തിരുവനന്തപുരം: തിരുവനന്തപുരം കിംസ് ആശുപത്രിയിൽ നഴ്‌സിങ് വിദ്യാർത്ഥിനി റോജി റോയി(19) ആശുപത്രി കെട്ടിടത്തിൽ നിന്നും വീണു മരിച്ച സംഭവത്തിൽ റോജിക്ക് നീതി ലഭിക്കണം എന്നാവശ്യപ്പെട്ട് സൈബർ ലോകത്ത് പ്രതിഷേധം ശക്തമായിരുന്നു. എന്നാൽ സൈബർ ലോകത്തെ പ്രതിഷേധങ്ങൾക്ക് അധികകാലം നീണ്ടു നിന്നില്ല. ഒരോ ഓൺലൈൻ പത്രത്തിന്റെയും ഫേസ്‌ബുക്ക് പേജുകളിൽ റോജിക്ക് നീതി ലഭിക്കണമെന്ന പോസ്റ്റുകൾ വന്നു. സൈബർ ലോകത്തെ നിലയ്ക്കാത്ത ആവശ്യങ്ങൾക്കൊടുവിൽ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ വെങ്കിടേഷ് റോജിയുടെ മരണം അന്വേഷിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറയുകയുമുണ്ടായി. എന്നാൽ അന്വേഷണ പുരോഗതി എന്തായെന്ന കാര്യം പുറത്തുവിടാതിരിക്കുകയാണ് പൊലീസ്. ഇതിനിടെ വിഷയം മാറിവന്നതോടെ റോജിക്ക് നീതി ആവശ്യപ്പെട്ടുള്ള ഫേസ്‌ബുക്ക് പോസ്റ്റുകളുടെ എണ്ണവും കുറഞ്ഞു. സൈബർ പോരാളികൾ പിൻവാങ്ങിയെങ്കിലും തങ്ങളുടെ കുഞ്ഞു സഹോദരിയുടെ മരണത്തിന് ഇടയാക്കിയവർക്ക് നീതി ലഭിക്കാനായി യുണൈറ്റഡ് നഴ്‌സസ് അസോസിയേഷൻ തെരുവിലിറങ്ങി.

നഴ്‌സുമാരുടെ സംഘടനയായി യുഎൻഎയുടെ നേതൃത്വത്തിൽ റോജി റോയിയുടെ മരണത്തിന് ഉത്തരവാദികൾ ആയവരെ അറസ്റ്റു ചെയ്യണമെന്ന് ആവശ്യപ്പെട്ട് കിംസ് ആശുപത്രിയിലേക്ക് മാർച്ച് നടത്തി. നഴ്‌സുമാരുടെ ശമ്പള വർദ്ധനവ് അടക്കമുള്ള ആനുകൂല്യങ്ങൾക്കായി തെരിവിൽ സമരത്തിനിറങ്ങി അത് വിജയിപ്പിച്ച് ചരിത്രമുള്ള യുഎൻഎയുടെ നേതൃത്വത്തിലുള്ള പ്രതിഷേധം ആശുപ്രതി മാനേജ്‌മെന്റുകാരെ ആശങ്കയിൽ ആക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ നഴ്‌സുമാരുടെ സമരത്തെ സ്വാധീനത്തിന്റെ പിൻബലത്തിൽ പൊലീസ് സംവിധാനങ്ങളെ ഉപയോഗിച്ച് തടയാനാണ് മാനേജ്‌മെന്റ് ശ്രമിച്ചത്.

യുണൈറ്റഡ് നഴ്‌സിസ് അസോസിയേഷൻ പ്രസിഡന്റ് ജാസ്മിൻ ഷായുടെ നേതൃത്വത്തിൽ മുന്നൂറോളം വരുന്ന നഴ്‌സുമാർ സമരത്തിന് ഇറങ്ങിയതോടെ നഴ്‌സുമാരെ പിന്തുണച്ചുകൊണ്ട് നാട്ടുകാരും രംഗത്തെത്തി. മാനേജ്‌മെന്റിന്റെ പ്രതിഷേധ നടപടികൾ ഉണ്ടാകുമെന്ന് ഭയന്ന് കിംസിലെ നഴ്‌സുമാരും വിദ്യാർത്ഥികളും പ്രത്യക്ഷത്തിൽ രംഗത്തെത്തയില്ലെങ്കിലും തങ്ങളുടെ കൊച്ചു സഹോദരിക്ക് വേണ്ടി നീതി കിട്ടാൻ വേണ്ടി യുഎൻഎയ്ക്ക് എല്ലാവിധ പിന്തുണയും അവർ വാഗ്ദാനം നൽകുകയുണ്ടായി. ഇന്ന് രാവിലെ 10.30തോടെയാണ് നഴ്‌സുമാർ സംഘടിച്ച് കിംസ് ആശുപത്രിയുടെ മുന്നിലേക്ക് എത്തിയത്. കിംസ് ആശുപത്രിക്ക് 200 മീറ്റർ അകലെ വച്ച് പ്രതിഷേധ മാർച്ച് പൊലീസ് തടഞ്ഞു. ആശുപത്രിക്ക് മുന്നിലെത്താൻ സമരക്കാരെ അനുവദിക്കില്ലെന്നും പിരിഞ്ഞുപോകണമെന്നും പൊലീസ് ആവശ്യപ്പെടുകയായിരുന്നു. സമാധാനപരമായ സമരമെന്ന നിലയിൽ നഴ്‌സുമാർ അവടെയിരുന്ന് പ്രതിഷേധിക്കുകയും ചെയ്തു. സ്ഥലത്ത് വൻ പൊലീസ് സന്നാഹമായിരുന്നു ഒരുക്കിയത്.

