കോട്ടയം: റബ്ബർമരങ്ങളെ ബാധിക്കുന്ന രോഗകീടങ്ങളുടെ പ്രതിവിധി അറിയാൻ വാട്ട്‌സ് ആപ്പിലൂടെ ബന്ധപ്പെടാം. ഈ സേവനത്തിന്റെ ഉദ്ഘാടനം റബ്ബർബോർഡ് ചെയർമാൻ എ. അജിത്കുമാർ ഇന്ത്യൻ റബ്ബർഗവേഷണകേന്ദ്രത്തിൽ നടന്ന ചടങ്ങിൽ വച്ചു നിർവ്വഹിച്ചു. ഡോ. ജെയിംസ് ജേക്കബ് (ഡയറക്ടർ, ഇന്ത്യൻ റബ്ബർഗവേഷണകേന്ദ്രം), വി. മോഹനൻ (ജോയിന്റ് റബ്ബർ പ്രൊഡക്ഷൻ കമ്മീഷണർ), പി.കെ. ജോസഫ് (ഡെപ്യൂട്ടി റബ്ബർ പ്രൊഡക്ഷൻ കമ്മീഷണർ) എന്നിവർ ചടങ്ങിൽ സംസാരിച്ചു. കുറുങ്കണ്ണി റബ്ബറുത്പാദകസംഘം പ്രസിഡന്റ് വി.എൻ. കൃഷ്ണപിള്ള അയച്ച ആദ്യസന്ദേശത്തിന് റബ്ബർഗവേഷണകേന്ദ്രം ജോയിന്റ് ഡയറക്ടർ സാബു പി. ഇടിക്കുള മറുപടി നൽകി.

റബ്ബറിനെ ബാധിക്കുന്ന എല്ലാവിധ രോഗ - കീടബാധകളും യഥാസമയം തിരിച്ചറിയുന്നതിനും പ്രതിവിധികൾ മനസ്സിലാക്കി തോട്ടങ്ങളിൽ നടപ്പാക്കുന്നതിനുമാണ് വാട്ട്‌സ് ആപ്പ് സേവനം ലഭ്യമാക്കുന്നത്. റബ്ബർമരങ്ങളെ ബാധിക്കുന്ന രോഗകീടങ്ങളെ തിരിച്ചറിയാൻ കർഷകർക്കു സ്വയം കഴിയുന്നില്ലെങ്കിൽ രോഗവിവരങ്ങൾ ചിത്രങ്ങൾസഹിതം മൊബൈലിൽ എടുത്ത് വാട്ട്‌സ്ആപ്പിലൂടെ അയച്ചാൽ ഗവേഷണകേന്ദ്രത്തിലെ വിദഗ്ദ്ധർ പ്രശ്‌നം തിരിച്ചറിഞ്ഞ് പ്രതിവിധികൾ നിർദ്ദേശിക്കും.

ഇതിനായിട്ടുള്ള വാട്ട്‌സ് ആപ്പ് മൊബൈൽ നമ്പർ 9496333117 ആയിരിക്കും.
രോഗകീടങ്ങളെ തിരിച്ചറിയാൻ റബ്ബർഗവേഷണകേന്ദ്രത്തിൽ പ്രവർത്തിക്കുന്ന റബ്ബർ ക്ലിനിക്കിന്റെ സേവനവും കർഷകർക്ക് ഉപയോഗപ്പെടുത്താം. http://clinic.rubberboard.org.in എന്ന വെബ്‌സൈറ്റ് വഴിയാണ് പരസ്പരം ആശയവിനിമയത്തിനുതകുന്ന വിധത്തിൽ ക്ലിനിക്ക് പ്രവർത്തിക്കുന്നത്. ബോർഡിന്റെ www.rubberboard.org.in എന്ന വെബ്‌സൈറ്റ് വഴിയും റബ്ബർ ക്ലിനിക്കിലേക്ക് പ്രവേശിക്കാം. ഉത്പാദനക്ഷമത വർദ്ധിപ്പിച്ച് അതുവഴി ഉയർന്ന അറ്റാദായം നേടണമെങ്കിൽ രോഗ-കീടബാധകൾ യഥാസമയം തിരിച്ചറിഞ്ഞ് പ്രതിവിധികൾ നടപ്പാക്കേണ്ടൺതുണ്ട്. ഇന്ത്യയിൽ റബ്ബറിനെ ബാധിക്കുന്ന എല്ലാ രോഗങ്ങൾക്കും റബ്ബർഗവേഷണകേന്ദ്രം പ്രതിവിധി കണ്ടെത്തിയിട്ടുണ്ട്. എന്നാൽ പല കർഷകർക്കും ഇവ വേൺണ്ടത്ര ഉപയോഗിക്കുന്നതിന് സാധിക്കുന്നില്ല. ഈ സാഹചര്യം മുൻനിർത്തിയാണ് റബ്ബർ ക്ലിനിക്കിന് ബോർഡ് രൂപം കൊടുത്തത്.