കോഴിക്കോട്: മുഖ്യമന്ത്രിയും ഡി.ജി.പിയും നൽകിയ ഉറപ്പിനിടയിലും കേരളം വിട്ടുള്ള അന്യസംസ്ഥാന തൊഴിലാളികളുടെ പലായനം തുടരുന്നു. മലയാളികൾ അന്യസംസ്ഥാന തൊഴിലാളികളെ കൂട്ടക്കൊലചെയ്യുന്നതായുള്ള വാട്‌സാപ്പ് പ്രചാരണങ്ങളെ തുടർന്നാണ് ബംഗാളികൾ അടക്കമുള്ള തൊഴിലാളികൾ നാടുവിടുന്നത്. ഇതോടെ മലബാറിൽ പലയിടത്തും തൊഴിലാളികളെ കിട്ടാതെ ഹോട്ടലുകൾ അടച്ചിട്ടിരിക്കയാണ്. നിർമ്മാണ മേഖലയിലും കടുത്ത പ്രതിസന്ധിയുണ്ട്.

കേരളത്തെ അപകീർത്തിപ്പെടുത്താനും ഇവിടെ നിലനിൽക്കുന്ന സൗഹൃദാന്തരീക്ഷം തകർക്കാനും ഉത്തരേന്ത്യ കേന്ദ്രീകരിച്ച് ബോധപൂർവം പ്രചാരണം നടക്കുന്നുണ്ടെന്നും ഇതിനെതിരെ ജനം ജാഗ്രത പുലർത്തണമെന്നും നേരത്തെ മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ പ്രസ്താവനയിൽ അറിയിച്ചിരുന്നു. കേരളത്തിൽ ജോലിചെയ്യുന്ന അന്യ സംസ്ഥാന തൊഴിലാളികൾ വ്യാപക ആക്രമണത്തിന് ഇരയാകുന്നുണ്ടെന്നാണ് പ്രചാരണം. സമൂഹമാധ്യമങ്ങൾ ഉപയോഗിച്ചാണ് ഇതു കൂടുതലും നടക്കുന്നത്. കേരളത്തെ അപകീർത്തിപ്പെടുത്താനും ഇവിടത്തെ സമാധാനവും സൗഹൃദവും തകർക്കാനും ശ്രമിക്കുന്ന ശക്തികളാണ് പ്രചാരണത്തിനു പിന്നിൽ.-പിണറായി പറഞ്ഞു.

ഇതരസംസ്ഥാന തൊഴിലാളികൾക്ക് കേരളത്തിൽ നല്ല പരിഗണനയാണ് ലഭിക്കുന്നത്. സംസ്ഥാന സർക്കാർ അവർക്കു വേണ്ടി ഒട്ടേറെ ക്ഷേമപദ്ധതികൾ നടപ്പാക്കുന്നു. ചികിത്സ സഹായവും അപകട ഇൻഷുറൻസും ഇതിൽപെടും. ഇതര സംസ്ഥാന തൊഴിലാളികൾ അപകടത്തിൽ പെട്ട് മരിച്ച സംഭവങ്ങൾ ഉണ്ടായപ്പോൾ പ്രത്യേക പരിഗണന നൽകിയാണ് സർക്കാർ അവരുടെ കുടുംബങ്ങളെ സഹായിച്ചത്. ഇന്ത്യയിൽ മറ്റൊരു സംസ്ഥാനവും അന്യസംസ്ഥാനത്തുനിന്ന് വരുന്നവരോട് ഇത്രയും പരിഗണന കാണിച്ചിട്ടില്ല. ഇതര സംസ്ഥാന തൊഴിലാളികൾ ആക്രമിക്കപ്പെട്ട സംഭവങ്ങളൊന്നും കേരളത്തിൽ സമീപകാലത്ത് ഉണ്ടായിട്ടില്ല. സാമൂഹിക മാധ്യമങ്ങൾ വഴി നുണ പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടിയെടുക്കാൻ പൊലീസിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

