- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭർത്താവിനെ കേസിൽ കുടുക്കിയ ഗുണ്ടയെ കൊല്ലാൻ നിർദ്ദേശം നൽകിയത് സഹായിക്ക്; പ്രതികാരമായി ഭാര്യയുടെ ജീവനെടുത്ത് ഗുണ്ടപ്പക; കാട്ടൂരിലെ ലക്ഷ്മിയെ ഗുണ്ടകൾ വെട്ടിവീഴ്ത്തിയത് ബോംബെറിഞ്ഞ് ഭീതി പരത്തിയ ശേഷം; സ്ത്രീകൾക്കും രക്ഷയില്ലാതെ ഗുണ്ടകളുടെ വിളനിലമായി കാട്ടുർ മാറുമ്പോൾ
തൃശ്ശൂർ:സ്ത്രീകൾക്കുപോലും രക്ഷയില്ലാതെ ഗുണ്ടകളുടെ വിള നിലമായി മാറുകയാണ് തൃശ്ശൂർ ജില്ലയിലെ കാട്ടൂർ.കഴിഞ്ഞ ദിവസം രാത്രി വീട്ടമ്മ വെട്ടേറ്റ് മരിച്ച സംഭവം വിരൽ ചൂണ്ടുന്നത് കാട്ടൂരിന്റെ ഭീകരാവസ്ഥയിലേക്കാണ്.കാട്ടൂർ സ്വദേശി നന്തനാത്ത് പറമ്പിൽ ഹരീഷിന്റെ ഭാര്യ ലക്ഷ്മിയാണ് ഞായറാഴ്ച്ച രാത്രി ഗുണ്ടകളുടെ വെട്ടേറ്റു മരിച്ചത്.ഗുണ്ട സംഘങ്ങളുടെ കൃത്യമായ കുടിപ്പകയാണ് ഇ സംഭവം ചൂണ്ടിക്കാട്ടുന്നത്. പൊലീസിനു പോലും ഇതൊക്കെ കൃത്യമായി അറിയാമെങ്കിലും ഗുണ്ടസംഘങ്ങളുടെ അപ്രതീക്ഷിത അക്രമത്തിൽ പകച്ചുനിൽക്കുകയാണ് അന്വേഷണസംഘങ്ങൾ
ഗുണ്ടാനേതാവ് ഹരീഷിന്റെ ഭാര്യയാണ് കൊല്ലപ്പെട്ട ലക്ഷ്മി.ഇന്നലെ രാത്രി 10 മണിക്കാണ് സംഭവം. പ്രദേശവാസിയും നിരവധി ക്രമിനൽ കേസുകളിൽ പ്രതിയുമായ ദർശന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് വീട്ടിലേക്ക് നാടൻ ബോംബെറിഞ്ഞ ശേഷം മാരകയുധങ്ങളുമായെത്തി ലക്ഷ്മിയെ വെട്ടിക്കൊന്നത്. ദേഹമാസകലം വെട്ടേറ്റ ലക്ഷ്മി സംഭവ സ്ഥലത്ത് തന്നെ മരിച്ചു.കൊലപാതക കേസ് അടക്കം നിരവധി കേസുകളിലെ പ്രതിയാണ് ഹരീഷ്.
സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ; കഴിഞ്ഞ ദിവസം ലക്ഷ്മിയുടെ ഭർത്താവ് ഹരീഷും മറ്റൊരു ഗുണ്ടയായ ദർശനുമായി വാക്കേറ്റവും സംഘട്ടനവും നടന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഹരീഷിനെതിരെ കാട്ടൂർ പൊലീസ് കേസും എടുത്തു.ഇതോടെ ഹരീഷ് ഒളിവിൽപ്പോയി. ഹരീഷിനെ കേസിൽ കുടുക്കിയ ദർശനനെ വകവരുത്താൻ ലക്ഷ്മി, ഹരീഷിന്റെ സംഘത്തിൽപ്പെട്ട ഒരാളോട് ആവശ്യപ്പെട്ടിരുന്നതായും പറയപ്പെടുന്നു. ഇതറിഞ്ഞാണ് ലക്ഷ്മിയെ വകവരുത്തുക എന്ന ലക്ഷ്യത്തോടെ ദർശൻ തന്റെ കൂട്ടാളികളുമായി ഹരീഷിന്റെ വീട്ടിലെത്തിയത്.
ഈ സമയത്ത് ലക്ഷ്മി തനിച്ചായിരുന്നു വീട്ടിൽ. അക്രമികൾ മുറ്റത്ത് നാടൻ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. സ്ഫോടനത്തിന്റെ ഉഗ്രശബ്ദം കേട്ട് പുറത്തിറങ്ങിയ ലക്ഷ്മി ദർശനനെയും സംഘത്തെയും കണ്ട് രക്ഷപ്പെടാനായി ഓടി. എന്നാൽ അക്രമികൾ ലക്ഷ്മിയെ പിന്തുടർന്നെത്തി വെട്ടുകയായിരുന്നു.ശരീരമാസകലം ഭീകരമായി വെട്ടേറ്റ ലക്ഷ്മി സംഭവസ്ഥലത്ത് തന്നെ മരിച്ചു.
പ്രതിയെന്ന് സംശയിക്കുന്ന ദർശൻ കുപ്രസിദ്ധഗുണ്ട കായിക്കുരുവിന്റെ കൂട്ടാളിയാണ്. നേരത്തെ തൃപ്രയാർ ഭാഗത്ത് താമസിച്ചിരുന്ന ഹരീഷും കുടുംബവും എതാനും വർഷം മുമ്പാണ് കാട്ടൂരിലേക്ക് താമസം മാറിയത്.
സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് നടപടികൾക്ക് ശേഷം മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഇരിങ്ങാലക്കുട ഡിവൈ.എസ്പി പി.ആർ. രാജേഷിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കിയതായും ഈ പ്രദേശത്ത് ഗുണ്ടാസംഘങ്ങളുടെ ഏറ്റുമുട്ടൽ പതിവാണെന്ന് പൊലീസ് പറഞ്ഞു.സംഭവത്തെത്തുടർന്ന് പ്രദേശത്ത് വൻ പൊലീസ് സംഘം നിലയുറപ്പിച്ചിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