- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Feature
- /
- AUTOMOBILE
അഞ്ചു വർഷം കൊണ്ട് കേരളത്തിന്റെ വികസനം അതിവേഗമാകുമോ? ഐസക് സ്വപ്നം കാണുന്നത് അര ലക്ഷം കോടിയുടെ വികസനം; കണിശക്കാരനായ വിനോദ് റായി പ്രധാന ഉപദേശകനായത് നേട്ടമാകും; സഹകരിക്കാൻ റിസർവ് ബാങ്കിലേയും നബാർഡിലേയും മുൻ മേധാവികളും; എസ്‌ബിഐ ടീമിനെ വിട്ട് മാണി പഠനം നടത്തിയശേഷം ഉറക്കിക്കിടത്തിയ കിഫ്ബി ഐസക് നടപ്പാക്കുമ്പോൾ
കേരളത്തിന്റെ വികസനത്തിന് വൻകിട പദ്ധതികൾക്കായി ബജറ്റിലൂടെ പണം കണ്ടെത്തി ബജറ്റിലൂടെ തന്നെ ചെലവിട്ടുള്ള കീഴ്‌വഴക്കം അട്ടിമറിച്ചുള്ള ധനമന്ത്രി തോമസ് ഐസകിന്റെ രണ്ടും കൽപിച്ചുള്ള പരീക്ഷണം ആരംഭിച്ചിരിക്കുന്നു. ഇനിയുള്ള അഞ്ചുവർഷം കേരളത്തിന്റെ വികസനം എങ്ങനെയായിരിക്കണമെന്ന് തീരുമാനിക്കുന്നത് കിഫ്ബിയായിരിക്കും. കണിശക്കാരിൽ കണിശക്കാരനെന്ന് പേരുകേട്ട മുൻ സിഎജി വിനോദ് റായിയെ ഉപദേശക സമിതി ചെയർമാനാക്കി കേരളാ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡ് (കിഫ്ബി) പ്രവർത്തനം തുടങ്ങുമ്പോൾത്തന്നെ ആദ്യ ഡയറക്ടർ ബോർഡ് യോഗം ഇന്നലെ 4004 കോടി രൂപ ചെലവിട്ടുള്ള 48 പദ്ധതികൾക്കാണ് അംഗീകാരം നൽകിയിരിക്കുന്നത്. ഇതിൽ വനംവകുപ്പിന് നൂറുകോടി, ആരോഗ്യത്തിന് 149 കോടിയുടെ രണ്ട് പദ്ധതികൾ, വ്യവസായ വികസനത്തിന് 1264 കോടി, ഐടിക്കായി 351 കോടി, 1257 കോടിയുടെ 23 ജലവിതരണ പദ്ധതികൾ, മരാമത്തു പണികൾക്കായി 611 കോടി എന്നിങ്ങനെയാണ് വിവിധ വകുപ്പുകളിൽ ചെലവിടുക. 272 കോടി ചെലവിട്ട് മൂന്ന് മേൽപാലങ്ങൾകൂടി നിർമ്മിക്കുമ്പോൾ അടിസ്ഥാന സൗകര്യ വികസന മേഖലയ
കേരളത്തിന്റെ വികസനത്തിന് വൻകിട പദ്ധതികൾക്കായി ബജറ്റിലൂടെ പണം കണ്ടെത്തി ബജറ്റിലൂടെ തന്നെ ചെലവിട്ടുള്ള കീഴ്‌വഴക്കം അട്ടിമറിച്ചുള്ള ധനമന്ത്രി തോമസ് ഐസകിന്റെ രണ്ടും കൽപിച്ചുള്ള പരീക്ഷണം ആരംഭിച്ചിരിക്കുന്നു. ഇനിയുള്ള അഞ്ചുവർഷം കേരളത്തിന്റെ വികസനം എങ്ങനെയായിരിക്കണമെന്ന് തീരുമാനിക്കുന്നത് കിഫ്ബിയായിരിക്കും.
