തിരുവനന്തപുരം: സംസ്ഥാനത്തെ വിവാദമായി ഹർത്താലിന്റെ പേരിൽ വാട്‌സ് ആപ്പ് ഗ്രൂപ്പുകളിൽ പൊലീസ് പരിശോധന ശക്തമായിരിക്കയാണ്. ഈ സാഹചര്യത്തിൽ വാട്‌സ് ആപ്പ് അഡ്‌മിൻ ആകുന്നത് ഒരു കുറ്റമാണെന്ന വിധത്തിലേക്ക് കാര്യങ്ങൾ മാറിയിട്ടുണ്ട്. അതുകൊണ്ട് തന്നെ പൊലീസ് നടപടി ശക്തമാക്കിയതോടെ അഡ്‌മിന്മാർ കൂട്ടത്തോടെ രാജിവെച്ച് രക്ഷപെടുകയാണ്. പൊലീസ് പരിശോധന തുടങ്ങിയതോടെ നിരവധി ഗ്രൂപ്പുകളാണ് നിലച്ചത്. നിരവധി ഗ്രൂപ്പുകൾ പ്രവർത്തനം അവസാനിപ്പിച്ച് ഇനിയും പുലിവാല് പിടിക്കാനില്ലെന്ന നിലപാട് സ്വീകരിച്ചു കഴിഞ്ഞു. ഗ്രൂപ്പുകൾ സംബന്ധിച്ച് ഹൈടെക്‌സെൽ നടത്തിവരുന്ന പരിശോധനയിലാണ് ഇത്തരം കാര്യങ്ങൾ ശ്രദ്ധേയിൽപ്പെട്ടത്.

ഡിലീറ്റ് ചെയ്ത ഗ്രൂപ്പുകൾ വഴി വർഗീയ ധ്രുവീകരണം ലക്ഷ്യമിട്ടുള്ള സന്ദേശങ്ങൾ പ്രചരിപ്പിക്കപ്പെട്ടോയെന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്. കാസർകോട്, തൃശൂർ, മലപ്പുറം ജില്ലകളിലാണ് കൂടുതലായി വാട്‌സ്ആപ് ഗ്രൂപ്പുകളുള്ളതെന്നാണ അന്വേഷണത്തിൽ കണ്ടെത്തിയത്. ഇത്തരം ഗ്രൂപ്പുകളിലൂടെ ഹർത്താലിന് ആഹ്വാനം ചെയ്തുള്ള സന്ദേശങ്ങൾ പ്രചരിപ്പിക്കപ്പെട്ടിട്ടുണ്ടോയെന്ന കാര്യം പരിശോധിച്ച് വരുകയാണെന്ന് പൊലീസ് വൃത്തങ്ങൾ പറഞ്ഞു. 


ഹർത്താൽ സന്ദേശം ഗ്രൂപ്പിൽനിന്ന് വ്യക്തികൾക്കും മറ്റ് ഗ്രൂപ്പുകൾക്കും അയച്ച ചിലരെ ഹൈടെക് സെൽ കണ്ടെത്തിയിട്ടുണ്ടെങ്കിലും ഹർത്താൽ ആഹ്വാനം ചെയ്തുള്ള സന്ദേശങ്ങളുടെ ഉറവിടവും പൊലീസ് കണ്ടെത്തിക്കഴിഞ്ഞു. മുഖ്യ ആസൂത്രകനടക്കം അഞ്ചുപേരെ പൊലീസ് പിടികൂടിക്കഴിഞ്ഞു. സ്വയം ഉണ്ടാക്കിയ വാട്‌സാപ് ഗ്രൂപ്പ് വഴി ഹർത്താൽ ആഹ്വാനം നടത്തിയതു കൊല്ലം തെന്മല ഒറ്റക്കൽ റെയിൽവേ സ്റ്റേഷനു സമീപം അമൃതാലയത്തിൽ അമർനാഥ് ബൈജു (20) ആണെന്നു പൊലീസ് പറഞ്ഞു. ഇയാൾ മുൻപ് എബിവിപി, ബിജെപി, ആർഎസ്എസ് പ്രവർത്തകനായിരുന്നുവെന്നും കുറച്ചുകാലമായി ഈ സംഘടനകളുമായി അകന്നു കഴിയുകയാണെന്നും പൊലീസ് പറഞ്ഞു. ശിവസേനക്കാരനായാണ് ഇപ്പോൾ നാട്ടിൽ അറിയപ്പെടുന്നതെങ്കിലും പദവികളില്ല.

തിരുവനന്തപുരം കുന്നപ്പുഴ നിറക്കകം സിറിൽ നിവാസിൽ എം.ജെ.സിറിൽ (22), നെല്ലിവിള വെണ്ണിയൂർ പുത്തൻവീട് സുധീഷ് (22), നെയ്യാറ്റിൻകര വഴുതാക്കൽ ഇലങ്ങംറോഡ് ഗോകുൽ ശേഖർ (21), നെല്ലുവിള വെന്നിയൂർ അഖിൽ (23) എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവർ.
വോയ്‌സ് ഓഫ് യൂത്ത്, ജസ്റ്റിസ് ഫോർ സിസ്റ്റേഴ്‌സ് എന്നീ വാട്‌സാപ് ഗ്രൂപ്പുകളിലൂടെയാണ് അമർനാഥും മറ്റുള്ളവരും ഹർത്താലിന് ആഹ്വാനം ചെയ്തതും പ്രാദേശിക ഗ്രൂപ്പുകൾ അതേറ്റെടുത്തതും. അറസ്റ്റിലായവരെ കോടതി റിമാൻഡ് ചെയ്തു.

20 നും 25 നും ഇടയിൽ പ്രായമുള്ള യുവാക്കളാണ് പൊലീസ് പിടിയിലായിട്ടുള്ളത്. മലപ്പുറം കൂട്ടായി സ്വദേശിയായ ഒരു പതിനാറുകാരൻ കൂടി ഈ വാട്സ്ആപ്പ് ഗ്രൂപ്പിൽ അഡ്‌മിൻ ആണെന്ന് പൊലീസ് പറയുന്നു. താമസിയാതെ ഈ യുവാവും പിടിയിലാകുമെന്നും പൊലീസ് പറഞ്ഞു. പിടിയിലായവർ ഇപ്പോ മഞ്ചേരി പൊലീസിന്റെ കസ്റ്റഡിയിലാണുള്ളത്. നേരത്തെ ഹർത്താലിന് ആഹ്വാനം നടത്തിയെന്നാരോപിച്ചു 16 വയസ്സുകാരന്റെ ഫോൺ പൊലീസ് പിടിച്ചെടുത്ത് സൈബർ സെല്ലിനു കൈമാറിയിരുന്നു. കുട്ടിയെ അഡ്‌മിനാക്കി യഥാർഥ പ്രതികൾ രക്ഷപ്പെടാൻ ശ്രമിക്കുകയാണെന്നും ആരോപണങ്ങളുണ്ടായിരുന്നു.

ഇവർ ഇത്തരം പോസ്റ്ററുകൾ നിർമ്മിച്ചതിന് പിന്നിലെ ഗൂഢാലോചനയാണ് പൊലീസ് പ്രധാനമായും അന്വേഷിക്കുന്നത്. ഇത്തരം പോസ്റ്റുകൾ നിർമ്മിക്കാൻ ഇവരെ ആരെങ്കിലും പ്രേരിപ്പിച്ചോ, ഇവരുടെ രാഷ്ട്രീയ ബന്ധം അതിന് കാരണമായോ തുടങ്ങിയ കാരണങ്ങളാണ് പൊലീസ് അന്വേഷിക്കുന്നത്. പിടിയിലാവരെല്ലാം സംഘപരിവാർ പ്രവർത്തകരും, സ്ഥിരമായി സംഘടനയ്ക്ക് വേണ്ടി പ്രവർത്തിക്കുന്നവരുമാണ്.

'ജനകീയ ഹർത്താൽ' എന്ന പേരിൽ കേരളത്തിൽ നടത്തിയ ഹർത്താലിനു പിന്നിൽ സംഘപരിവാറിന്റെ സൈബർ വിംഗാണെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. സംസ്ഥാനത്ത് വർഗീയ സംഘർഷവും സാമുദാകിയ ധ്രുവീകരണവും സൃഷ്ടിക്കുകയെന്നതാണ് ഹർത്താൽ പ്രഖ്യാപനത്തിലൂടെ ലക്ഷ്യമിട്ടതെന്നുമാണ് റിപ്പോർട്ടുകൾ.

അതേസമയം ഹർത്താൽ ആഹ്വാനം വാട്‌സ്ആപ് വഴി പ്രചരിപ്പിച്ചവരിൽ എല്ലാ വിഭാഗങ്ങളിലും ഉൾപ്പെട്ടവരുണ്ടെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാന പൊലീസിന്റെ തിരുവനന്തപുരം ഹൈടെക് സെല്ലിന്റെ മേൽനോട്ടത്തിൽ വിവിധ ജില്ലകൾ കേന്ദ്രീകരിച്ച് നടത്തിയ നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വെളിപ്പെട്ടത്. ഇതര വിഭാഗങ്ങൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്യപ്പെടുന്നത് ഹർത്താൽ, തീവ്രവാദ സംഘടനകളുടെ സൃഷ്ടിയാണെന്ന വാദത്തിന്റെ മുനയൊടിക്കുമെന്ന് പൊലീസ് കരുതുന്നു.