- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുരടനായ പിണറായി.. 'കൊലയാളിയായ' പി ജയരാജൻ.. ഗവൺമെന്റ് സെക്രട്ടറി പോലൊരു പാർട്ടി സെക്രട്ടറി; മാറ്റുവിൻ ശരീരഭാഷ അല്ലെങ്കിൽ..! സിപിഐ(എം) നേതാക്കളോട് ജനം പറയുന്നത്..
നടൻ ജയനെ മിമിക്രിക്കാർ തുടർച്ചയായി അവതരിപ്പിക്കുന്നത് കണ്ടുമാത്രം പരിചയമുള്ള ഒരു 'ന്യൂജെൻ' പയ്യൻസ്, ജയന്റെ സൂപ്പർ ഹിറ്റായ 'അങ്ങാടി'കണ്ട് ഞെട്ടി ഫേസ്‌ബുക്കിലിട്ടത് ഈയിടെ ശ്രദ്ധയിൽപെട്ടിരുന്നു. പൗരുഷവും യുവത്വവും തുളിമ്പി നിൽക്കുന്ന, ദീവാറിലെ അമിതാബച്ചനെയൊക്കെ ഓർമ്മിപ്പിക്കുന്ന രീതിയിൽ തകർക്കുന്ന ഈ പ്രതിഭയെ എത്ര വികൃതമായാണ് മ
നടൻ ജയനെ മിമിക്രിക്കാർ തുടർച്ചയായി അവതരിപ്പിക്കുന്നത് കണ്ടുമാത്രം പരിചയമുള്ള ഒരു 'ന്യൂജെൻ' പയ്യൻസ്, ജയന്റെ സൂപ്പർ ഹിറ്റായ 'അങ്ങാടി'കണ്ട് ഞെട്ടി ഫേസ്‌ബുക്കിലിട്ടത് ഈയിടെ ശ്രദ്ധയിൽപെട്ടിരുന്നു. പൗരുഷവും യുവത്വവും തുളിമ്പി നിൽക്കുന്ന, ദീവാറിലെ അമിതാബച്ചനെയൊക്കെ ഓർമ്മിപ്പിക്കുന്ന രീതിയിൽ തകർക്കുന്ന ഈ പ്രതിഭയെ എത്ര വികൃതമായാണ് മിമിക്രിക്കാർ അവതിപ്പിക്കുന്നതെന്ന്. കോമഡിഫെസ്റ്റിവലുകൾതൊട്ട് കോളജ്‌ഡേയ്ക്കുവരെ, ബെൽബോട്ടം പാന്റും ചുവന്ന കുപ്പായവുമായി, 'ഡിങ്കനെ' ഓർമ്മിപ്പിച്ചുകൊണ്ട് 'ജയനിറങ്ങുന്നത്' കണ്ട് ചിരിച്ചവർക്ക് ആ നടൻ സൃഷ്ടിച്ച തരംഗം അറിയില്ല.
വ്യാജ സമ്മതിയുടെ നിർമ്മിതിയും, കുയുക്തി പ്രയോഗവും. ഹിറ്റ്‌ലർതൊട്ട് ഇന്ന് ഇസ്രയേൽ വക്താക്കൾവരെ പ്രയോഗിക്കുന്ന സാമൂഹിക രസതന്ത്രമാണിത്. ആടിനെ, പട്ടിയാക്കിയും, പട്ടിയെ,പേപ്പട്ടിയാക്കിയും തല്ലിക്കൊല്ലുകയെന്ന രീതി. ഫാസിസം പടിവാതിലിൽ ഇളിച്ചുനിൽക്കുന്ന ഇന്ത്യയിലെ സമകാലീന രാഷ്ട്രീയത്തിൽ, മതേതര വോട്ടുകൾ ചിന്നിച്ചിതറുന്ന ഇക്കാലത്ത് ഈ തന്ത്രത്തിന് വലിയ പ്രസക്തിയുണ്ടെന്നത് ഇടതുപക്ഷംപോലും തിരിച്ചറിയുന്നില്ല. കേരളത്തിലെ യുവാക്കളുടെ ഹരമായ നടൻ ജയനെ, കേവലം കോമാളിയാക്കാൻ കഴിഞ്ഞതുപോലെ ഇടതുപക്ഷത്തെ പലനേതാക്കളെയും ധിക്കാരികളും അഹങ്കാരികളുമാക്കാൻ മാദ്ധ്യമങ്ങൾക്ക് കഴിഞ്ഞു. അതിന് കാരണമാക്കുന്ന ശരീരഭാഷ അവർ തിരുത്തുന്നുമില്ല. ചരിത്രത്തിലെ എറ്റവും വലിയ തിരിച്ചടി കിട്ടിയ ഈ തെരഞ്ഞെടുപ്പിനുശേഷം സിപിഐ(എം) കേന്ദ്രമ്മറ്റി തന്നെ വിലയിരുത്തിയിട്ടുണ്ട്, നേതാക്കൾക്ക് വിനയം വേണമെന്ന്. എന്നിട്ടും അവർ അഹങ്കാരികളോ, അല്ലെങ്കിൽ സർവാധികാരികളോ എന്ന് തോനിപ്പിക്കുന്ന രീതിയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കയും ചെയ്യുന്നു.
