- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Feature
- /
- AUTOMOBILE
ചാർജിനിട്ടപ്പോൾ പൊടുന്നനെ പുകയുയർന്നു, പിന്നെ കത്തിപ്പടർന്നു; മറ്റു ചിലയിടങ്ങളിലുണ്ടായത് പൊട്ടിത്തെറി; ലോകമാകെ വിറ്റുപോയ രണ്ടരക്കോടി ഗാലക്‌സി നോട്ട് 7 ഫോണുകൾ പിൻവലിച്ച് മുഖംരക്ഷിക്കാൻ സാംസങ്; നോട്ട് 7 ഉണ്ടായതുകൊണ്ട് മാത്രം നിങ്ങളുടെ വിമാന യാത്ര മുടങ്ങാതിരിക്കാൻ എന്തുചെയ്യണം?
ന്യൂഡൽഹി: സാംസങ് അടുത്തിടെ പുറത്തിറക്കിയ ഗാലക്‌സി നോട്ട് 7 വാങ്ങിയത് ലോകത്താകമാനം രണ്ടരക്കോടിയോളം പേരാണ്. ഇക്കഴിഞ്ഞ ഓഗസ്റ്റ് 19ന് പുറത്തിറങ്ങിയ ഫോൺ തീപിടിക്കുന്നതായും പൊട്ടിത്തെറിക്കുന്നതുമായ സംഭവങ്ങൾ പല രാജ്യങ്ങളിൽ നിന്നും റിപ്പോർട്ടുചെയ്യപ്പെട്ടതോടെ ഇവയുടെ വിൽപന നിർത്തിവയ്ക്കാനും ഫോണുകളെല്ലാം തിരിച്ചുവിളിക്കാനും സാംസങ് തീരുമാനിച്ചതിനു പിന്നാലെയാണ് ഇപ്പോൾ വൻവില കൊടുത്ത് വാങ്ങിയ ഫോൺ ഇപ്പോഴും ഉപയോഗിക്കുന്ന ലക്ഷങ്ങളെ ആശങ്കയിലാഴ്‌ത്തി ഇവയ്ക്ക് വിമാനങ്ങളിൽ ഇന്നലെ മുതൽ നിരോധനം ഏർപ്പെടുത്തിയത്. അന്താരാഷ്ട്ര തലത്തിൽ ഫെഡറൽ ഏവിയേഷൻ അഡ്‌മിനിസ്‌ട്രേഷൻ അഗ്നിബാധയ്ക്കും പൊട്ടിത്തെറിക്കും സാധ്യതയുണ്ടെന്ന് കമ്പനിതന്നെ വിലയിരുത്തിയ ഗാലക്‌സി നോട്ട് 7ന് വിമാനങ്ങളിൽ നിയന്ത്രണം കൊണ്ടുവരികയായിരുന്നു. ഇതിന്റെ ഭാഗമായി ഇന്ത്യയിലും ഇന്നലെ മുതൽ വിമാനം വിമാനത്തിൽ ഉപയോഗിക്കുന്നതിനും കൈവശംവയ്ക്കുന്നതിനും നിയന്ത്രണങ്ങൾ ഏർപ്പെടുത്തി സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറൽ നിയന്ത്രണം ഏർപ്പെടുത്തുകയായിരുന്നു. ആഗോളതലത്തിൽ ബാറ്ററിയിൽ പ
ന്യൂഡൽഹി: സാംസങ് അടുത്തിടെ പുറത്തിറക്കിയ ഗാലക്‌സി നോട്ട് 7 വാങ്ങിയത് ലോകത്താകമാനം രണ്ടരക്കോടിയോളം പേരാണ്. ഇക്കഴിഞ്ഞ ഓഗസ്റ്റ് 19ന് പുറത്തിറങ്ങിയ ഫോൺ തീപിടിക്കുന്നതായും പൊട്ടിത്തെറിക്കുന്നതുമായ സംഭവങ്ങൾ പല രാജ്യങ്ങളിൽ നിന്നും റിപ്പോർട്ടുചെയ്യപ്പെട്ടതോടെ ഇവയുടെ വിൽപന നിർത്തിവയ്ക്കാനും ഫോണുകളെല്ലാം തിരിച്ചുവിളിക്കാനും സാംസങ് തീരുമാനിച്ചതിനു പിന്നാലെയാണ് ഇപ്പോൾ വൻവില കൊടുത്ത് വാങ്ങിയ ഫോൺ ഇപ്പോഴും ഉപയോഗിക്കുന്ന ലക്ഷങ്ങളെ ആശങ്കയിലാഴ്‌ത്തി ഇവയ്ക്ക് വിമാനങ്ങളിൽ ഇന്നലെ മുതൽ നിരോധനം ഏർപ്പെടുത്തിയത്.
