കോഴിക്കോട്: സമൂഹമാധ്യമങ്ങൾ വഴി ആഹ്വാനം ചെയ്ത വ്യാജഹർത്താൽ വിജയിപ്പിക്കാൻ തെരുവിൽ ഇറങ്ങിയവർ ഊരാക്കുടുക്കിൽ. ഹർത്താൽ വിജയിപ്പിക്കാൻ നിർബന്ധിപ്പിച്ച് കടയടപ്പിക്കാനും വാഹനങ്ങൾ തടയാനും ഇറങ്ങിയവർക്ക് സർക്കാർ ജോലിയും പാസ്‌പോർട്ട് പ്രശ്‌നവും അടക്കം ശരിക്കും കുടുക്കിൽ പെട്ട അവസ്ഥയിലാണ്. വാട്‌സ് ആപ്പ് അഡ്‌മിന്മാർ ആയവർക്കടക്കം കരുക്ക് മുറുകുകയാണ്. പൊലീസ് കർശനമായ നടപടി സ്വീകരിക്കാൻ ഒരുങ്ങിയതോടെ എന്തു ചെയ്യണം എന്നറിയാത്ത അവസ്ഥയിലാണ് ഇക്കൂട്ടർ. പ്രതികളായവരുടെ പാസ്‌പോർട്ട് വെരിഫിക്കേഷൻ, പുതുക്കൽ, സർക്കാർ ജോലി സ്വീകരിക്കൽ എന്നിവയെല്ലാം പ്രതിസന്ധിയിലാകുന്ന ഘട്ടത്തിലേക്കാണ് ഇപ്പോൾ കാര്യങ്ങളുടെ പോക്ക്.

വയനാട്ടിൽ 762 പേരുടെ പേരിലാണു കേസ് എടുത്തിട്ടുള്ളത്. ഇവരിൽ പലരേയുടേയും അറസ്റ്റ് രേഖപ്പെടുത്തി വരുകയാണ്. ജാമ്യം കിട്ടുന്ന വ്യവസ്ഥകളാണെങ്കിലും വിചാരണ കഴിഞ്ഞാൽ മാത്രമേ കേസിൽനിന്ന് ഊരാൻ കഴിയൂ. ശിക്ഷ ലഭിച്ചാൽ വീണ്ടും പ്രതിസന്ധിയിലാകും. വാട്‌സാപ്പ് വഴിയും മറ്റു സമൂഹമാധ്യമങ്ങൾ വഴിയും ഹർത്താൽ പ്രചരിപ്പിച്ചവരെയും പൊലീസ് വിടാതെ പിടികൂടുന്നുണ്ട്. അഡ്‌മിന്മാർക്കാണ് ഏറെ പ്രശ്‌നം. പലരും പൊലീസ് സ്റ്റേഷനുകളിൽ മാപ്പപേക്ഷയുമായി ഇതിനോടകം ചെന്നിട്ടുണ്ട്.

ഇതുമാത്രമല്ല, കേസിൽ പ്രതിയായവരെ നിരന്തരമായി നിരീക്ഷിക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. പ്രശ്മുണ്ടാകുന്ന സാഹചര്യമുണ്ടെങ്കിൽ ഇത്തരക്കാതെ കരുതൽ തടങ്കിൽ വയ്ക്കുമെന്നും പൊലീസ് പറഞ്ഞു. വ്യാജ ഹർത്താലിന്റെ മറവിൽ നടന്ന അക്രമങ്ങസംഭവങ്ങളിൽ വാട്ട്സാപ്പ് ഗ്രൂപ്പുകൾക്കെതിരെ പൊലീസ് നടപടി കർശനമാക്കിയതോടെ ഗ്രൂപ്പുകളിൽ നിന്ന് എക്സിറ്റ് ചെയ്തു രക്ഷപ്പെടുകയാണ് അംഗങ്ങൾ. വ്യാജ സന്ദേശം കൈയ്മാറിയ ഗ്രൂപ്പ് അഡിമിനുകളെ പൊലീസ് സ്റ്റേഷനിൽ വിളിച്ചു വരുത്താൻ തുടങ്ങിയതോടെ ഗ്രൂപ്പുകൾക്ക് തുടക്കം കുറിച്ചവരും അഡ്‌മിൻ സ്ഥാനം സ്വമേധയ ഉപേക്ഷിച്ച് രക്ഷപ്പെടുകയാണ്.

