തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപ് നിരപരാധി എന്ന് സൂചിപ്പിക്കുന്ന മുൻ ഡിജിപി ആർ.ശ്രീലേഖയുടെ വെളിപ്പെടുത്തൽ വിവാദമായിരിക്കുകയാണ്. സ്വന്തം യൂട്യൂബ് ചാനലിലൂടെ ശ്രീലേഖ നടത്തിയ വെളിപ്പെടുത്തലുകളെ കുറിച്ച് വലിയ ചർച്ചയാണ് നടക്കുന്നത്‌
 അതിനിടെ, ശ്രീലേഖയും ദിലീപും തമ്മിലുള്ള വാട്സ്ആപ് ചാറ്റ് പുറത്തുവന്നു. റിപ്പോർട്ടർ ടിവിയാണ് ഇത് പുറത്തു വിട്ടത്.

ചാറ്റ് ഇങ്ങനെ:

23.05.2021

ദിലീപ്: mam.. gdftn. hope you are fine.. am dilieep..actor cald you..when free plz give me a ring.

ശ്രീലേഖ: എന്റെ യുട്യൂബ് ചാനലാണ്. സമയം കിട്ടുമ്പോൾ കണ്ട് നോക്കു.

it was nice talking to you.ദിലീപ്: ok... sure mam...

samsarikyan pattiyappo enikyum valya santhoshayi mam. god bless

01.07.2021
ശ്രീലേഖ: ഇതെന്റെ youtube ചാനൽ ആണ്. സമയം കിട്ടുമ്പോൾ കണ്ട് നോക്കൂplease share subscribe too. ഞാൻ ഒറ്റക്ക്, ആരുടെയും സഹായമില്ലാതെ ചെയ്യുന്നതാണ്.

ദിലീപ്: okk mam..

നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിന് അറിഞ്ഞോ അറിയാതെയോ പങ്കുണ്ടെന്നു കരുതുന്നില്ലെന്നാണ് ആർ. ശ്രീലേഖ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്. ദിലീപിനെതിരെ അന്വേഷണസംഘം വ്യാജ തെളിവുണ്ടാക്കിയെന്നും പ്രതി പൾസർ സുനിക്കൊപ്പം ദിലീപ് നിൽക്കുന്ന ചിത്രം പൊലീസ് വ്യാജമായി ഉണ്ടാക്കിയതാണെന്നും ശ്രീലേഖ പറഞ്ഞു. 'സസ്‌നേഹം ശ്രീലേഖ' എന്ന യൂട്യൂബ് ചാനലിലൂടെയാണ് ശ്രീലേഖയുടെ പ്രതികരണം. ദിലീപിന്റെ പെട്ടെന്നുള്ള ഉയർച്ചയിൽ പലർക്കും അസൂയ ഉണ്ടായിരുന്നു. അയാൾ ചെയ്തിരുന്ന പല കാര്യങ്ങളിലും അന്ന് വളരെ ശക്തരായ പലർക്കും എതിർപ്പുണ്ടായിരുന്നു. അത്തരമൊരു സാഹചര്യത്തിൽ ദിലീപിന്റെ പേര് കേസിൽ പറയുമെന്ന് തനിക്ക് തോന്നിയിരുന്നുവെന്ന് ശ്രീലേഖ വെളിപ്പെടുത്തുന്നു. പൾസർ സുനിയും ദിലീപും തമ്മിൽ കണ്ടതിന് തെളിവോ രേഖയോ ഇല്ലെന്നും കേസ് നിലനിൽക്കില്ല എന്ന ഘട്ടം വന്നപ്പോൾ, യാതൊരു അടിസ്ഥാനവുമില്ലാത്ത വെറും ഊഹാപോഹങ്ങളുമായി എത്തിയ ബാലചന്ദ്രകുമാറിനെപ്പോലുള്ള സാക്ഷികളെക്കൊണ്ട് മാധ്യമങ്ങളുടെ സഹായത്താൽ കേസ് അട്ടിമറിക്കാൻ ശ്രമിച്ചുവെന്നും ശ്രീലേഖ പറയുന്നു.