അന്താരാഷ്ട്ര തലത്തിൽ ഫെഡറൽ ഏവിയേഷൻ അഡ്‌മിനിസ്‌ട്രേഷൻ അഗ്നിബാധയ്ക്കും പൊട്ടിത്തെറിക്കും സാധ്യതയുണ്ടെന്ന് കമ്പനിതന്നെ വിലയിരുത്തിയ ഗാലക്‌സി നോട്ട് 7ന് വിമാനങ്ങളിൽ നിയന്ത്രണം കൊണ്ടുവരികയായിരുന്നു. ഇതിന്റെ ഭാഗമായി ഇന്ത്യയിലും ഇന്നലെ മുതൽ വിമാനം വിമാനത്തിൽ ഉപയോഗിക്കുന്നതിനും കൈവശംവയ്ക്കുന്നതിനും നിയന്ത്രണങ്ങൾ ഏർപ്പെടുത്തി സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറൽ നിയന്ത്രണം ഏർപ്പെടുത്തുകയായിരുന്നു.
ആഗോളതലത്തിൽ ബാറ്ററിയിൽ പ്രശ്‌നങ്ങൾ ഉണ്ടെന്ന് കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിൽ ഗാലക്‌സി നോട്ട് 7ന്റെ ഉപയോഗത്തിന് വിമാനങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തുന്നതായി ഡിജിസിഎ നോട്ടീസിൽ പറയുന്നു. വിമാനയാത്രയ്ക്ക് എത്തുമ്പോൾ ഫോൺ കൊണ്ടുവരുന്നവർ അത് ഒരു കാരണവശാലും ചെക്ക്ഡ് ഇൻ ബാഗേജിൽ വയ്ക്കരുതെന്നതാണ് ഒരു നിബന്ധന. മാത്രമല്ല സ്വിച്ച് ഓഫ് ചെയ്തശേഷം കൈവശംവയ്ക്കുന്ന ബാഗിൽ വേണമെങ്കിൽ ഇത് സൂക്ഷിക്കാം. വിമാനത്തിനകത്തുവച്ച് ഫോൺ സ്വിച്ച് ഓൺ ചെയ്യരുതെന്നും ചാർജ് ചെയ്യരുതെന്നും നിർദ്ദേശിച്ചിട്ടുണ്ട്.
വാർത്ത പുറത്തുവന്നതോടെ ഈ ഫോൺ കൈവശമുള്ള ആയിരക്കണക്കിന് യാത്രക്കാർ ആശങ്കയിലായി. ഫോൺ യാത്രയിൽ കൂടെ കൊണ്ടുപോയാൽ യാത്ര മുടങ്ങുകയോ ഫോൺ ഉപേക്ഷിക്കേണ്ടിവരികയോ ചെയ്യുമോയെന്ന സംശയത്തിലാണ് മിക്കവരും. പക്ഷേ, ഫോൺ ഉപയോഗിക്കാതെ കൂടെ കൊണ്ടുപോകുന്നതിന് ഇപ്പോൾ നിയന്ത്രണങ്ങളൊന്നും ഏർപ്പെടുത്തിയിട്ടില്ലെന്നാണ് വിവരം.