റോജി റോയിക്ക് നീതി ലഭിക്കണെങ്കിൽ ജുഡീഷ്യൽ അന്വേഷണമാണ് വേണ്ടതെന്ന് പ്രഖ്യാപിച്ചു കൊണ്ടായിരുന്നു യുഎൻഎയുടെ മാർച്ച്. പറന്നുയരാൻ ആഗ്രഹിച്ച റോജി റോയി എന്ന വിദ്യാർത്ഥിനിയുടെ പ്രതീക്ഷകളെ തല്ലിത്തകർത്തവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് മർച്ച് ഉദ്ഘാടനം ചെയ്ത യുഎൻഎ പ്രസിഡന്റ് ജാസ്മിൻ ഷാ പറഞ്ഞു. റോജി റോയിക്ക് നീതി കിട്ടാൻ വേണ്ടി തെരുവിൽ പോരാട്ടത്തിൻ സംഘടന സജ്ജമാണെന്നും ജാസ്മിൻ പറഞ്ഞു. ഇപ്പോഴത്തെ അന്വേഷണത്തിൽ സത്യം പുറത്തുവരില്ല. റോജി ആത്മഹത്യ ചെയ്തതാണെങ്കിൽ അത് തെളിയിക്കാൻ ആശുപത്രി അധികൃതർ സിസി ടിവി ദൃശ്യങ്ങൾ പുറത്തുവിടണം. ഉന്നത സ്വാധീനമുള്ള കിംസ് മാനേജ്‌മെന്റിനെ സംരക്ഷിക്കുന്ന നിലപാടാണ് രാഷ്ട്രീയക്കാരും പൊലീസും സ്വീകരിക്കുന്നത്. അതുകൊണ്ട് റോജിയുടെ മരണത്തിന് ഉത്തരവാദികൾ ആയവരെ പുറത്തുകൊണ്ടുവരാൻ ഒരു ജുഡീഷ്യൽ അന്വേഷണം വേണമെന്നം ജാസ്മിൻ ഷാ ആവശ്യപ്പെട്ടു.

കഴിഞ്ഞ വർഷം ഡിസംബർ മാസത്തിൽ അമൃത ആശുപത്രിയുടെ അടിമത്ത പരമായ നിലപാടിന് എതിരായാണ് യുഎൻഎ പോരാടിയത്. ഈ ഡിസംബറിൽ കിംസ് ആശുപത്രിക്ക് മുന്നിലേക്കാണെന്നും ജാസ്മിൻ പറഞ്ഞു. ഒരു കുടുംബത്തിന്റെ പ്രതീക്ഷകളെ തകർത്തവരെ നിയമത്തിന്നു മുന്നിൽ കൊണ്ടുവരാനും റോജി റോയി എന്ന സഹോദരിക്ക് നീതി ലഭ്യമാക്കുന്നതിനും വേണ്ടിയുള്ള തെരുവിലെ പോരാട്ടത്തിൽ യുഎൻഎക്കു പിന്നിൽ അണിനിരക്കാൻ മുഴുവൻ നേഴ്‌സിങ് സമൂഹത്തോടും ജാസ്മിൻ അഭ്യർത്ഥിച്ചു.