''കേസിലെ ആറു പ്രതികൾ നേരത്തെ ശിക്ഷിക്കപ്പെടേണ്ടതായിരുന്നു. ഇത്രയധികം ആളുകൾ ശിക്ഷിക്കപ്പെടാതെ പുറത്തു ജീവിക്കുന്നു എന്നത് ശരിയല്ല. അഞ്ചു വർഷമായി വിചാരണത്തടവുകാരനായ പൾസർ സുനിക്ക് ശിക്ഷയിൽ ഇളവ് ലഭിച്ചാൽ എന്തു ചെയ്യും? ഏതായാലും ഒരു കുറ്റകൃത്യം നടന്നിട്ടുണ്ട്. അതിന് അവർ ശിക്ഷിക്കപ്പെടേണ്ടേ? അതിന് പകരം, മറ്റൊരു വ്യക്തിക്കും കേസിൽ പങ്കുണ്ടെന്നു പറഞ്ഞ് അയാളെ കേസിലേക്കു വലിച്ചിഴയ്ക്കാനും അതിൽ കുടുക്കാനും തെളിവുകൾ നിരത്താനും ശ്രമിക്കുമ്പോൾ പൊലീസ് അപഹാസ്യരാവുകയാണ്.'' ശ്രീലേഖ പറഞ്ഞു.

കേസിൽ പൊലീസിനു സംഭവിച്ച വീഴ്ചകളടക്കം വിശദീകരിച്ചാണ് ശ്രീലേഖയുടെ തുറന്നുപറച്ചിൽ. അഭിമുഖത്തിൽ നിന്നുള്ള പ്രസക്ത ഭാഗങ്ങൾ :

''നടി ആക്രമിക്കപ്പെട്ട കേസിൽ ജയിലിൽനിന്നു പൾസർ സുനി ഒരു കത്ത് എഴുതിയെന്ന റിപ്പോർട്ട് പുറത്തുവന്നിരുന്നു. സുനിയല്ല സഹതടവുകാരൻ വിപിൻ ലാൽ ആണ് കത്തെഴുതിയതെന്ന് പൾസർ സുനി തന്നെ പറഞ്ഞിട്ടുണ്ട്. ആ കത്തിൽ പല കാര്യങ്ങളും ദിലീപിനെ അഭിസംബോധന ചെയ്ത് എഴുതിയിട്ടുണ്ട്. കാശ് തരാമെന്ന് പറഞ്ഞല്ലോ, അഞ്ച് തവണയായി തന്നാമതി എന്നൊക്കെയാണ് കത്തിൽ ഉണ്ടായിരുന്നത്. അത്യാവശ്യമായി 300 രൂപ മണിഓർഡർ ആയി അയച്ചു തരണമെന്നാണ് കത്തിൽ പറഞ്ഞത്.

അന്ന് പടർന്ന കഥ ഒന്നരക്കോടിയുടെ ക്വട്ടേഷനാണ് പൾസർ സുനിക്കു നൽകിയതെന്നും സമയം ഒത്തുവന്നപ്പോൾ അയാൾ കുറ്റം ചെയ്‌തെന്നും അതിന് അയാൾക്ക് പതിനായിരം രൂപ അഡ്വാൻസ് നൽകിയെന്നുമാണ്. ആ പതിനായിരം അയാളുടെ കയ്യിൽ വന്നെന്നതിനു തെളിവില്ല. പകരം അയാളുടെ അമ്മയുടെ പേരിൽ കുടുംബശ്രീയിൽനിന്നു വന്ന പതിനായിരം രൂപ ഇതാണെന്നുമൊക്കെയായിരുന്നു പ്രചാരണം. എന്തിന് അമ്മയ്ക്കു പണം നൽകി, സുനിക്ക് എത്ര പണം കിട്ടി എന്നതിനൊന്നും ഉത്തരമില്ല. ഇതെല്ലാം കുഴഞ്ഞ് മറിഞ്ഞാണു കിടക്കുന്നത്.

എന്നാൽ ഒന്നരക്കോടിക്ക് ക്വട്ടേഷൻ വാങ്ങിയ ആൾ 300 രൂപയുടെ മണിയോർഡർ ചോദിച്ചുവെന്നതൊക്കെ അപഹാസ്യമായിട്ടാണ് തോന്നുന്നത്. മാത്രമല്ല കത്തെഴുതിയത് പൊലീസുകാർ നിർബന്ധിച്ചിട്ടാണെന്നും കത്തിൽ പറഞ്ഞ നടന്മാർക്ക് പങ്കില്ലെന്നും വിപിൻ ലാൽ പറയുന്ന വിഡിയോ പുറത്തുവന്നിരുന്നു. ഇയാൾ ഇക്കാര്യം പറയാൻ ശ്രമിക്കുമ്പോൾ പൊലീസുകാർ ഇയാളെ തടയുന്നതൊക്കെയാണ് മാധ്യമങ്ങളിലൂടെ എല്ലാവരും കണ്ടത്.

