തിരുവനന്തപുരം: ഒരു നേരത്തെ വിശപ്പടക്കാൻ വേണ്ടി ഭക്ഷണം മോഷ്ടിച്ച അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിനെ ആൾക്കൂട്ടം തല്ലിക്കൊന്നത് കേരളത്തെ ഞെട്ടിച്ച സംഭവമായിരുന്നു. പുറത്തുവന്ന പോസ്റ്റുമോർട്ടം റിപ്പോർട്ട് പ്രകാരം മധുവിന്റെ വയറ്റിൽ ആകെ ഉണ്ടായിരുന്നത് ഒരു കഷ്ണം പഴം മാത്രമായിരുന്നു. ദിവസങ്ങളോളമായി ആ സാധു യുവാവ് ഭക്ഷണം കഴിച്ചിട്ട് എന്നു വ്യക്തമാകുമ്പോൾ നമ്മൾ മലയാളിക ലജ്ജിച്ച് തലതാഴ്‌ത്തേണ്ട അവസ്ഥയാണുള്ളത്. ആദിവാസി ക്ഷേമത്തിനായി മന്ത്രിയും പരിവാരങ്ങളും ഒരു വശത്ത് പാഞ്ഞു നടക്കുന്നു. കേന്ദ്രത്തിൽ നിന്നും ഇതിന്റെ പേരിൽ ഒഴുകുന്ന കോടാനുകോടികളുടെ ഫണ്ടുകൾ, കോർപ്പറേഷനുകളും സന്നദ്ധ സംഘടനകളും അടക്കം കോടികൾ ഒഴുക്കുന്ന മറ്റൊരു വിഭാഗവുമുണ്ട് ഈ നാട്ടിൽ. ഇതിനിടെയാണ് ഒരു നേരത്തെ വിശപ്പടക്കാനായി ആദിവാസി യുവാവിന് ഭക്ഷണം മോഷ്ടിക്കേണ്ട അവസ്ഥയുണ്ടായത് എന്നോർക്കുമ്പോൾ ഈ വലിയൊരു ഓഡിറ്റിംഗിന് നടക്കേണ്ട ആവശ്യകത ബോധ്യമാകും.

ആദിവാസികൾക്കായി കേന്ദ്ര സർക്കാരിൽ നിന്നും ലഭിക്കുന്ന കോടികളുടെ ഫണ്ടിൽ നിന്നും ഒരാൾക്കുള്ള വിഹിതത്തിന്റെ പത്തിൽ ഒരു ശതമാനമെങ്കിലും നേരിട്ട് നൽകിയിരുന്നെങ്കിൽ പോലും ഓരോ ആദിവാസിയും ഇന്ന് കോടീശ്വരനായി മാറുമെന്നാണ് കണക്കുകൾ പരിശോധിച്ചാൽ വ്യക്തമാകുക. മധുവിന്റെ മരണത്തെ തുടർന്ന് വലിയ പ്രക്ഷോഭങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളിലും തെരുവുകളിലും അരങ്ങേറിയത്. പ്രബുദ്ധ കേരളമെന്നും സാക്ഷര കേരളമെന്നും ഊറ്റകൊള്ളുന്ന നാം എപ്പോഴെങ്കിലും ആദിവാസികൾ നേരിടുന്ന യഥാർഥ പ്രശ്നങ്ങൾ മനസ്സിലാക്കാൻ ശ്രമിച്ചിട്ടുണ്ടോ എന്ന് ചോദിച്ചാൽ ഉത്തരമുണ്ടാകില്ല.

ആദിവാസി പ്രശ്‌നങ്ങളെ കുറിച്ച് പലരും അലമുറയിടുമ്പോഴും ആദിവാസി സമൂഹത്തിനായി ചിലവഴിക്കുന്ന ഫണ്ടുകൾ അനർഹർ മോഷ്ടിക്കുന്നത് തന്നെയാണ് യഥാർഥ പ്രശ്‌നമായി നിലനിൽക്കുന്നത്. കോടാനുകോടികൾ ഇവർക്ക് വേണ്ടി ചിലവഴിക്കുമ്പോഴും ഈ പണം എവിടെ പോയി എന്നു ചോദിച്ചാൽ ആർക്കും ഒരു എത്തും പിടിയുമില്ല. ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം തേടി മറുനാടൻ മലയാളി നടത്തിയ അന്വേഷണത്തിൽ പുറത്ത് വന്നത് ആരെയും ഞെട്ടിക്കുന്ന കണക്കുകളും വസ്തുതകളുമാണ്.