ഐടി ആക്റ്റ് പ്രകാരമാണ് ശക്തമായ നടപടികളാണ് പൊലീസ് സ്വീകരിക്കുന്നത്. ഹർത്താൽ ആഹ്വാന സന്ദേശങ്ങളും അനുകൂല മേസ്സേജുകളും ഗ്രൂപ്പുകളിൽ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടതിനെത്തുടർന്നാണ് നടപടി. തൃശൂർ കേന്ദ്രികരിച്ചുള്ള എംപിആർ കേരള ഒഫീഷൽ എന്ന ഗ്രൂപ്പ് അഡ്‌മിനോട് കോഴിക്കോട് നടക്കാവ് പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നു. 51 അംഗങ്ങളുള്ള ഗ്രൂപ്പിന്റെ അഡ്‌മിനായ അബ്ദുൾ റഹ്മാനോടും മറ്റ് അംഗങ്ങളോടുമാണ് സ്റ്റേഷനിൽ ഹാജരാകാൻ നിർദ്ദേശിച്ചിരിക്കുന്നത്.

അപ്രഖ്യാപിത ഹർത്താലും തുടർന്നു നടന്ന അക്രമങ്ങളും വാട്സാപ്പ് കൂട്ടായ്മകളെ കൂടുതൽ സംശയത്തിന്റെ നിഴലിലാക്കിയിരുന്നു. ഹർത്താലിന് ശേഷം വർഗീയച്ചുവയുള്ള സന്ദേശങ്ങളുടെ പ്രവാഹം ചില വാട്സാപ്പ് കൂട്ടായ്മകളിൽ ഏറിയിരുന്നു. ഇതു വർഗീയ സംഘർഷങ്ങളിലേയ്ക്ക് നയിക്കുമെന്നുള്ള സൂചനകളും പൊലീസിന് ലഭിച്ചു. സംസ്ഥാനത്ത് പലയിടത്തും അരങ്ങേറിയ അനിഷ്ടസംഭവങ്ങളിൽ ഇത്തരം കൂട്ടായ്മകളുടെ പങ്ക് വ്യക്തമായതോടെയാണ് ഗ്രൂപ്പുകളിന്മേലുള്ള നിരീക്ഷണം പൊ ലീസ് ശക്തമാക്കിയത്. തുടർന്നാണ് പൊലീസ് ഇവരോട് സ്റ്റേഷനിൽ ഹാജരാൻ പറഞ്ഞത്.

ഹർത്താലിന് പിന്നിൽ പ്രവർത്തിച്ചയാളെ കൊച്ചിയിൽ ഇന്നലെ പൊലീസ് തിരിച്ചറിഞ്ഞിരുന്നു. ക്രൈംബ്രാഞ്ചിന്റെ ഹൈടെക് സെല്ലാണ് കൊച്ചി സ്വദേശിയാണ് സോഷ്യൽ മീഡിയയിലൂടെ ഹർത്താലിന് അഹ്വാനം ചെയ്തുള്ള പോസ്റ്റ് ആദ്യം ഇട്ടതെന്നും ഇതാണ് പിന്നീട് വ്യാപകമായി ഷെയർ ചെയ്യപ്പെട്ടതെന്നും കണ്ടെത്തിയത്. ഇയാളെ ഉടൻ ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്യുമെന്നാണ് വിവരം. കൊച്ചി സ്വദേശിയെ കൂടാതെ ഹർത്താൽ ആഹ്വാനം പ്രചരിപ്പിച്ച മറ്റ് 20 പേർ കൂടി നിരീക്ഷണത്തിലാണ്. കൊച്ചി സ്വദേശിയുടെ പക്കൽ നിന്ന് വർഗീയ ചേരിതിരിവിന് കാരണമാകുന്ന രീതിയിലുള്ള ലഘുലേഖകളും കണ്ടെത്തിയിട്ടുണ്ട്. ഹർത്താലിൽ മലബാർ മേഖലയിൽ വ്യാപക അക്രമമുണ്ടായിരുന്നു. രണ്ടായിരത്തോളം പേർക്കെതിരേ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ക്രമസമാധാന വിഷയം പരിഗണിച്ച് കേരളത്തിന്റെ വിവിധ ഇടങ്ങളിൽ പൊലീസ് കർഫ്യൂവും പ്രഖ്യാപിച്ചിരുന്നു.