നടി ആക്രമിക്കപ്പെട്ട സംഭവം അപലപിക്കാൻ വിളിച്ച് ചേർത്ത നടീനടന്മാരുടെ യോഗത്തിലാണ് ഇതിന് പിന്നിലൊരു ഗൂഢാലോചന ഉണ്ടെന്ന ആരോപണം ഉയർന്നതും പിന്നാലെ കേസിൽ ദിലീപിന്റെ പേര് മാധ്യമങ്ങളിലൂടെ വരുന്നതും. മാധ്യമങ്ങളെ സ്വാധീനിച്ചു കഴിഞ്ഞാൽ, പ്രത്യേകിച്ച് വിശ്വാസത്യയുള്ള പത്രങ്ങളിലെ മാധ്യമപ്രവർത്തകരെ, അവരെ വിശ്വസിപ്പിക്കുന്ന രീതിയിൽ കഥകൾ പറഞ്ഞ് കൊടുത്താൽ അവർ ഇത് എഴുതാൻ തുടങ്ങും. അങ്ങനെയൊരു പ്രവണത ഈ അടുത്ത് മാധ്യമങ്ങൾക്ക് ഉണ്ടായിട്ടുണ്ട്. അത് ഒരിക്കൽ നടന്നാൽ പിന്നെ പിടിച്ചാൽ കിട്ടില്ല. ഇതൊക്കെ പല കേസുകളിലും ഉണ്ടായിട്ടുണ്ട്. നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപാണ് ക്വട്ടേഷൻ കൊടുത്തതെന്ന് വിശ്വസിക്കാൻ എനിക്കു സാധിച്ചിട്ടില്ല. അയാൾ അങ്ങനെ ചെയ്യുമോയെന്ന ആശങ്ക ഉണ്ടായിരുന്നു. അയാളുടെ വ്യക്തിജീവിതത്തിൽ ചില പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. പെട്ടെന്നുള്ള ഉയർച്ചയിൽ പലർക്കും അസൂയ ഉണ്ടായിരുന്നു. അയാൾ ചെയ്തിരുന്ന പല കാര്യങ്ങളിലും അന്ന് വളരെ ശക്തരായ പലർക്കും എതിർപ്പുണ്ടായിരുന്നു. അത്തരമൊരു സാഹചര്യത്തിൽ ദിലീപിന്റെ പേര് ഇങ്ങനെ പറയുമെന്ന് എനിക്ക് തോന്നിയിരുന്നു.

ദിലീപാണു ചെയ്യിച്ചതെന്ന് കരുതാനാകില്ലെന്ന് അന്ന് മന്ത്രിമാർ ഉൾപ്പെടെ പറഞ്ഞിരുന്നു. പൾസർ സുനി നാല് മാസം മൗനത്തിലാകുക, പിന്നീട് ദിലീപിന്റെ പേര് പറയുക, ജയിലിലെ ഓഫിസിൽനിന്നു പേപ്പർ കൈക്കലാക്കി കത്തെഴുതുക, കത്തെഴുതിയ ആൾ തന്നെഎഴുതിച്ചതാണെന്നു പറയുക, പൊലീസുകാരൻ ജയിലിൽ പൾസർ സുനിക്ക് ഫോൺ നൽകുക ഇത്തരത്തിലുള്ള കാര്യങ്ങളൊക്കെ ഉണ്ടാകുമ്പോൾ സ്വാഭാവികമായും എനിക്ക് സംശയം ഉണ്ട്.

