ഇടുക്കി: മണിയാശാനുണ്ടായിരുന്നെങ്കിൽ... മൂന്നാറിലെ തൊഴിലാളി സമരം കൈവിട്ടുപോകുമ്പോൾ സിപിഎമ്മിനൊപ്പം സിപിഐയും കോൺഗ്രസ് പോലും മണിയാശാന്റെ സാന്നിധ്യം ആഗ്രഹിക്കുകയാണ്. സിപിഐ(എം) സംസ്ഥാന കമ്മിറ്റി അംഗമായ എം എം മണി ഉണ്ടായിരുന്നെങ്കിൽ പ്രശ്‌നങ്ങൾ ഇതിനകം പരിഹരിക്കാമായിരുന്നെന്നും അതു തങ്ങളുടെ നിലനിൽപിനും സഹായകമാകുമായിരുന്നെന്നാണ് കോൺഗ്രസിന്റെ തൊഴിലാളി പ്രസ്ഥാനമായ ഐഎൻടിയുസിയുടെയും സിപിഐയുടെ തൊഴിലാളി യൂണിയനായ എഐടിയുസിയുടെയും നേതാക്കൾപോലും മനസാ ആഗ്രഹിക്കുന്നത്.

അച്യുതാനന്ദന്റെ പൂച്ചകളെപ്പോലും മെരുക്കാൻ രണ്ടും കൽപിച്ചിറങ്ങിയ എം എം മണിയുടെ അസാന്നിധ്യം സിപിഎമ്മിന്റെ അടിത്തറ തോണ്ടുന്നതിലേയ്ക്കു കാര്യങ്ങളെത്തുന്നതിൽ ഒരു കാരണമായതായി പാർട്ടി വിലയിരുത്തുന്നു. സമരം ഒരാഴ്ചയിലേറെ നീണ്ടിട്ടും മണിയാശാൻ രംഗത്തു പ്രത്യക്ഷപ്പെടാതെ വന്നപ്പോഴാണ് അദ്ദേഹത്തിന്റെ അസാന്നിധ്യത്തിന്റെ കാരണം മാദ്ധ്യമങ്ങൾപോലും അന്വേഷിച്ചു തുടങ്ങിയത്. വിയറ്റ്‌നാമിൽ നടക്കുന്ന ആഗോള കമ്യൂണിസ്റ്റ് പാർട്ടിയുടെ കോൺഫറൻസിൽ പങ്കെടുക്കുന്നതിനായി പോയിരിക്കുകയാണ് എം എം മണി. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള പ്രതിനിധികളിൽ മണിയാശാനോടൊപ്പം പത്തനംതിട്ട മുൻ ജില്ലാ സെക്രട്ടറി അനന്തഗോപനുമുണ്ട്.

മണിയാശാന്റെ പ്രധാന കരുത്ത് മൂന്നാർ ഉൾപ്പെടുന്ന ദേവികുളം നിയോജക മണ്ഡലത്തിലെ കമ്യൂണിസ്റ്റ് സംഘബലം തന്നെയാണ്.തോട്ടം തൊഴിലാളികൾ വിധിനിർണയിക്കുന്ന തെരഞ്ഞെടുപ്പുകളിൽ ഇടതുപക്ഷത്തിന് നിർണായക നേതാവ് എം എം മണിതന്നെയാണെന്ന് ഇതിനകം തെളിയിക്കപ്പെട്ടിട്ടുമുണ്ട്. എക്കാലവും തോട്ടം തൊഴിലാളികളെ തോളോടു ചേർത്തു നിർത്താൻ മണിയാശാനു കഴിഞ്ഞിട്ടുമുണ്ട്. മൂന്നാറിലെ തൊഴിലാളികളെയും സാധാരണക്കാരെയും ഒരേ നിരയിൽ അദ്ദേഹം മാത്രമാണ് അണിനിർത്തിയിട്ടുള്ളതും.
അച്യുതാന്ദൻ മുഖ്യമന്ത്രിയായിരിക്കെ ആരംഭിച്ച ആദ്യമൂന്നാർ ദൗദ്യത്തിൽ അതിനെതിരെ ഭരണപക്ഷത്തുനിന്നുതന്നെ വെടിയുതിർത്ത നേതാവാണ് എം എം മണി