കണിശക്കാരിൽ കണിശക്കാരനെന്ന് പേരുകേട്ട മുൻ സിഎജി വിനോദ് റായിയെ ഉപദേശക സമിതി ചെയർമാനാക്കി കേരളാ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡ് (കിഫ്ബി) പ്രവർത്തനം തുടങ്ങുമ്പോൾത്തന്നെ ആദ്യ ഡയറക്ടർ ബോർഡ് യോഗം ഇന്നലെ 4004 കോടി രൂപ ചെലവിട്ടുള്ള 48 പദ്ധതികൾക്കാണ് അംഗീകാരം നൽകിയിരിക്കുന്നത്. ഇതിൽ വനംവകുപ്പിന് നൂറുകോടി, ആരോഗ്യത്തിന് 149 കോടിയുടെ രണ്ട് പദ്ധതികൾ, വ്യവസായ വികസനത്തിന് 1264 കോടി, ഐടിക്കായി 351 കോടി, 1257 കോടിയുടെ 23 ജലവിതരണ പദ്ധതികൾ, മരാമത്തു പണികൾക്കായി 611 കോടി എന്നിങ്ങനെയാണ് വിവിധ വകുപ്പുകളിൽ ചെലവിടുക.
272 കോടി ചെലവിട്ട് മൂന്ന് മേൽപാലങ്ങൾകൂടി നിർമ്മിക്കുമ്പോൾ അടിസ്ഥാന സൗകര്യ വികസന മേഖലയിലെ വൻകിട പദ്ധതികൾക്കായുള്ള കേരളത്തിന്റെ അഥവാ തോമസ് ഐസക്കിന്റെ പുതു പരീക്ഷണത്തിന് ആരംഭമാകുന്നു. പദ്ധതികൾക്ക് ആദ്യഗഡുവായി വേണ്ട 1750 കോടിയോളം ബോണ്ടുകളിലൂടെ കണ്ടെത്താൻ എസ്‌ബിഐയെ ചുമതലപ്പെടുത്തി. രണ്ടാംഘട്ടത്തിൽ നബാർഡിൽ നിന്ന് 4000 കോടി കണ്ടെത്തുന്നതോടെ കിഫ്ബിക്ക് ഊർജമാകും.
റിസർവ് ബാങ്ക് മുൻ ഡെപ്യൂട്ടി ഗവർണർ ഉഷാ തൊറാട്ട്, നബാർഡ് മുൻ ചെയർമാൻ പ്രകാശ് ബക്ഷി എന്നിവരെ ട്രസ്റ്റ് അംഗങ്ങളാക്കുകയും ചെയ്തതോടെ നവകേരളസൃഷ്ടിക്ക് പുതിയ ബോർഡ് പൂർണമായും പ്രവർത്തനസജ്ജമായി പിച്ചവച്ചുതുടങ്ങുന്നു. ഈ സർക്കാരിന്റെ അഞ്ചുവർഷക്കാലത്തിനിടെ അമ്പതിനായിരം മുതൽ ഒരുലക്ഷം കോടി രൂപവരെ സമാഹരിച്ച് കേരളത്തിന്റെ സ്വപ്‌നപദ്ധതികൾ നടപ്പാക്കാനുള്ള ശ്രമത്തെ നൂൽപ്പാലത്തിൽ കൂടിയുള്ള നടത്തമാണെന്ന് ധനമന്ത്രി തോമസ് ഐസക് തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്.
പക്ഷേ, ഇതല്ലാതെ കേരളം വികസിക്കാൻ മാർഗമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിവിധ മേഖലകളിൽ നിന്നുള്ള നിക്ഷേപക ബോണ്ടുകളിലൂടെ പണം കണ്ടെത്തി കേരളം മുന്നോട്ടുള്ള കുതിപ്പിന് ഊർജം കണ്ടെത്താൻ ശ്രമിക്കുന്നത്. പ്രത്യേക പദ്ധതികൾക്കായി റിസർവ് ബാങ്കിന്റെയും സെബിയുടെയും അംഗീകാരത്തോടെ എങ്ങനെ പണം നേടാമെന്ന് കണ്ടെത്താൻ കിഫ്ബിയുടെ ഉപസമിതിയായി ഇൻഫ്രാസ്ട്രക്ചർ ഫണ്ട് മാനേജ്‌മെന്റ് കോർപ്പറേഷനും രൂപീകരിക്കും.