മാധ്യമങ്ങളിലെ വാർത്തകളെ തുടർന്നുള്ള സമ്മർദ്ദത്തിനൊടുവിലാണ് ദിലീപിനെ ചോദ്യം ചെയ്തത്. ആദ്യ ചോദ്യം ചെയ്യലിൽ ഒന്നും കിട്ടാതിരുന്നതോടെ അയാളെ വിട്ടയച്ചു, അതു വിവാദമായി. മാധ്യമങ്ങളുടെ സമ്മർദത്തിന് വഴി പല അറസ്റ്റുകളും ഉണ്ടായ സാഹചര്യം നേരത്തേ ഉണ്ടായിട്ടുണ്ട്. ദിലീപിനെ പോലെ വളരെ സ്വാധീനമുള്ള, പണമുള്ള ഒരാളെ വെറുതേ പൊലീസ് അറസ്റ്റ് ചെയ്ത് 85 ദിവസം ജയിലിൽ ഇടുമോയെന്നൊക്കെ പലരും ചോദിക്കും. എന്നാൽ എതിരാളി ശക്തനാണെങ്കിൽ തീർച്ചയായും ചെയ്യും എന്നാണ് എനിക്കു ബോധ്യമായത്. രണ്ടാമത്തെ പ്രാവശ്യം ദിലീപിനെ ചോദ്യം ചെയ്തതിനു ശേഷം അദ്ദേഹത്തെ അറസ്റ്റ് ചെയ്തപ്പോൾ ഞാനും കരുതിയിരുന്നു അയാൾക്ക് എന്തെങ്കിലും പങ്ക് കാണും, അതാണ് അറസ്റ്റ് ചെയ്തതെന്ന്.

പിന്നീട് ദിലീപിന് ജയിലിൽ വിഐപി പരിഗണന ലഭിക്കുന്നുവെന്ന വിവാദം ഉണ്ടായിരുന്നു. എസി റൂം, പ്രത്യേക ഭക്ഷണം, പട്ടുമെത്ത തുടങ്ങിയ വാർത്തകളൊക്കെ വന്നിരുന്നു. അന്ന് ഞാൻ പഴി കേട്ടു. ഇതിന്റെ അടിസ്ഥാനത്തിൽ ഞാൻ ജയിലിൽ പോയി പരിശോധിച്ചപ്പോഴാണ് ദിലീപ് ജയിലിൽ നിലത്തു കിടക്കുന്നത് കണ്ടത്. അയാളെ എഴുന്നേൽപിക്കാൻ ശ്രമിച്ചപ്പോൾ അയാൾ നിലത്തു വീഴുകയായിരുന്നു. സംസാരിക്കാനും സാധിക്കുമായിരുന്നില്ല.

ശിക്ഷാ തടവുകാരനും വിചാരണത്തടവുകാരനും തമ്മിൽ വലിയ വ്യത്യാസമുണ്ട്. വിചാരണത്തടവുകാരന് പ്രത്യേക സെല്ല് അനുവദിക്കാറുണ്ട്. ഹിമവൽ ഭദ്രാനന്ദയെ ഒറ്റയ്‌ക്കൊരു സെല്ലിലായിരുന്നു നേരത്തേ കാക്കനാട് ജയിലിൽ പാർപ്പിച്ചിരുന്നത്. രാഷ്ട്രീയക്കാർ ഉൾപ്പെടെ, പുറത്ത് നല്ല സൗകര്യത്തിൽ ജീവിച്ചവർ ജയിലിലേക്ക് വരുമ്പോൾ പെട്ടെന്നു ഷോക്ക് ആവരുതെന്നു കരുതി ഒറ്റയ്ക്ക് സെൽ ലഭിച്ചാൽ പാർപ്പിക്കാറുണ്ട്.

ദിലീപ് കിടന്ന ആലുവ സബ് ജയിലിൽ പക്ഷേ അത്തരമൊരു സംവിധാനം ഇല്ല. അയാൾ നാലഞ്ചു വിചാരണത്തടവുകാർക്കൊപ്പമായിരുന്നു കഴിഞ്ഞിരുന്നത്. ദിലീപിനെ സംബന്ധിച്ച് പെട്ടെന്നുണ്ടായ മെന്റൽ ഷോക്ക്, ഭക്ഷണം കഴിക്കാത്ത സാഹചര്യം, കൂടാതെ ഇയർ ബാലൻസ് പ്രശ്‌നങ്ങളും കാരണം അയാൾക്ക് എഴുന്നേറ്റു നിൽക്കാൻ പോലും സാധിക്കുമായിരുന്നില്ല. ദിലീപിനെ പരിശോധിച്ച ഡോക്ടർ അയാൾ സിക്ക് ആണെന്നു പറഞ്ഞ് മരുന്നുകൾ എഴുതിത്ത്ത്ത്ത്തന്നു. എന്നാൽ അതൊന്നും ജയിലിലെ സാഹചര്യത്തിൽ കൊടുക്കാൻ കഴിഞ്ഞില്ല. അയാളുടെ സ്ഥിതി കണ്ട് രണ്ടു പായയും കമ്പിളിപ്പുതപ്പും തലയണയും നല്ല ഭക്ഷണവും കൊടുക്കാൻ ഞാൻ നിർദ്ദേശിച്ചിരുന്നു. ജയിലിൽ കിടന്ന പലർക്കും ഞാൻ അങ്ങനെ കൊടുത്തിട്ടുണ്ട്.

