കൊച്ചി: ജിസിൽ മാത്യു എവിടെ പോയി? ആരെങ്കിലും തട്ടിക്കൊണ്ടുപോയതാണോ, അതോ സ്വന്തം ഇഷ്ടപ്രകാരം ഒളിച്ചോടിയതോ? ആർക്കുമൊരു പിടിയുമില്ല. കേസ് അന്വേഷിക്കുന്ന തൃക്കാക്കര പൊലീസിനും കൊച്ചി കാക്കനാട് സെസിൽ ഇന്റർവ്യുവിന് എത്തിയ വേളയിൽ കാണാതായ ജിസിലിനെ കുറിച്ച് യാതൊരു വിവരവുമില്ല. അതേസമയ സൈബർ ലോകവും ജിസിലിനായുള്ള തിരച്ചിലിലാണ്. സെസിൽ ഇന്റർവ്യൂവിന് എത്തിയ വേളയിൽ യുവതിയെ കാണാതായ വിവരം മറുനാടൻ മലയാളി നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.

ഈമാസം അഞ്ചാം തീയ്യതി ഇന്റർവ്യൂവിന് എത്തിയ വേളയിൽ തമിഴ്‌നാട് ഗൂഡല്ലൂർ സ്വദേശി ജിസിൽ മാത്യുവിനെ (23) കാണാതായത്. കാണാതായി എട്ട് ദിവസമായിട്ടും പൊലീസിന് സൂചനകളൊന്നും ലഭിച്ചില്ല. രാവിലെ 10നാണ് ഭർത്താവ് മലയാളിയായ ജോബിൻ ബൈക്കിൽ ജിസിലിയെ സെസിന്റെ മുൻവശത്തുകൊണ്ടുവിട്ടത്. തുടർന്ന് ജോബിൻ ജോലിസ്ഥലമായ ഇൻഫോ പാർക്കിൽ പോയി. 1.40തോടെ ജിസിലിനെ മൊബൈലിൽ വിളിച്ചെങ്കിലും സ്വിച്ച് ഓഫായിരുന്നു. പിന്നീട് ഒരു വിവരവുമില്ലെന്ന് ജോബിൻ തൃക്കാക്കര പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. എറണാകുളം വാഴക്കാലയിലാണ് ഇവർ താമസിച്ചിരുന്നത്.

ഇന്റർവ്യൂ നടക്കുന്ന ഹൈടെക് ഔട്ട്‌സോഴ്‌സിങ് സർവീസസ് എന്ന സ്ഥാപനത്തിന് മുന്നിലെത്തിയ ജിസിൽ അര മണിക്കൂറിനുള്ളിൽ മടങ്ങിയെന്ന് വ്യക്തമായതായി പൊലീസ് പറഞ്ഞു. അതീവ സുരക്ഷാ ക്രമീകരണങ്ങളുള്ള സെസിൽ പാസോ, ഇന്റർവ്യൂ കാർഡോ ഇല്ലാതെ പ്രവേശനം അനുവദിക്കില്ല. ഇവിടെ നിന്ന് ഒരാളെ തട്ടിക്കൊണ്ടു പോകുന്നതും എളുപ്പമല്ല. ഇവരുടെ മൂന്നു മൊബൈൽ ഫോണുകളും സ്വിച്ച് ഓഫാണ്. യുവതി നേരത്തേ താമസിക്കുകയും ജോലി നോക്കുകയും ചെയ്തിരുന്ന തമിഴ്‌നാട്, ബംഗളുരു എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

എൻജിനിയറിങ് ബിരുദധാരിയായ യുവതി ബംഗളുരുവിൽ ജോലി ചെയ്യവെയാണ് ഒന്നര മാസം മുമ്പ് വിവാഹിതയായത്. ഇൻഫോപാർക്കിൽ സോഫ്ട്‌വെയർ എൻജിനിയറാണ് ആലക്കോട് സ്വദേശിയായ ജോബിൻ. ജനുവരിയിലാണ് എറണാകുളത്ത് ഭർത്താവിനൊപ്പം താമസമാക്കിയത്. വീട്ടുകാർ തീരുമാനിച്ചുറപ്പിച്ച വിവാഹമായിരുന്നു. ഇവരുടെ ജീവിതത്തിൽ പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് ബന്ധുക്കൾ പൊലീസിന് മൊഴി നൽകി. വാട്‌സ് ആപ്പ്, ഫേസ് ബുക്ക് തുടങ്ങി സോഷ്യൽ മീഡിയകളിലൂടെ ബന്ധുക്കളും അന്വേഷണം നടത്തുന്നുണ്ട്.

യുവതിയെ കാണാതായ ദിവസം അവരുടെ സഹോദരൻ സോഷ്യൽ മീഡീയയിൽ ഇട്ട ഈ ചിത്രം വൈറലായിരുന്നു. 'എന്റെ സഹോദരിയെ (ജിസിൽ മാത്യു, 24 വയസ്) മാ4ച്ച് അഞ്ച് മുതൽ കാണാനില്ല. പൊലീസിനും ഇതുവരെ ഒരു തുമ്പും ലഭിച്ചിട്ടില്ല. നിങ്ങൾക്ക് എന്തെങ്കിലും വിവരം കിട്ടിയാൽ ദയവായി അറിയിക്കുക' എന്ന സ്റ്റാറ്റസും ജിസിലിന്റെ ഫോട്ടോയുമാണ് സഹോദരൻ ടി എ അലക്‌സാണ്ടർ ഷെയർ ചെയ്തത്.

ആയിരക്കണക്കിനാളുകളാണ് അലക്‌സാണ്ടറിന്റെ സ്റ്റാറ്റസ് ഷെയർ ചെയ്തത്. പക്ഷേ ഒരാഴ്ച പിന്നിടുന്‌പോഴും ജിസിലിനെക്കുറിച്ച് മാത്രം ഒരു വിവരവുമില്ല. പെരിന്തൽമണ്ണയിൽ െ്രെഡവറായി ജോലിചെയ്യുന്ന അലക്‌സാണ്ടർ സഹോദരിയെ തേടി ഒരാഴ്‌ച്ചയായി കൊച്ചിയിലാണ്. സഹോദരി വിവാഹത്തിന് സമ്മതിച്ചത് സന്തോഷത്തോടെയാണ് അലക്‌സാണ്ടർ പറഞ്ഞത്. വിവാഹശേഷം കൊച്ചിയിലേക്ക് മാറുന്നതിലും ജിസിലിന് താല്പര്യക്കുറവില്ലായിരുന്നു മറ്റാരെങ്കിലുമായി അടുപ്പത്തിലായിരുന്നോ എന്നും ഇതേക്കുരിച്ച് അന്വേഷിക്കുകയായാണെന്നും അലക്‌സാണ്ടർ പറഞ്ഞു.