സാധ്യതകൾ പഠിച്ച മാണി നടപ്പാക്കാത്ത കിഫ്ബി
മുൻ ഇടതു സർക്കാരിന്റെ അവസാന കാലത്ത് 2011ലെ ബജറ്റിൽ തോമസ് ഐസക് ഒരു നിർദ്ദേശം വച്ചിരുന്നു സംസ്ഥാന വികസനത്തിന് 40,000 കോടിരൂപ സ്വരൂപിക്കണമെന്നായിരുന്നു അത്. അന്ന് അതിനെ എല്ലാവരും പരിഹസിച്ചു. താഴെയിറങ്ങാൻപോകുന്ന സർക്കാരിന്റെ പകൽക്കിനാവായി അത് വിലയിരുത്തപ്പെട്ടു. പിന്നീട് ഉമ്മൻ ചാണ്ടി സർക്കാർ വരികയും ഓരോ ബജറ്റുകഴിയുമ്പോഴും ധനപ്രതിസന്ധി മൂർച്ഛിച്ഛ് ഒരു പദ്ധതിക്കും പണം കണ്ടെത്താനാകാതെ വരികയും ചെയ്തു. ഇതോടെ 2014ൽ അധിക ധനസമാഹരണത്തിന് മാർഗംതേടി മാണി ഇറങ്ങി. ബജറ്റിന് പുറത്ത് പണം കണ്ടെത്താൻ എന്തുചെയ്യാമെന്ന് പഠിക്കാൻ എസ്‌ബിഐ മാർക്കറ്റിങ് ലിമിറ്റഡിനെ ചുമതലപ്പെടുത്തി.
അവരുടെ നിർദ്ദേശമായിരുന്നു കിഫ്ബി. മാണി 2015ലെ ബജറ്റിൽ കിഫ്ബിയെപ്പറ്റി പരാമർശിച്ചെങ്കിലും പിന്നീടതിനെ പറ്റി മിണ്ടാട്ടമുണ്ടായില്ല. ഈ റിപ്പോർട്ട് പൊടിതട്ടിയെടുത്താണ് തോമസ് ഐസക് പുതിയ സർക്കാർ അധികാരത്തിലെത്തിയതോടെ അടിസ്ഥാന സൗകര്യത്തിനായി ഈ വഴി തിരഞ്ഞെടുക്കുകയായിരുന്നു. ഒരർത്ഥത്തിൽ അഞ്ചുവർഷം മുമ്പ് താൻതന്നെ പറഞ്ഞുവച്ച, എതിരാളികൾ പരിഹസിച്ച ആശയത്തിന് ബാങ്കിങ് രംഗത്തെ പഠനത്തിലൂടെ ഒരു വ്യക്തമായ രൂപരേഖ തയ്യാറായിക്കിട്ടിയതിന്റെ സന്തോഷത്തിലായിരുന്നു ഐസക്കെന്നു പറയാം. തന്റെ നിർദ്ദേശത്തേക്കാൾ സമഗ്രമായിരുന്നു കിഫ്ബിയെന്ന് മനസ്സിലാക്കിയ അദ്ദേഹം ഇത് നടപ്പാക്കാൻ സധൈര്യം മുന്നിട്ടിറങ്ങുകയായിരുന്നു.
യഥാർത്ഥത്തിൽ എന്താണ് കിഫ്ബിയെന്നും എങ്ങനെയാണ് സംസ്ഥാന വികസനത്തിന് അതിലൂടെ പണം കണ്ടെത്തുന്നതെന്നും പരിശോധിക്കുമ്പോഴേ അതിലെ ആശകളും ആശങ്കകളും പുറത്തുവരൂ. ഓരോ പദ്ധതിയും സർക്കാർ ആസൂത്രണം ചെയ്യുമ്പോൾ അതിന് ഇതുവരെയുള്ള രീതിവച്ച് പണം കണ്ടെത്തുന്നത് വായ്പകളിലൂടെയാണ്. ഇതിൽ 70-80 ശതനവും ബോണ്ടുകൾ വഴിയാണെത്തുന്നത്. എല്ലാ ബാങ്കുകളും അവരുടെ ഡെപ്പോസിറ്റുകളുടെ നിശ്ചിത ശതമാനം സർക്കാർ ബോണ്ടുകളിൽ നിക്ഷേപിക്കണമെന്നാണ് നിയമം. ഇതുപ്രകാരം സർക്കാർ ഇറക്കുന്ന ബോണ്ടുകൾ ബാങ്കുകൾ വാങ്ങുന്നു.