ആദ്യം ആസ്‌ട്രേലിയൻ എയർലൈൻസുകളിൽ ഫോണിന് വിലക്കുണ്ടായതിനു പിന്നാലെയാണ് ആഗോളതലത്തിൽ മിക്കവാറും എല്ലാ രാജ്യങ്ങളിലും കഴിഞ്ഞദിവസം ഗാലക്‌സി നോട്ട് 7ന് നിരോധനമോ നിയന്ത്രണമോ കൊണ്ടുവന്നിട്ടുള്ളത്. പക്ഷേ, ഒരിടത്തും ഫോണിന് പൂർണമായ നിരോധനം ഏർപ്പെടുത്തിയിട്ടില്ല.
പുറത്തിറങ്ങി ദിവസങ്ങൾക്കകം നാണക്കേടുണ്ടാക്കിയ ഗാലക്‌സി നോട്ട് 7
പുറത്തിറങ്ങുംമുമ്പുതന്നെ ഉഗ്രൻ ഫീച്ചേഴ്‌സുകളിലൂടെ ലോകമെമ്പാടും വൻ സ്വീകാര്യത ലഭിച്ച ഫോണാണ് ഗാലക്‌സി നോട്ട് 7. അതിനാൽത്തന്നെ ഫോൺ വിപണിയിലെത്തുംമുൻപുതന്നെ ഏറെ പേർ ഇതിനായി ബുക്ക് ചെയ്ത് കാത്തിരിക്കുകയായിരുന്നു. കഴിഞ്ഞദിവസം പുറത്തിറങ്ങിയ പുതിയ ആപ്പിൾ ഐഫോണിനെതിരെ കടുത്ത വെല്ലുവിളിയുയർത്തിയാണ് സാംസങ് കഴിഞ്ഞമാസം 19ന് ഫോൺ വിപണിയിലെത്തിച്ചത്.
പക്ഷേ, ദിവസങ്ങൾക്കകം തന്നെ ഫോൺ പൊട്ടിത്തെറിച്ചതായി റിപ്പോർട്ട് എത്തി. ദക്ഷിണകൊറിയയിലെ സോളിൽ നിന്നായിരുന്നു ആദ്യ റിപ്പോർട്ട്. പെട്ടെന്ന് തീപിടിച്ച് ഫോൺ കത്തിനശിച്ചുവെന്ന പരാതിയാണുുണ്ടായത്. ഒന്നായും രണ്ടായും പലയിടത്തുനിന്നും ഇത്തരം സംഭവങ്ങൾ റിപ്പോർട്ടുചെയ്യപ്പെട്ടതോടെ സാംസങ് കുഴപ്പത്തിലായി. ഈ മാസം ആദ്യത്തോടെ ഇത്തരത്തിൽ 35 സംഭവങ്ങളാണുണ്ടായത്.
ഏറ്റവുമൊടുവിൽ കാനഡയിൽ ചാർജ് ചെയ്യാൻ വച്ചിരുന്ന ഫോണിന് തീപിടിച്ച് വീട് കത്തിനശിച്ച സംഭവം റിപ്പോർട്ടുചെയ്യപ്പെട്ടതോടെ സാംസങ് ഗാലക്‌സി നോട്ട് 7 തിരിച്ചുവിളിക്കുന്നതായി അറിയിക്കുകയും വിൽപന നിർത്തിവയ്ക്കുകയുമായിരുന്നു. ഇതിനു പിന്നാലെയാണ് വിമാനത്തിൽ നിരോധനം വന്നത്.
