങൾ നടത്തുന്നുണ്ടെന്ന് തെളിഞ്ഞാൽ അത്ഭുതമില്ലെന്നാണ് നിരീക്ഷകർ അഭിപ്രായപ്പെടുന്നത്. കാരണം വർഷങ്ങളായി റഷ്യൻ സൈന്യത്തിനൊപ്പം വിവിധ രാജ്യങ്ങളിൽ വാഗ്‌നർ പോരാളികൾ മറഞ്ഞിരിക്കുന്നുണ്ട്. പക്ഷെ ഇവരെ കണ്ടെത്തുകയോ നശിപ്പിക്കുകയോ അത്ര എളുപ്പമല്ല.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ റഷ്യ നടത്തുന്ന യുദ്ധങ്ങളിൽ റഷ്യൻ സർക്കാരിനൊപ്പം ഇവർ പ്രവർത്തിക്കുന്നുണ്ടെന്ന് ആരോപണമുണ്ട്. സിറിയ, മാലി, സുഡാൻ, മൊസാംബിക്ക്, സെൻട്രൽ ആഫ്രിക്കൻ റിപബ്ലിക്, എന്നിവിടങ്ങളിലെ സംഘർഷങ്ങളിൽ റഷ്യക്കായി വാഗ്നർ ഗ്രൂപ്പിന്റെ പോരാളികളുണ്ടായിരുന്നു. നിലവിൽ ആഭ്യന്തര യുദ്ധം നടക്കുന്ന ലിബിയയിലും ഇവരുണ്ട്. സിറിയയിൽ ആഭ്യന്തര യുദ്ധം കൊടുമ്പിരി കൊണ്ട സമയത്ത് റഷ്യ ഇടപെട്ടപ്പോൾ സിറിയൻ യുദ്ധ ഭൂമിയിലേക്കും വാഗ്‌നർ ഗ്രൂപ്പെത്തി.
റഷ്യൻ ഫെഡറേഷന്റെ പ്രധാന രഹസ്യാന്വേഷണ ഏജൻസിയിൽ സേവനമനുഷ്ഠിച്ച മുൻ റഷ്യൻ ലെഫ്റ്റനന്റായ ദിമിത്രി ഉത്കിനാണ് ഗ്രൂപ്പിന്റെ സ്ഥാപകനാണെന്ന് വിശ്വസിക്കപ്പെടുന്നു. ക്രിമിയ ഉൾപ്പെടെയുള്ള പ്രദേശങ്ങൾ 2014-ൽ റഷ്യ അവർക്കൊപ്പം കൂട്ടിച്ചേർത്തപ്പോൾ അതിൽ പ്രധാന പങ്കുവഹിച്ചത് ഈ സൈനിക വിഭാഗമായിരുന്നു. കഴിഞ്ഞ മാർച്ച് മാസത്തിൽ ദിമിത്രി ഉത്കിന്റെ ശരീരത്തിൽ നാസി അനുകൂല ചിഹ്നങ്ങൾ പച്ച കുത്തിയ ചിത്രങ്ങൾ പുറത്തു വന്നിരുന്നു.വാഗ്‌നർ ഗ്രൂപ്പിനെ പറ്റി നിരവധി പഠനങ്ങൾ ഇതിനകം പുറത്തു വന്നിട്ടുണ്ട്.
റഷ്യൻ പ്രസിഡന്റ് വ്‌ളാഡമിർ പുടിന്റെ സ്വന്തം നിയന്ത്രണത്തിലുള്ള ഒരു റഷ്യൻ അർദ്ധസൈനിക സംഘടനയെന്നാണ് വാഗ്‌നർ ഗ്രൂപ്പിനെ വിലയിരുത്തുന്നത. എന്നാൽ വാഗ്നർ ഗ്രൂപ്പ് ഒരു സ്വകാര്യ സൈനിക കമ്പനിയായാണ് അറിയപ്പെടുന്നത്.
സിറിയൻ ആഭ്യന്തരയുദ്ധത്തിലും 2014 മുതൽ 2015 വരെ സിറിയൻ സർക്കാരിനു വേണ്ടിയും വിവിധ കരാറുകളിൽ ഈ സൈനിക വിഭാഗം ഏർപ്പെട്ടതായി റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ യുദ്ധ പ്രവർത്തനങ്ങൾ നടത്താൻ റഷ്യൻ സർക്കാരിനു വേണ്ടി രഹസ്യമായി പ്രവർത്തിക്കുന്ന സംഘമാണ് ഇതെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ.