പക്ഷേ ഇത്തരത്തിൽ വായ്പയെടുക്കുന്നതിന് കർശന പരിധിയുണ്ട് സംസ്ഥാനങ്ങൾക്ക്. സംസ്ഥാന ആഭ്യന്തര വരുമാനത്തിന്റെ മൂന്നു ശതമാനത്തിലേറെ വായ്പയെടുത്തുകൂടാ. ഇത് വൻകിട പദ്ധതികൾക്ക് പണം കണ്ടെത്താൻ തടസ്സമാകുമ്പോഴാണ് ഇത് മറികടക്കാൻ പ്രത്യേക കമ്പനികൾ രൂപീകരിച്ച് സംസ്ഥാന സർക്കാരുകൾ വായ്പയെടുക്കുന്നത്. ഇങ്ങനെ അധിക വായ്പയെടുക്കുന്ന പണം സർക്കാർ ഖജനാവിലേക്ക് വരുന്നില്ല എന്നതിനാൽ കേന്ദ്ര സർക്കാരിന്റെ അനുവാദം ആവശ്യമില്ല. കൊച്ചി മെട്രോ, വിഴിഞ്ഞം തുടങ്ങിയ വൻകിട പദ്ധതികളെല്ലാം ഇത്തരത്തിൽ കമ്പനികൾ രൂപീകരിച്ചാണ് നടപ്പിലാക്കുന്നത്.
നൂലാമാലകളില്ലാതെ ആർക്കും പണമിറക്കാവുന്ന ബോണ്ടുകൾ
പക്ഷേ ഇങ്ങനെ ഓരോ പദ്ധതിക്കും കമ്പനികൾ രൂപീകരിക്കുകയും പ്രത്യേകം വായ്പയെടുക്കുകയും അതിനായി പ്രത്യേകം ഡയറക്ടർബോർഡും മറ്റും രൂപീകരിക്കുകയും ചെയ്യുകയെന്ന വലിയൊരു നുലാമാലയുണ്ട്. വൻ ലാഭമുണ്ടാകാത്തിടത്ത് വായ്പലഭിക്കാനും പ്രയാസമാകും. ഈ സാഹചര്യത്തിലാണ് കിഫ്ബി സംസ്ഥാന വികസനത്തിൽ ഹീറോ ആകാൻ പോകുന്നത്. കാരണം കിഫ്ബി പണം സമാഹരിക്കുന്നത് വായ്പയിലൂടെയല്ല, മറിച്ച് ബോണ്ടുകളിലൂടെയാണ്. ബാങ്കുകൾക്കുമാത്രമല്ല, ആർക്കും ബോണ്ടുകളിൽ നിക്ഷേപം നടത്താം എന്നിരിക്കെ കിഫ്ബിയിലേക്ക് വൻതോതിൽ നിക്ഷേപം സ്വീകരിക്കാനാകുമെന്ന പ്രതീക്ഷയിലാണ് കേരളത്തിന്റെ വികസന സ്വപ്‌നങ്ങൾ ഐസക് നെയ്‌തെടുക്കുന്നത്. ഇപ്പോഴത്തെ മുതലാളിത്ത വ്യവസ്ഥിതിയിൽ വായ്പയായി എടുക്കാവലുന്ന പണത്തിന്റെ വലിയൊരു ഭാഗം എത്തുന്നത് ബോണ്ട് മാർക്കറ്റിലാണ്.
