തിരുവനന്തപുരം: ഇന്നലെ പ്രസവ തീയതിയായിരുന്ന പൂർണ ഗർഭിണിയായ യുവതിയെ തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ നിന്നും കാണാതായതിലെ ദുരൂഹത മൂന്നാം ദിവസവും തുടരുന്നു. പെൺകുട്ടിയുടെ മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ പിന്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് സബ് ഇൻസ്പെക്ടർ ഗിരിലാലും സംഘവും വെല്ലൂരിലെത്തിയപ്പോൾ പെൺകുട്ടി അവിടെ നിന്നും എറണാകുളത്തേക്ക് പോയതായിട്ടാണ് വിവരം. ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ 10 മണിക്കാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ക്യാമ്പസിലുള്ള എസ്എടി ആശുപത്രിയിൽ നിന്നും കിളിമാനൂർ മടവൂർ സ്വദേശിനിയായ ഷംനയെ കാണാതായത്. പെൺകുട്ടിയെ കുറിച്ച് വീട്ടുകാർക്കൊന്നും തന്നെ യാതൊരു സംശയവുമില്ലെന്ന് എസ്ഐ ഗിരിലാൽ മറുനാടൻ മലയാളിയോട് പറഞ്ഞു.

ചൊവ്വാഴ്ച രാവിലെയാണ് കൊല്ലം കടയ്ക്കലിലെ ഭർത്താവിന്റെ വീട്ടിൽ നിന്നും ഷംന ആശുപത്രിയിൽ എത്തിയത്. ഭർത്താവ് അൻഷാദിനും ബന്ധുക്കൾക്കുമൊപ്പം ഷംന ആശുപത്രിയിൽ എത്തിയത്. ആശുപത്രിയിലെ സംവിധാനം അനുസരിച്ചു യുവതിയെ മാത്രമേ അകത്തേക്കു കടത്തിവിട്ടുള്ളൂ. ഒപിയിൽ നിന്ന് ഒരു മണിക്കൂറിനു ശേഷം പുറത്തുവന്ന യുവതി ഡോക്ടറെ കണ്ടിട്ടു വരാമെന്നു പറഞ്ഞ് ആശുപത്രിക്കുള്ളിലേക്കു പോയി. ഒന്നരമണിക്കൂറായിട്ടും തിരികെ വരാതിരുന്നപ്പോൾ ബന്ധുക്കൾ സുരക്ഷാ ജീവനക്കാരെ സമീപിച്ചു. തുടർന്ന് ആശുപത്രിയിലാകെ അന്വേഷിച്ചെങ്കിലും ഷംനയെ കണ്ടെത്താനായില്ല. അതോടെ ബന്ധുക്കളും ആശുപത്രി അധികൃതരും പൊലീസിൽ പരാതി നൽകുകയായിരുന്നു.

ഷംനയ്ക്ക് മറ്റേതെങ്കിലും ബന്ധമുള്ളതായി ഭർത്താവിന് സംശയം ഒന്നും തന്നെ ഇല്ല. സംശയപരമായ ഒരു സാഹചര്യവും തന്റെ അറിവിൽ ഇല്ലെന്ന് പൊലീസിന് അൻഷാദ് മൊഴി നൽകുകയും ചെയ്തിട്ടുണ്ട്. മൊബൈൽ ഫോൺ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. ആദ്യം കോട്ടയത്തും പിന്നീട് എറണാകുളത്തും എത്തിയെന്ന നിഗമനത്തിൽ അന്വേഷണം വ്യാപിപ്പിച്ചെങ്കിലും കണ്ടെത്താനായില്ല. പിന്നീടു മൊബൈൽ ഓഫ് ആയി. ഇന്നലെ വൈകിട്ട് ആറിനു ഫോൺ വീണ്ടും ഓൺ ആയപ്പോൾ പൊലീസും ബന്ധുക്കളും വിളിച്ചു. ആരും ഫോൺ എടുത്തില്ല.

പരിധിക്കു പുറത്താണെന്ന സന്ദേശം തമിഴിലാണു ലഭിച്ചത്. തുടർന്നു ഫോൺ ഓഫ് ആയി. വീണ്ടും പല തവണ വിളിച്ചെങ്കിലും തമിഴിലുള്ള മറുപടി മാത്രം. എന്നാൽ രാത്രിയോടെ ഇവരുടെ ടവർ ലൊക്കേഷൻ ചെന്നൈക്കടുത്ത് വെല്ലൂരിൽ കണ്ടെത്തിയതായതിനെ തുടർന്നാണ് പൊലീസ് സംഘം അങ്ങോട്ട് പോയത്.അവിടെ എത്തുമ്പോഴാണ് ഇപ്പോൾ പെൺകുട്ടി ചെന്നൈയിൽ നിന്നും വീണ്ടും യാത്രയിലാണെന്നും കേരളത്തിലേക്ക് മടങ്ങിയതാകാനാണ് സാധ്യതയെന്നും പൊലീസിന് വിവരം ലഭിക്കുന്നതും.

ഷംന ഉപയോഗിക്കുന്ന മൊബൈൽ ഫോൺ നമ്പറുകളിൽ നിന്നും കഴിഞ്ഞ കുറച്ച് കാലമായി ഉള്ള ഫോൺ വിളികളുടെ വിശദാംസങ്ങൾ പൊലീസ് വിശദമായി തന്നെ ശേഖരിച്ച് പരിശോധിച്ചു. എന്നാൽ ഇതിൽ അസ്വഭാവികമായി ഒന്നും തന്നെ കണ്ടെത്താ്ൻ കഴിഞ്ഞിട്ടില്ല. തന്റെ ഭർത്താവിനേും ബന്ധുക്കളേയും തന്നെയാണ് ഷംന കൂടുതൽ തവണ വിളിച്ചിട്ടുള്ളത്.ഷംനയ്ക്ക് എന്തെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകളോ, പ്രശ്നങ്ങളോ വിഷമമോ ഉണ്ടായിരുന്നതായി ഭർത്താവിനും അറിയില്ല. എന്തായാലും എല്ലാ പൊലീസ് സ്റ്റേഷനുകളിലും പ്രധാന കേന്ദ്രങ്ങളിലും പെൺകുട്ടിയുടെ ചിത്രവും വിവരങ്ങളും കൈമാറിയിട്ടുണ്ടെന്നും എത്രയും വേഗം ഇവരെ കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷയെന്നും പൊലീസ് പറയുന്നു.

കാണാതായ ദിവസം രാവിലെ ഒപിയിൽ എത്തിയ യുവതി അഡ്‌മിറ്റ് ചെയ്യാൻ നിർദ്ദേശിച്ചിട്ടുള്ള പഴയ ഒപി ടിക്കറ്റ് കാണിക്കാതെ പുതിയ ഒപി ടിക്കറ്റ് എടുത്തു പരിശോധനയ്ക്ക് എത്തുകയായിരുന്നു. ഡോക്ടർ രക്തപരിശോധനയ്ക്ക് എഴുതിക്കൊടുത്തു. അതിനു ശേഷം വീണ്ടും ഡോക്ടറെ കാണാനെന്നു പറഞ്ഞ് ഒപിയിൽ എത്തിയ യുവതി അപ്രത്യക്ഷയായി എന്ന പരാതിയാണു ലഭിച്ചത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ 11.45 വരെ ഇവരെ കണ്ടിരുന്നു. ആ സമയത്തും സന്തോഷവതിയായാണു കാണപ്പെട്ടത്. യുവതിയെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ ആശുപത്രിക്ക് മുന്നിൽ പ്രതിഷേധം നടത്തിയിരുന്നു.