നഴ്‌സുമാരുടെ സമരത്തെ പിന്തുണച്ചുകൊണ്ട് പ്രദേശത്തെ നാട്ടുകാരും സമരത്തോടൊപ്പം അണിചേർന്നിരുന്നു. ഉന്നതർക്ക് മുന്നിൽ നിയമം വഴിമാറുന്നതിനെതിരെ പ്രതികരിച്ചതിൽ നാട്ടുകാർ നഴ്‌സുമാർക്ക് എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്തു. കിംസിലെ നഴ്‌സുമാരും വിദ്യാർത്ഥികളും റോജിക്ക് നീതി ലഭിക്കാനുള്ള പോരാട്ടത്തിൽ തങ്ങൾക്ക് ഒപ്പമുണ്ടെന്നും ജാസ്മിൻ മറുനാടൻ മലയാളിയോട് പറഞ്ഞു. കഴിഞ്ഞ ദിവസം റോജിക്ക് വേണ്ടി കിംസിലെ നഴ്‌സിങ് വിദ്യാർത്ഥികൾ റോജിക്ക് വേണ്ടി മെഴുകുതിരികൾ കത്തിച്ചിരുന്നു. എന്നാൽ മാനേജ്‌മെന്റിന്റെ പ്രതികാര നടപടികളെ ഭയന്നാണ് ഇവർ സരത്തോടൊപ്പം ചേരാത്തത്. കിംസിന്റെ മറ്റ് ആശുപത്രികൾക്ക് മുന്നിലേക്കും റോജി വിഷയം ഉന്നയിച്ച് സമരം നടത്താനാണ് യുഎൻഎയുടെ തീരുമാനമെന്നും യുഎൻഎ അധ്യക്ഷൻ അറിയിച്ചു.

നേരത്തെ റോജി റോയിയുടെ ദുരൂഹ മരണത്തിന് പിന്നിലെ പ്രേരകശക്തിയെന്ന് ബന്ധുക്കളും പൊതുസമൂഹവും ആരോപിക്കുന്നു കിംസ് നേഴ്‌സിങ് കോളേജ് പ്രിൻസിപ്പൽ സൂസൻ ജോസിന്റെ നഴ്‌സിങ് രജിസ്‌ട്രേഷൻ റദ്ദാക്കണമെന്നും നഴ്‌സുമാർ ആവശ്യപ്പെട്ടിരുന്നു. കോളേജിൽ ഒരു നഴ്‌സിങ് വിദ്യാർത്ഥിയുടെ പേര് ചോദിച്ചതുമായുള്ള തർക്കമാണ് മാനേജ്‌മെന്റ് റാഗിംഗെന്ന വിധത്തിൽ വളർത്തി റോജിയെ ചോദ്യം ചെയ്തത്. അഞ്ജു മോസ്‌കോ എന്ന വിദ്യാർത്ഥിനിയുടെ പേര് റോജിയും കൂട്ടുകാരികളും ചോദിച്ചിരുന്നു. പേരിലെ കൗതുകം കൊണ്ട് ഒന്ന് ആവർത്തിച്ചു ചോദിച്ചുവെന്ന് മാത്രം. ഇതിനെയാണ് റാഗിംഗായി ആശുപത്രി അധികൃതർ വ്യാഖ്യാനിച്ചതെന്നാണ് കിംസിലെ വിദ്യാർത്ഥികൾ തന്നെ വ്യക്തമാക്കിയത്.

തൊട്ടടുത്ത ദിവസം റോജിയെ നഴ്‌സിങ് കോളേജ് പ്രിൻസിപ്പലും മറ്റുള്ളവരും ചേർന്ന് ഓഫീസിലേക്ക് വിളിപ്പിക്കുകയും രൂക്ഷമായി ശകാരിക്കുകയും ചെയ്യുകയായിരുന്നു. ആറോളം പേർ ചേർന്നാണ് റോജിയെ ഭീഷണിപ്പെടുത്തുന്ന വിധത്തിൽ ചോദ്യം ചെയ്തത്. ഈ സംഭവത്തിന് ശേഷമാണ് റോജി ആശുപത്രി കെട്ടിടത്തിൽ നിന്നും വീണുമരിച്ചത്. വിശദീകരണം എഴുതി നൽകാൻ പറഞ്ഞപ്പോൾ പേപ്പർ എടുക്കാനായി പോയി ചാടി മരിച്ചുവെന്നാണ് ആശുപത്രി അധികൃതരും പറയുന്നത്. സംഭവത്തിൽ മുഖ്യധാര മാദ്ധ്യമങ്ങൾ ആശുപത്രിയുടെ പേര് പറയാതെ റിപ്പോർട്ട് ചെയ്തതും മറ്റുമാണ് സൈബർ ലോകത്ത് പ്രതിഷേധത്തിന് ഇടയാക്കിയത്. സൈബർ പോരാളികൾ പിൻവാങ്ങിയെങ്കിലും വിഷയം ഉന്നയിച്ച് യുഎൻഎ തെരുവിലേക്ക് ഇറങ്ങിയതോടെ ജുഡീഷ്യൽ അന്വേഷണ ആവശ്യം ശക്തമാകുകയാണ്.