കോടീശ്വരന്മാർ മുതൽ ചെറുകിട ബാങ്കുകൾ വരെ പണം നിക്ഷേപിക്കാൻ ബോണ്ടുകളെ ആശ്രയിക്കുമ്പോൾ ഏതുസമയത്തും നിക്ഷേപിക്കാമെന്നും എപ്പോൾ വേണമെങ്കിലും തിരിച്ചെടുക്കാമെന്നുമുള്ള വ്യവസ്ഥകളുമായി എത്തുന്ന കിഫ്ബിയുടെ ബോണ്ടുകളിൽ പണം നിക്ഷേപിക്കാൻ പലരും തയ്യാറാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഏതെങ്കിലും പദ്ധതിയിൽ സ്ഥിരമായി നിക്ഷേപിക്കുന്നതിന് പകരം കൃത്യമായി പലിശ ലഭിക്കുന്ന, എപ്പോൾ വേണമെങ്കിലും വിറ്റ് പണമാക്കി മാറ്റാവുന്ന ബോണ്ടുകളിലേക്ക് ഏറെപ്പേർ ആകൃഷ്ടരാകുമെന്ന പ്രതീക്ഷയാണ് കിഫ്ബിയുടെ ആസൂത്രകർക്കുള്ളത്. ഊഹക്കച്ചവട മേഖലയിൽ നിക്ഷേപമിറക്കിയും പിൻവലിച്ചും 'മണി ബിസിനസ്' ലാഭകരമായി നടത്തുന്ന കുറേപ്പേരെങ്കിലും കിഫ്ബിയിലേക്ക് ആകർഷിക്കപ്പെട്ടാൽ ആ പണം കേരളത്തിന്റെ പശ്ചാത്തല സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്ന പദ്ധതിക്ക് പ്രയോജനകരമാകും.
കിഫ്ബിയുടെ പ്രവർത്തനം ഇങ്ങനെ
കിഫ്ബിയിലേക്ക് എങ്ങനെ നിക്ഷേപം സ്വീകരിക്കുമെന്നും പണം ചെലവഴിക്കുമെന്നും തോമസ് ഐസക് തന്നെ മുമ്പ് വ്യക്തമാക്കിയിരുന്നു. കേരളത്തിൽ എല്ലാവർക്കും വീടു നൽകാൻ 10,000 കോടി വേണമെങ്കിൽ സഹകരണ ബാങ്കുകളിൽ നിന്ന് വായ്പയെടുക്കണം. ഇതാണ് കഴിഞ്ഞ ഇടതുപക്ഷ സർക്കാരിന്റെ 2500 കോടി രൂപ ഇപ്രകാരം സമാഹരിച്ചു. പക്ഷേ ഉറപ്പു പ്രകാരം യു.ഡി.എഫ് സർക്കാർ പലിശ വർഷംതോറും ബാങ്കുകൾക്ക് നൽകിയില്ല. മുതലിന്റെ ഗഡുക്കൾ തദ്ദേശഭരണ സ്ഥാപനങ്ങൾക്കു പിടിച്ചു നൽകുന്നതിനും വീഴ്ചയുണ്ടായി. അതുകൊണ്ട് പിന്നീട് സഹകരണ സ്ഥാപനങ്ങളിൽ നിന്ന് പാർപ്പിട പദ്ധതിക്ക് വായ്പയെടുക്കാൻ അനുവാദം നൽകിയപ്പോൾ മിക്ക ബാങ്കുകളും വായ്പ നൽകിയില്ല.
പക്ഷേ, കിഫ്ബിയുടെ കാര്യത്തിൽ ഇങ്ങനയൊരു പ്രശ്‌നം ഉണ്ടാകുന്നില്ല. കിഫ്ബി പ്രത്യേക പാർപ്പിട ബോണ്ടുകൾ ഇറക്കും. അവ സഹകരണ ബാങ്കുകൾക്കു വാങ്ങാം. എപ്പോൾ പണം തിരികെ വേണമോ അവർക്ക് ബോണ്ടുകൾ വിൽക്കാം. ഡിസ്‌കൗണ്ട് ചെയ്തു വാങ്ങുവാൻ ബാങ്കുകളുമായി കിഫ്ബി ധാരണയുണ്ടാക്കും. കിഫ്ബിയിൽ നിന്നു തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് പാർപ്പിട പദ്ധതിക്ക് വായ്പ ലഭ്യമാക്കും. ഈ മാതൃകയിൽ ബോണ്ടിറക്കി ഇ.എം.എസ് പാർപ്പിട പദ്ധതി നടപ്പിലാക്കുന്നതിന് യാതൊരു പ്രയാസവുമുണ്ടാവില്ല.