അച്യുതാനന്ദന്റെ വിശ്വസ്തനായ മണി മൂന്നാർ ദൗത്യത്തിന്റെ പേരിൽ വി. എസിനെ വിട്ട് പിണറായി പക്ഷക്കാരനായി മൂന്നാറിനായി നിലകൊണ്ടത് ചരിത്രം. പാർട്ടിയെന്നപോലെ ഗ്രൂപ്പിനതീതമായി മൂന്നാറിനായി കളംമാറ്റി ചവുട്ടിയിട്ടും പാർട്ടിയിലെ അനിഷേധ്യ നേതൃസ്താനത്തിന് ഇളക്കം തട്ടാതെ മണി കാത്തത് അദ്ദേഹത്തിന് ഇടുക്കിയിലെ പാർട്ടി അനുയായികളിലുള്ള സ്വാധീനത്തിന്റെ ആഴം വെളിപ്പെടുത്തുന്നു. ഏറ്റവുമൊടുവിൽ, മൂന്നാറിലെ മുഴുവൻ താമസക്കാർക്കും പട്ടയം നൽകണമെന്ന ആവശ്യമുയർത്തിയ ഏക നേതാവും എം. എം മണിയാണ്.

1977 ജനുവരി ഒന്നിനു മുമ്പുള്ള എല്ലാ കുടിയേറ്റ കർഷകർക്കും പട്ടയം നൽകാൻ സർവകക്ഷി സംഘം തീരുമാനിക്കുകയും മുഖ്യമന്ത്രിയായിരുന്ന എ. കെ ആന്റണി പ്രഖ്യാപിക്കുകയും ചെയ്തുവെങ്കിലും അതിൽ മാറ്റം ആവശ്യപ്പെട്ടു മുഴുവൻ കൈവശക്കാർക്കും പട്ടയം നൽകണമെന്നു മൂന്നാറിലെ തൊഴിലാളികളെ മുൻനിർത്തിയാണ് മണി ആവശ്യമുന്നയിച്ചത്. അത്രത്തോളം വൈകാരിക ബന്ധമാണ് മണിയാശാനും മൂന്നാറിലെ ജനങ്ങളും തമ്മിലുള്ളത്. ഈ സ്ഥിതിക്ക് മണിയാശാൻ രംഗത്തുണ്ടായാൽ സമരത്തെ നിയന്ത്രിക്കാനും തൊഴിലാളികളെ പാർട്ടിക്കൊപ്പം പിടിച്ചു നിർത്താനും കഴിയുമെന്നു സി. പി. എം വിശ്വസിക്കുന്നു.

പാർട്ടിയിലെയും ജനങ്ങൾക്കിടയിലേയും സ്വാധീനം തന്നെയാണ് മണിയാശാന്റെ സാന്നിധ്യത്തിനുവേണ്ടി ചിന്തിക്കാൻ പാർട്ടിയെ പ്രേരിപ്പിക്കുന്നത്. ഗ്രൂപ്പുമാറിയാലും ഭരണം മാറിയാലും മണിയാശാൻ കാൽച്ചുവട്ടിൽ മണ്ണുണ്ടാകുമെന്ന തിരിച്ചറിവ് ഇതര പാർട്ടികളും അംഗീകരിക്കുന്നു. വ്യക്തിപ്രഭാവം കൊണ്ടും സംസാരശൈലികൊണ്ടും ആളുകളെ പിടിച്ചിരുത്താൻ അദ്ദേഹത്തിനു കഴിയും. രാഷ്ട്രീയ എതിരാളികൾപോലും ഭയപ്പെടുന്ന നേതൃപാടവും മണിയാശാന്റെ നേട്ടമായി വിലയിരുത്തുന്നു. അതുകൊണ്ടുതന്നെ സംസ്ഥാന നേതാക്കൾക്കുപോലും കഴിയാത്ത പ്രശ്‌നപരിഹാരം എം. എം മണിയിൽനിന്നുണ്ടാകുമെന്നു മറ്റു പാർട്ടികളുടെയും നേതാക്കൾ ചിന്തിച്ചു തുടങ്ങിയിട്ടുണ്ട്. തൊഴിലാളികളെ പാർട്ടിയിൽ പിടിച്ചു നിർത്താൻ എം. എം മണിയെ ഉടൻ തിരിച്ചെത്തിക്കാൻ പാർട്ടി ശ്രമം ആരംഭിച്ചതായും പറയുന്നു.