കാടും കാട്ട് വിഭവങ്ങളുമൊക്കെയായി തങ്ങളുടേതായ ആചാരങ്ങളിൽ ഒതുങ്ങി നിന്ന് ജീവിച്ച ആദിവാസികൾ സന്തുഷ്ടരായിരുന്നു. പുറത്ത് നിന്നുള്ളനാട്ടുവാസികൾ അവരെ ഉദ്ധരിക്കാനും ആധുനികതയുടെ ലോകത്തിലേക്ക് കൈപിടിച്ചെത്തിക്കാനും തുടങ്ങിയപ്പോഴാണ് ആദിവാസികളുടെ നിലനിൽപ്പ് പോലും അപകട അവസ്ഥയിലേക്ക് എത്തിയത് എന്ന് പറഞ്ഞാൽ അങ്ങനെയല്ലെന്ന് പറയുന്നവർ അത് തെളിയിക്കാൻ പാട്പെടും. മനുഷ്യാവകാശ കമ്മീഷന്റെ ഭാഗമായിരിക്കുമ്പോൾ ഇപ്പോഴത്തെ ക്രൈം ബ്രാഞ്ച് ഐജി എസ് ശ്രീജിത്ത് തയ്യാറാക്കിയ റിപ്പോർട്ടിൽ ആദിവാസികൾ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് വിശദമായി പറയുന്നുണ്ട്. പുറത്ത് നിന്നുള്ളവരുടെ കടന്ന് കയറ്റം തന്നെയാണ് ആദിവാസികൾ നേരിടുന്ന വലിയ പ്രശ്നമെന്നും ശ്രീജിത്ത് അന്ന് തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നുണ്ട്.

തകർത്തത് പുറത്ത് നിന്നുള്ള മനുഷ്യരുടെ കടന്ന് കയറ്റം

1961 ലെ സെൻസസ് രേഖകൾ പരിശോധിച്ചാൽ 189 ഊരുകളിലായി അറുപതിനായിരത്തോളം ആദിവാസികൾ ജീവിച്ചിരുന്നു.90% ആദിവാസികളും 10% പുറത്ത് നിന്നുള്ളവരുമാണ് ഇവിടെ ഉണ്ടായിരുന്നതെങ്കിൽ ഇന്ന് വർഷങ്ങൾക്കിപ്പുറമുള്ള കണക്ക് പരിശോധിക്കുമ്പോൾ അന്ന് ന്യൂനപക്ഷമായിരുന്ന കുടിയേറ്റക്കാർ ഇന്ന് ഭൂരിപക്ഷമായിരിക്കുന്നു. ഈ കണക്ക് മാത്രം മതി കേരളത്തിൽ, പ്രത്യേകിച്ച് അട്ടപ്പാടിയിലെ മധുമാരുടെ എണ്ണം അത്ര ചെറുതല്ലെന്ന് മനസ്സിലാക്കാൻ.ആദിവാസികൾ ഭൂരിപക്ഷമുള്ള മേഖലകളെ ആദിവാസി സംരക്ഷണ മേഖലകളായി പ്രഖ്യാപിക്കണമെന്നാണ് നിയമമെങ്കിലും അട്ടപ്പാടിയിൽ ഇന്ന് അതിന് കഴിയില്ല കാരണം ന്യൂനപക്ഷമായിരുന്ന കുടിയേറ്റക്കാർ ഇന്ന് ഭൂരിപക്ഷമായി എന്നത് തന്നെ.