ഇതുപോലെ മറ്റു നിക്ഷേപ പദ്ധതികൾക്കും ബോണ്ടുകൾ ഇറക്കി പണം സമാഹരിക്കാനാവും. ഇങ്ങനെ 5 വർഷം കൊണ്ട് ഒരു ലക്ഷം കോടി രൂപയുടെ വരെ നിക്ഷേപം കേരളത്തിൽ സൃഷ്ടിക്കാനാകുമെന്ന് ഐസക് പറയുന്നു. ഇത്രയും തുക എങ്ങനെ തിരിച്ചടയ്ക്കുമെന്നത് ന്യായമായ സംശയം. ഓരോ തരം ബോണ്ടിനും തനതായ തിരിച്ചടവ് മാർഗ്ഗം ഉറപ്പുവരുത്തും. ഉദാഹരണത്തിന് പാർപ്പിട പദ്ധതിയിൽ 20 വർഷംകൊണ്ട് തദ്ദേശഭരണ സ്ഥാപനങ്ങളുടെ പ്ലാൻ ഫണ്ടിൽ നിന്നും മുതൽ തിരിച്ചുപിടിക്കും. പലിശ സർക്കാരും നൽകും. ജനങ്ങൾ 20 വർഷം വരെ കാത്തിരിക്കേണ്ടി വരുന്ന വീടുകൾ ഒറ്റയടിക്ക് ഇപ്പോൾ തന്നെ നിർമ്മിക്കാനാകും.
പക്ഷേ, വാണിജ്യ സമുച്ചയങ്ങളും മറ്റും പണിയുന്നതിനുള്ള ബോണ്ടുകളിലൂടെ നൽകുന്ന വായ്പയുടെ മുതലും പലിശയും പദ്ധതിയിൽ നിന്നുതന്നെ തിരിച്ചടയ്ക്കണം. ഭൂമി ഏറ്റെടുക്കുന്നതിനുള്ള ലാന്റ് ബോണ്ടു വഴി സമാഹരിക്കുന്ന വായ്പയാകട്ടെ സോഫ്ട് ലോണായിട്ടായിരിക്കും വ്യവസായ പാർക്കുകളുടെയും മറ്റും ഏജൻസികൾക്ക് നൽകുക. ഭൂമി വികസിപ്പിച്ച് വ്യവസായ സംരംഭകർക്ക് വിൽക്കുമ്പോൾ മുതലും പലിശയും കിഫ്ബിക്ക് തിരിച്ചടയ്ക്കണം. ഇങ്ങനെ ഓരോതരം ബോണ്ടിനും കൃത്യമായ റവന്യൂ മോഡൽ ഉണ്ടാക്കിയാകും കിഫ്ബി പ്രവർത്തിക്കുക.
പാതകളും പാലങ്ങളും പോലുള്ളവ നിർമ്മിക്കുന്നതിനു കിഫ്ബി മുടക്കുന്ന തുകയുടെ തിരിച്ചടവ് പെട്രോൾ സെസിൽ നിന്നുള്ള വരുമാനവും മോട്ടോർ വാഹനനികുതിയുടെ പകുതി വരുമാനവും വഴി ലഭ്യമാക്കും. അതായത് ഇതുവരെ വാഹനരജിസ്‌ട്രേഷനും നികുതിയും ഇന്ധനസെസ്സുമായി പിരിച്ചുകൊണ്ടിരുന്ന പണം മറ്റു പദ്ധതികളിലേക്ക് ഓരോ കാലത്തും സർക്കാരുകൾ വകമാറ്റി ചെലവഴിച്ചിരുന്നെങ്കിൽ ഇനിയങ്ങോട്ട് റോഡിലൂടെ വണ്ടിയോടിക്കുന്നവർക്ക് അവരുടെ പണം നല്ല റോഡിലൂടെയും പാലത്തിലൂടെയും തിരിച്ചുകിട്ടുമെന്ന് ചുരുക്കം.