ദിലീപിന് സൗകര്യങ്ങളെല്ലാം നൽകിയ ശേഷം തിരിച്ചു വന്ന് ഇക്കാര്യങ്ങൾ എല്ലാം ഞാൻ ഡിജിപിയെയും മുഖ്യമന്ത്രിയെയും അറിയിച്ചിരുന്നു. പിന്നാലെയാണ് ഈ അറസ്റ്റിൽ എന്തൊക്കെയോ അസ്വാഭാവികത ഉണ്ടെന്ന സംശയം പ്രകടിപ്പിച്ചത്. ജയിലിൽ പൾസർ സുനിക്ക് ഫോൺ കൈമാറിയ പൊലീസുകാരനെ കുറിച്ച് പറഞ്ഞിട്ടും അത് അന്വേഷിച്ചില്ല. തന്നെക്കൊണ്ട് പൊലീസ് കത്ത് നിർബന്ധിച്ച് എഴുതിപ്പിക്കുകയാണെന്നു വിപിൻ ലാൽ പറഞ്ഞിട്ടും അതും പൊലീസ് അന്വേഷിച്ചില്ലെന്നൊക്കെയുള്ള സംശയങ്ങൾ എനിക്കുണ്ടായിരുന്നു.ഇതൊക്കെ ഞാൻ ചോദിച്ചിരുന്നു.

ആ സമയം ദിലീപിനെതിരായ തെളിവായി എനിക്ക് കാണിച്ചു തന്നത് ദിലീപിനൊപ്പം ഷൂട്ടിങ് ലൊക്കേഷനിൽ പൾസർ സുനി നിൽക്കുന്ന ചിത്രമാണ്. ദിലീപും വേറൊരാളും നിൽക്കുമ്പോൾ പുറകിൽ പൾസർ സുനി നിൽക്കുന്നതായിരുന്നു ചിത്രം. അന്നത് വ്യാപകമായി പ്രചരിച്ചിരുന്നു. ആ ചിത്രമാണ് പൊലീസുകാരൻ കാണിച്ചത്. ഇതു കണ്ടാൽത്തന്നെ ഫോട്ടോഷോപ്പ് ചെയ്തതാണെന്ന് അറിയില്ലേയെന്നു ഞാൻ വെറുതേ പറഞ്ഞു. അപ്പോൾ അവിടെ ഉണ്ടായിരുന്ന ഉന്നതനായ പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു, ''ശരിയാണ് ശ്രീലേഖ പറഞ്ഞത് അത് ഫോട്ടോഷോപ്പ് തന്നെയാണ്.'' അത്തരമൊരു തെളിവ് വേണ്ടതിനാൽ ചിത്രം ഫോട്ടോഷോപ്പ്ഡ് ആണെന്നും അദ്ദേഹം അംഗീകരിച്ചു. അതെനിക്ക് വലിയ ഷോക്കായിരുന്നു.

ഇരുവരുടേയും ടവർ ലൊക്കേഷൻ ഒരു സ്ഥലത്ത് ഉണ്ടായി എന്നതായിരുന്നു മറ്റൊരു ചർച്ച. എന്നാൽ അന്ന് എറണാകുളത്തെ അബാദ് പ്ലാസ ഹോട്ടലിൽ സിനിമയുമായി ബന്ധപ്പെട്ട പരിപാടിയിൽ നിരവധി താരങ്ങളും അവരുടെ ഡ്രൈവർമാരുമെല്ലാം പങ്കെടുത്തിരുന്നു. അതുകൊണ്ടുതന്നെ ഒരു ടവർ ലൊക്കേഷന് കീഴിൽ ഇരുവരും ഉണ്ടായിരുന്നുവെന്നതും തെളിവായി കണക്കാക്കാനേ സാധിക്കില്ല.''ശ്രീലേഖ പറഞ്ഞു.