വ്യാജ പ്രചാരണമാണ് നടക്കുന്നതെന്നും ഈ കുപ്രചാരണത്തിൽ ഇതരസംസ്ഥാന തൊഴിലാളികളും കുടുംബാംഗങ്ങളും വീഴരുതെന്നും ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയും അറിയിച്ചു. കോഴിക്കോട്ട് ഒരു ഹോട്ടൽ ഉടമ ഒരു ഇതരസംസ്ഥാന തൊഴിലാളിയെ മർദിച്ചെന്നും അയാൾ പിന്നീട് മരിച്ചെന്ന നിലയിലുള്ള തെറ്റായ സന്ദേശമാണ് പ്രചരിക്കുന്നത്. ഇത്തരം സന്ദേശം പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ അന്യ സംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ നാട് വിട്ടതോടെ ഹോട്ടൽ മേഖല കടുത്ത പ്രതിസന്ധിയിലായി. കോഴിക്കോട് ജില്ലയിൽ നിന്നാണ് കഴിഞ്ഞ ദിവസങ്ങളിൽ കൂടുതൽപേർ മടങ്ങിയിരുന്നതെങ്കിൽ ഇപ്പോൾ മറ്റു ജില്ലകളിൽനിന്നും തൊഴിലാളികൾ കൂട്ടത്തോടെ നാട്ടിലേക്ക് മടങ്ങിത്തുടങ്ങിയിട്ടുണ്ട്. ഇതുമൂലം കോഴിക്കോട്, മലപ്പുറം, തൃശൂർ, എറണാകുളം തുടങ്ങിയ ജില്ലകളിലെ ഹോട്ടലുകളിലെല്ലാം തൊഴിലാളി ക്ഷാമം രൂക്ഷമായി. മിക്ക ഹോട്ടലുകളും തിങ്കളാഴ്ച പൊറോട്ടയടക്കമുള്ള വിഭവങ്ങൾ ഉണ്ടാക്കാതെയാണ് ജീവനക്കാരുടെ ക്ഷാമത്തെ നേരിട്ടത്.

പലരും ഹോട്ടലുകൾ അടച്ചുപൂട്ടേണ്ട അവസ്ഥയിലാണ്. രാമനാട്ടുക്കര, ബേപ്പൂർ തുടങ്ങിയ പ്രദേശങ്ങളിലെ ചില ഹോട്ടലുകൾ പൂർണമായും അടച്ചിടേണ്ടി വന്നു. ഹോട്ടലിനു പുറമേ നിർമ്മാണ മേഖലയെയും തൊഴിലാളി ക്ഷാമം ബാധിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ മിക്ക ഹോട്ടലുകളിലും ഇതര സംസ്ഥാന തൊഴിലാളികളാണ് കൂടുതലുള്ളത്. സമൂഹമാധ്യമങ്ങളിലൂടെയുള്ള തെറ്റായ പ്രചാരണം തടയണമെന്നും നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് ഹോട്ടൽ ആൻഡ് റസ്റ്റാറന്റ് അസോസിയേഷൻ ടൗൺ പൊലീസിന് പരാതി നൽകിയിട്ടുണ്ട്.

രണ്ട് ദിവസത്തിനുള്ളിൽ കോഴിക്കോട് നഗരപരിധിയിലെ ഹോട്ടലുകളിൽനിന്ന് മാത്രം 400ഓളം ഇതര സംസ്ഥാന തൊഴിലാളികളാണ് നാട്ടിലേക്ക് മടങ്ങിയത്. വ്യാജ പ്രചാരണത്തെ ചെറുക്കാൻ ഹോട്ടൽ ആൻഡ് റസ്റ്റാറന്റ് അസോസിയേഷന്റെ നേതൃത്വത്തിൽ തീവ്രശ്രമങ്ങൾ നടക്കുന്നുണ്ട്. നിലവിലുള്ള തൊഴിലാളികളെ ഉപയോഗിച്ച് കേരളം സുരക്ഷിതമാണെന്ന വാട്‌സ് ആപ് സന്ദേശം പ്രചരിപ്പിക്കാനുള്ള ശ്രമത്തിലാണ് ഹോട്ടലുടമകൾ.

അതേസമയം കേരളത്തെ അക്രമികളുടെ സംസ്ഥാനമായി ചിത്രീകരിക്കാനുള്ള സംഘപരിവാർ സംഘടനകളുടെ അജണ്ടയാണ് ഇതെന്നും ശക്തമായ ആരോപണമുണ്ട്്. പല സംഘി ഗ്രൂപ്പികളിലൂടെയാണ് ഈ ഫോട്ടോഷോപ്പ് കൂട്ടക്കൊലകൾ പ്രചരിക്കുന്നത്. അമിതിഷാ പങ്കെടുത്ത കുമ്മനത്തിന്റെ ജാഥയുടെ സമയത്താണ് വാട്‌സാപ്പ് പ്രചരിപ്പിച്ചതും. കേരളം ബിജെപി പറയുന്നപോലെ ഇത്രയും അക്രമികളുടെ സംസ്ഥാനമാണെങ്കിൽ പിന്നെങ്ങനെയാണ് ഇത്രയും അന്യസംസ്ഥാന തൊഴിലാളികൾ ഇവിടെയെത്തുകയെന്ന് സി.പി.എം നേതാക്കളും ചോദിച്ചിരുന്നു.