കൊല്ലം: 2000 ഒക്ടോബർ 21. വിഷമദ്യം കഴിച്ച് കഴിച്ച് കല്ലുവാതുക്കൽ, പട്ടാഴി, പള്ളിപ്പുറം തുടങ്ങിയ സ്ഥലങ്ങളിലെ 31 പേർ മരിച്ചു. അബ്കാരി മണിച്ചന്റെ ഗോഡൗണിൽനിന്ന് എത്തിച്ച് ഹൈറുന്നിസയുടെ വീട്ടിൽ വിതരണം ചെയ്ത മദ്യം കഴിച്ചായിരുന്നു ദുരന്തം. കേരളത്തെ ഞെട്ടിച്ച സംഭവങ്ങളിൽ ഒന്ന്. അഞ്ഞൂറിലധികം പേർ ആശുപത്രികളിലായിരുന്നു. കേസിൽ മണിച്ചൻ ഏഴാം പ്രതിയായി. ജീവപര്യന്തം തടവിനുപുറമേ 43 വർഷം തടവും അനുഭവിക്കണം. മുഖ്യപ്രതി ഹൈറുന്നിസ ശിക്ഷ അനുഭവിക്കുന്നതിനിടെ 2009ൽ കരൾരോഗം കാരണം മരണപ്പെട്ടിരുന്നു. അടുത്തിടെ മണിച്ചൻ പരോളിൽ ഇറങ്ങി. നെട്ടുകാൽത്തേരി തുറന്ന ജയിലിലാണ് മണിച്ചന്റെ ജയിൽ വാസം.

അന്നും ഇന്നും മണിച്ചൻ പറയുന്നത് താൻ വിറ്റ മദ്യത്തിൽ വിഷം ഇല്ലായിരുന്നു എന്നാണ്. തന്നോട് ചിലർ കാട്ടിയ ചതി എന്നാണ് പഴയ മദ്യരാജാവ് മണിച്ചൻ പറയുന്നത്. തനിക്കാരോടും പ്രതികാരമോ, വിദ്വേഷമോ ഇല്ല. ചതിച്ചവർക്ക് അതിന്റെ ശിക്ഷ ലഭിക്കുന്നുണ്ട്, എന്നും പറയുന്നു മണിച്ചൻ. പരോളിൽ ഇറങ്ങുമ്പോൾ മണിച്ചൻ എന്തുചെയ്യുന്നുവെന്ന് ആരും അന്വേഷിക്കാറില്ല. അല്ലെങ്കിൽ, തന്നെ മണിച്ചനെ ഓർത്തിരിക്കുന്നവർ എത്ര.

മദ്യദുരന്തത്തെ തുടർന്ന് ഒളിവിൽ പോയ മണിച്ചനെ എക്‌സ്‌ക്ലൂസീവായി ഇന്റർവ്യു ചെയ്തത് അന്ന് ഫ്രീലാൻസ് എന്ന സായാഹ്ന പത്രം നടത്തിയിരുന്ന തിരുവല്ലം ഭാസി ആയിരുന്നു. അതിന്റെ പേരിൽ ഭാസിയെയും പൊലീസ് മുൾമുനയിലാക്കി. 22 വർഷങ്ങൾക്ക് ശേഷം മണിച്ചനെ വീണ്ടും കണ്ട കഥ പറയുകയാണ് തിരുവല്ലം ഭാസി തന്റെ ഫേസ്‌ബുക്ക് കുറിപ്പിൽ. 'നെട്ടുകാൽത്തേരി തുറന്ന ജയിലിൽ നിന്ന് പരോളിലിറങ്ങിയ മണിച്ചൻ മദ്യത്തിന് പകരം ഇപ്പോൾ മധുരമുള്ള വിവിധതരം പഴം ജൂസുകളാണ് വിൽക്കുന്നത്. ആറ്റിങ്ങൽ ബസ് സ്റ്റാന്റിന് സമീപമുള്ള ഫൈവ് സ്റ്റാർ ജൂസുകടയിൽ ലഹരിയില്ല, ആരോടും പരാതിയും ഇല്ല.', ഭാസി കുറിച്ചു.

