തിരൂർ: വാട്‌സാപ് ഗ്രൂപ്പിലൂടെ ഹർത്താൽ ആഹ്വാനം നടത്തിയവരിൽ പത്താം ക്ലാസ് വിദ്യാർത്ഥിയും. ഗ്രൂപ്പ് അഡ്‌മിനായതാണ് ഈ കുട്ടിക്ക് വിനയാകുന്നത്. തിങ്കളാഴ്ചത്തെ ഹർത്താലിന് ആഹ്വാനം നടത്തിയെന്നാരോപിച്ചു പൊലീസ് 15 വയസ്സുകാരന്റെ ഫോൺ പിടിച്ചെടുത്തു. ഫോൺ സൈബർ സെല്ലിനു കൈമാറി. അതിനിടെ കുട്ടിയെ അഡ്‌മിനാക്കി മാറ്റി യഥാർഥ പ്രതികൾ രക്ഷപ്പെടാൻ ശ്രമിക്കുകയാണോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. വോയ്‌സ് ഓഫ് യൂത്ത് എന്ന പേരിലുള്ള നാലു വാട്‌സാപ് ഗ്രൂപ്പുകളിലൂടെ പ്രചരിച്ച ഹർത്താൽ ആഹ്വാനമാണു സംസ്ഥാനത്ത് കലാപമായി മാറിയത്.

ഈ പേരിലുള്ള ഒരു ഗ്രൂപ്പിന്റെ അഡ്‌മിനാണു തിരൂരിലെ പതിനഞ്ചുകാരൻ. ഇത് ആരോ ബോധപൂർവ്വം ചെയ്തതാണെന്ന സംശയം പൊലീസിനുണ്ട്. മറ്റൊരു അഡ്‌മിൻ വിദേശത്താണ്. വിദ്യാർത്ഥി സമൂഹമാധ്യമങ്ങളിലൂടെ ഹർത്താൽ സന്ദേശം പ്രചരിപ്പിച്ചതായി പൊലീസ് പറയുന്നു. അപ്രഖ്യാപിത ഹർത്താലിൽ അക്രമം നടത്തിയതിനു മേഖലയിൽ 16 കുട്ടികൾ ഇതുവരെ പൊലീസിന്റെ പിടിയിലായിട്ടുണ്ട്. ഇവരെ ജുവനൈൽ ഹോമിലേക്കു മാറ്റിയിരിക്കുകയാണ്. ഇവരെല്ലാം വിവിധ ഗ്രൂപ്പുകളുടെ അഡ്‌മിനാണ്. പൊലീസ് ഇവരെ പിടികൂടിയെങ്കിലും വലിയ ശിക്ഷ കിട്ടില്ല. ജുവനൈൽ നിയമത്തിന്റെ ആനുകൂലമാണ് ഇതിന് കാരണം. ഇതിലൂടെ യഥാർത്ഥ കുറ്റവാളികൾ രക്ഷപ്പെടും. ഈ സാഹചര്യത്തിൽ കള്ളക്കളികൾ പൊലീസ് സംശയിക്കുന്നുണ്ട്. നേരത്തേയും കുട്ടികളെ മറയാക്കി കുറ്റകൃത്യം ചെയ്യുന്ന മാതൃകകൾ പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

അതിനിടെ അപ്രഖ്യാപിത ഹർത്താൽ ദിവസം ജഡ്ജിയെ വഴിയിൽ തടയുകയും മാധ്യമപ്രവർത്തകനെ ആക്രമിക്കുകയും ചെയ്ത സംഭവത്തിൽ ചെറിയമുണ്ടം സ്വദേശി ഷെഫീഖിനെ (25) തിരൂർ എസ്‌ഐ സുമേഷ് സുധാകർ അറസ്റ്റ് ചെയ്തു. ഇയാൾ പൊലീസ് സ്റ്റേഷൻ അക്രമിച്ച കേസിലും പ്രതിയാണെന്നു പൊലീസ് പറഞ്ഞു. ഹർത്താൽദിനം തിരൂർ കോടതിയിലേക്കു വരികയായിരുന്ന ജഡ്ജിയുടെ വാഹനം പയ്യനങ്ങാടിയിൽ തടഞ്ഞിട്ടതിനാണു കേസെടുത്തത്. സമൂഹമാധ്യമങ്ങൾ വഴി ഹർത്താൽ ആഹ്വാനം ചെയ്തതിനും സാമുദായിക വിദ്വേഷം സൃഷ്ടിക്കും വിധം പ്രസ്താവനകൾ നടത്തിയതിനും 42 പേർക്കെതിരെയാണ് പൊലീസ് ഇതുവരെ കേസെടുത്തത്.

ഇതുസംബന്ധിച്ച അന്വേഷണവും പൊലീസ് ഊർജിതമാക്കി. ഇത്തരത്തിൽ സന്ദേശം കൈമാറിയതിനും മറ്റുമായി വിവിധ സ്റ്റേഷനുകളിൽ ഗ്രൂപ്പ് അഡ്‌മിന്മാരെ വിളിച്ചുവരുത്തി ചോദ്യം ചെയ്തു. സംഭവത്തിൽ ആരെയും അറസ്റ്റ് ചെയ്തതായി രേഖപ്പെടുത്തിയിട്ടില്ല. ചില ഗ്രൂപ്പുകളിൽ മതവിദ്വേഷം സൃഷ്ടിക്കുന്ന വിധത്തിലുള്ള പ്രസ്താവനകൾ പൊലീസ് കണ്ടെത്തി. നടക്കാവ് സ്റ്റേഷനിലും ചില ഗ്രൂപ്പ് അഡ്‌മിന്മാരെ വിളിച്ചുവരുത്തി ചോദ്യം ചെയ്തു. പൊലീസും രഹസ്യാന്വേഷണ വിഭാഗവുമാണ് വാട്‌സാപ് നിരീക്ഷിക്കുന്നത്. അതിനിടെ പാലക്കാട് പുതുനഗരം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ എട്ടു പേർ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യ ഹർജി നൽകി.

പുതുനഗരം സ്വദേശികളായ മുഹമ്മദ് അൻസാരി, സുൾഫിക്കർ അലി, ഫിറോസ് ഖാൻ, സിക്കന്ദർ ബാഷ, കാജ ഹുസൈൻ, നജിമുദ്ദീൻ, സിറാജുദ്ദീൻ, മുഹമ്മദാലി എന്നിവരാണ് ഹർജി നൽകിയത്. ഏപ്രിൽ 16നു നടത്തിയ ഹർത്താലിന്റെ ഭാഗമായി പ്രതികൾ കണ്ടാലറിയുന്ന മറ്റു പ്രതികളുമായി ചേർന്നു വഴി തടഞ്ഞെന്നും ബിജെപിയുടെ കൊടി നശിപ്പിക്കാൻ ശ്രമിച്ചെന്നും കേസുണ്ട്. നിയമ വിരുദ്ധം എന്നറിഞ്ഞുകൊണ്ടു പ്രതികൾ അന്യായമായി സംഘം ചേർന്നു, കലാപം ഉണ്ടാക്കാൻ ശ്രമിച്ചു, മതസ്പർധ വളർത്തി തുടങ്ങിയവ വകുപ്പുകളിലാണു കേസ്.