ഒരു പദ്ധതിയുടെ പേരിൽ വായ്പയെടുത്ത് മറ്റൊന്നിന് വിനിയോഗിച്ച്, പിന്നെ ബജറ്റ് കമ്മി നികത്താൻ ഉപയോഗിച്ച്, ഒടുവിൽ പദ്ധതി പാതിവഴിയിൽ കിടന്ന് ഇഴയുന്ന സ്ഥിതി ഇനിയുണ്ടാവില്ലെന്നതു തന്നെയാണ് കിഫ്ബി വരുന്നതുകൊണ്ടുള്ള പ്രധാന നേട്ടമെന്ന് പറയാം. ഇപ്പോൾ വായ്പയെടുക്കുന്ന പണത്തിന്റെ ഭൂരിഭാഗവും ദൈനംദിന ചെലവുകളുടെ കമ്മി നികത്താനാണ് ഉപയോഗിക്കുന്നത്. എന്നാൽ അടുത്ത 5 വർഷം നികുതി വരുമാനം 20-25 ശതമാനം പ്രതിവർഷം വർദ്ധിപ്പിക്കുന്നതിനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ഈ ശ്രമം വിജയിച്ചാൽ അഞ്ചാം വർഷം ആകുമ്പോഴേയ്ക്കും റവന്യൂ കമ്മി ഇല്ലാതാക്കാനാവുമെന്നാണ് ഐസക്കിന്റെ പ്രതീക്ഷ. അപ്പോൾ വായ്പയെടുക്കുന്ന തുക മുഴുവൻ മൂലധന ചെലവിനായി മാറ്റിവയ്ക്കാനാവും.
ഇതിലൊരു ഭാഗവും ബോണ്ടുകളുടെ ബാധ്യത തീർക്കാനായി ഉപയോഗപ്പെടുത്താമെന്ന പ്രതീക്ഷയിലാണ് കിഫ്ബിയുടെ നിലനിൽപ്. ഈ സാഹചര്യത്തിലാണ് റവന്യൂകമ്മി നിയന്ത്രിക്കാനായില്ലെങ്കിൽ എല്ലാം തകിടം മറിയുമെന്നും ഇത് മുൻകൂട്ടിക്കണ്ടുകൊണ്ടുതന്നെയാണ് ഇച്ഛാശക്തിയോടെ സർക്കാർ കിഫ്ബി രൂപീകരിച്ച് കേരളത്തിന്റെ സമഗ്രവികസനം സ്വപ്‌നംകാണുന്നതെന്നും ഐസക് വ്യക്തമാക്കുന്നതും. ഗൾഫ് പ്രതിസന്ധി മൂർച്ഛിച്ചാൽ ഇന്നത്തെ സാമ്പത്തികമുരടിപ്പ് ഒരു സാമ്പത്തിക തകർച്ചയായി മാറുമെന്നും അത് കേരളത്തെ തകിടംമറിക്കുന്ന് വലിയൊരു സാമൂഹ്യ ദുരന്തമായിരിക്കുമെന്നും കണക്കാക്കിയാണ് പുതിയ ബജറ്റിൽ 'ഒരു നൂൽപ്പാല നടത്തത്തിന്' തോമസ് ഐസക് തയ്യാറായിരിക്കുന്നത്.
ഇന്ത്യയിൽ ലഭിക്കാവുന്ന ഏറ്റവും നല്ല സാമ്പത്തിക സാങ്കേതിക വിദഗ്ധരെ അനൗദ്യോഗിക അംഗങ്ങളായി കിഫ്ബിക്ക് ലഭിച്ചതിലെ സന്തോഷം വ്യക്തമാക്കി ധനമന്ത്രി തോമസ് ഐസക് ഇന്ന് നൽകിയ എഫ് ബി പോസ്റ്റ്: