മലപ്പുറം: വാട്സ് ആപ്പ് ഗ്രൂപ്പുകൾ അധികരിക്കുംതോറും മലവെള്ള പാച്ചിൽ കണക്കേയാണ് സന്ദേശങ്ങൾ മൊബൈലിലേക്ക് ഒഴുകിയെത്താറ്. വാട്സ് ആപ്പിൽ ദിവസവും എത്തുന്ന സന്ദേശങ്ങളെല്ലാം ഒന്ന് കണ്ണോടിച്ച് തീർക്കാൻ പോലും പാട്പെടുന്നവരാണ് മിക്കവരും. ഇത് ജീവിതത്തിലെ വലിയൊരു ശതമാനം സമയവും കവർന്നെടുക്കാറുമുണ്ട്. എന്നാൽ വാട്‌സാപ്പ് സന്ദേശങ്ങൾ തുറക്കാതിരിക്കുന്നതിലൂടെ ചരിത്രം കുറിക്കൊനൊരുങ്ങിയിരിക്കുകയാണ് മലയാളി യുവാവ്. തന്നെ തേടിയെത്തുന്ന സന്ദേശങ്ങൾ തുറന്നു നോക്കാതെ അതിലൂടെ ചരിത്രത്തിലിടം നേടാനൊരുങ്ങുന്ന വേങ്ങര ഊരകം കോട്ടുമല സ്വദേശിയായ അബ്ദുൽ നാസർ പരവക്കലിനെയാണ് മറുനാടൻ മലയാളി വായനക്കാർക്ക് പരിചയപ്പെടുത്തുന്നത്. കേൾക്കുമ്പോൾ തമാശയായി തോന്നാം.., എന്നാൽ അബ്ദുൽ നാസർ സീരിയസാണ്.

വാട്സാപ്പ് സന്ദേശത്തിൽ എന്ത് റെക്കോഡ് എന്ന് ചോദിക്കുന്നവർക്ക് തന്റെ വാട്ട്‌സ് ആപ്പ് അക്കൗണ്ട് കാണിച്ച് മറുപടി നൽകുകയാണ് അബ്ദു നാസർ. തനിക്ക് വരുന്ന വാട്ട്‌സ് ആപ്പ് സന്ദേശങ്ങൾ വായിക്കാതെ ഏറ്റവുമധികം വായിക്കാത്ത വാട്ട്‌സ് ആപ്പ് സന്ദേശങ്ങളുടെ ഉടമയാകാനുള്ള ശ്രമത്തിലാണ് ഈ ഇരുപത്തിയഞ്ചുകാരൻ. ഇത് വരെ ആറ് ലക്ഷത്തി അൻപതിനായിരത്തിലധികം സന്ദേശങ്ങളാണ് അബ്ദു നാസറിന്റെ വാട്സ് ആപ്പ് പ്രൊഫൈലിൽ വായിക്കാതെ കിടക്കുന്നത്. നിരവധി വാട്ട്‌സ് ആപ്പ് ഗ്രൂപ്പുകൾ സ്വന്തമായിട്ടുള്ള അബ്ദു നാസർ അവയിൽ വരുന്ന മെസ്സേജുകൾ കഴിഞ്ഞ ആറുമാസക്കാലമായി തുറന്ന് വായിക്കാതെയാണ് ഇത്തരം ഒരു നേട്ടം സ്വന്തമാക്കിയത്.നിലവിൽ ഇത്രയധികം വാട്ട്‌സ് ആപ്പ് സന്ദേശങ്ങൾ വായിക്കാത്തതിന്റെ പേരിൽ റെക്കോർഡുകൾ ഒന്നും ലോകത്ത് രേഖപ്പെടുത്തിയിട്ടില്ല.

നിലവിൽ ലിംക ബുക്ക് ഓഫ് റെക്കോർഡ്, ഇന്ത്യ ബൂക്ക് ഓഫ് റെക്കോർഡ് എന്നിവയിൽ ഇടം നേടുന്നതിനുള്ള അപേക്ഷ സമർപ്പിച്ചു കഴിഞ്ഞു. അപേക്ഷ സ്വീകരിച്ചുകൊണ്ടുള്ള മറുപടി ഇ മെയിലും ലഭിച്ചും. ഇനി അടുത്ത കടമ്പകൾ കൂടി വിജയകരമായി പൂർത്തിയാക്കാനുണ്ട്. ഇതു കൂടാതെ ഗിന്നസ് ബുക്കിന്റെ സാധ്യതകളും തേടുന്നുണ്ട്. ചെറുപ്പം മുതൽ തന്റേതായ നേട്ടങ്ങൾ ലോകത്തിന് മുന്നിൽ കാണിക്കണം എന്ന തീവ്ര ആഗ്രഹത്തോടെ അബ്ദു നടത്തിയ ശ്രമങ്ങളാണ് വിജയത്തിലേക്ക് അടുക്കുന്നത്. തന്റെ ഈ നേട്ടം ഒരു ലോക റെക്കോർഡ് ആയി വാട്ട്‌സ് ആപ്പ് അധികൃതർ അംഗീകരിക്കുമെന്ന വിശ്വാസത്തിൽ അധികൃതർക്ക് വിവരങ്ങൾ അയച്ച് നൽകി കാത്തിരിക്കുകയാണ് ഈ യുവാവ്.

