ചെന്നൈ: 'ഒരു സ്ത്രീ ഗർഭനിരോധന ഉറ വാങ്ങാൻ ഒറ്റയ്ക്ക് കടയിൽ പോകുന്നതിൽ എന്താണ് തെറ്റ്? ചോദിക്കുന്നത്, നടി അക്ഷര ഹസനാണ്. അടുത്തിടെ അക്ഷര ഹാസൻ പ്രധാനവേഷത്തിലെത്തുന്ന അച്ചം മടം നാണം പയിർപ്പ് എന്ന സിനിമയിലെ ഒരു രംഗം സോഷ്യൽ മീഡിയയിൽ വൈറലാകുമ്പോഴാണ് നടിയുടെ ചോദ്യം. മാർച്ച് 25ന് ആമസോൺ പ്രൈമിലാണ് സിനിമ റിലീസായത്.

ചിത്രത്തിൽ അക്ഷരയുടെ കഥാപാത്രം മെഡിക്കൽ സ്റ്റോറിൽ ഗർഭനിരോധന ഉറ വാങ്ങാൻ പോകുന്ന ഒരു സീനുണ്ട്. അത് സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചാ വിഷയമാണ്. അതിനെച്ചൊല്ലിയുള്ള ചർച്ചകൾക്ക് മറുപടി കൊടുത്തിരിക്കുകയാണ് നടി. സിനിമയിലെ ആ സീനിനെക്കുറിച്ച് മാധ്യമപ്രവർത്തകൻ അഭിമുഖത്തിൽ ചോദ്യം ഉന്നയിച്ചതിന് പിന്നാലെയാണ് നടിയുടെ പ്രതികരണം. ഒരു സ്ത്രീ ഗർഭനിരോധന ഉറ വാങ്ങാൻ ഒറ്റയ്ക്ക് കടയിൽ പോകുന്നതിൽ എന്താണ് തെറ്റെന്നും ലൈംഗിക ബന്ധത്തിൽ സുരക്ഷിതത്വം വേണമെന്ന് ആരാണ് ആഗ്രഹിക്കാത്തതെന്നും നടി തിരിച്ച് ചോദിച്ചു.

'ഒരു സ്ത്രീ ഗർഭനിരോധന ഉറ വാങ്ങാൻ ഒറ്റയ്ക്ക് കടയിൽ പോകുന്നതിൽ എന്താണ് തെറ്റ്. അതിൽ യാതൊരു തെറ്റുമില്ല. ലൈംഗിക ബന്ധത്തിൽ സുരക്ഷിതത്വം വേണമെന്ന് ആഗ്രഹിക്കുന്നത് സ്വാഭാവികമല്ലേ? ലൈംഗിക ബന്ധത്തിൽ നിയന്ത്രണം പുരുഷനിലാണെന്ന തെറ്റിദ്ധാരണ പലർക്കുമുണ്ട്. അതുകൊണ്ടാണ് ഇത്തരം ചോദ്യങ്ങൾ ഉയരുന്നത്' അക്ഷര പറഞ്ഞു.

'ലൈംഗിക വിദ്യാഭ്യാസത്തെക്കുറിച്ചാണ് ചിത്രം സംസാരിക്കുന്നത്. ഇത്തരത്തിലുള്ള ചിത്രങ്ങൾ ഇനിയും വരണം. ലൈംഗിക വിദ്യാഭ്യാസത്തിനോട് പുറം തിരിഞ്ഞ് നിൽക്കുന്നത് ശരിയല്ല. ആരോഗ്യകരമായ ബന്ധങ്ങൾ പുതുതലമുറയിൽ വളർത്തിയെടുക്കാൻ ഇതിലൂടെ സാധിക്കും' അക്ഷര കൂട്ടിച്ചേർത്തു.

രാജാ രാമമൂർത്തി രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് അച്ചം മടം നാണം പയിർപ്പ. ശ്രേയ ദേവ് ദൂബെ ഛായാഗ്രഹണം നിർവഹിച്ച ചിത്രം ഒരു അഡൽട്ട് കോമഡി ജോണറിൽ കഥ പറയുന്ന ചിത്രമാണ്. അക്ഷരക്കൊപ്പം അഞ്ജന ജയപ്രകാശ് മാൽഗുഡി ശുഭ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

കാമുകനൊപ്പം ലൈംഗികത അനുഭവിച്ചറിയാൻ ആഗ്രഹിക്കുന്ന ഒരു പെൺകുട്ടിയുടെ കഥയാണ് ചിത്രം പറയുന്നത്. എന്നാൽ മനസ്സിലുറച്ചുപോയ വിശ്വാസങ്ങൾ മൂലം അവളിൽ ലൈംഗികതയെക്കുറിച്ച് ഒരുപാട് ആശങ്കകളുണ്ടാകുന്നു. അവളുടെ ആഗ്രഹവും ആശങ്കകളും തമ്മിലുള്ള സംഘർഷമാണ് ചിത്രത്തിന്റെ പ്രമേയം.