മൂന്നാറിൽ സർക്കാർ വനഭൂമിയിൽ കൈയേറി കുരിശു സ്ഥാപിച്ച വ്യക്തിയോട് എനിക്ക് ഒരു സഹതാപവുമില്ല. അവജ്ഞ മാത്രം. യേശുക്രിസ്തു കുരിശിൽ കയറിയത് വനഭൂമി കൈയേറി കുരിശ് സ്ഥാപിച്ച് പാപികളെ രക്ഷിക്കാനല്ല. സ്വന്തം സ്വാർത്ഥതാല്പര്യം മാത്രം, അങ്ങനെയുള്ള കൈയേറ്റത്തെ ഞാൻ അപലപിക്കുന്നു.

പക്ഷേ, ഇതിനൊരു മറുവശമുണ്ടണ്ട്. ക്രിമിനൽ നടപടി ക്രമം 144 പ്രഖ്യാപിച്ച് നാട്ടിൽ ക്രമസമാധാന ലംഘനമുണ്ടാക്കാൻ സാധ്യതയുണ്ടെന്നു ജില്ലാ മജിസ്‌ട്രേറ്റ് കണ്ടപ്പോൾ എങ്ങനെ പത്രപ്രവർത്തകർ സ്ഥലത്തെത്തി ചാനലുകളിൽ കാണിച്ചു എന്നത് ഒരു ചോദ്യചിഹ്നമാകുന്നു. യഥാർത്ഥത്തിൽ ക്രമസമാധാനപ്രശ്‌നമുള്ളപ്പോൾ പത്രപ്രവർത്തകർ എങ്ങനെ തങ്ങളുടെ ക്യാമറയുമായി സ്ഥലത്തെത്തി? അധികൃതർ മറുപടി പറയേണ്ട ചോദ്യം തന്നെ.

കുരിശ് ജെസിബീ ഉപയോഗിച്ചും അടിച്ചു പൊളിച്ചു മാറ്റുന്നതുകാണുമ്പോൾ ക്രൈസ്തവർക്ക് സർക്കാരിനെതിരെ ഒരു വികാരം ഉണ്ടണ് ടാകം. ഹിന്ദു ജനങ്ങൾക്ക് ക്രൈസ്തവർ എന്നു പറഞ്ഞാൽ നെല്ലുവിതയ്ക്കുന്നതിന് പകരം കുരിശു വിതയ്ക്കുന്നവരല്ല എന്ന അവജ്ഞയും തോന്നാം. ഇത് മതസ്പർദ്ധ ഉണ്ടാക്കില്ലേ? ഇതൊരു ക്രിമിനൽ കുറ്റമല്ലേ? ഉദ്യോഗസ്ഥർ ഇതിന് എന്തു മറുപടി പറയും?

ഏകദേശം 15 വർഷങ്ങൾക്ക് മുമ്പ് മൂന്നാറിലെ ചിത്തിരപുരത്തിനടുത്ത് കോതപാറ എന്ന സ്ഥലത്ത് 14 കുരിശുകൾ സ്ഥാപിച്ച് കുരിശിന്റെ വഴി നടത്തിയിരുന്നു. അതിനെപ്പറ്റി കേസുണ്ടായി. ഇടവകക്കാർക്കു വേണ്ടി ഹാജരായത് ഞാനും കോട്ടയത്തെ അഭിഭാഷകനായ സെബാസ്റ്റ്യൻ കുര്യനും. ഞങ്ങൾ ക്രിസ്തുമസ് അവധിക്കാലത്ത് സ്ഥലം പോയി സന്ദർശിച്ചു. അപ്പോൾ പള്ളി അധികാരികൾ പറഞ്ഞത് ഒരു വാചകമുണ്ട്. 'കോടതി വിധി എതിരാണെങ്കിൽ ഞങ്ങൾ ഞങ്ങളുടെ ഉത്തരവാദിത്തത്തിൽ കുരിശുകൾ എടുത്തുമാറ്റി കൊള്ളാം.' കേസ് ഹൈക്കോടതിയിൽ ജസ്റ്റിസ്. സി എസ് രാജന്റെ ബെഞ്ചിൽവന്നു. എതിർഭാഗം അഭിഭാഷകൻ പിന്നീട് ചീഫ് ജസ്റ്റിസായ തോട്ടത്തിൽ രാധാകൃഷ്ണനും. കേസ് ഞങ്ങൾ തോറ്റു. കുരിശുകൾ മാറ്റപ്പെട്ടു. യാതൊരു വാർത്തയോ വിവാദമോ കലാപമോ ഉണ്ടായില്ല.

എന്നാൽ മൂന്നാറിൽ കഴിഞ്ഞ ദിവസം നടന്ന കുരിശു പൊളിച്ചു മാറ്റലും ടിവി ചർച്ചകളും സംവാദവും മത സ്പർദ്ധ ഉണ്ടാക്കില്ലെ? മതസ്പർദ്ധ ഉണ്ടാക്കുന്ന ഒരു രഹസ്യ ഗൂഢാലോചനയായിരുന്നില്ലേ അത്. 'പത്രധർമ്മം എവിടെ?' ഉദ്യോഗസ്ഥ സാമാന്യ ബുദ്ധി എവിടെ? ടിവി ചാനൽ ചർച്ചക്കാർ എന്തുകൊണ്ട് ഇത് പരിഗണിക്കുന്നില്ല. വിഷമം കൊണ്ട് എഴുതി പോയി എന്നു മാത്രം.