9 പഞ്ചായത്തുകളിൽ ഒരിടത്ത് ഒഴികെ ബാക്കി എല്ലായിടത്തും ഇപ്പോൾ ആദിവാസികൾ എണ്ണത്തിൽ പിന്നിലാണെന്നതും സംരക്ഷിത മേഖലയായി പ്രഖ്യാപിക്കുന്നതിന് തടസ്സമായി.പുറത്ത് നിന്നുള്ള മനുഷ്യരുടെ കടന്നുകയറ്റം പ്രാചീനമായ ഒരു ജനവിഭാഗത്തെ വേരോടെ പിഴുതെറിയുന്നു എന്ന് പറഞ്ഞാലും അതിശയോക്തിയില്ല.ആരോഗ്യപരമായും വളരെ മുന്നിലായിരുന്ന ഇവരുടെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് പിന്നിലും പുറത്ത് നിന്നുള്ളവരുടെ കടന്നുകയറ്റം തന്നെയാണ്.പുറമേ നിന്നുള്ളവർ കടന്നുകയറിപ്പോൾ ആദിവാസികൾക്ക് നഷ്ടപ്പെട്ടത് അവരുടെ നിലനിൽപ്പ് തന്നെയാണ്.

കോടികൾ മുടക്കിയുള്ള റോഡ് ടാറിങ്ങ് ആർക്ക് വേണ്ടി?

വികസനം എന്ന പേര് പറഞ്ഞാൽ പിന്നെ എന്തും തോന്നിയത് പോലെ നടക്കുമെന്ന അവസ്ഥയും ആദിവാസികൾ നേരിടുന്ന പ്രശ്നങ്ങൾക്ക് കാരണമാണ്. അട്ടപ്പാടി ഉൾപ്പടെയുള്ള ആദിവാസി മേഖലകളിൽ വിവിധ ജനപ്രതിനിധികളുടെ ഫണ്ടിൽ നിന്നും 78 കിലോമീറ്റർ റോഡ് ടാർ ചെയ്യുന്നതിനായി 77 കോടിയോളം രൂപ ഉപയോഗിച്ചുവെന്നാണ് കണക്കുകളിൽ നിന്നും വ്യക്തമാകുന്നത്. ആദിവാസികളെ ചികിത്സയ്ക്കായി ആശുപത്രികളിൽ എത്തിക്കാനും യാത്ര സൗകര്യങ്ങൾ ഒരുക്കുന്നതിനുമാണ് കോടികൾ ചെലവാക്കുന്നത് എന്ന് അവകാശപ്പെടുമ്പോൾ വല്ലപ്പോഴും മാത്രം വാഹനങ്ങൾ കടന്നുപോകുന്ന റോഡുകളിൽ നിലവാരമില്ലാത്ത ടാറിങ് പോലും ആരും ചോദ്യം ചെയ്യില്ലെന്ന ധൈര്യവും ജനപ്രതിനിധികൾക്കും അധികൃതർക്കുമുണ്ട്.

റോഡ് ടാറിങ്ങിന്റെത് ഒരു ഉദാഹരണം മാത്രമാണ്. ഇത്തരത്തിൽ ആദിവാസികളുടെ ഉന്നമനത്തിന് എന്ന വ്യാജേന ചിലവഴിക്കുന്ന പണത്തിന്റെ ഭൂരിഭാഗവും അധികൃതർ വിഴുങ്ങുകയാണ്. രാഷ്ട്രീയ നേതൃത്വവുമായി അടുത്ത ബന്ധം പുലർത്തുന്ന ഇവരോട് ആര് ചോദിക്കാനാണ് എന്ന ചിന്തയും.കേരളത്തിൽ ഒരു ആദിവാസിക്കും സ്വന്തമായി ഒരു കാർ ഇല്ല. പിന്നെ ആർക്കാണ് ഇ ൈറോഡ് ടാറിങ് കൊണ്ട് ഗുണം.

