ന്യൂഡൽഹി: വിവാഹത്തെ കുറിച്ചുള്ള നിരവധി ചോദ്യങ്ങൾ രാഹുൽ ഗാന്ധിക്ക് നേരെ ഉയരാറുണ്ട്. എന്നാൽ, ഇത്തരം ചോദ്യങ്ങൾക്കൊന്നും അധികം മറുപടി നൽകാൻ അദ്ദേഹം തയ്യാറാകാറില്ല. ഇപ്പോൾ വീണ്ടും രാഹുൽ ഗാന്ധിക്കെതിരെ സമാനമായ ചോദ്യങ്ങൾ ഉയർന്നു. എന്നാൽ, ഇതിന് മറുപടി പറയാതെ ഒഴിഞ്ഞു മാറാൻ രാഹുൽ ഗാന്ധിക്കായില്ല. എങ്കിലും പരിക്കില്ലാതെ രാഹുൽ മറുപടി നൽകി മടങ്ങി.

വിധിയിൽ വിശ്വസിക്കുന്നുവെന്നും നടക്കേണ്ട സമയത്ത് അത് സംഭവിക്കുമെന്നുമാണ് രാഹുൽ വിവാഹത്തെ കുറിച്ചുള്ള ചോദ്യത്തോട്് പ്രതികരിച്ചത്. പിഎച്ചഡി ചേമ്പറിന്റെ വാർഷിക അവാർഡ്ദാന പരിപാടിയിൽ പങ്കെടുത്ത ശേഷം ബോക്സറും ഒളിമ്പിക് മെഡൽ ജേതാവുമായ വിജേന്ദർ സിങിന്റെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

ഇതൊരു പഴയ ചോദ്യമാണെന്ന് പറഞ്ഞ് ചിരിച്ചു തള്ളിയ രാഹുൽ ഒടുവിൽ വിജേന്ദറിന്റെ ആവർത്തിച്ചുള്ള ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു.'ഞാൻ വിധിയിൽ വിശ്വസിക്കുന്നു. എല്ലാം സംഭവിക്കേണ്ട സമയത്ത് സംഭവിക്കും' എന്നാണ് വിജേന്ദറിന്റെ ചോദ്യത്തിന് രാഹുൽ മറുപടി നൽകിയത്.

'ഞാൻ വ്യായാമം ചെയ്യാറുണ്ട്. നീന്താറുമുണ്ട്. ഐക്കിഡോയിൽ ഞാൻ ബ്ലാക്ക്‌ബെൽറ്റ് ആണ്. പക്ഷെ ഞാനത് പൊതുമധ്യത്തിൽ പറയാറില്ലെന്ന് മാത്രം. കഴിഞ്ഞ മൂന്ന് , നാലു മാസമായി വ്യായാമം ചെയ്യാറില്ലെന്നത് ഞാൻ സമ്മതിക്കുന്നുവെങ്കിലും പൊതുവെ ദിവസവും ഒരു മണിക്കൂർ വ്യായാമം ചെയ്യാറുള്ള ആളാണ് ഞാൻ'. രാഹുൽ ഗാന്ധി പറഞ്ഞു.

ഇത്തരമൊരു വീഡിയോ എടുത്ത് പോസ്റ്റ് ചെയ്താൽ അത് ആളുകൾക്ക് പ്രചോദനമാവില്ലെ എന്ന ചോദ്യത്തിന് പിന്നീടൊരിക്കൽ ചെയ്യാമെന്നും രാഹുൽ വിജേന്ദറിന് മറുപടി നൽകി.