ഈ സോഷ്യൽ മീഡിയയുടെ ഒരു കാര്യം. ആരാകും ഇത്തരത്തിൽ വ്യാജ പ്രചാരണങ്ങൾ അഴിച്ചുവിടുന്നത്. എത്ര പേരെയാണ് ഇത്തരത്തിൽ സോഷ്യൽ മീഡിയ 'കൊന്നത്'. ഏറ്റവുമൊടുവിലിതാ ഗഫൂർ കാ ദോസ്തിനെയും വാട്‌സ്ആപ്പ് 'കൊന്നു'.

നടൻ മാമുക്കോയ അന്തരിച്ചു എന്ന വാർത്തയാണ് ഇന്നു വാട്‌സ്ആപ്പിൽ വ്യാപകമായി പ്രചരിച്ചത്. വൃക്കരോഗത്തെ തുടർന്നു ചികിത്സയിൽ ആയിരുന്നെന്നും രോഗം മൂർച്ഛിച്ച് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ മരിച്ചുവെന്നുമായിരുന്നു പ്രചാരണം.

മാമുക്കോയയുടെ ചിത്രവും ഒപ്പം വച്ചാണു പ്രചാരണം. 'നുമ്മടെ മാമ്മുക്കയ്ക്ക് സീരിയസ്സാണ്. ആശുപത്രീലാന്നാ കേൾക്കുന്നേ..കിഡ്‌നിക്ക് കംപ്ലെയ്ന്റാന്നോ അതല്ല ബ്ലഡ് പ്ലഷർ കൂടീന്നൊക്കെയാ പറയുന്നേ..പാവം നമ്മള് കോഴിക്കോട്ടുകാരെ മുത്തായിരുന്നു....' എന്ന തരത്തിൽ പ്രചാരണമുണ്ടായിരുന്നു. അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണെന്ന പ്രചാരണമാണ് ഇന്നു വാട്‌സ്ആപ്പിൽ കിടന്ന് കറങ്ങിയത്.

ഇതുകണ്ട് അന്തംവിട്ട പലരും വിവരം സ്ഥിരീകരിക്കാനാകാതെ നെട്ടോട്ടമോടി. ചർച്ചകൾ കൊഴുക്കുന്നതിനിടെ മാദ്ധ്യമപ്രവർത്തകരിൽ ചിലർ മാമുക്കോയയെ നേരിട്ടു വിളിച്ചു. മറ്റു ചിലർ അദ്ദേഹത്തിന്റെ മകനെയും ഫോണിൽ വിളിച്ചു. 'വയനാട്ടുള്ള ബാപ്പയെ ആരാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രീലാക്കിയതെന്നാ'ണു മകന്റെ ചോദ്യം. മാമുക്കോയയെ നേരിട്ട് 'അസുഖവിവരം' അന്വേഷിച്ചവർക്കും കണക്കിനു കിട്ടിയെന്നാണു കേൾക്കുന്നത്.

എന്തായാലും അസുഖം മാമുക്കോയക്കല്ല, ചില വാട്‌സ്ആപ്പ്-സോഷ്യൽ മീഡിയ ജീവികൾക്കാണെന്നത് ഉറപ്പാണ്. താരങ്ങളും സംവിധായകരും മറ്റുമേഖലകളിലെ പ്രശസ്തരെയുമടക്കം എത്രപേരാണ് ഇങ്ങനെ 'സോഷ്യൽ മീഡിയ ആക്രമണത്തിൽ മരിച്ചത്.'