വാട്സ് ആപ്പിൽ വിവിധ കമ്പനികൾക്കായി പ്രമോഷൻ വർക്കിലും അബ്ദുൽ നാസർ ഏർപ്പെടാറുണ്ട്. ആദ്യമൊക്കെ പരിഹാസ്യമായിരുന്നു അബ്ദുൽ നാസറിന് ഈ സമയം നേരിട്ടത്. 'വാട്സ് ആപ്പ് അല്ലാതെ മറ്റ് നല്ല ജോലി വല്ലതും നോക്കിക്കൂടെ..' എന്നായിരുന്നു പരിഹസിച്ചിരുന്നവരുടെ കമന്റ്. വാട്‌സ്ആപ്പ് വ്യാപകമായതോടെയാണ് വാട്‌സാപ്പ് പ്രാമോഷൻ കമ്പനി എന്ന അശയം ഉദിച്ചത്. ഒരു പക്ഷേ വാട്ട്‌സ് ആപ്പ് കമ്പനി പോലും ചിന്തിച്ചിട്ടുണ്ടാവില്ല ഇങ്ങെനെ വാട്സ് ആപ്പ് മാത്രം ഉപയോഗപ്പെടുത്തി ഒരു സംരംഭം വികസിപ്പിച്ചെടുക്കാനാവുമെന്ന്! ചെലവു കുറഞ്ഞ മാർക്കറ്റിംഗിനുള്ള ഉപാധിയെന്ന നിലയിൽ ബിസിനസ് സ്ഥാപനങ്ങളുടെയും ശ്രദ്ധയാകർഷിച്ചു വരികയാണ്.

സർക്കാർ തലത്തിലുള്ള വർക്കുകൾ, കമ്പനികളുടെ ബ്രാൻഡിങ് തുടങ്ങി വൈവിധ്യമാർന്ന മേഖലകളിലെ അവസരങ്ങൾ കണ്ടെത്താൻ അബ്ദു നാസറിന് സാധിച്ചു. കേരളത്തിന് വേറിട്ട സംരംഭം കൂടിയാണ് അബ്ദുൽ നാസർ പരിചയപ്പെടുത്തുന്നത്. സന്ദേശങ്ങൾ കൈമാറാനും സമയം കൊല്ലാനും മാത്രമല്ല, വാട്്‌സ് ആപ്പ് പോലെയുള്ള നവ മാധ്യമങ്ങൾ നേട്ടങ്ങൾക്കായി വിവിധ തരത്തിൽ എങ്ങനെ ഉപയോഗിക്കാമെന്ന് ലോകത്തിന് മുന്നിൽ കാണിച്ച് കൊടുക്കുകയാണ് അബ്ദു.

2014 ൽ അങ്കമാലി ഡീപോൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്‌നോളജിയിൽ മൾട്ടിമീഡിയ ബിരുദാനന്തര ബിരുദ കോഴ്‌സിന് പഠിക്കുന്നതിനിടയിലാണ് മൊബി ന്യൂസ്വയർ സംരംഭത്തിന് അബ്ദുൽ നാസർ തുടക്കമിടുന്നത്. ജോലി സംബന്ധമായി മണിക്കൂറുകൾ വാട്സ് ആപ്പിൽ ചെലവിടേണ്ടി വരാറുണ്ട്. എന്നാൽ വാട്സ് ആപ്പ് തുറന്നാൽ മറ്റു ചാറ്റുകളും ഗ്രൂപ്പുകളും പരിശോധിച്ചു വരുമ്പോൾ ഇതിന്റെ ഇരട്ടി സമയമാണ് നഷ്ടമാകുന്നതെന്ന് അബ്ദു പറയുന്നു. ഇത്തരത്തിൽ സമയം കൊല്ലുന്ന വാട്സ് ആപ്പ് അഡിറ്റേഷനിൽ നിന്നും മുക്തമായത് നേട്ടമായാണ് അബ്ദു കരുതുന്നത്. ഇപ്പോൾ ആവശ്യത്തിനും ജോലി സംബന്ധമായും മാത്രമാണ് വാട്സ് ആപ്പിൽ ചെലവിടുന്നത്. തന്റെ തുറക്കാത്ത വാട്സ് ആപ്പ് സന്ദേശങ്ങൾ ലോക റെക്കോർഡാക്കാനുള്ള പരിശ്രമത്തിലാണ് അബ്ദുൽ നാസർ. മലപ്പുറം വേങ്ങര ഊരകം കോട്ടുമലയിലെ പരവക്കൽ മുഹമ്മദ്, റംലത്ത് ദമ്പതികളുടെ മകനാണ് നാസർ.