ഗവൺമെന്റ് സെക്രട്ടറിയെപ്പോലൊരു പാർട്ടി സെക്രട്ടറി!
സ്വകാര്യ ചാനലുകളുടെ വരവോടെ ഇന്ത്യയിലെ രാഷ്ട്രീയരംഗം ആകെ മാറിമറഞ്ഞുവെന്നതിൽ തർക്കമില്ല. അപ്പോൾപിന്നെ കാക്കത്തൊള്ളായിരം ന്യൂസ് ചാനലുകളുള്ള കേരളത്തിന്റെ കാര്യം പറയാനുണ്ടോ. പണ്ട് പൊതുയോഗങ്ങളും, സ്റ്റഡിക്‌ളാസുകളും, വായനശാലയിലെ ചർച്ചകളുമായി രാഷ്ട്രീയം നാം പഠിച്ചെടുക്കയായിരുന്നു. വല്ലപ്പോഴും നമ്മുടെ നാട്ടിൽ വിരുന്നത്തെുന്നവരായിരുന്നു നേതാക്കൾ. എന്നാൽ ടെലിവിഷന്റെ വരവോടെ അവർ നമ്മുടെ വീട്ടിലെ നിത്യസന്ദർശകരായി. ഇന്ന് ഒരു നേതാവിനെക്കുറിച്ചുള്ള പൊതുബോധം രൂപപ്പെടുത്തിയെടുക്കുന്നത് ചാനലുകളിൽകൂടിയാണെന്നതിലും തർക്കമില്ല.
ഈ ജനപ്രിയ പൊതുബോധത്തിൽ സിപിഐ(എം) ജനറൽസെക്രട്ടറി പ്രകാശ്കാരാട്ട് വരെയുള്ളവർ തീരെ പിന്നിലാണ്. മാദ്ധ്യമങ്ങളോട് ഒന്നും സംസാരിക്കാതെ ഓടിയൊളിക്കുന്ന പ്രകാശ്കാരാട്ടിനെയാണ് ഇക്കാലമത്രയും നാം കണ്ടത്. ഒട്ടും സുതാര്യമല്ലാത്ത, കെട്ടിപ്പൂട്ടിവെക്കുന്ന വലിയ രഹസ്യങ്ങളുടെ ഭണ്ഡാരമാണ് സിപിഐ(എം) പി ബി യോഗങ്ങളെന്ന്, ഈ അതിസുതാര്യതയുടെ കാലത്ത് ജനങ്ങൾക്ക് തോന്നുന്നു. ഇനി പത്രസമ്മേളനത്തിലാകട്ടെ കാര്യംമാത്രം പറഞ്ഞ് പത്രക്കുറിപ്പ് കൊടുത്ത് കാരാട്ട് പുറത്തിറങ്ങുന്നു.[BLURB#1-VL]
രാവിലെ ഒരു കുട്ടം ഫയലുമായി ഡൽഹിയിലെ എകെജി സെന്റിലേക്കു വരുന്നു. കമ്മറ്റിയൊക്കെകൂടി ഭക്ഷണംകഴിച്ച് വൈകീട്ട് പിരിയുന്നു. ഒരുതരം സർക്കാർ ഓഫീസുപോലെയായിപ്പോയി പ്രകാശ് കാരാട്ടിന്റെ പ്രവർത്തനം. അദ്ദേഹം ഫയലുമായി പോവുന്നതുകണ്ടാൽ ഒരു ഗവൺമെന്റ് സെക്രട്ടറിയെയാണ് ഓർമവരിക. എന്നും മുന്നിലൂടെ നടന്നുപോവുന്ന, ന്യൂനപക്ഷങ്ങൾ പുഴുക്കളെപ്പോലെ താമസിക്കുന്ന കോളനികളിൽ ഒന്ന് സന്ദർശിക്കാൻപോലും അദ്ദേഹത്തിന് സമയം കിട്ടിയിട്ടില്ല. (അവിടെ ആദ്യമായത്തെിയ ഒരു നേതാവ് അരവിന്ദ് കെജ്രിവാളാണ്. അതിന്റെ നേട്ടം 'ആപ്പിന്' ഉണ്ടാവുകയും ചെയ്തു. കമ്യൂണിസ്റ്റുകാർ സിദ്ധാന്തം പറഞ്ഞിരുന്നപ്പോൾ അവർ പ്രവർത്തിച്ചു).