പൾസർ സുനി ചിത്രങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയെന്നും കരിയർ തകർച്ചയും മാനഹാനിയും ഭയന്നാണ് സംഭവം പുറത്തുപറയാതെ പണം കൊടുത്ത് സെറ്റിൽ ചെയ്തതെന്നും ചില നടിമാർ തന്നോടു പറഞ്ഞിട്ടുണ്ടെന്നും ശ്രീലേഖ പറഞ്ഞു. ജയിലിൽ കിടക്കുകയായിരുന്ന സുനിക്ക് ഫോൺ എത്തിച്ച് നൽകിയത് ഒരു പൊലീസുകാരനാണെന്ന് സംശയിക്കുന്നതായും ശ്രീലേഖ പറയുന്നു.

''2017 ഫെബ്രുവരിയിൽ നടി ആക്രമിക്കപ്പെട്ട സംഭവം നടന്നപ്പോൾ ഞാൻ ജയിൽ ഡിജിപിയായിരുന്നു. എല്ലാവരും ഒരുപോലെ ഞെട്ടിയ സംഭവമായിരുന്നു അത്. കേസിന്റെ വിവരങ്ങൾ പതിയെ പുറത്തുവരാൻ തുടങ്ങിയപ്പോൾ എനിക്ക് യാതൊരു സംശയവും തോന്നിയില്ല. കേസിൽ അറസ്റ്റിലായ ഒന്നോ രണ്ടോ പേർ മാത്രമാണ് ആദ്യമായി കുറ്റം ചെയ്തവർ. ബാക്കിയെല്ലാവരും മുൻ കേസുകളിൽ പ്രതികളാണ്.

വളരെ മോശമായ പശ്ചാത്തലം ഉള്ളയാളാണ് പൾസർ സുനി. 12 വർഷത്തോളം എറണാകുളത്ത് പ്രവർത്തിച്ചയാളാണ് ഞാൻ. അതുകൊണ്ടുതന്നെ സിനിമാ മേഖലയിൽ നിന്നുള്ള പലരും പല കാര്യങ്ങൾക്കായി എന്റെയടുത്ത് വന്നിട്ടുണ്ട്. വളരെ അടുപ്പം ഉണ്ടായിരുന്ന നടിമാർ പൾസർ സുനിയെക്കുറിച്ചു പറഞ്ഞിട്ടുണ്ട്. പലതും പറഞ്ഞ് അടുത്ത് കൂടി വിശ്വാസം പിടിച്ചുപറ്റി ഇത്തരത്തിൽ തട്ടിക്കൊണ്ടു പോയി ദൃശ്യങ്ങൾ പിടിച്ച് ബ്ലാക്ക്‌മെയിൽ ചെയ്യുന്ന ആളാണെന്ന് അവർ പറഞ്ഞതാണ്. ആ നടിമാരോട് എന്തുകൊണ്ടാണ് ഇത് പറയാതിരുന്നതെന്നും കേസ് ആക്കി അകത്തിടാമല്ലോയെന്നും ഞാൻ ചോദിച്ചിരുന്നു. സ്വന്തം കരിയർ നഷ്ടപ്പെടുന്നതു കൊണ്ടും ഈ കേസ് പുറത്തു വന്നാൽ കൂടുതൽ മാനഹാനി നേരിടേണ്ടി വരുമെന്ന പേടി കൊണ്ടും പൈസ കൊടുത്ത് സെറ്റിൽ ചെയ്യുകയായിരുന്നുവെന്നാണ് അവർ പറഞ്ഞത്.

പൾസർ സുനി തങ്ങളെ ഉപദ്രവിച്ചതിനെക്കുറിച്ച് നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷവും നിരവധി നടിമാർ തുറന്നു പറഞ്ഞിരുന്നു. എന്നാൽ ചില നടിമാർ അത് പറയാതെയും ഇരുന്നിട്ടുണ്ട്. പൾസർ സുനിയാണ് നടിയെ ആക്രമിച്ചതെന്ന് അറിഞ്ഞപ്പോൾ, ഇതൊക്കെ അറിയാവുന്നതുകൊണ്ടുതന്നെ എന്നെ സംബന്ധിച്ച് അന്നും ഇന്നും അക്കാര്യത്തിൽ ഒരു അദ്ഭുതവുമില്ല. കേസിന്റെ ആദ്യ ദിവസങ്ങളിൽത്തന്നെ ആദ്യ ആറു പ്രതികളിൽ നാലു പേർ അറസ്റ്റിലായിരുന്നു. പൾസർ സുനിയും മറ്റൊരാളും ആദ്യം ഒളിവിലായിരുന്നു. ഈ രണ്ടു പേരെയും പിന്നെ അഞ്ച് ദിവസം കഴിഞ്ഞാണ് അറസ്റ്റ് ചെയ്തത്. അവർ കീഴടങ്ങുകയായിരുന്നു.

പൾസർ സുനിയെ വലിച്ചിഴച്ച് പൊലീസ് കൊണ്ടുപോയതൊക്കെ മാധ്യമങ്ങളിലൂടെ എല്ലാവരും കണ്ടതാണ്. അന്ന് പൊലീസ് അന്വേഷണത്തിൽ എനിക്ക് വിശ്വാസം ഉണ്ടായിരുന്നു. ചോദ്യം ചെയ്യലിനൊടുവിൽ കുറ്റം തെളിയുകയും ഇവർ അറസ്റ്റിലാവുകയും ചെയ്തു. രണ്ടാഴ്ചത്തോളം പൊലീസ് കസ്റ്റഡിയിൽ ഇരുന്നതിന് ശേഷമാണ് പൾസർ സുനി ജയിലിൽ ആകുന്നത്. കോടതി വളപ്പിൽനിന്നു പിടിച്ചു വലിച്ച് ഫോഴ്‌സ് ഉപയോഗിച്ച് പൊലീസ് കൊണ്ടു പോയി കസ്റ്റഡിയിൽ വച്ച വ്യക്തി, അവനെക്കൊണ്ട് ഒരാൾ ചെയ്യിച്ചതാണെന്നുണ്ടെങ്കിൽ കസ്റ്റഡിയിൽ ഇരിക്കെത്തന്നെ അയാളുടെ പേരു പറയും. ക്വട്ടേഷൻ നൽകി തന്നെക്കൊണ്ട് ഒരാൾ ചെയ്യിച്ചതാണെന്ന് അയാൾ അന്നു തന്നെ സമ്മതിച്ചേനെ.

ഇത് നമ്മൾ ഒരുപാട് കേസിൽ കണ്ടതാണ്. പക്ഷേ അപ്പോൾ അയാൾ പറഞ്ഞില്ല. ഇവന്മാർ ക്വട്ടേഷൻ ഏറ്റെടുത്തതാണോയെന്ന് എനിക്ക് സംശയം ഉണ്ട്. കാരണം ഇവർ ചെയ്ത മുൻകാല പ്രവൃത്തികളെല്ലാം കാശുണ്ടാക്കാൻ വേണ്ടിയായിരുന്നു. ഇവന്മാരെ ഇതിന് മുൻപ് ക്വട്ടേഷന് വേണ്ടി ആരും ഉപയോഗിച്ചിട്ടില്ല. ഇവർ അറസ്റ്റിലായി മൂന്നു മാസങ്ങൾക്കു ശേഷമാണ് നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ഗൂഢാലോചന ഉണ്ടെന്നുള്ള മാധ്യമ വാർത്ത പുറത്തുവരുന്നത്. ആ വാർത്ത കണ്ടപ്പോൾ എനിക്ക് അസ്വാഭാവികതയൊന്നും തോന്നിയില്ല. അതിന് സാധ്യത ഉണ്ട്.

