ആലപ്പുഴ: കേരള നിയമസഭ തെരഞ്ഞെടുപ്പ് 2021-ൽ ഹെൽമറ്റ് ചിഹ്നത്തിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികൾക്ക് ആർക്കും വോട്ടു ചെയ്യില്ലെന്നു വീലേഴ്സ് കേരള. ഹെൽമറ്റ് വേട്ട നിയമം ഒഴിവാക്കണമെന്ന ആശയപ്രചാരണത്തിന്റെ ഭാഗമായാണിത്.

പാർലമെന്റ് അംഗങ്ങളാണ് ജനവിരുദ്ധമായ ഹെൽമറ്റ്‌വേട്ട കേന്ദ്ര നിയമം പിൻവലിക്കാൻ നടപടിയെടുക്കേണ്ടതെങ്കിലും മുനിസിപ്പൽ, അസംബ്ലി, പാർലമെന്റ് തെരഞ്ഞെടുപ്പുകളിൽ ഹെൽമറ്റ് ചിഹ്നവുമായി അവതരിക്കുന്ന സ്ഥാനാർത്ഥികൾക്ക് അതിനാൽ തന്നെ വോട്ടില്ലെന്നാണ് വീലേഴ്സ് കേരളയുടെ നിലപാട്. ഹെൽമറ്റ് വേട്ട നിയമത്തിനെതിരേയുള്ള പ്രതിഷേധം പ്രകടിപ്പിക്കുന്നതിനും അഭിപ്രായം സ്വരൂപിക്കുന്നതിനും വേണ്ടിയാണിത്.

മറ്റുള്ളവർക്കു മാനസികമായോ ശാരീരികമായോ ക്ഷതം (ഹർട്ട്) ഉണ്ടാക്കാത്ത ഒരു കാര്യത്തിനു ക്രിമിനലുകളെ കൈകാര്യം ചെയ്യുന്നതിനേക്കാൾ ക്രൂരമായും നിയമാനുസൃതം സ്വീകരിക്കേണ്ട നടപടികളില്ലാതെയും ഇരുചക്രവാഹന യാത്രികരെ റോഡിൽ തടഞ്ഞു തൽക്ഷണം പിഴപിരിക്കാൻ പാടില്ലെന്നു വീലേഴ്സ് കേരള വർഷങ്ങളായി ചൂണ്ടിക്കാട്ടുന്നുണ്ട്. മറ്റ് എല്ലാ കുറ്റകൃത്യങ്ങൾക്കും മൊഴിയും സാക്ഷിയും എല്ലാം പ്രധാനമാണ്. ഇക്കാര്യത്തിൽ മാത്രം അതൊന്നുമില്ല. ജനങ്ങളുടെ സുരക്ഷയേക്കാൾ ഉപരി എളുപ്പമുള്ള പണംപിരിവു മാത്രം ലക്ഷ്യമാക്കുന്നതിനാലാണിത്.

മാനദണ്ഡങ്ങൾ പാലിക്കാത്തതും വ്യാജവുമായ ഹെൽമറ്റുകൾ അപകടരമായതിനാൽ അവ പിടിച്ചെടുത്ത് പൊതുജനമധ്യേയിട്ടു നശിപ്പിക്കണമെന്ന ആവശ്യം ഉന്നയിച്ചു തുടങ്ങിയിട്ടു മൂന്നു പതിറ്റാണ്ടിലേറെയായി. അതു കണ്ടഭാവം നടിക്കാത്തത് മാറിമാറി ഭരിച്ചിരുന്ന സർക്കാരുകളുടെ ആത്മാർഥത വെളിപ്പെടുത്തുന്നു. ഏതു പൊട്ടസാധനം വിറ്റാലും പണം മാത്രം ലക്ഷ്യമാക്കുന്ന സർക്കാരിനു കുഴപ്പമൊന്നുമില്ലെന്നാണ് അതു തെളിയിക്കുന്നത്.

ഹെൽമറ്റ് വച്ചിട്ടും മരിക്കുന്നവരെക്കുറിച്ചും ഹെൽമറ്റ് ആയുധമാക്കി കുറ്റകൃത്യങ്ങൾ നടത്തുന്നവരെക്കുറിച്ചും സർക്കാരിനു കണക്കോ മിണ്ടാട്ടമോയില്ല. വാഹനങ്ങൾ ഇടിച്ചു റോഡിൽ ജീവൻപൊലിയുന്ന കാൽനടക്കാരുടെയും മറ്റു വാഹനയാത്രക്കാരുടെയും തലകളെക്കുറിച്ചും സർക്കാരിനു വേവലാതിയുണ്ടാകേണ്ടതാണ്. സംഘടിതരല്ലാത്ത ഇരുചക്രവാഹന യാത്രക്കാരെ തടസ്സമില്ലാതെ വേട്ടയാടാൻ സൗകര്യമേറെയായതിനാൽ അതു തുടർച്ചയായി നടത്തിക്കൊണ്ടിരിക്കുന്നു.

ഹെൽമറ്റ് വയ്ക്കാതിരിക്കുന്നതു കൊണ്ടുണ്ടാകുമെന്നു സർക്കാർ സൂചിപ്പിക്കുന്ന സുരക്ഷാപ്രശ്നങ്ങളേക്കാൾ അനേകമടങ്ങ് മരണങ്ങൾക്കും രോഗങ്ങൾക്കും ശല്യങ്ങൾക്കും കാരണമാകുന്ന മദ്യത്തിനും പുകയിലയുത്പന്നങ്ങൾക്കും 'ആരോഗ്യത്തിനു ഹാനികരം' എന്നൊരു നിസാര മുന്നറിയിപ്പു മാത്രം നല്കി യഥേഷ്ടം വില്ക്കാൻ അനുവദിക്കുകയാണ്. സമൂഹത്തിനു അവയേൽപ്പിക്കുന്ന ആഘാതം അതിഭീമമാണ്. സർക്കാർ അതു നിസാരവത്കരിക്കുന്നത് ആത്മവഞ്ചനയാണെന്നും വീലേഴ്സ് കേരള കൂട്ടിച്ചേർത്തു.