വാർത്തകൾ ഒന്നും കിട്ടാതാവുമ്പോൾ, സിപിഐ(എം) ബീറ്റുകിട്ടിയ മാദ്ധ്യമ പ്രവർത്തകർ എന്തുചെയ്യും. അവർ രാവിലെ സിപിഐ(എം) പിബിയിൽ ഭക്ഷണം പുട്ടാണോ പൊറാട്ടയാണൊ എന്ന മട്ടിലൊരു ചോദ്യം ചോദിക്കും. പതിവുപോലെ പ്രകാശ്കാരാട്ട് ഇത് വെളിപ്പെടുത്താൻ വിസമ്മതിച്ചെന്നും ഇതിനുപിന്നിൽ വിഭാഗീയതയുണ്ടെന്നും തട്ടിവിടും. പുട്ടു തിന്നുന്നവൻ വി എസ് പക്ഷക്കാരൻ, പൊറാട്ട തിന്നുന്നവൻ പിണറായിപക്ഷക്കാരൻ! കാരാട്ടിന്റെ മാദ്ധ്യമ മൗനമല്ലേ, ഈ അഭ്യൂഹങ്ങൾക്ക് വഴിവെക്കുന്നത്. യെച്ചൂരിയും നമ്മുടെ എസ്ആർപിയുമൊക്കെ ഇതിനേക്കാൾ ഭേദമാണ്.
മിന്നൽ പിണർ, മുരടനായി
സമകാലീന മാദ്ധ്യമ ചരിത്രത്തിൽ, പിണറായി വിജയനെപ്പോലെ ഇത്രയും ആക്രമണം നേരിട്ട വ്യക്തിവേറെയാരുമില്ല. കമല എക്‌സ്‌പോർട്ടിങ്ങ് കമ്പനിയും, കൊട്ടാരംപോലത്തെ വീടും, ലൈസൻസില്ലാത്ത തോക്കും, ലാവ്‌ലിൻകേസുമായി പിണറായിക്കെതിരെ നമ്മുടെ മാദ്ധ്യമ തമ്പുരാക്കന്മാർ സൃഷ്ടിച്ചെടുത്ത നുണക്കഥകൾ നൂറായിരമാണ്. അതേക്കുറിച്ച് പിണറായി പറഞ്ഞതിങ്ങനെ 'ഒരുനുണപൊളിഞ്ഞാൽ അവർ ഉടനെ അടുത്തതുമായി വരും. പിന്നെ പഴയതിനെകുറിച്ച് ഒരു വിവരവുമില്ല. എന്തായാലും അവരുടെ സ്ഥിരോൽസാഹം സമ്മതിക്കണം'! മലപ്പുറം സമ്മേളനത്തിൽ പിണറായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടപ്പോൾ 'മിന്നൽ പിണറായി' എന്നു തലക്കെട്ടിട്ട മനോരമയടക്കമുള്ള മാദ്ധ്യമങ്ങൾതന്നെ പിന്നീട് നുണക്കഥകളിലൂടെ കൃത്രിമമായ മറ്റൊരു മുരടൻ പിണറായി സൃഷ്ടിച്ചു.കേരളത്തിന്റെ എല്ലാ പ്രശ്‌നങ്ങൾക്കും കാരണം അയാളാണെന്നും അയാൾ കൊല്ലപ്പെടേണ്ട വ്യക്തിയാണെന്നുകൂടി പൊതുബോധം സൃഷ്ടിച്ചു. (ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്നപേരിൽ അങ്ങനെ ഒരു സിനിമയും ഉണ്ടായിട്ടുണ്ട്).
സത്യത്തിൽ ഈ മാദ്ധ്യമബോധം ഒരു പരിധിവരെ സൃഷ്ടിക്കാൻ പിണറായിയുടെ ശരീരഭാഷയും ഇടയാക്കിയിട്ടുണ്ട്. ഗൂഗിളിൽ തിരഞ്ഞുനോക്കൂ, പിണറായിയുടെ ചിരിക്കുന്ന പടങ്ങൾ അപൂർവമാണ്. ( അങ്ങനത്തെ പടങ്ങൾ കിട്ടിയാലും നമ്മുടെ മുഖ്യധാര പത്രങ്ങൾ കൊടുക്കില്ല) നടി നവ്യാനായർ കൈരളി ടിവിക്കുവേണ്ടി ഒരു ഓണക്കാലത്ത് നടത്തിയ അഭിമുഖത്തിലാണ് അൽപ്പം റിലാക്‌സ്ഡായി അദ്ദേഹത്തെ കണ്ടത്. കടുത്ത പദപ്രയോഗങ്ങൾ നടത്തുകയും എന്ത് വിവാദംവന്നാലും അതിൽ ഉറച്ചുനിൽക്കയും ചെയ്യുന്ന പിണറായി ശൈലി മധ്യവർഗ യുവാക്കളിൽ ഒരു കടുത്ത പിന്തിരിപ്പൻ എന്ന ഇമേജാണ് സൃഷ്ടിക്കുന്നത്. എന്നാൽ വ്യക്തി ജീവിതത്തിലെ പിണറായി ഈ രീതിയിലേ അല്ലെന്ന് കണ്ണൂരുകാർക്കെങ്കിലുമറിയാം. മൃദുഭാഷിയായ, മറ്റുള്ളവർ പറയുന്നതുമുഴുവൻ ക്ഷമയോടെ കേൾക്കുന്ന, ആർക്കും ഏത് സഹായത്തിനും വിളിക്കാവുന്ന (മിസ്‌കാളിനുപോലും തിരച്ചുവിളിക്കണമെന്ന് പിണറായിക്ക് നിർബന്ധമുള്ളകാര്യമാണ്) ആരെക്കുറിച്ചും പരദൂഷണം പറയാത്ത, നടക്കാത്തകാര്യങ്ങൾ മൊത്തം ശരിയാക്കാമെന്ന് വാഗ്ദാനം കൊടുക്കാത്ത, റിയലിസ്റ്റിക്കായ ഒരു നേതാവ്. പക്ഷേ പ്രചാരണം മറിച്ചും. ഇതുമനസ്സിലാക്കി ആധുനികാലത്ത് അൽപ്പം ലൈവാകാനും, മീഡിയാ സൗഹൃദത്തിലേക്ക് സംഭാഷണം മാറ്റാനും പിണറായി ശ്രമിക്കാറുമില്ല. കമ്യൂണിസ്റ്റ് നേതാക്കൾ ഇതുപോലയായിരക്കണം എന്ന തോന്നൽ വന്നതോടെ കുട്ടിനേതാക്കളും ഇതേ ശൈലി പിന്തുടരുന്നു. പി.കെ ശ്രീമതി ടീച്ചർപോലും പിണറായിയെ അനുകരിച്ച് സംസാരിക്കുന്നതായാണ് തോന്നുക![BLURB#2-VR]
ഇ പി ജയരാജന്റെകാര്യത്തിലും പി ജയരാജന്റെ കാര്യത്തിലും ഇത് അതുപോലെ ബാധകമാണ്. വ്യക്തി ജീവതത്തിൽ അവർക്കില്ലാത്ത കാര്യങ്ങളാണ് പൊതുജീവിതത്തിൽ പ്രൊജക്റ്റ് ചെയ്യപ്പെടുന്നത്. നല്ല വായനയും ഒന്നാന്തരം നർമ്മബോധവുമുള്ള പി.ജയരാജന് കൊലയാളി ഇമേജാണ് സൃഷ്ടിക്കപ്പെടുന്നത്. ഇ പി ജയരാജനാവട്ടെ അപക്വമായ പരസ്യ പ്രസ്താവനകളും പൊതുപ്രസംഗങ്ങളും വഴി സ്വയം നാണംകെടുകയാണെന്നത് ആരും അദ്ദേഹത്തിന്റെ മുഖത്തുനോക്കി പറയുന്നില്ല.
അവധാനതയോടെ ബേബി, 'ബ്‌ളാ ബ്‌ളാ ബ്‌ളാ'യുമായി ആനത്തലവട്ടം
പണ്ട് എസ്എഫ്‌ഐയുടെ പഠനക്‌ളാസുകളിലൊക്കെ സ്ഥിരിമായി ഉണ്ടാവുമായിരുന്ന ഒരു ഐറ്റമായിരുന്നു ആറ്റിക്കുറുക്കിയുള്ള പ്രസംഗപരിശീലനം. അതായത് നിങ്ങൾ പത്തുമിനിട്ട് എടുത്ത് പറയുന്ന ഒരു കാര്യത്തെ, പ്രധാന പോയിന്റുകൾ ഒന്നും വിട്ടുപോകാതെ ചുരുക്കി എങ്ങനെ അഞ്ചുമിനിട്ടിൽ അവതരിപ്പിക്കാം, അതിനെതന്നെ ഒന്നുകൂടി ചുരുക്കി എങ്ങനെ മൂന്നുമിനുട്ടാക്കാം എന്ന ലൈവ് ഡെമോ. സിപിഎമ്മിനെ പ്രതിനിധീകരിച്ച് ചാനൽ ചർച്ചകളിൽ പങ്കെടുക്കുന്നവർക്ക് ഇങ്ങനെയൊരു പരിശീലിന ക്‌ളാസ് പാർട്ടി അത്യാവശ്യമായി കൊടുക്കേണ്ടതുണ്ട്. പാർട്ടി പിബി അംഗം എം എ ബേബിയെനോക്കൂ.
അവധാനതയോടെ, ഉത്കൃഷ്ടമായി, നൈരന്ത്യര്യം, കർമ ഷണ്ഡ്വത്വം എന്നൊക്കെ പറഞ്ഞ് ചാനൽചർച്ചകളിലും മറ്റും സസാരിക്കുന്ന നേതാവ് ഇന്ന് ഇദ്ദേഹം മാത്രമായിരിക്കും.
