ലണ്ടൻ: ജോലി സമയത്ത് വാട്‌സാപ്പിലും ഫേസ്‌ബുക്കിലും ചാറ്റ് ചെയ്യുന്നവർ കരുതിയിരിക്കുക. ജോലി നഷ്ടപ്പെടാൻ ഇതുമാത്രം മതി. ജീവനക്കാർ കൃത്യമായി ജോലി ചെയ്യുന്നുണ്ടോ എന്നുറപ്പുവരുത്താൻ അവരുടെ നടപടികൾ നിരീക്ഷിക്കാൻ തൊഴിലുടമകൾക്ക് യൂറോപ്യൻ മനുഷ്യാവകാശ കോടതി അനുമതി നൽകി. ഭാര്യയുമായി ചാറ്റ് ചെയ്തതിന് ജോലിയിൽ നിന്നും പിരിച്ചുവിടപ്പെട്ട ഒരു റോമേനിയക്കാരന്റെ അപ്പീൽ തള്ളിക്കൊണ്ടുള്ള യൂറോപ്യൻ കോടതിയുടെ വിധിയാണ് ബ്രിട്ടൻ അടക്കമുള്ള രാജ്യങ്ങളിലെ തൊഴിലാളികളെ മൊത്തത്തിൽ ബാധിക്കുന്ന പ്രശ്‌നമായി വളർന്നത്.

ജോലി സമയത്ത് വാട്‌സാപ്പ്, ഫേസ്‌ബുക്ക്, ഗൂഗിൾ എന്നിവയിലൂടെ കൈമാറുന്ന സ്വകാര്യ സന്ദേശങ്ങൾ വായിച്ചുനോക്കാൻ തൊഴിലുടമകൾക്ക് സ്വാതന്ത്ര്യമുണ്ടെന്നും നിർണായകമായ വിധിയിൽ കോടതി വ്യക്തമാക്കി. ഒരു റുമാനിയൻ കമ്പനിയ്‌ക്കെതിരെ അതിലെ ജീവനക്കാരൻ നൽകിയ കേസാണ് തൊഴിൽരംഗത്തെയാകെ ബാധിക്കുന്ന നിർണായക വിധിയായി മാറിയത്.

യാഹു മെസഞ്ചറിലൂടെ താൻ അയച്ച സ്വകാര്യ സന്ദേശം തൊഴിലുടമ വായിച്ചതിനെതിരെയാണ് ഈ കമ്പനിയിലെ ജീവനക്കാരൻ കോടതിയെ സമീപിച്ചത്. എന്നാൽ, ജോലി ചെയ്യേണ്ട സമയത്ത് അയക്കുന്ന സന്ദേശങ്ങൾ വായിക്കാൻ തൊഴിലുടമയ്ക്ക് സ്വാതന്ത്ര്യമുണ്ടെന്ന് കോടതി വ്യക്തമാക്കി.

തന്റെ സഹോദരനുമായും കാമുകിയുമായും സ്വകാര്യ സംഭാഷണത്തിൽ ഏർപ്പെട്ടുകൊണ്ടിരിക്കെയാണ് എൻജിനീയർ കുടുങ്ങിയത്. ജോലി സമയത്ത് സ്വകാര്യ സന്ദേശങ്ങൾ അയക്കുന്നത് വിലക്കിയിട്ടും അത് ലംഘിച്ച ഇയാളെ ജോലിയിൽനിന്ന് പിരിച്ചുവിട്ടിരുന്നു. ഇതിനെതിരെയാണ് ജീവനക്കാരൻ കോടതിയെ സമീപിച്ചത്.

ജോലി സമയത്തുള്ള എല്ലാ ഓൺലൈൻ ഇടപാടുകളും പരിശോധിക്കാൻ തൊഴിലുടമയ്ക്ക് അനുവാദം നൽകുന്നതാണ് മനുഷ്യാവകാശ കോടതിയുടെ ഈ വിധി. ജോലി സമയത്ത് ഇത്തരം സ്വകാര്യ സന്ദേശങ്ങൾ അയക്കുന്നത് അവസാനിപ്പിക്കണമെന്ന് നിയമവിദഗ്ദ്ധർ തൊഴിലാളികളോട് ആവശ്യപ്പെട്ടു. മാത്രമല്ല, കമ്പനി നൽകിയിട്ടുള്ള ഉപകരണങ്ങൾ ഒരുകാരണവശാലും ഉപയോഗിക്കരുതെന്നും മുന്നറിയിപ്പുണ്ട്.

