ബംഗളുരൂ: ഇനി ഇന്ത്യയിലും തെരഞ്ഞെടുപ്പ് പ്രചരണം വാട്‌സാപ്പ് ഗ്രൂപ്പുകളിലൂടേയോ? അമേരിക്കൻ തെരഞ്ഞെടുപ്പിൽ ഫേസ്‌ബുക്ക് വഴി വ്യാജ പോസ്റ്റുകൾ പ്രചരിപ്പിച്ചാണ് ട്രംപ് അധികാരത്തിൽ വന്നതെന്ന വിലയിരുത്തലുകൾ ഉയർന്നിരുന്നു. സമാനമായ സംഭവമാണ് ഇന്ത്യയിലെ തെരഞ്ഞെടുപ്പുകളിൽ നടക്കുന്നതും നടക്കാൻ പോകുന്നതെന്നാണ് നിരീക്ഷണങ്ങൾ. ഇതിലേക്കുള്ള ആദ്യ ചുവടായിരുന്നു കർണ്ണാടക. ഇവിടെ ജയം ബിജെപിയുടെ വാട്‌സാപ്പ് പോരാളികൾക്കും.

ആരുടെ കൈയിലും ഇന്ന് മൊബൈൽ ഫോണുണ്ട്. ഇതിന്റെ സാധ്യത പരമാവധി ഉപയോഗിക്കുകയായിരുന്നു ടീം മോദി. പ്രധാനന്ത്രിയുടെ കർണ്ണാടക പര്യടനം ആവേശത്തിലാക്കിയത് വാട്‌സാപ്പ് ഗ്രൂപ്പുകളാണ്. അതുകൊണ്ട് തന്നെ കർണ്ണാടകയിലെ ബിജെപി വിജയത്തെ വിദേശ മാധ്യമങ്ങളെല്ലാം വിശേഷിപ്പിച്ചത് സോഷ്യൽമീഡിയയുടെ വിജയമെന്നാണ്. ഇന്ത്യയിലെ ആദ്യ 'വാട്‌സാപ്പ് തിരഞ്ഞെടുപ്പിൽ' ബിജെപി വിജയിച്ചുവെന്നാണ് ട്വിറ്ററും ഫേസ്‌ബുക്കും വിലയിരുത്തുന്നത്.

മുക്കിലും മൂലയിലും ഇന്റർനെറ്റും സ്മാർട് ഫോണുകളും എത്തിയതോടെ വീടുകൾ കയറി ഇറങ്ങിയുള്ള വോട്ടു പിടുത്തം വേണ്ടി വന്നില്ല. എല്ലാം വാട്‌സാപ്പ് വഴി ജനങ്ങളിലേക്ക് എത്തി. കർണാടകയിൽ മാത്രം ഒരു ലക്ഷത്തോളം വാട്‌സാപ്പ് ഗ്രൂപ്പുകളാണ് തെരഞ്ഞെടുപ്പിനായി കോൺഗ്രസ്സും ബിജെപിയും ഒരുക്കിയത്. തെരഞ്ഞെടുപ്പ് കമ്മീഷന് പോലും നിയന്ത്രിക്കാനാവാത്ത ഇടപെടൽ. വാട്‌സാപ്പ് വഴി പോസ്റ്റുകളും വിഡിയോകളും പ്രചരിച്ചായിരുന്നു വോട്ട് പിടിത്ത.. ബിജെപിക്ക് വേണ്ടി മാത്രം 50,000 വാട്‌സാപ്പ് ഗ്രൂപ്പുകൾ ഉണ്ടായിരുന്നു എന്നാണ് റിപ്പോർട്ട്. ഈ ഗ്രൂപ്പുകളാണ് ജനമനസ്സുകളെ പാർട്ടിയോട് അടുപ്പിച്ചത്.

വഴി വോട്ടർമാരിലേക്ക് ദിവസവും നൂറായിരം സന്ദേശങ്ങളാണ് കൈമാറിയത്. ഇരു പാർട്ടികളും വ്യാജ വാർത്തകളും കണക്കുകളും നിരത്തി ഗ്രാമീണ വോട്ടർമാരെ വഴിതിരിച്ചുവിടാനും ശ്രമം നടത്തി. വാട്‌സാപ്പ് വഴി വ്യാജ വാർത്തകൾ പ്രചരിച്ചു. ഇത് സംഘർഷവുമുണ്ടാക്കി. രാജ്യത്ത് വരാനിരിക്കുന്ന വൻ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായുള്ള വാട്‌സാപ്പ്, ഫേസ്‌ബുക് പരീക്ഷണമാണ് കർണാടകയിൽ നടത്തിയിരിക്കുന്നത്. തെരഞ്ഞെടുപ്പുകളിൽ ഫേസ്‌ബുക്, വാട്‌സാപ്പ് നിയന്ത്രിക്കുമെന്ന് കമ്മീഷൻ പറഞ്ഞിരുന്നുവെങ്കിലും കർണാടകയിൽ ഒരു നിയന്ത്രണവും ഇല്ലായിരുന്നു.

വ്യാജ വാർത്തകളുടെയും എക്‌സിറ്റ് പോൾ റിപ്പോർട്ടുകളുടെയും പ്രളയമായിരുന്നു വാട്‌സാപ്പ് ഗ്രൂപ്പുകളിൽ. ഇതെല്ലാം ആളുകളെ സ്വാധീനിച്ചു. ഹിന്ദുമുസ്ലിം ലഹളകളുണ്ടാക്കാൻ വാട്‌സാപ്പ് ഗ്രൂപ്പുകൾ ഉപയോഗപ്പെടുത്തി. ഈ സാഹചര്യത്തിൽ വാട്‌സാപ്പ് ഗ്രൂപ്പുകൾക്ക് കൂടുതൽ നിയന്ത്രണം കൊണ്ടുവരാനാണ് നീക്കം. അഡ്‌മിന് കൂടുതൽ അധികാരം നൽകുന്ന ഫീച്ചർ ഉടനെത്തും. അല്ലെങ്കിൽ വാട്‌സാപ്പും ഫേസ്‌ബുക്കും വ്യാജ വാർത്തകളുടെ കേന്ദ്രമാകും.