പച്ചമലയാളത്തിൽ സ്ഫുടമായി സംസാരിക്കുന്ന പ്രേമചന്ദ്രനെ വേണോ, അതോ ഹലുവ പല്ലിന്റെയുള്ളിൽ കുടുങ്ങിയതുപോലെ, ആഗോള സാഹിത്യ ജാടയിൽ സംസാരിക്കുന്ന ബേബി വേണോയെന്ന് ജനം തീരുമാനിച്ചുപോയാൽ അതിൽ തെറ്റുപറയാനാവില്ല. സിബിഎസ്ഇ ഇംഗ്‌ളീഷ് മീഡിയം ജ്വരം കത്തിക്കയറുന്ന ഇക്കാലത്ത്, മലയാളവാക്കുകൾപോലും മരിയാദക്ക് അറിയാത്ത നവവോട്ടർമാർ 'പ്രാക്കുളം ചെഗുവേരയുടെ', 'കർമ്മ കുശലതയും' 'ഉത്കൃഷ്ടതയുമൊക്കെ' കണ്ട് അമ്പരന്നു പോവുകയാണ്. കൊല്ലത്തെ വോട്ടർമാർ എന്തിന് താങ്കൾക്ക് വോട്ടുചെയ്യണമെന്ന് ചോദിച്ചാൽ, ആദ്യ ആഗോള ലോകക്രമവും, പീന്നീട് ഇന്ത്യൻ സാഹചര്യവും 'വിഘടനവാദികളും പ്രതിക്രിയാവാദികളും തമ്മിലെ അന്തർധാരയെക്കുറിച്ചും' സംസാരിച്ച് ബോറടിപ്പിക്കും. അതുകൊണ്ട്തന്നെ ചാനൽ ആങ്കർ 'നമുക്ക് തിരച്ചത്തൊം' എന്ന നിലവിളിയോടുകൂടി പ്രേമചന്ദ്രനിലേക്ക് കടക്കും. പ്രേമനാകട്ടെ, തനിക്കുകിട്ടിയ മൂന്നോനാലോ മിനിറ്റിനുള്ളിൽ ആറ്റിക്കുറുക്കി ഉജ്വലമായി തന്റെ കേസുവാദിക്കും. ( സോളാർ സമരത്തിലും മറ്റും തലേന്നുവരെ ഉഗ്രൻ പ്രസംഗങ്ങൾ നടത്തി, തൊട്ടടുത്ത ദിവസം ഉമ്മൻ ചാണ്ടിയെയും യു.ഡി.എഫിനെയും പുകഴ്‌ത്തുന്നവന് പിണറായി പറഞ്ഞവാക്കുതന്നെയായിരുന്നു യോജിക്കുന്നത്. അത് ഇലക്ഷൻ കാലത്ത് പറഞ്ഞതാണ് വിനയായത്) അപ്പുറത്ത് ഒരു പുഛച്ചിരിയുമായി ഇരിക്കുന്ന ബേബി ഇതിനൊന്നും മറുപടിപറയാതെ, 'അരിയെത്ര പയറഞ്ഞാഴി' മോഡലിൽ വീണ്ടും എന്തൊക്കെയോ പറയും. പറഞ്ഞ് ഒരു പോയന്റിലേക്ക് എത്തുമ്പോഴേക്കും അവതാരകന് മടുത്തിരിക്കും. സത്യത്തിൽ സിനിമ,സാഹിത്യം, സംഗീതം തൊട്ട് എത് വിഷയങ്ങളിലും അപാരമായ ജ്ഞാനമുള്ളയാളാണ് ബേബി. പ്രേമചന്ദ്രനൊന്നും വിജ്ഞാനത്തിന്റെ കാര്യത്തിൽ ബേബിയുടെ ഏഴയലത്തുവരില്ല. പക്ഷേ പറയുന്നത് കൃത്യമായി, മറ്റുള്ളവർക്കുകൂടി ബോധ്യപ്പെടുന്നരീതിയിൽ പറയേണ്ടേ. ബേബിയുടെ തോൽവിക്ക് ഇതും ഒരു കാരണമായിട്ടുണ്ട്.
ആനത്തലവട്ടം ആനന്ദനും, എം.വി ജയരാജനുമാണ് പാർട്ടി വക്താക്കളായത്തെി സ്ഥിരമായി ബോറടിപ്പിക്കുന്ന രണ്ടുപേർ. വ്യക്തി ജീവിതത്തിലും പൊതുജീവിതത്തിലും അങ്ങേയറ്റം മാന്യനായ അനത്തലവട്ടത്തിന്, പി സി ജോർജിനോടും, കെ സുരേന്ദ്രനോടും, രാജ്‌മോഹൻ ഉണ്ണിത്താനോടൊന്നും വായിട്ട് അലച്ച് ജയിക്കാനുള്ള ആമ്പിയറില്ല. അങ്ങനത്തവർ ചാനലുകളുടെ 'വാചക വയറിളക്കങ്ങളിലേക്ക്' പോകരുത്. പലപ്പോഴും പലവിധ സംഘടനാ തിരക്കുകൾക്കിടയിൽനിന്നും ഓടിപ്പിടിച്ച് ചാനൽ സ്റ്റുഡിയോകളിലേക്ക് എത്തുന്നതിനാൽ, അന്നത്തെ പത്രം വായിച്ചിട്ടുണ്ടോ എന്ന് സംശയംതോന്നുന്നരീതിയിൽ ദുർബലമാണ് ആനത്തലവട്ടത്തിന്റെ മറുപടികൾ.