തിരുവല്ലം ഭാസിയുടെ ഫേസ്‌ബുക്ക് കുറിപ്പ് വായിക്കാം:

22 വർഷങ്ങൾക്ക് ശേഷം ഇന്നലെ ഈ മനുഷ്യനെ വീണ്ടും നേരിൽ കണ്ടു, എന്റെ ജീവിതത്തിൽ മൂന്നാം വട്ടവും. ' മദ്യരാജാവ് മണിച്ചൻ ' മാധ്യമങ്ങൾ ഒരു കാലത്ത് ആഘോഷിച്ച വാർത്താതാരം. എല്ലാ രാഷ്ട്രീയക്കാരുടെയും പ്രിയപ്പെട്ടവനായിട്ടും ഒരു പ്രതിക്ക് വേണ്ടി ദാഹിച്ച ഉന്നത പൊലീസ്‌കാരന് ഈ 'ഭീകരനെ' ആവശ്യമായിരുന്നു.

അനധികൃതമായി സ്പിരിറ്റ് വാങ്ങി കള്ളിൽ ചേർത്ത് വിറ്റു എന്ന കുറ്റം മാത്രമേ ഞാൻ ചെയ്തിട്ടുള്ളുവെന്ന് ഇന്നും ഉറക്കെ പറയുന്ന മണിച്ചൻ. ജയിലിൽ കഴിയുന്ന കല്ലുവാതുക്കൾ മദ്യ ദുരന്തകേസിലെ ഇപ്പോഴുള്ള ഏക പ്രതി. 'ഞാൻ വിറ്റ മദ്യത്തിൽ വിഷം ഉണ്ടായിരുന്നെങ്കിൽ പതിനായിരത്തിലേറെ പേർ ഒറ്റ ദിവസം തന്നെ മരിക്കുമായിരുന്നു.. കാരണം അത്രയേറെ കള്ള് ഷാപ്പുകൾ എനിക്കുണ്ടായിരുന്നു. ' ഇപ്പോൾ എനിക്കാരോടും പ്രതികാരമോ, വിദ്വേഷമോ ഇല്ല. ചതിച്ചവർക്ക് അതിന്റെ ശിക്ഷ ലഭിക്കുന്നുണ്ട്..' മണിച്ചൻ പറഞ്ഞു.

നെട്ടുക്കാൽത്തേരി തുറന്ന ജയിലിൽ നിന്ന് പരോളിലിറങ്ങിയ മണിച്ചൻ മദ്യത്തിന് പകരം ഇപ്പോൾ മധുരമുള്ള വിവിധതരം പഴം ജൂസുകളാണ് വിൽക്കുന്നത്. ആറ്റിങ്ങൽ ബസ് സ്റ്റാന്റിന് സമീപമുള്ള ഫൈവ് സ്റ്റാർ ജൂസുകടയിൽ ലഹരിയില്ല, ആരോടും പരാതിയും ഇല്ല.

മദ്യദുരന്തത്തെ തുടർന്നു ഒളിവിൽ പോയ മണിച്ചനെ തിരഞ്ഞു പൊലീസും മാധ്യമങ്ങളും ആഴ്ചകളോളം അലയുമ്പോൾ ആണ് എന്റെ സായാഹ്നപത്രമായ ' ഫ്രീലാൻസിലൂടെ ' മണിച്ചന്റ് എക്‌സ് ക്ലൂസീവ് ഇന്റർവ്യൂ പുറത്ത് വരുന്നത്.. കൂടെ ഏഷ്യാനെറ്റ് ന്യൂസിൽ കെ അജിത്ത് /തെരുവിയം ടീം എന്റെ പത്ര ഓഫിസിലെത്തി തയ്യാറാക്കിയ മറ്റൊരു അഭിമുഖവും.

പിന്നെ സംഭവിച്ചതെല്ലാം വളരെ പെട്ടെന്ന് ആയിരുന്നു. പിറ്റേ ദിവസം രാത്രിയിൽ എന്റെ ഓഫീസിൽ പൊലീസ് റെയ്ഡ്, ഞാൻ ഒളിവിൽ, സെക്രട്ടറിയേറ്റിനു മുന്നിൽ മാധ്യമ പ്രവർത്തകാരുടെ ധർണ. നിയമസഭയിൽ അടിയന്തര പ്രമേയം. അറസ്റ്റിൽ നിന്ന് രക്ഷപെട്ടുവെങ്കിലും ആറു വർഷത്തോളം നീണ്ട കേസ്... അങ്ങനെ പലതും.