ജയിലിൽ കിടന്ന് കൊണ്ട് പൾസർ സുനി നടൻ ദിലീപിന്റെ സുഹൃത്തായ നാദിർഷയെ വിളിച്ചെന്നാണ് ആദ്യം വാർത്ത വന്നത്. ജയിലിൽ കിടന്നുള്ള ഫോൺ വിളി നടക്കില്ല. കാരണം അത്രയും മോണിറ്ററിങ് അവിടെ നടക്കുന്നതാണ്. മൂന്നു മാസം യാതൊരു പ്രശ്‌നവുമില്ലാതെ മുന്നോട്ടു പോകുമ്പോഴാണ് ജയിലിൽനിന്നു ഫോൺ പോയി എന്ന വാർത്ത വരുന്നത്. ജയിൽ മേധാവി എന്ന നിലയിൽ ആ സംഭവം അന്വേഷിച്ചിരുന്നു. പൾസർ സുനി വിചാരണത്തടവുകാരനാണ്. അയാൾ കോടതിയിൽ പോയപ്പോഴാണ് ഫോൺ കടത്തികൊണ്ടുവന്നതെന്നാണ് സഹതടവുകാരൻ മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. സാധാരണ ഗതിയിൽ വിചാരണത്തടവുകാരെ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുമ്പോൾ ജയിലിലെ പൊലീസ് ഉദ്യോഗസ്ഥർ കൃത്യമായി ദേഹപരിശോധന ഉൾപ്പെടെ നടത്തിയാണ് കോടതിയിലേക്ക് അവരെ കൊണ്ടുപോകേണ്ട പൊലീസ് ഉദ്യോഗസ്ഥർക്ക് കൈമാറുന്നത്.

തിരിച്ചെത്തുമ്പോഴും അതുപോലെ പരിശോധിക്കും. വസ്ത്രമഴിച്ചു വരെ പരിശോധന നടത്തും. സഹതടവുകാരൻ മാധ്യമങ്ങളോട് വെളിപ്പെടുത്തിയത് പൾസർ സുനി തിരിച്ച് വരുമ്പോൾ ചെരിപ്പിനുള്ളിൽ ഒളിപ്പിച്ചാണ് ഫോൺ കൊണ്ടുവന്നതെന്നാണ്. അതൊരിക്കലും വിശ്വസിക്കാൻ പറ്റില്ല. അവർ പുറത്ത് ഉപയോഗിക്കുന്ന ചെരിപ്പല്ല അകത്ത് ഉപയോഗിക്കുന്നത്. എല്ലാ സെല്ലിലും വിഡിയോ ക്യാമറയുണ്ട്. ക്യാമറ പരിശോധിച്ചപ്പോൾ പൾസർ സുനി കിടന്നു കൊണ്ട് ഫോൺ ഉപയോഗിച്ചതായും ഫോണിന്റെ റിഫ്‌ളക്ഷൻ മതിലിൽ പതിഞ്ഞതായും കണ്ടെത്തിയതിന്റെ വിഡിയോ റെക്കോർഡിങ്ങും ഉണ്ടായിരുന്നു. എന്നാൽ ഫോൺ ഉപയോഗിച്ച കാര്യം പ്രതികൾ സമ്മതിച്ചില്ല.

ആ നമ്പർ എവിടുന്നു കിട്ടി എന്നത് ഉൾപ്പെടെയുള്ള വിവരങ്ങൾ പ്രതികളോട് ചോദിച്ചെങ്കിലും അവർ പറയാൻ തയ്യാറായില്ല. ഇതു സംബന്ധിച്ച കൂടുതൽ പരിശോധനയിൽ സുനിയെ കോടതിയിൽ കൊണ്ടുപോയ, ജയിലിന് പുറത്തുള്ള പൊലീസുകാരൻ ഇവരെ തിരികെ എത്തിക്കാൻ നേരം ജയിലിന് ഉള്ളിലേക്ക് കടന്നതായും സുനിയുടെ ചെവിയിൽ എന്തോ പറയുന്നതായുമുള്ള രംഗങ്ങളും ജയിലിലെ ക്യാമറയിൽ പതിഞ്ഞിരുന്നു. അതുകൊണ്ടുതന്നെ ആ പൊലീസുകാരനായിരിക്കും ഫോൺ സുനിക്ക് കൈമാറിയതെന്നാണ് ഞങ്ങളുടെ നിഗമനം. ഫോൺ ഉപയോഗിച്ചത് സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് ഡിജിപിക്ക് കത്ത് നൽകിയെങ്കിലും യാതൊരു മറുപടിയും എനിക്ക് ലഭിച്ചിരുന്നില്ല.''ശ്രീലേഖ പറഞ്ഞു.