ന്യൂഡൽഹി: മുംബൈയ്ക്കും ഡൽഹിക്കുമിടയിൽ പറക്കുന്ന യാത്രക്കാർക്ക് ലഗേജ് ആനുകൂല്യം പ്രഖ്യാപിച്ച് എയർ ഇന്ത്യ. പുതുതായി ആരംഭിച്ച ബോയിങ് 747 വിമാനത്തിലെ യാത്രക്കാർക്ക് ഇക്കോണമി ക്ലാസിൽ  40 കിലോയും ബിസിനസ് ക്ലാസിൽ  50 കിലോയും ലഗേജ് കൊണ്ടുപോകാൻ അനുമതി നൽകിയിരിക്കുകയാണ് കമ്പനി.

നിലവിൽ ഫ്രീ ചെക്ക് ഇൻ ബഗേജ് ഇക്കോണമി ക്ലാസിന് 25 കിലോയും ബിസിനസ് ക്ലാസിന് 35 കിലോയുമാണ്. മറ്റു വിമാനക്കമ്പനികൾ 15 കിലോ സൗജന്യ ബഗേജ് അനുവദിക്കുന്ന സ്ഥാനത്താണിത്.

ബോയിങ് 747 ജംബോ ജെറ്റ് മുംബൈ-ഡൽഹി റൂട്ടിൽ രണ്ടുവീതം സർവീസാണ് ഇപ്പോൾ നടത്തുന്നത്. എയർ ഇന്ത്യ ഈ റൂട്ടിൽ സർവീസ് നടത്തുന്ന മറ്റു വിമാനങ്ങൾ ചെറുതാണ്. എയർബസ് ഏ-320 വിമാനങ്ങളാണ് ഇവ.

നിലവിൽ ജംബോ ജെറ്റുകൾ ഉപയോഗിക്കുന്നത് രാഷ്ട്രപതി, പ്രധാനമന്ത്രി, ഉപരാഷ്ട്രപതി തുടങ്ങിയ വിവിഐപികളുടെ ആവശ്യങ്ങൾക്കായാണ്. ഇവയാകട്ടെ മറ്റവസരങ്ങളിൽ ഡൽഹി-മുംബൈ-ലണ്ടൻ, മുംബൈ-ഡൽഹി-ന്യൂയോർക്ക് തുടങ്ങിയ അന്തരാഷ്ട്ര സർവീസുകൾക്കായാണ് ഉപയോഗിക്കുന്നതും.

ഈ വിമാനങ്ങളുടെ സർവീസ് പുലർച്ചെ (അർധരാത്രിക്കും അഞ്ചുമണിക്കും ഇടയിൽ) ആണ് നടത്തുന്നത്. ഡൊമസ്റ്റിക് സർവീസിന് ചാർജും കുറവായതിനാൽ ബജറ്റ് യാത്രക്കാർ കൂടുതലും ഈ വിമാനങ്ങളെ ആശ്രയിക്കുന്നുണ്ട്. 'ആകാശ റാണി' എന്ന് വിശേഷിപ്പിക്കുന്ന ജംബോ ജെറ്റിലെ യാത്ര ആസ്വദിക്കാൻ മുംബൈ-ഡൽഹി റൂട്ടിലെ യാത്രികർക്ക് അസുലഭ അവസരമാണ് ഇന്നുമുതൽ ഒരുങ്ങുന്നതെന്ന് എയർ ഇന്ത്യ സ്‌റ്റേറ്റ്‌മെന്റിൽ വ്യക്തമാക്കി.

ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ റൂട്ടിൽ 423 യാത്രികരെ ഉൾക്കൊള്ളാവുന്ന ബോയിങ് 747 വിമാനം എത്തുന്നുവെന്നതാണ് മറ്റൊരു പ്രത്യേകത.