വീണ്ടും മണിച്ചനെ ഞാൻ കാണുന്നതുകൊല്ലം സബ് ജയിലിൽ വച്ച്. അതിന്റെ പേരിൽ ജയിൽ സൂപ്രണ്ടിന് സസ്‌പെൻഷൻ. അവിചാരിതമയാണ് മണിച്ചനെ ഇന്നലെ കാണാൻ ഇടയായത്.. എഴുതാൻ ഏറെയുണ്ട്. അതൊക്കെ മണിച്ചൻ തന്നെ എപ്പോളെങ്കിലും പറയുമായിരിക്കും.. പരോളിലിറങ്ങിയ മണിച്ചൻ ഒരാഴ്‌ച്ച കഴിയുമ്പോൾ വീണ്ടും മാതൃക കൃഷികാരനായി ജയിലിലേക്ക്. രണ്ടു ദിവസം കഴിയുമ്പോൾ എന്റെ കൃഷിയിടമായ ഓസ്ട്രേലിയയിലേക്ക് ഞാനും.

ടി പി സെൻകുമാറിന്റെ വാക്കുകൾ

സംഭവത്തിൽ ഒന്നാം പ്രതിയായ ഹയറുന്നിസ എന്ന താത്തയും, മണിച്ചനും രണ്ട് സഹോദരങ്ങൾക്കുമടക്കം 13 പേരെയാണ് ജീവപര്യന്തം തടവിന് കോടതി ശിക്ഷിച്ചത്. താത്ത 2009ൽ മരണപ്പെടുകയും ചെയ്തു.എന്നാൽ കല്ലുവാതുക്കൽ മദ്യ ദുരന്തത്തിൽ മണിച്ചന് പങ്കുള്ളതായി താൻ കരുതുന്നില്ലെന്ന് മുൻ പൊലീസ് മേധാവി ടി.പി സെൻകുമാർ പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ ആത്മകഥയായ എന്റെ പൊലീസ് ജീവിതത്തിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. സെൻകുമാറിന്റെ വാക്കുകൾ-'ഞാൻ വിശ്വസിക്കുന്ന കാര്യമാണത്. അതായത് മണിച്ചൻ വിഷമദ്യം വിതരണം ചെയ്തുവെന്ന് ഞാൻ വിശ്വസിക്കുന്നില്ല. കോടതി കണ്ടെത്തി ശിക്ഷിച്ചതാണ്. അതുവേറെ കാര്യം. നിയമം അനുസരിച്ചേ പറ്റൂ. പക്ഷേ എന്റെ വിശ്വാസം, എന്റെ അറിവ് വച്ച് മണിച്ചനാണ് വിഷമദ്യം വിതരണം ചെയ്തതെന്ന് ഞാൻ വിശ്വസിക്കുന്നില്ല'.

മണിച്ചന്റെ സഹോദരന്മാർ ജയിൽ മോചിതരായി

വിനോദ് കുമാർ, മണികണ്ഠൻ എന്നീ പ്രതികൾക്കാണ് ഇളവ് നൽകിയത്. ഇരുവരുടെയും ഭാര്യമാർ സുപ്രീം കോടതിയിൽ നൽകിയ ഹർജിയുടെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ വർഷം നവംബറിൽ സർക്കാർ വിടുതൽ നൽകിയത്. സംസ്ഥാന ജയിൽ ഉപദേശക സമിതിയോട് രണ്ടുപേരുടെയും ശിക്ഷ പരിശോധിച്ച് വിടുതൽ ചെയ്യുന്നതിൽ തീരുമാനമെടുക്കാൻ കോടതി നിർദ്ദേശിച്ചിരുന്നു.

തുറന്ന ജയിലിൽ കഴിയുന്ന പ്രതികൾ 20 വർഷത്തിലേറെയായി ശിക്ഷ അനുഭവിക്കുകയാണെന്ന് വിലയിരുത്തിയ ഉപദേശക സമിതി ഇരുവരെയും വിട്ടയക്കാൻ ശുപാർശ നൽകി. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. ജീവപര്യന്തം ശിക്ഷയിൽ ഇളവ് നൽകണമെന്ന് ആവശ്യപ്പെട്ട് വിനോദ് കുമാർ ഒൻപത് തവണയും മണികണ്ഠൻ 12 തവണയും അപക്ഷ സമർപ്പിച്ചിരുന്നു. ഇത് തള്ളിയതിന് പിന്നാലെയാണ് ഇരുവരുടെയും ഭാര്യമാർ സുപ്രീം കോടതിയെ സമീപിച്ചത്.