കേരളത്തിൽ എത്ര കൊക്കുണ്ടെന്ന് ചോദിച്ചാൽ, നികേഷ് കുളക്കോഴികളുടെ വംശനാശമാണ് കേരളം നേരിടുന്ന ഏറ്റവും വലിയ ഭീഷണി എന്നായിരിക്കും എം വി ജയരാജന്റെ മറുപടി. വല്ലാത്ത കൃത്രിമത്വം തോനിക്കുന്ന ഒരു ഭാഷയുമായി എന്തൊക്കെയോ പറയുകയാണ് അദ്ദേഹത്തിന്റെ രീതി. ജഡ്ജിമാരെ ശുംഭനെന്ന് വിളിച്ച് കേസ് കോടതിയിലത്തെിയപ്പോൾ ശുംഭൻ എന്നവാക്കിന് ശോഭിക്കുന്നവൻ എന്നർഥംമുണ്ടെന്ന് വാദിച്ചയാളാണ് എം വി അതുപോലെ തന്നെയാണ് അദ്ദേഹത്തിന്റെ ചാനൽ ചർച്ചയ്ക്കും. വാലും തലയും ഉണ്ടാവില്ല.
'ബാസിട്ട്' ശർമ; ചാടിക്കടിച്ച് സ്വരാജ്
ചിലരുടെ ഭാഷയും ശരീരഭാഷയും മാറുന്നത് അധികാരത്തിലത്തെുമ്പോഴാണ്. ഒരുകാലത്ത് ഡിവൈഎഫ്‌ഐയുടെ തീപ്പൊരി നേതാവിയിരുന്നു എസ് ശർമ്മ. എന്നാൽ മന്ത്രിയാതോടുകൂടി ശർമ്മയുടെ സംസാരരീതിവരെ മാറി. നാടക നടന്മാരെപ്പോലെ 'ബാസിട്ട്' നിർത്തിനിർത്തി ,ഉലക്ക വിഴുങ്ങിയതുപോലായി സംസാരം! എറ്റവും താഴേക്കിടയിലെ തൊഴിലാളികൾക്കിടയിൽനിന്ന,് അവരുടെ നാക്കായി, തെരുവിന്റെ ജിഹ്വയായി, വളർന്നുവന്നയാളാണ് കോഴിക്കോട്ടെ എളമരം കരീം. എന്നാൽ കിനാലൂർ സമരകാലത്തൊക്കെ അദ്ദേഹം മാദ്ധ്യമപ്രവർത്തകർക്കുനേരെ പറഞ്ഞതൊന്നും എഴുതാൻകൊള്ളില്ല. വി ശിവൻകുട്ടിയും, കോലിയക്കോട് കൃഷ്ണൻനായരുമൊക്കെ പൊതുവേദികിൽ കാണിക്കുന്ന ധിക്കാരവും, അന്തസില്ലാത്ത പെരുമാറ്റവുമൊക്കെ ഒരു കമ്യൂണിസ്റ്റ് പാർട്ടിക്ക് ഭൂഷണമാണോ എന്ന് പരിശോധിക്കേണ്ടതാണ്. ഇവരൊക്കെ ഒരു പ്രസംഗം നടത്തിയാൽ അവിടെ എൽഡിഎഫിന് നൂറുവോട്ടുകുറയും! (ഇത്തരം നേതാക്കളോടുള്ള അമർഷം തന്നെയാണ്, സമരക്കാരെ തെറിപറഞ്ഞ ആ വീട്ടമ്മക്ക് ഇത്രയധികം കൈയടി നേടിക്കൊടുത്തതും)
ഇനി ഒന്നാന്തരമായി സംസാരിക്കാനറിയാവുന്ന ചിലരെ അവരുടെ ധാർഷ്ട്യംകൊണ്ടുതന്നെ ചാനലുകാർ വിളിക്കാറില്ല. ഉദാഹരണമായി ഡിവൈഎഫ്‌ഐ നേതാവ് എം സ്വരാജിനെ നോക്കുക. ഒരു ചർച്ചക്ക് വിളിച്ചാൽ, ആദ്യംതന്നെ അയാൾ ചാനൽ അവതാരകനെ പരിഹസിച്ചു കൊണ്ടാണ് തുടങ്ങുക. നിങ്ങൾ സിപിഎമ്മിനെക്കുറിച്ച് ഒന്നുമറിയില്ലെന്നും ഈ മാതിരി വിവരക്കേടുകൾ ചോദ്യരൂപത്തിൽ എഴുന്നള്ളിക്കരുതെന്നും. ചില ചെറിയ വസ്തുതാപരമായ തെറ്റുകൾ അവതാരാകന്റെ ചോദ്യത്തിലുമുണ്ടാകും. പക്ഷേ താൻ സ്വയം പരിഹസിക്കപ്പെടുന്നത് കാണാൻ ആരാണ് ആഗ്രഹിക്കുക. അതുകൊണ്ടുതന്നെ സ്വരാജിനെ ചാനലുകാർ അധികം വിളിക്കാറുമില്ല. അവർക്ക് പ്രിയം ആനത്തലവട്ടത്തിന്റെയും എം വി ജയരാജന്റെയും 'ബ്‌ളാ ബ്‌ളാ ബ്‌ളാ'യാണ്. പക്ഷേ തനിക്ക് കിട്ടിയ ഈ അവസരം, പാർട്ടിക്ക് ഗുണകരമായി വിനിയോഗിക്കാൻ അൽപ്പം സഹിഷ്ണുത സ്വരാജിനും കാട്ടാം. താൻ സദാ ശത്രുക്കളാൽ വലയപ്പെട്ടിരിക്കാണെന്ന അബോധമായ ഭീതിവച്ചുപുലർത്തുന്നതുപോലെ, കണ്ടാൽ ചിരിക്കുന്നവനോടുപോലും പുഞ്ചിരിക്കാത്ത ദൃഢമായ പ്രതിച്ഛായ സ്വരാജിനോ പാർട്ടിക്കോ ഗുണംചെയ്യുമെന്ന് തോനുന്നില്ല. അടുത്തകാലത്തായി അദ്ദേഹം, സ്വരം മയപ്പെടുത്തി അൽപ്പം മെച്ചപ്പെട്ടിട്ടുണ്ടെന്നതും സത്യമാണ്.
എം ബി രാജേഷ്, കെ എൻ ബാലഗോപാൽ, രാജു എബ്രഹാം, ബി രാജീവ് എന്നീ യുവനേതാക്കൾ വളരെ സ്ഫുടമായും കൃത്യമായും കാര്യം പറയുന്നുണ്ട്. (ഒരു ചർച്ചയിൽ രാജേഷ്, ദേഹമാസകലം നാക്കുള്ള അഡ്വക്കേറ്റ് ജയശങ്കറിനെപോലും മലർത്തിയടിക്കുന്നതുകണ്ടു)ഡോ. തോമസ് ഐസക്ക്, പി ജയരാജൻ എന്നിവർക്കും നന്നായികാര്യം സമർഥിക്കാൻ കഴിയുന്നുണ്ട്. പക്ഷേ ഭൂരിഭാഗവും മേൽപ്പറഞ്ഞ ശിവൻകുട്ടി മോഡലായതിനാൽ നിഷ്പക്ഷർ ഈ പാർട്ടിമൊത്തമായി അഹങ്കാരികളാണെന്ന ധാരണവരുന്നു. കേരളത്തിൽ അതിവേഗം വർധിച്ചുവരുന്ന അപ്പർമിഡിൽ ക്‌ളാസുകാരിൽ നല്ലൊരു ശതമാനത്തിന്റെതുമായ മതേതരവോട്ടുകൾ ഒലിച്ചുപോവാനാണ് ഇതിടയാക്കുന്നത്.
'അഹങ്കാരി' വിജയരാഘവനും, പാവം രാഘവേട്ടനും!
ഉദാഹരണമായി കോഴിക്കോട് ഇക്കഴിഞ്ഞ പാർലിമെന്റ് തിരഞ്ഞെടുപ്പിൽ എ വിജയരാഘവനും, എം കെ രാഘവനും തമ്മിൽ മൽസരിച്ചപ്പോൾ പൊതുജനങ്ങൾക്കുണ്ടായ അഭിപ്രായം എന്താണെന്ന് നോക്കുക. ചാനൽ ചർച്ചകളിലെ വെട്ടൊന്ന് മുറി രണ്ട് വർത്തമാനങ്ങളും, പ്രസംഗങ്ങളിലെ ശരീരഭാഷയും വച്ച് ഒന്നാന്തരം അഹങ്കാരിയെന്ന പേര് വിജയരാഘവന് ഉറച്ചുപോയി. സിറ്റിങ് എംപി എം കെ രാഘവനാവട്ടെ, കല്യാണവീടുകളുലും മരണവീടുകളിലും ഓടിയത്തെിയും, ക്‌ളബുകളിലെ കാരംസ് കളിയൊക്കെ ഉദ്ഘാടനം ചെയ്തും ആർക്കും ഏത് നിമിഷവും സമീപിക്കാവുന്ന ജനകീയൻ എന്നപേരും നേടി. കെ എം മാണിയുടെപേരി മാണിസാറായതുപോലെ, കണ്ണൂരിൽനിന്ന് കോഴിക്കോടത്തെിയ എം കെ രാഘവൻ ചുരുങ്ങിയകാലം കൊണ്ട് നാട്ടുകാരുടെ രാഘവേട്ടനായി. എന്നാൽ ഒരു എംപി എന്ന നിലയിൽ കോഴിക്കോടിന്റെ പ്രശ്‌നങ്ങൾ ഉയർത്തിക്കൊണ്ടുവരുന്നതിലും, പാർലിമെന്റേറിയൻ എന്ന നിലയിൽ നിയമ നിർമ്മാണ സഭകളിലെ പ്രവർത്തനങ്ങളിൽ ഇടപെടാനോ (അതാണല്ലോ, ഒരു എംപിയുടെ പ്രധാന ജോലി) അദ്ദേഹത്തിന് വേണ്ടത്ര കഴിഞ്ഞിട്ടില്ല. പക്ഷേ കഴിഞ്ഞതവണ ഉണ്ടായിരുന്ന യുഡിഎഫ് എംപിമാരേക്കാൾ എത്രയോ ഭേദമാണ് രാഘവേട്ടനെന്നത് സത്യമാണ്.[BLURB#3-H]
പക്ഷേ ഒരു പാർലിമെന്റേറിയൻ എന്ന നിലയിൽ രാഘവനേക്കാൾ തിളങ്ങാൻ കഴിയുക വിജയരാഘവനായിരുന്നെത് വസ്തുതയാണ്. വിജയരാഘവന് പാണ്ഡിത്യമുണ്ട്, ഭാഷാപ്രാവീണ്യമുണ്ട്, മികച്ച രാജ്യസഭാംഗം എന്നപേരുമുണ്ട്. കേരളത്തിൽ കോഴിക്കോട് പാർലിമെന്റ് മണ്ഡലത്തിലാണ് സിപിഎമ്മിന് ഏറ്റവും കൂടുതൽ പാർട്ടി വോട്ടുകൾ ഉള്ളതും. അതുകൊണ്ട് എത് നിലക്കും വിജയം സുനിശ്ചിതമെന്ന രീതിയിലാണ് ഇടതുപക്ഷം നീങ്ങിയത്. പക്ഷേ വോട്ടെണ്ണിയപ്പോൾ എല്ലാം തകർന്നു. മോദിപ്പേടിയിൽ ന്യൂനപക്ഷവോട്ടുകളുടെ കേന്ദ്രീകരണവും, ടി പി വധമടക്കമുള്ള പ്രശ്‌നങ്ങളും ഉണ്ടായിരുന്നെിലും പ്രധാനകാരണം അതൊന്നുമായിരുന്നില്ല. രാഘവേട്ടൻ ഒരു പാവം സാധാരണക്കാരൻ, വിജയരാഘവൻ കോഴിക്കോട്ടേക്ക് നൂലിൽ കെട്ടിയിറക്കിയ ഒരു അഹങ്കാരി എന്ന നിലയിലാണ് സാധാരണക്കാരൻ എടുത്തത്. സത്യത്തിൽ എറ്റവും അടിസ്ഥാനമേഖലയിൽനിന്ന് പൊരുതിക്കയറിവന്ന അസാമാന്യമായ അതിജീവനത്തിന്റെ കഥയാണ് എ വിജയരാഘവന്റെ ജീവിതം. അർധപട്ടിണിക്കാരായ കർഷകത്തൊഴിലാളി കുടുംബത്തിൽ ജനിച്ച്, ഹോട്ടലുകളിൽ തൊഴിലാളിയായി ജോലിചെയ്തു, പാർട്ടി ഓഫീസിലെ ബെഞ്ചിൽ കിടന്നുറങ്ങിയുമാണ് അദ്ദേഹം പഠിച്ച് ഉയർന്ന ബിരുദങ്ങൾ കരസ്ഥമാക്കിയത്. ആ വിജയരാഘവനുപോലും സാധാരണക്കാരുടെ പ്രതിനിധിയായി അറിയപ്പെടുന്നില്ലെങ്കിൽ, നേതാക്കളുടെ ശരീരഭാഷ എത്ര മാരകമായി പാർട്ടിയെ ബാധിച്ചുവെന്നു കാണാം. അതായത് കാലത്തിനനുസരിച്ച് ശരീരഭാഷയും സംസാരവും മാറ്റിയില്ലെങ്കിൽ ജനം പാർട്ടിയെമാറ്റുമെന്ന് ചുരുക്കം.
വാൽക്കഷ്ണം: ശ്രമിച്ചാൽ ആർക്കും മാറാമെന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് നമ്മുടെ വി എസ്. 15വർഷംമുമ്പുവരെ ന്യൂനപക്ഷവിരുദ്ധനും, വികസനവിരുദ്ധനും, വെട്ടിനിരത്തൽ സമരക്കാരനുമായിരുന്നു അദ്ദേഹം. വി എസിന്റെ പ്രവർത്തനങ്ങൾ ദൃശ്യമാദ്ധ്യമങ്ങളിലെ ചെറുപ്പക്കാരുടെ പിന്തുണ നന്നായികിട്ടയതോടെ, അദ്ദേഹത്തിന്റെ ഇമേജ്തന്നെ മാറി. നാടോടുമ്പോൾ നടുവെയെന്നത് ആരു മറന്നുപോവരുത്.