കയ്യേറ്റ മാഫിയയും പൊളിച്ചെഴുത്തില്ലാത്ത നിയമങ്ങളും

വനഭൂമി കയ്യേറുന്നവരെ ഇപ്പോ പിടികൂടും നിയമ നിർമ്മാണം നടത്തും, വനം സമ്പത്താണ് എന്നൊക്കെയുള്ള സ്ഥിരം ഡയലോഗുകൾ കേട്ട് മടുത്തതാണ്. ആദിവാസികളുടെ ഭൂമി മറ്റുള്ളവർ കൈയേറിയാലും അത് തിരിച്ച് ആദിവാസികൾക്ക് തന്നെ ലഭ്യമാക്കണമെന്നാണ് 1975ൽ നിലവിൽ വന്ന ആദിവാസികളുെട ഭൂമി സംരക്ഷണവുമായി ബന്ദപ്പെട്ട ആക്റ്റിൽ വ്യക്തമാക്കുന്നത്. എന്നാൽ പിന്നീട് വർഷങ്ങൾക്ക് ശേഷം ഈ ആക്റ്റിൽ കൊണ്ട് വന്ന ചില ഭേദഗതികൾ ആർക്ക് വേണ്ടിയാണ് എന്ന് പോലും സംശയിച്ച് പോകും. ആദിവാസിക്ക് നഷ്ടപ്പെട്ട ഭൂമി 2 ഹെക്ടറിന് മുകളിലാണെങ്കിൽ മാത്രമെ അത് തിരിച്ച് പിടിക്കാനാകു എന്നായിരുന്ന ആ ഭേദഗതി.

2 ഹെക്ടർ അഥവാ 4.90 ഏക്കർ ഭൂമി ഒരു ആദിവാസിക്കും സ്വന്തമായി ഇല്ല എന്നതാണ് സത്യം. 140 എംഎൽഎ മാരിൽ അന്ന് സഭയിൽ ഈ ഭേദഗതിയെ എതിർത്തത് ഗൗരിയമ്മ മാത്രമാണ്. ഭൂമി നഷ്ടപ്പെട്ട ആദിവാസികളുടെ കേസുകളുടെ എണ്ണം 1250ന് മുകളിലായിരുന്നു. എന്നാൽ ഈ ഭേദഗതി വന്നതോടെ കേസുകളുടെ എണ്ണം 250ൽ താഴെയായി ചുരുങ്ങി. എത്ര വലിയ അളവിലാണ് ഭൂമി ആദിവാസിക്ക് നഷ്ടപ്പെട്ടത് എന്നതിന് ഇതിലും വലിയ തെളിവ് വേറെ വേണ്ട.ഇനി കോടതിയിൽ നിന്ന് പോലും അനുകൂല വിധി ഉണ്ടായാലും അറിയിക്കേണ്ടവർ ആദിവാസികളെ ഇതൊന്നും അറിയിക്കില്ല. എന്ന് മാത്രമല്ല, ആദിവാസിയുടെ ഭൂമി തട്ടിയെടുത്തവർ ഈ വിധി ഉൾപ്പടെ നേരത്തെ അറിയുകയും ചെയ്യും. ഇവിടെയും ചൂഷണം ചെയ്യപ്പെടുന്നത് ആദിവാസികളുടെ അറിവില്ലായ്മയാണ്.

അവിവാഹിത അമ്മമാരുടെ കുട്ടികളുടെ അച്ഛന്മാരെ ആരെങ്കിലും കണ്ടെത്താറുണ്ടോ?

കാടുമായി ഇണങ്ങി ജീവിച്ചിരുന്ന ആദിവാസികൾ ആരോഗ്യപരമായി വളരെ മുന്നിൽ നിൽക്കുന്നവരായിരുന്നു. അവർക്ക് പോഷക കുറവാണെന്നുള്ള കണ്ടുപിടുത്തവുമായി മനുഷ്യൻ കാട് കയറിയത് മുതലാണ് ആദിവാസിയുടെ ആരോഗ്യ നില താഴേക്ക് പോയത്. കാടും കാട്ട് വിഭവങ്ങളും ഭക്ഷണമാക്കിയിരുന്ന ആദിവാസികൾ ആരോഗ്യവാന്മാരായിരുന്നു. ശിശു മരണങ്ങൾ അവിടെ വളരെ കുറവുമായിരുന്നു. അവിവാഹിതരായ അമ്മമാരും ഇല്ലായിരുന്നു. എല്ലാം പുറമെ നിന്നുള്ളവരുടെ സംഭാവന തന്നെയാണ്. പാടത്ത് പണിയെടുത്ത് നിൽക്കുന്നതിനിടയിൽ പൂർണ ഗർഭിണികളായ യുവതികൾ അപ്പുറത്തെ പറമ്പിൽ പോയി പ്രസവിച്ച് മടങ്ങി വന്ന് പണിയെടുത്തിരുന്നു എന്ന് പറഞ്ഞാൽ അത് അവിശ്വസിനീയമായ ഒന്നല്ല.ആദിവാസി സ്ത്രീകളെ ശാരീരികമായി പീഡിപ്പിച്ച് ഗർഭിണിയാക്കിയ ശേഷം കടന്നുകളയുന്നവരുടെ എണ്ണവും ക്രമാധീതമാണ്.