ഔദ്യോഗിക ഉപകരണങ്ങൾ ദുരുപയോഗം ചെയ്യുന്നതും അപകടകരമാണെന്ന് നിയമവിദഗ്ദ്ധർ പറയുന്നു. ജോലി സമയത്തിനുശേഷമാണെങ്കിലും വ്യക്തിപരമായ ആവശ്യങ്ങൾക്ക് ഇത്തരം ഉപകരണങ്ങൾ ഉപയോഗിക്കാതിരിക്കുന്നതാണ് അഭികാമ്യം. അത്തരം ഉപകരണങ്ങൾ നിരീക്ഷിക്കാൻ തൊഴിലുടമയ്ക്ക് അവകാശമുണ്ടെന്ന് ഇപ്പോഴത്തെ കോടതി വിധി തെളിയിക്കുന്നു.

ഫേസ്‌ബുക്കും വാട്‌സാപ്പും ഐ മെസേജും സ്‌നാപ്പ്ചാറ്റും ഇൻസ്റ്റഗ്രാമും ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയകളെല്ലാം ഈ വിധിയോടെ തൊഴിലുടമയുടെ നിരീക്ഷണത്തിൽ വരും. ജോലി സമയത്ത് മെസേജുകളയക്കുന്നവരെ കൈയോടെ പിടികൂടാനും അവർ അയച്ച സ്വകാര്യ സന്ദേശങ്ങളുടെ സ്വഭാവം പരിശോധിക്കാനും ഈ വിധി തൊഴിലുടമകൾക്ക് അവകാശം നൽകുന്നു.

ജോലി സമയത്ത് പരമാവധി സ്വകാര്യ ആവശ്യങ്ങൾ നിറവേറ്റാതിരിക്കുക എന്നത് വെള്ളക്കാർക്കിടയിൽ ഒരു രീതി ആയിരുന്നെങ്കിലും സ്വകാര്യ ഫോൺ സംഭാഷണങ്ങളോ ഇമെയിൽ സന്ദേശങ്ങളോ ഒന്നും നിരോധിച്ചിരുന്നില്ല. സോഷ്യൽ മീഡിയ ഉപയോഗത്തിന്റെ അടിത്തറ തന്നെ ഓഫീസ് സമയമാണ്. വീടുകളിൽ എത്തിയാൽ പലരും കമ്പ്യൂട്ടർ തുറന്നുനോക്കാറില്ല. സോഷ്യൽ മീഡിയ ഉപയോഗം പരിധി വിടുന്നതുകൊണ്ട് കാര്യക്ഷമതയ്ക്ക് സാരമായ കുഴപ്പം സംഭവിച്ചതായും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. കോടതി വിധി ഇങ്ങനെ വന്നതോടെ തൊഴിൽ ഉടമകൾ ഇനി ഇക്കാര്യത്തിൽ കൂടുതൽ ശ്രദ്ധ കാണിക്കാൻ ആണ് തീരുമാനം.

എന്നാൽ, ജീവനക്കാരുടെ സ്വാതന്ത്ര്യത്തിന്മേലുള്ള കൈകടത്തലാണ് ഇതെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. യൂറോപ്യൻ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന മലയാളികളടക്കമുള്ള വിദേശികൾക്ക് കടുത്ത തിരിച്ചടിയാണ് ഈ വിധി. ഫോൺ ചെയ്യുന്നത് ലാഭകരമല്ലാത്തതിനാൽ, പലരും ആശ്രയിക്കുന്നത് വാട്‌സാപ്പ് പോലുള്ള ആപ്ലിക്കേഷനുകളെയാണ്. അതിന്റെ ഉപയോഗം തടസപ്പെടുന്നതോടെ, പ്രവാസികളെ ജന്മനാട്ടിൽനിന്ന് കൂടുതൽ അകറ്റപ്പെടുകയാവും ചെയ്യുക.