യുക്രൈനിലെ ഫാസിസ്റ്റുകൾക്കെതിരെയാണ് തങ്ങൾ പോരാടുന്നതെന്നാണ് വാഗ്‌നർ ഗ്രൂപ്പ് പറയുന്നത്. പക്ഷെ വാഗ്‌നർ ഗ്രൂപ്പ് നേതൃത്വം തന്നെ നിയോ നാസികളാണെന്നാണ് വിദഗ്ദ്ധർ പറയുന്നത്.
2014-ന്റെ തുടക്കത്തിൽ സ്ഥാപിതമായ സൈനിക വിഭാഗമാണ് ഇതെന്ന് വിശ്വസിക്കപ്പെടുന്നു. റഷ്യൻ പ്രസിഡന്റ് വ്‌ളാഡമിർ പുടിന്റെ സുരക്ഷാ കാര്യങ്ങൾ മുഴുവൻ നോക്കുന്നതും ഈ സംഘടനയാണ്. 2017-ൽ പുറത്തിറങ്ങിയ ബ്ലൂംബെർഗ് റിപ്പോർട്ട് പ്രകാരം സംഘത്തിൽ 6,000 സൈനികർ പ്രവർത്തിക്കുന്നുണ്ടെന്നാണ് വിവരം. .കടലാസിൽ വാഗ്‌നർ ഗ്രൂപ്പ് സ്വകാര്യ ഉടമസ്ഥതയിലുള്ളതാണെങ്കിലും അതിന്റെ മാനേജ്‌മെന്റും പ്രവർത്തനങ്ങളും റഷ്യൻ മിലിട്ടറി, ഇന്റലിജൻസുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് അമേരിക്കൻ തിങ്ക്ടാങ്ക് സെന്റർ ഫോർ സ്ട്രാറ്റജിക് ആൻഡ് ഇന്റർനാഷണൽ സ്റ്റഡീസ് പറയുന്നത്.
അതേസമയം റഷ്യക്ക് മാത്രമല്ല ഇത്തരത്തിൽ സ്വകാര്യ പോരാളി സംഘങ്ങളുള്ളത്. അമേരിക്കയും സൈനിക ശക്തിക്കായി സ്വകാര്യ ഏജൻസികളെ ആശ്രയിക്കുന്നുണ്ട്. 2007 ൽ ഇറാഖ് യുദ്ധത്തിൽ ബ്ലാക്ക് വാട്ടർ എന്ന രഹസ്യ സൈനിക സംഘം അമേരിക്കയെ സഹായിച്ചിരുന്നു. അന്ന് ഇറാഖിലെ സാധാരണക്കാരായ 17 പേരെ ഈ സംഘം വെടിവെച്ച് കൊന്നത് വിവാദമായിരുന്നു. ഇതേതുടർന്ന് നാല് ബ്ലാക്ക് വാട്ടർ അംഗങ്ങൾ അമേരിക്കയിൽ ജയിലിലുമായി.
പിന്നീട് മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അധികാരത്തിലെത്തിയപ്പോൾ ഇവർക്ക് മാപ്പ് നൽകുകയും ചെയ്തു. ഇപ്പോൾ ACADEMI എന്ന പേരിലാണ് ഈ ഗ്രൂപ്പ് അറിയപ്പെടുന്നത്.ശീത യുദ്ധകാലത്തിന് ശേഷമാണ് സ്വകാര്യ ഉടമസ്ഥതയിലുള്ള സൈനിക കമ്പനികൾ വിവിധ രാജ്യങ്ങളിൽ വേരോട്ടം തുടങ്ങിയത്. ഇത്തരം സൈനികർ യുദ്ധമുഖത്ത് വളരെ മികവുറ്റവരാണെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.
കാരണം ഇവർ സർക്കാരിന്റെ കീഴിലുള്ള സൈന്യത്തെ പോലെ നിരന്തരം അതിർത്തികളിലല്ല. പ്രത്യേക മിഷനുകൾക്ക് ഇവരെ ഒരു നിശ്ചിത സമയത്തേക്ക് വിന്യസിക്കുകയാണ് ചെയ്യുന്നത്. മികച്ച പരിശീലനം ലഭിച്ച ഇവർ മിഷൻ വൃത്തിയായി ചെയ്ത് മടങ്ങും.
ന്യൂസ് ഡെസ്ക്