ഫ്രഞ്ച് ഫ്രൈസ് പോലെ വറുത്തെടുക്കുന്ന ഭക്ഷണം കഴിക്കുന്നത് ക്യാൻസറിന് കാരണമാകുമെന്ന് പഠന റിപ്പോർട്ട്. പുകവലിക്കുന്നവർ ഉള്ളിലാക്കുന്ന അപകടകരമായ രാസവസ്തു ഉയർന്ന ചൂടിൽ വറുത്തെടുക്കുന്ന ഭക്ഷണ പദാർഥങ്ങളിലുമുണ്ടെന്നാണ് യൂറോപ്യൻ ഫുഡ് സേഫ്റ്റി അധികൃതരുടെ കണ്ടെത്തൽ. ഉയർന്ന ചൂടിൽ വറുത്തെടുക്കുന്ന ഭക്ഷണ പദാർഥങ്ങളിലുള്ള അക്രിലാമൈഡ് (എഎ) ആണ് ക്യാൻസറിന് കാരണമാകുന്നത്.

ബേക്ക് ചെയ്തതും വറുത്തതുമായ കാർബോഹൈഡ്രേറ്റ് ഭക്ഷണങ്ങളിൽ എഎയുടെ സാന്നിധ്യമുണ്ടെന്ന് പഠന റിപ്പോർട്ടിൽ പറയുന്നു. ഫ്രഞ്ച് ഫ്രൈസ്, പൊട്ടറ്റോ ചിപ്‌സ്, ബ്രെഡ്, ബിസ്‌കറ്റ്, കാപ്പി എന്നിവയിൽ എഎ അടങ്ങിയിട്ടുണ്ട്. സിഗരറ്റ് പുകയിലും ഉള്ള എഎ ക്യാൻസറിന് കാരണമാകുന്ന വസ്തുവാണ്.

കുട്ടികളിൽ 51 ശതമാനത്തോളം എഎ ഉള്ളിലെത്തുന്നത് ഫ്രഞ്ച് ഫ്രൈസിലൂടെയും പൊട്ടറ്റോ ചിപ്‌സിലൂടെയുമാണ്. ഉപ്പേരി വറുക്കുമ്പോൾ, അത് കരിയുന്ന ഘട്ടത്തിലേക്ക് എത്തിക്കരുതെന്ന് ബ്രിട്ടനിലെ ഫുഡ് സ്റ്റാൻഡേർഡ്‌സ് ഏജൻസി രക്ഷിതാക്കൾക്ക് മുന്നറിയിപ്പ് നൽകുന്നു. ഇളം സ്വർണനിറമാകുന്നതുവരെ മാത്രമേ വറുക്കാവൂ എന്നാണ് നിർദ്ദേശം.

എന്നാൽ, യൂറോപ്യൻ ഫുഡ് ഏജൻസിയുടെ നിർദ്ദേശം കുട്ടികളെ കഴിയുന്നത്ര ഇത്തരം ഭക്ഷണങ്ങളിൽനിന്ന് അകറ്റി നിർത്തണമെന്നാണ്. അക്രിലാമൈഡ് ക്യാൻസറിന് വഴിവെക്കുമെന്ന് മൃഗങ്ങളിൽ നടത്തിയ പരീക്ഷണങ്ങളിൽ തെളിഞ്ഞതായി പഠനം സ്ഥിരീകരിക്കുന്നു. എല്ലാ ദിവസവും വറുത്ത ഭക്ഷണപദാർഥങ്ങൾ കഴിക്കുന്നത് അക്രിലാമൈഡിന്റെ അംശം ശരീരത്തിൽ കൂടുന്നതിന് കാരണമാകും. അത് ക്യാൻസറിന് വഴിവെക്കുമെന്നും റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു.