പാലക്കാട്: തെരുവോരത്തു പൊടുന്നനെ ഒരിന്ദ്രജാലക്കാരൻ എത്തുന്നു. ചുറ്റും ആൾക്കൂട്ടത്തിന്റെ വൃത്തം രൂപം കൊണ്ടു. ആൾക്കൂട്ടത്തെ കയ്യിലെടുക്കാൻ ഉഗ്രരായ പാമ്പുകളെ വച്ച് ഒരു പ്രദർശനം. പാമ്പിനെക്കുറിച്ചുള്ള ഒരു ക്ലാസ്സ് കൂടിയാണ് ഈ പൊടിക്കൈകൾ.

കാണികളുടെ കൈയടിക്കിടെ ഉള്ളിൽ ഒന്നുമില്ലാത്ത കുട്ട എടുത്തുകാണിക്കുന്നു. പിന്നെ പോക്കറ്റിൽ നിന്ന് ഒരു ഉണങ്ങിയ മാങ്ങയണ്ടി കാണികളെ കാണിക്കുന്നു. അത് യഥാർത്ഥ മാങ്ങയണ്ടിയാണെന്നു കാണികളെ കൊണ്ട് ഉറപ്പു വരുത്തിക്കുന്നു. പിന്നെ അതിനെ ചെറിയൊരു മൺപ്പൂചട്ടിയിലെ മണ്ണിൽ കുഴിച്ചിടുന്നു. മുളയ്ക്കാൻ വെള്ളം നനയ്ക്കുന്നു. പിന്നെ കുട്ട കൊണ്ടടയ്ക്കുന്നു. പിന്നെ മകുടിയൂതുന്നു. നിമിഷങ്ങൾക്കുള്ളിൽ കൂട തുറന്നപ്പോൾ അതാ ഒരു ചെറിയ മാവിൻതൈ.

വീണ്ടും കുട്ട അടച്ച് മകുടിയൂതിത്തുടങ്ങി. നിമിഷങ്ങൾക്കകം കൂട തുറന്നപ്പോൾ മാവിൻതൈ പൂത്ത് കായ്ച്ച് കണ്ണിമാങ്ങകളും മൂക്കാറായ മാങ്ങകളുമായി നിൽക്കുന്നു. മാങ്ങ പറിച്ചെടുത്ത് കറ കാണിച്ചിട്ടും വിശ്വാസം വരാതെ കാണികൾ. മാങ്ങ മുറിച്ച് അവിടെ നിൽക്കുന്നവർക്ക് കഴിക്കാൻ കൊടുക്കുന്നു.ഒരു മറയുമില്ലാതെ തെരുവിലാണ് അതിരുകളില്ലാത്ത ഈ വിസ്മയം. ഇതാണ് ലോകവിസ്മയമായ ഗ്രീൻ മാംഗോ ട്രീ ട്രിക്ക്.

ലോകപ്രശസ്ത വിദേശമാന്ത്രികരെല്ലാം എത്ര പണം വേണമെങ്കിലും തരാം, ഈ പച്ചമാങ്ങാ വിദ്യയുടെ രഹസ്യം പറഞ്ഞു തരൂ എന്നു കെഞ്ചി ഈ തെരുവുമാന്ത്രികന്റെ പിന്നാലെയുണ്ട്. ഭാരതത്തിന്റെ ഇന്ദ്രജാലവിസ്മയങ്ങൾ വിദേശികളുമായി പങ്കിടാൻ തന്റെ മനസ്സനുവദിക്കുന്നില്ലെന്ന് ലോകപ്രശസ്തമായ ഈ മാജിക്കിന്റെ ഉടമ. ലോകത്ത് പച്ചമാങ്ങ ജാലവിദ്യ പ്രദർശിപ്പിക്കുന്ന ഏകയാൾ എന്ന പദവിയുടെ ഉയരങ്ങളിൽ നിൽക്കുന്ന ഇദ്ദേഹമാണ് ചെർപ്പുളശ്ശേരി ലക്ഷം വീട് കോളനിയിലെ ഷംസുദ്ദീൻ.

പതിമൂന്നുവയസ്സിൽ വാപ്പ ഹസ്സൻ സാഹിബിന് സുഖമില്ലാതായതു മുതൽ ഷംസുദ്ദീൻ കുടുംബം പോറ്റാൻ ജാലവിദ്യയുമായി തെരുവിലേക്കിറങ്ങി. കുടുംബത്തിന്റെ വിശപ്പകറ്റാൻ ഈ പാരമ്പര്യസ്വത്താണ് കൈവശമുണ്ടായിരുന്നത്. ഓർമ്മയിൽ അഞ്ചുതലമുറ മുതൽ ഷംസുദ്ദീന്റെ കുടുംബം ഈ തൊഴിലാണ് ചെയ്തു വന്നിരുന്നത്. ഷംസുദ്ദീന്റെ വാപ്പ ഹസ്സൻ സാഹിബ് ഇതുപഠിച്ചത് അദ്ദേഹത്തിന്റെ വാപ്പ കാസിം സാഹിബിൽനിന്ന്. അങ്ങനെ അഞ്ചു തലമുറകളുടെ കഥ ഷംസുദ്ദീന് അറിയാം. എന്നാൽ ഇപ്പോൾ ഈ പച്ചമാങ്ങാ മാജിക് ലോകത്ത് അവതരിപ്പിക്കാൻ ഷംസുദ്ദീന് മാത്രമേ കഴിയൂ. മൂന്ന് ആൺമക്കളെ പഠിപ്പിച്ചിട്ടുണ്ടെങ്കിലും അവരത് അവതരിപ്പിക്കാൻ തുടങ്ങിയിട്ടില്ല.

ജീവിതം ഒരു ജാലവിദ്യ പോലെയാണ് ഷംസുദ്ദീന്. പിതാനിനൊപ്പം ജാലവിദ്യ കാണിക്കാൻ നടക്കുന്ന നാളുകളിലാണ് സ്വന്തമായി ജാലവിദ്യ കാണിക്കുന്നത്. ഇന്ത്യൻ മാംഗോ ട്രീ ട്രിക്കിനു പുറമേ ഇന്ത്യൻ റോപ്പ് ട്രിക്ക്‌സ് പോലുള്ള നിരവധി മാജിക്കുകൾ ഷംസുദ്ദീന്റേതായുണ്ട്. ഒരു കുട്ടയിൽ സാധാരണ കയർ ഇടുന്നു. മകുടി ഊതുമ്പോൾ മൂടിവച്ച കുട്ടയുടെ മൂടി തുറന്ന് കയർ പുറത്തേക്ക് ഒരു വടി പോലെ നേരെ പൊന്തി വരുന്നു. കയറിന്റെ നീളം അവസാനിക്കുമ്പോൾ വടി പോലെ നിൽക്കുന്ന കയറിൽ 12 വയസ്സുള്ള ഒരാൺകുട്ടിക്ക് കയറാം. പിന്നീട് മകുടി ഊതുമ്പോൾ കയർ സാധാരണ പോലെ അയഞ്ഞ് കുട്ടയിലേക്ക് വീഴും.

ഇതുപോലെ സ്വന്തമായി കൈവശമുള്ള ഒരു ജാലവിദ്യയുടേയും രഹസ്യങ്ങൾ കൈമാറി കോടീശ്വരനാകാൻ ഷംസുദ്ദീനില്ല.
ഷംസുദ്ദീന്റെ സുഹൃത്തായ ഗോപിനാഥ് മുതുകാട് മുഖേന പ്രശസ്ത ജാപ്പനീസ് എഴുത്തുകാരി ഷംസുദ്ദീനെ തേടി വന്നിരുന്നു. ഈ ജാലവിദ്യയുടെ തന്ത്രം പറഞ്ഞു കൊടുത്താൽ എത്ര പണം വേണമെങ്കിലും കൊടുക്കാമെന്നതായിരുന്നു ഓഫർ. പക്ഷെ ഷംസുദ്ദീൻ വഴങ്ങിയില്ല. ലോക മായാജാലത്തിലെ അത്ഭുത പ്രതിഭകളെക്കുറിച്ച് അവർ എഴുതിയ വീൽ ഓഫ് ഡെസ്റ്റിനി എന്ന പുസ്തകത്തിൽ ഷംസുദ്ദീന്റെ പ്രകടനങ്ങളും സ്ഥാനം പിടിച്ചു.

മാജിക്കിനു പുറമെ വിഷപ്പാമ്പുകളുടെ തോഴൻ കൂടിയാണ് ഷംസുദ്ദീൻ. എത്ര വലിയ വിഷപ്പാമ്പും ഷംസുദ്ദീന്റെ മുമ്പിൽ അനുസരണയോടെ നിൽക്കും. നേരത്തെ നിരവധി വിഷപ്പാമ്പുകൾ ഷംസുദ്ദീന്റെ വീട്ടിൽ ഉണ്ടായിരുന്നു. ഷംസുദ്ദീന്റെ പേരക്കുട്ടി രണ്ടു വയസ്സുകാരി വലിയ മൂർഖൻ പാമ്പിനെ കഴുത്തിലും ശരീരത്തിലുമണിഞ്ഞ് കളിക്കാറുണ്ടായിരുന്നു. കുട്ടികൾ വരെ പാമ്പുകളെ കളിപ്പാട്ടങ്ങളായാണ് കണ്ടിരുന്നത്. ഇതിന്റെ വീഡിയോ യൂട്യൂബിൽ വന്നതു കണ്ട് കുട്ടികളേയും പാമ്പിനേയും പീഡിപ്പിക്കുന്നതായി പറഞ്ഞ് ചില ഉദ്യോഗസ്ഥർ വീട്ടിലെത്തിയിരുന്നു. തുടർന്ന് വീട്ടിൽ പാമ്പുകളെ സൂക്ഷിക്കുന്നതു നിർത്തി. കണ്ണപ്പനുണ്ണി എന്ന സിനിമക്കായി പിതാവിനൊപ്പം പാമ്പുകളുമായി ഷംസുദ്ദീൻ ഷൂട്ടിങ്ങിനു പോയിട്ടുണ്ട്. തുടർന്ന് നിരവധി സിനിമകൾക്ക് ഷൂട്ടിങ്ങിനായി പാമ്പുകളെ നൽകിയിട്ടുണ്ട്. സിനിമകളിൽ പാമ്പിനെ കൊണ്ട് അഭിനയിപ്പിക്കുന്നത് ഷംസുദ്ദീനാണ്. അടുത്ത കാലം വരെ ഇറങ്ങിയ സിനിമകളിലെല്ലാം ഷംസുദ്ദീൻ പാമ്പുകളെക്കൊണ്ട് അഭിനയിപ്പിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ മിക്ക താരങ്ങളും സംവിധായകരും ഷംസുദ്ദീന്റെ സുഹ്യത്തുകളാണ്.

തെരുവുമാന്ത്രികൻ എന്ന നിലയിൽ നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുള്ള ഷംസുദ്ദീൻ അടുത്ത കാലത്ത് അബുദാബിയിൽ മുതുകാടിന്റെ കൂടെ പരിപാടി അവതരിപ്പിച്ചിരുന്നു.

(റിപ്പബ്ലിക്ക് ദിനം പ്രമാണിച്ച് നാളെ (26-01-2015) ഓഫീസ് അവധിയായതിനാൽ മറുനാടൻ മലയാളി അപ്‌ഡേഷൻ ഉണ്ടായിരിക്കുന്നതല്ല.)