നോട്ട് 7 തിരിച്ചുനൽകി ഗാലക്‌സി എസ് 7, എസ് 7 എഡ്ജ് എന്നിവ വാങ്ങാം
ആപ്പിൾ ഐഫോണിന്റെ പുതിയ വേർഷന് വെല്ലുവിളിയാകാൻ മത്സരബുദ്ധിയോടെ അവതരിപ്പിച്ച നോട്ട് 7ന് ഇത്രയും വലിയ തിരിച്ചടി നേരിട്ടതോടെ സാംസങിന്റെ ആഗോള വിപണിമൂല്യം കഴിഞ്ഞദിവസങ്ങളിൽ കുത്തനെ ഇടിഞ്ഞിരുന്നു. ഈ സാഹചര്യത്തിൽ മുഖം രക്ഷിക്കാൻ ഉഗ്രൻ ഓഫറുകളാണ് കമ്പനി നോട്ട് 7 വാങ്ങിച്ചവർക്കായി മുന്നോട്ടുവച്ചിട്ടുള്ളത്.
നോട്ട് 7 വാങ്ങിയവർക്കെല്ലാം അത് തിരിച്ചേൽപിച്ച് ഇതിനോട് കിടപിടിക്കുന്ന ഗാലക്‌സി എസ് 7, എസ് 7 എഡ്ജ് എന്നീ സ്മാർട്ട് ഫോണുകൾ വാങ്ങാനാണ് സാംസങ് അവസരം നൽകുന്നത്.
ഈയാഴ്ചതന്നെ ഇതിന് അവസരമൊരുക്കും. ഇതിനു പുറമെ ഉപയോക്താക്കൾക്ക് ചില രാജ്യങ്ങളിൽ 25 ഡോളറോളം മൂല്യമുള്ള ഗിഫ്റ്റ് കാർഡുകൾ സാംസങ് ഒരു നഷ്ടപരിഹാരമെന്ന നിലയിൽ നൽകിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
നോട്ട് 7ന് സംഭവിച്ചതെന്ത്? അന്വേഷണ വേഗം കൂട്ടി സാംസങ്
എല്ലാ വിധ പരീക്ഷണങ്ങളും കഴിഞ്ഞ്, സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പാക്കി സാംസങ് പുറത്തിറക്കിയ നോട്ട് 7ന് ഇത്തരത്തിൽ ഒരു തിരിച്ചടി നേരിട്ടത് എങ്ങനെയെന്ന അന്വേഷണത്തിന് കമ്പനി ഉത്തരവിട്ടുകഴിഞ്ഞു. വിമാനങ്ങളിൽ വരെ നിരോധനം വന്ന സാഹചര്യത്തിൽ യുഎസിലെ കൺസ്യൂമർ പ്രൊഡക്റ്റ് സേഫ്റ്റി കമ്മിഷനുമായി ചേർന്ന് വിപുലമായ അന്വേഷണമാണ് നടത്തുന്നത്.
ഇതിന്റെ ഭാഗമായി ഓഗസ്റ്റ് 31നാണ് കമ്പനി നോട്ട് 7ന്റെ വിൽപന താൽക്കാലിമായി നിർത്തിവയ്ക്കുകയാണെന്ന് അറിയിച്ചത്. പിന്നീട് വിഷയം കൂടുതൽ ഗൗരവതരമാണെന്ന് അറിഞ്ഞതോടെ കഴിഞ്ഞയാഴ്ച ഫോൺ തിരിച്ചുവിളിക്കാൻ തീരുമാനിക്കുകയായിരുന്നു.
ഫോണിലെ ബാറ്ററിക്കാണ് പ്രശ്‌നമെന്നും അതല്ല, ഫോണിനൊപ്പം എത്തുന്ന എസ് -പെൻ ആണ് വില്ലനെന്നും റിപ്പോർട്ടുകളുണ്ട്. എസ് പെൻ ഉപയോഗിക്കുന്നതിലെ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി വീഡിയോകളും യുട്യൂബിൽ പ്രചരിക്കുന്നുണ്ട്.
എസ്-പെൻ പുറത്തേക്ക് ഇജക്റ്റ് ചെയ്യുമ്പോൾ ബട്ടൻ ഉടക്കിപ്പോകുന്ന പ്രശ്‌നമുണ്ടാക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. എസ്-പെൻ തിരികെ വയ്ക്കുമ്പോൾ ശക്തമായി തള്ളുന്നത് ബട്ടൻ കേടുവരുത്തുമെന്നും കമ്പനി അറിയിപ്പു നൽകിയിരുന്നു. കഌക്ക് ശബ്ദം കേട്ടാൽ പിന്നെയും തള്ളരുതെന്നാണ് നിർദ്ദേശം.
പക്ഷേ, ഇത് തീപിടിക്കാനുള്ള കാരണമാകില്ലെന്നും മറിച്ച് ബാറ്ററിക്കാണ് പ്രശ്‌നമെന്നുമാണ് ഏറ്റവുമൊടുവിൽ പറഞ്ഞുകേൾക്കുന്നത്. രണ്ടിടത്ത് നിന്നുള്ള ബാറ്ററികളാണ് ഉപയോഗിച്ചിരുന്നതെന്നും ഇതിൽ ഒരിടത്തുനിന്ന് വിതരണം ചെയ്ത ബാറ്ററിയാണ് വില്ലനായതെന്നുമാണ് ഇപ്പോൾ പറയുന്നത്.
ചാർജറിൽ കണക്ട് ചെയ്ത മൊബൈലുകളിൽ ചാർജിംഗിനിടെ ചൂട് കൂടിവരികയും പൊടുന്നനെ ബാറ്ററി പൊട്ടിത്തെറിക്കുകയോ ഫോൺ ഉരുകുകയോ ചെയ്യുന്നതായാണ് ഇതുവരെ ഉണ്ടായ അപകടങ്ങളുടെ ദൃശ്യങ്ങൾ വ്യക്തമാക്കുന്നത്.
ഇതുവരെ വിറ്റഴിച്ച നോട്ട് 7 യൂണിറ്റുകളിൽ 0.1 ശതമാനത്തിൽ താഴെ മാത്രം എണ്ണത്തിന് ഇത്തരത്തിൽ തകരാറുകളുണ്ടാകാമെന്ന നിഗമനത്തിലേക്കാണ് കമ്പനി എത്തിയിട്ടുള്ളതെങ്കിലും ഉപഭോക്താക്കളിലുണ്ടായ ആശങ്കയുടെ പശ്ചാത്തലത്തിൽ ഫോണുകളെല്ലാം തിരിച്ചുവിളിക്കാൻ തീരുമാനിക്കുകയായിരുന്നു. പക്ഷേ, ബാറ്ററി മാറ്റി നൽകിയതുകൊണ്ട തീരുന്ന പ്രശ്‌നമല്ല നോട്ട് 7ന് ഉള്ളതെന്നാണ് കണ്ടെത്തൽ.
എന്നാൽ ഇതുകൊണ്ടൊന്നും ഫോൺ വാങ്ങിയവർക്കുണ്ടായ ആശങ്കകൾ തീരില്ലെന്ന് ഫോൺ കത്തിനശിച്ചവരുടെ അനുഭവങ്ങൾ വ്യക്തമാക്കുന്നു. സോഷ്യൽ മീഡിയയിൽ പോസ്റ്റുചെയ്ത വീഡിയോയിലൂടെ ഫോൺ നശിച്ച ഉപഭോക്താവായ ഏരിയൽ ഗോൻസാലെസ് തനിക്കുണ്ടായ അനുഭവം വിവരിച്ചിരുന്നു. ജോലി കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ അൽപനേരം ചാർജിനിട്ടതായിരുന്നു ഫോൺ.