സ്വന്തമായി മദ്യം വാറ്റിക്കഴിച്ചിരുന്ന ആദിവാസിക്ക് മദ്യം ശാരീരികമായി പ്രശ്നങ്ങളുണ്ടാക്കിയിരുന്നില്ല. പുറമെ നിന്നുള്ളവർ വിദേശ മദ്യവും കഴിക്കാൻ ബറോട്ടയും ഇറച്ചിയും കൊടുത്ത് തുടങ്ങിയത് മുതൽ അവന്റെ ആരോഗ്യം കീഴോട്ട് പോയി.വിദേശ മദ്യത്തിന് അടിമകളാക്കി ആദിവാസികളെ ഇല്ലായ്മ ചെയ്യുമ്പോൾ ഇന്ന് 25നും 55നും ഇടയ്ക്ക് പ്രായമുള്ള യുവാക്കൾ ഓരോ ഊരിലും ഗണ്യമായി കുറയുന്നു എന്നത് ഒരു യാഥാർഥ്യമാണ്. പുരുഷന്മാരുടെ ആയുസ്സ് ഈ പ്രായത്തിൽ അവസാനിക്കുമ്പോൾ സ്ത്രീകൾ 100 വയസ്സു വരെ ജീവിച്ചിരിക്കുന്നു എന്നതിൽ നിന്നും വിദേശ മദ്യം ഈ മേഖലിയലുണ്ടാക്കുന്ന പ്രശ്നത്തെപറ്റി വേറെ ഉദാഹരണം നിരത്തേണ്ട ആവശ്യമില്ല.

കേന്ദ്രം നൽകുന്ന ആ കോടികൾ എവിടെ പോയി?

കേന്ദ്ര സർക്കാരിൽ നിന്നും സംസ്ഥാനത്തെ ആദിവാസികൾക്കായി നൽകിയിട്ടുള്ള കോടികൾക്ക് കണക്കില്ല. എന്നിട്ട് ഈ കോടികളൊക്കെ എന്ത് ചെയ്തു എന്ന ചോദിച്ചാൽ ആ ആർക്കറിയാം എന്നാകും മറുപടി.ഇതിനൊന്നും ഒരു കണക്കും വ്യവസ്ഥയുമില്ലേ എന്ന് ചോദിച്ചാൽ അത് ഭൂലോക തമാശയായിരിക്കും. ആദിവാസികളുടെ ഉന്നമനത്തിനായി കൊണ്ട് വന്ന പദ്ധതികൾക്ക് കൈയും കണക്കുമില്ലെങ്കിലംു അതിന്റെ ഗുണത്തെക്കുറിച്ച് മാത്രം ചോദിക്കരുത്.പദ്ധതികൾക്കായി കോടികൾ ചിലവഴിച്ചെങ്കിലും ഭൂരിഭാഗവും കൊണ്ട് പോകേണ്ടവർ കൊണ്ട് പോയി.

വിവിധ പദ്ധതികളിലായി ചിലവഴിച്ച പണം മര്യാദയ്ക്ക് ആദിവാസികൾക്ക് ഒരു വിഹിതമെങ്കിലും നേരിട്ട് നൽകിയിരുന്നെങ്കിൽ ഇന്ന് പല പദ്ധതികളും നടപ്പിലാക്കാൻ നാം ആദിവാസികളുടെ പക്കൽ നിന്നും കടം വാങ്ങേണ്ട അവസ്ഥയായേനെ. എന്നാൽ ഈ പണം ഉപയോഗിച്ച് അവരെ തന്നെ ചൂഷണം ചെയ്തു എന്ന് പറയുന്നതാണ് ശരിയാവുക.

അഴിമതിയുടെ കൂമ്പാരമായ ആദിവാസി ക്ഷേമ വകുപ്പും നീതി നടപ്പാക്കാത്ത പൊലീസും

സംസ്ഥാനത്ത് ഏറ്റവും കുറച്ച് വിജഡിലൻസ് അന്വേഷണം നടക്കുന്ന വകുപ്പാണ് ട്രൈബൽ ഡിപ്പാർട്മെന്റിന്റേത്. ഏതൊക്കെ പദ്ധതിക്ക് വേണ്ടി എത്രയൊക്കെ തുക ഉപയോഗിച്ചുവെന്നോ, പണം എങ്ങനെ എന്തിന് വേണ്ടി ചിലവഴിച്ചുവെന്നോ ചോദിച്ചാൽ ഉത്തരമുണ്ടാകില്ല. അധികാരിൾക്കും രാഷട്രീയ പാർട്ടികൾക്കും ഒരിക്കലും ആദിവാസികളെ ചൂഷണം ചെയ്ത കുറ്റത്തിൽ നിന്നും ഒഴിഞ്ഞ് മാറാനാകില്ല. ഉദ്യോഗസ്ഥരാണ് ഇതിനൊക്കെ കാരണം എന്ന് പറയുമ്പോൾ അവർക്കെതിരെ നടപടിയെടുക്കാൻ മടിക്കുന്നതെന്തിനെന്ന് എന്ന ചോദ്യത്തിന് മറുപടി നൽകാൻ അധികാരികൾ ബാധ്യസ്ഥരാണ്.

ആദിവാസികൾ ചില്ലറയൊന്നുമല്ല ചൂഷണത്തിന് വിധേയരാകുന്നത്. ദളിതർക്ക് നേരെയും ആദിവാസികൾക്കെതിരെയും അക്രമം കാണിക്കുന്നവർക്കെതിരെയും പ്രയോഗിക്കുന്ന അട്രോസിറ്റി ആക്റ്റ് ഉൾപ്പടെ ചുമത്താതെ കുറ്റക്കാർക്ക് വേണ്ടി പൊലീസ് നിലനിൽക്കുന്ന കാഴ്ചയും ഇവിടെയുണ്ട്.പലപ്പോഴും ഇത്തരം കേസുകൾ ഒത്ത്തീർപ്പാക്കുന്നത് പൊലീസ് മുൻകൈയെടുത്താണ്. ഇനി വഴങ്ങിയി്ലലെങ്കിൽ വിരട്ടി കാര്യം നടത്തിക്കാനും ഏമാന്മാർക്ക് അറിയാം. അട്ടപ്പാടിയിൽ എല്ലാം ശരിയാക്കാനായി വന്ന പൊലീസുകാരല്ല ഇവിടെ അധികവും, മര്യാദയ്ക്ക് ജോലി ചെയ്യാത്തതിനെ തുടർന്ന് പണിഷ്മെന്റ് ട്രാൻസ്ഫർ ഉൾപ്പടെ ലഭിച്ച് എത്തിയവരാണ് കൂടുതലും. നട്ടെല്ലുള്ള നാല് പൊലീസുകാർ വിചാരിച്ചാൽ തീരാവുന്ന പ്രശ്നമെ അട്ടപ്പാടിയിലുൾപ്പടെയുള്ളുവെങ്കിലും അതിന് മുൻകൈയെടുക്കില്ല.

മധു എന്നത് ഒരു ഒറ്റപ്പെട്ട വ്യക്തിയല്ല മോഷണം ആരോപിച്ച് ആൾക്കൂട്ടം തല്ലികൊന്ന മധു ഒരു ഒറ്റപ്പെട്ട സംഭവമല്ല. മധുവിനെ പോലെ ചൂഷണത്തിനിരയായി വനത്തിനുള്ളിൽ തന്നെ ഒതുങ്ങി കഴിയുന്ന ആയിര കണക്കിന് യുവാക്കൾ ഇപ്പോഴും കാടിനുള്ളിലുണ്ടെന്നാണ് വിവരം. ചൂഷണം ചെയ്യപ്പെടുന്ന ഒരു വിഭാഗത്തിന്റെ അനേകം പ്രതിനിധികളിൽ ഒരാൾ മാത്രമാണ് അയാൾ.