ന്യൂഡൽഹി: വാട്‌സ് ആപ്പ് അഡ്‌മിനുകൾ കൂടുതൽ ജാഗ്രതയോടെ വേണം ഇനി പ്രവർത്തിക്കാൻ. ആരെങ്കിലും എന്തെങ്കിലും തെറ്റു ചെയ്താൽ വെറുതെ ഇരിക്കരുത്. അവരെ ഉടൻ ഗ്രൂപ്പിൽ നിന്ന് പുറത്താക്കുക. അല്ലെങ്കിൽ നിങ്ങളും കുരുക്കിലാകും.

അശ്ലീല വീഡിയോകളും ചിത്രങ്ങളും വാട്‌സ്ആപ് ഗ്രൂപ്പിൽ പ്രചരിപ്പിച്ചതിന് ഗ്രൂപ്പ് അഡ്‌മിനും മെമ്പറും അറസ്റ്റിലായത് നൽകുന്ന സന്ദേശം ഇതാണ്. ആശ്ലീല വീഡിയോകളും ചിത്രങ്ങളും വാട്‌സ്ആപ് ഗ്രൂപ്പിലിട്ടതിനെ തുടർന്ന് ഒരു വനിതാ അഭിഭാഷക നൽകിയ പരാതിയിലാണ് അറസ്റ്റ്. ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടെങ്കിലും പിന്നീട് ജാമ്യം അനുവദിച്ചു. ഡൽഹി സാകേത് പൊലീസ് സ്‌റ്റേഷനിലാണ് യുവതി പരാതി നൽകിയത്. ചാറ്റ് വിവരങ്ങളും പോസ്റ്റ് ചെയ്ത ചിത്രങ്ങളുടെ സ്‌ക്രീൻ ഷോട്ടുകളും തെളിവായി യുവതി പൊലീസിന് കൈമാറിയിരുന്നു. ഗ്രൂപ്പ് അഡ്‌മിൻ മനോജ്, മെമ്പ്രർ കുൽദീപ് എന്നിവരാണ് അറസ്റ്റിലായത്.

ഗ്രൂപ്പ് അഡ്‌മിനായിരുന്ന മനോജ് അശ്ലീല ചിത്രങ്ങളോ വീഡിയോകളോ ഗ്രൂപ്പിൽ അപ്‌ലോഡ് ചെയ്തിരുന്നില്ല. എന്നാൽ ഗ്രൂപ്പ് മെമ്പറായ കുൽദീപ് നിരന്തരം സമാന വീഡിയോകളും ചിത്രങ്ങളും ഗ്രൂപ്പിൽ അപ്‌ലോഡ് ചെയ്തുപോന്നു. പല തവണ മറ്റ് മെമ്പർമാർ കുൽദീപിന്റെ നടപടി ശ്രദ്ധയിൽപ്പെടുത്തിയിട്ടും ഗ്രൂപ്പിൽനിന്ന് പുറത്താക്കൽ നടപടി സ്വീകരിക്കാൻ അഡ്‌മിൻ തയ്‌യാറാകാതിരുന്നതാണ് മനോജ് ചെയ്ത കുറ്റം. ഈ സാഹചര്യത്തിലാണ് വാട്‌സ് ആപ്പ് അഡ്‌മിനുകൾ കരുതലെടുക്കണമെന്ന അഭിപ്രായം ഉയരുന്നത്.

നിയമവിരുദ്ധമായത് ചെയ്യുന്ന മെമ്പർമാരെ ഉടൻ ഗ്രൂപ്പിൽ നിന്ന് പുറത്താക്കുക. അല്ലെങ്കിൽ പുലിവാല് പിടിക്കുക അഡ്‌മിനായിരിക്കുമെന്നാണ് ഈ സംഭവം വ്യക്തമാക്കുന്നത്.