തിരികെ എടുത്ത് ഒരു കഌസിൽ പോകാനിറങ്ങവെ അരയിലെ കഌപ്പിൽ ഘടിപ്പിച്ചയുടൻ ഫോണിന് തീപിടിക്കുകയായിരുന്നു. വാങ്ങി രണ്ടാഴ്ചപോലുമാകാത്ത ഫോൺ ഇങ്ങനെ കത്തുമോ? - ഏരിയൽ ചോദിക്കുന്നു.
ദക്ഷിണകൊറിയയിൽ സ്‌കൂൾ ടീച്ചറായ പാർക് സോ ജൂങ്ങിനും സമാനമായ അനുഭവമാണ് ഉണ്ടായത്. ഫോണിന് പൊടുന്നനെ തീപിടിക്കുകയും ശക്തമായ പുകയുയർന്ന് അപാർട്ടുമെന്റ് മുഴുവൻ മൂടുകയുമായിരുന്നു. - അവർ പറയുന്നു.
ഫോണിന് തീപിടിക്കാതിരിക്കാൻ മുൻകരുതലെടുക്കാം
സാംസങിന്റെ ഗാലക്‌സി നോട്ട് 7 ലോകത്ത് ആദ്യമായി തീപിടിക്കുന്ന ഫോണൊന്നുമല്ല. മൊബൈൽ ചാർജിലിരിക്കെ സംസാരിക്കുമ്പോഴും മറ്റും ആദ്യകാല ഫോണുകൾ ഉൾപ്പെടെ കത്തിനശിക്കുകയും പൊട്ടിത്തെറിക്കുകയും പലർക്കും പരിക്കേൽക്കുകയും ചെയ്ത സംഭവമുണ്ടായി. ബാറ്ററി റീചാർജിംഗിനിടെയാണ് മിക്ക അപകടങ്ങളും ഉണ്ടായിട്ടുള്ളത്. ഫോണിനുണ്ടാകുന്ന തീപിടിത്തം ഒഴിവാക്കാൻ ഈ മുൻകരുതലുകൾ തീർച്ചയായും സ്വീകരിച്ചിരിക്കണം.
- എപ്പോഴും ഫോണിനൊപ്പം കമ്പനി തരുന്ന ഒറിജിനൽ വാൾ ചാർജർ തന്നെ ഉപയോഗിക്കുന്നതാണ് അഭികാമ്യം. നോട്ട് 7നിന്റെ കാര്യത്തിൽ പ്രത്യേകിച്ചും.
- ഫോൺ ചൂടുള്ള പ്രതലങ്ങളിലോ വെയിലത്തോ വച്ച് ചാർജ് ചെയ്യരുത്.
- ഫോണിൽ പവർ കൂടുതൽ ഉപയോഗിക്കുന്ന തരത്തിലുള്ള ആപ്പുകൾ (ഗെയിം മുതലായവ) കൂടുതൽ സമയം തുടർച്ചയായി ഉപയോഗിക്കരുത്.
- തുറന്ന പരിസരങ്ങളിൽ, വായുസഞ്ചാരമുള്ള ഇടങ്ങളിലാകണം ഫോൺ ഉപയോഗം.
ഒരിക്കലും ഫോണിനുമുകളിൽ മർദ്ദം വരുന്നരീതിയിൽ വയ്ക്കരുത്. ഞെക്കുകയും മറ്റും ചെയ്യുന്നതുപോലും പ്രശ്‌നമാകാം. അതിനാൽത്തന്നെ തലയിണയ്ക്കടിയിൽ വയ്ക്കുന്നതും മറ്റും ഒഴിവാക്കണം. - ലിഥിയം അയോൺ ബാറ്ററി ഉപയോഗിക്കുന്ന ലാപ്‌ടോപ്പുകൾക്കും ടാബുകൾക്കുമെല്ലാം ഇത്തരം പ്രശ്‌നങ്ങൾക്ക് സാധ്യതയുണ്ടെന്ന കരുതലോടെ വേണം ഉപയോഗം.