450 കോടി രൂപ മുടക്കി മംഗളായനെ ചൊവ്വയിലെത്തിച്ചിട്ട് ഇന്ത്യ എന്താണ് ചെയ്യാൻ പോകുന്നത്? ചൊവ്വയെക്കുറിച്ച് യുഎസിന്റെ നിരീക്ഷണ പേടകങ്ങൾ നൽകുന്നതിലുമേറെ വിവരങ്ങൾ നൽകാൻ മംഗൾയാനു കഴിയില്ലെന്ന് ഐഎസ്‌ആർഒയുടെ മുൻ ഡയറക്റ്റർ മാധവൻനായർ തന്നെ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ വാക്കുകളെ കൊതിക്കെറുവ് എന്നു വെറുതെ തള്ളിക്കളയാനാവില്ലല്ലോ. സ്വാഭാവികമായും വളരെ പ്രകോപനപരമായ ഈ ചോദ്യത്തിന് യുക്തിഭദ്രമായ ഉത്തരം നൽകിയേ തീരൂ. അതു നൽകാൻ കഴിയുന്നു എന്നതുകൂടിയാണ് ഈ പരീക്ഷണവിജയത്തിന്റെ പ്രസക്തി.

നാസയുടെ മാർസ് ഒഡീസി, മാർസ് റെക്കണൈസെൻസ് ഓർബിറ്റർ, യൂറോപ്യൻ സ്പേസ് ഏജൻസിയുടെ മാർസ് എക്സ്പ്രസ് എന്നിവ ചൊവ്വയെ വലംവച്ച് വിവരശേഖരണം നടത്തുന്നുണ്ട്. മാർസ് ഒഡീസിയുടെ ഭാഗമായി ചൊവ്വയിലിറങ്ങിയ ക്യൂരിയോസിറ്റി 2020ൽ മനുഷ്യനെ ചൊവ്വയിലെത്തിക്കാനുള്ള പദ്ധതിക്കു മുന്നോടിയാണ്. ചൊവ്വയുടെ കാലാവസ്ഥയും ഭൂപ്രകൃതിയും പഠിക്കുക, സൂക്ഷ്മാണു ജീവികൾക്ക് ജൈവസന്താരണം നടത്താൻ പാകമായ അന്തരീക്ഷമുണ്ടോ എന്നു മനസ്സിലാക്കുക തുടങ്ങി കൃത്യമായ ലക്ഷ്യങ്ങൾ അതിനുണ്ട്. 2004ൽ ചൊവ്വയിലിറങ്ങിയ ഓപ്പർച്യൂണിറ്റി എന്ന റോബോട്ടിക് റോവർ ആവട്ടെ, അതിന്റെ ഉദ്ദിഷ്ട ആയുസ്സിന്റെ നാൽപ്പതുമടങ്ങോളം അധികം ചൊവ്വയിൽ ചെലവഴിച്ചു കഴിഞ്ഞു. ഇപ്പോഴും പ്രവർത്തനക്ഷമമായ ഈ റോവർ, പുറത്തുനിന്ന് ചൊവ്വയിൽ പതിച്ച ഉൽക്കകളെ കുറിച്ചും ചൊവ്വയിലെ വലിയ ഗർത്തങ്ങളെക്കുറിച്ചും മറ്റും വിശദമായി പഠിക്കുന്നു. ചൊവ്വയിലെ വിവിധ തരം പാറകളെ കുറിച്ചും അവയിലടങ്ങിയ മൂലകങ്ങളെ കുറിച്ചും മറ്റും ഓപ്പർച്യൂണിറ്റി വിവരം ശേഖരിക്കുന്നു. അമേരിക്ക ഏറ്റവും ഒടുവിൽ അയച്ച മാവെൻ ആവട്ടെ, ചൊവ്വയുടെ അന്തരീക്ഷത്തിന് ഉണ്ടാവുന്ന മാറ്റങ്ങളെക്കുറിച്ചാണു പഠിക്കുന്നത്. ചുരുക്കത്തിൽ മാധവൻ നായർ പറഞ്ഞതിൽ ഭാഗികമായി കാര്യമുണ്ട്. അമേരിക്ക മനസ്സിലാക്കിയതിൽ കൂടുതലൊന്നും ചൊവ്വയെക്കുറിച്ചറിയാൻ മംഗൾയാൻ ഉപകാരപ്പെട്ടെന്നു വരില്ല. പിന്നെ എന്തിനാണ് ഇങ്ങനെയൊരു പരീക്ഷണം?

ഈ ദൗത്യം കൊണ്ട് ഇന്ത്യ ഉദ്ദേശിക്കുന്ന പ്രധാനകാര്യം സാങ്കേതികമികവ് നേടുക എന്നതാണ്. മുൻകൂട്ടി തീരുമാനിച്ച പഠനലക്ഷ്യങ്ങൾക്കായി ഒരു പേടകം രൂപകൽപ്പന ചെയ്ത എയ്തുവിട്ട് കുറിക്കുകൊള്ളിക്കുന്നതിലെ വൈദഗ്ദ്ധ്യമാണ് ഇന്ത്യ ഇതിലൂടെ തെളിയിക്കുന്നത്. വളരെയേറെ വാണിജ്യമൂല്യമുള്ള കാര്യമാണിത്. ചുരുങ്ങിയ ചെലവിൽ ആദ്യ ശ്രമത്തിൽ തന്നെ ഇത്തരമൊരു നേട്ടം കൈവരിക്കുന്ന ആദ്യ രാഷ്ട്രം കൂടിയാണ് ഇന്ത്യ. ഇപ്പോൾ തന്നെ ഒട്ടേറെ അന്താരാഷ്ട്ര ബഹിരാകാശ മിഷനുകളിൽ ഇന്ത്യയുടെ പിഎസ്‌എൽവിയേയും ജിഎസ്എൽവിയേയും ലോകരാഷ്ട്രങ്ങൾ - വികസിത രാഷ്ട്രങ്ങളടക്കം - ഉപയോഗിക്കുന്നുണ്ട്. ഇന്ത്യ ഇത്തരം പരീക്ഷണങ്ങൾക്കായി മുടക്കുന്നതിനേക്കാൾ കൂടുതൽ വരുമാനം, ഉപഗ്രഹവിക്ഷേപണങ്ങൾക്ക്‌ വാഹനം നൽകുന്നതിലൂടെ നേടാനാവും.

മംഗൾയാനിൽ അഞ്ചു പേലോഡുകളാണ് ഉള്ളത്. അവയിൽ മീഥെയ്ൻ വാതകത്തിന്റെ സാന്നിദ്ധ്യം പഠിക്കാനുള്ള സെൻസർ അടങ്ങിയിരിക്കുന്നു. ഇതൊരു ചെറിയ കാര്യമല്ല. വേനൽക്കാലത്ത് ചൊവ്വയ്ക്ക് മീതെ രൂപം കൊള്ളുന്ന മീഥെയ്‌ൻ മേഘങ്ങൾ എവിടെനിന്ന് ഉത്ഭവിക്കുന്നു എന്നു കൃത്യമായി കണ്ടെത്തേണ്ടതുണ്ട്. ചൊവ്വയിൽ ജൈവസാന്നിദ്ധ്യം ഉണ്ടോ എന്ന് കണ്ടെത്തുന്നതിൽ മീഥെയ്‌ന്റെ സജീവത പ്രധാനസൂചനയാവും നൽകുക. ജൈവപ്രവർത്തനത്തിന്റെ ഭാഗമായാണല്ലോ, ഭൂമിയിൽ മീഥെയ്‌ൻ വാതകം ഉണ്ടാവുന്നത്. വേനലിൽ ചൊവ്വയിൽ മീഥെയ്ൻ മേഘങ്ങൾ തന്നെ രൂപപ്പെടണമെങ്കിൽ തണുപ്പുകാലത്ത് ഉറക്കത്തിലേക്കും വേനൽക്കാലത്ത് സജീവതയിലേക്കും പോകുന്ന സൂക്ഷ്മജീവികളുടെ സാന്നിദ്ധ്യം കണ്ടെന്നുവരില്ലേ? നാസയുടെ ക്യൂരിയോസിറ്റിക്കു മുമ്പേ ഈ കണ്ടെത്തൽ നടത്താൻ ഇന്ത്യയ്ക്കു കഴിഞ്ഞാൽ അതു നിസ്സാരകാര്യമല്ലല്ലോ.

ചൊവ്വയിൽ നേരത്തെ ജലസാന്നിദ്ധ്യമുണ്ടായിരുന്നു എന്ന് സോവിയറ്റ് യൂണിയന്റെ പര്യവേക്ഷണങ്ങളിൽ നിന്നു തന്നെ കണ്ടെത്തിയിരുന്നു. ചൊവ്വയുടെ ഗുരുത്വാകർഷണ ശക്തി താരതമ്യേന കുറവായതിനാൽ അന്തരീക്ഷത്തെ കാര്യക്ഷമമായി പിടിച്ചുനിർത്താനാവില്ലെന്നും ഇതുമൂലം ചൊവ്വയിലെ ജലം നഷ്ടമായി എന്നുമാണ് കരുതപ്പെടുന്നത്. അങ്ങനെയെങ്കിൽ ചൊവ്വയിൽ നിന്നു ബഹിരാകാശത്തേക്ക് നഷ്ടപ്പെട്ട ജലത്തിന്റെ അളവ് കണക്കാക്കാൻ കഴിയുമോ? അവ ഏതുകാലത്താണ് നഷ്ടപ്പെട്ടത് എന്നു കണ്ടെത്താനാവുമോ? ഭൂതകാലത്ത് ചൊവ്വയിൽ ജീവനുണ്ടായിരുന്നെങ്കിൽ തന്നെ, അത് ഏതു കാലത്തായിരുന്നു എന്ന് മനസ്സിലാക്കാൻ ഈ പഠനം ഉപകരിക്കും. ഉണ്ടായിരുന്ന ജീവൻ നഷ്ടമായതാണെങ്കിൽ അതിനുള്ള കാരണങ്ങളും കണ്ടെത്താനാവും. ചൊവ്വയുടെ ഉപരിതലത്തിലെ ഡ്യൂറ്റീരിയത്തിന്റെയും ഹൈഡ്രജന്റെയും അനുപാതം അളന്നാൽ ഇത്തരം പല ചോദ്യങ്ങൾക്കും ഉത്തരം കണ്ടെത്താനായേക്കും. ലൈമൻ ആൽഫാ ഫോട്ടോമീറ്റർ എന്ന ഉപകരണം നിർവ്വഹിക്കുക, ഈ കർത്തവ്യമാവും.

ഈ രണ്ടുപകരണങ്ങൾ തന്നെ ഉദ്ദേശിച്ച രീതിയിൽ പ്രവർത്തിച്ചാൽ അമേരിക്കയുടെ ചൊവ്വാ പര്യവേക്ഷണങ്ങളെ കവച്ചുവയ്ക്കാൻ ഇന്ത്യയ്ക്കാവും. ശാസ്ത്രഗവേഷണരംഗത്ത് അതുണ്ടാക്കുന്ന ഭൗതിക നേട്ടവും, ഇന്ത്യയ്ക്ക്‌ ലോകരാഷ്ട്രങ്ങളുടെ ഇടയ്ക്ക് ലഭിക്കുന്ന ബഹുമാനവും അന്തസും പകരം വയ്ക്കാനാവുന്നതല്ല.

അന്തരീക്ഷത്തിന്റെ 500 കിലോമീറ്ററിനു മുകളിലുള്ള എക്സ്‌സോസ്ഫിയറിലെ കണികാചേരുവയും അവയുടെ സാന്ദ്രതയും പഠിക്കുകയാണ് മറ്റൊരു പദ്ധതി. അതിനായി മെൻക എന്ന ചുരുക്കപ്പേരുള്ള സ്പെക്ട്രോമീറ്റർ മംഗൾയാൻ പദ്ധതിയുടെ ഭാഗമാണ്. നാസയുടെ മാവെനും സമാനമായ ലക്ഷ്യമാണ് ഉള്ളത്.

ഉപരിതലഘടനയും ധാതുലവണങ്ങളുടെ വിവരവും മനസ്സിലാക്കാനായി ചൊവ്വയുടെ ഉപരിതലത്തിന്റെ താപനിലയും താപപ്രസരവും അളക്കാൻ തെർമൽ ഇൻഫ്രാറെഡ് ഇമേജിങ് സ്പെക്ട്രോമീറ്റർ ഉൾപ്പെടുത്തിയിരിക്കുന്നു. ഈ താപനില അറിയുന്നത് പ്രധാനകാര്യമാണ്. ചൊവ്വയിൽ വർഷത്തിന്റെ ഓരോ സമയത്തും എങ്ങനെയൊക്കെയാണ് അന്തരീക്ഷ താപനില വ്യത്യാസപ്പെടുന്നത്, ഈ താപവ്യതിയാനങ്ങളെ അതിജീവിക്കാൻ ജൈവസാന്നിദ്ധ്യത്തിനാവുമോ, അവയ്ക്ക് ജീവൻ നിലനിർത്താൻ ആവശ്യമായ അളവിനുള്ളിലാണോ, ധാതുലവണങ്ങളുടെ സാന്നിദ്ധ്യം തുടങ്ങി ഒട്ടേറെ കാര്യങ്ങൾക്ക് ഉത്തരം കണ്ടെത്തേണ്ടതുണ്ട്.

ഉപരിതലത്തിന്റെ ഫോട്ടോ എടുക്കാൻ മാഴ്സ് കളർ ക്യാമറയും മംഗൾയാനിലുണ്ട്. വിക്ഷേപണത്തിന്റെ തുടക്കത്തിൽ തന്നെ ഭൂമിയുടെ ഭ്രമണപഥത്തിൽ നിന്ന് ഇന്ത്യയടങ്ങുന്ന ഭൂഭാഗത്തിന്റെ ചിത്രം എടുത്ത് ഈ ഉപകരണത്തിന്റെ കൃത്യത ഉറപ്പുവരുത്തിയിരുന്നു.

വിവിധ ലോകരാഷ്ട്രങ്ങൾ നടത്തിയ 51 ചൊവ്വാ പര്യവേക്ഷണ പദ്ധതികളിൽ 30ഉം പരാജയമായിരുന്നു എന്നറിയുമ്പോഴാണ്, ഇന്ത്യയുടെ ആദ്യശ്രമത്തിലെ വിജയത്തിന്റെ മധുരം ശരിക്കും ആസ്വദിക്കാനാവുക. 2011 നവംബറിൽ ചൊവ്വയിലേക്കുള്ള ആദ്യ ചൈനീസ് ഉപഗ്രഹത്തെ വഹിച്ചുകൊണ്ടുള്ള റഷ്യൻ മിഷൻ പരാജയപ്പെട്ടിരുന്നു. 1998ൽ സമാനമായ ജപ്പാന്റെ പരീക്ഷണവും പരാജയപ്പെട്ടു.